സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

നാടോടി സ്‌ത്രീരംഗകലകള്‍

ഡോ.എസ്‌.ഷിഫ



കേരളത്തിന്റെ നാടോടിക്കലാരംഗത്ത്‌ സ്‌ത്രീസാന്നിധ്യം സജീവമാണ്‌. എന്നാല്‍ ഈ സാന്നിധ്യം എപ്പോഴും കലയുടെ രംഗാവിഷ്‌കരണവുമായി നേരിട്ടു ബന്ധപ്പെട്ടതാണ്‌ എന്നുപറയാനാകില്ല. പ്രത്യക്ഷവും പരോക്ഷവുമായ രീതികളിലാണ്‌ അവരുടെ പങ്കാളിത്തവും സാന്നിധ്യവും അവയില്‍ കടന്നുവരുന്നത്‌. കേരളത്തില്‍ രൂഢമായ അമ്മദൈവാരാധനയുമായി ബന്ധപ്പെട്ട അനുഷ്‌ഠാനങ്ങളിലും വിനോദപരമോ തൊഴില്‍പരമോ ആയ കലകളിലും സ്‌ത്രീയുടെ സ്വത്വപരമായ ഉള്‍പ്പെടല്‍ കാണാനാകും. ഉര്‍വരതയുടെയോ പ്രകൃതിയുടെയോ സമൃദ്ധിയുടെയോ പ്രതീകമായി നാടന്‍കലകളില്‍ സ്‌ത്രീ ആദരിക്കപ്പെടുകയോ ആരാധിക്കപ്പെടുകയോ ചെയ്യുന്നുണ്ട്‌. അവയില്‍ പലതിലും സ്‌ത്രീ അമ്മയും ദേവിയുമാണ്‌. 

സംരക്ഷണത്തിന്റെയും സംഹാരത്തിന്റെയും ദുഷ്‌ടതാനിവാരണത്തിന്റയും ഒക്കെ ഭിന്നമുഖങ്ങള്‍ അവള്‍ക്കായി കല്‌പിക്കപ്പെട്ടിട്ടുണ്ട്‌. കാളിയും ദുര്‍ഗയും ലക്ഷ്‌മിയും സരസ്വതിയും ഭൂമിയും പ്രകൃതിയും തുടങ്ങി സൃഷ്‌ടിയുടെ കേന്ദ്രസ്ഥാനത്തുവരെ അവള്‍ പ്രതിഷ്‌ഠിക്കപ്പെട്ടിട്ടുണ്ട്‌. പ്രാചീനകാലം മുതലുള്ള മനുഷ്യന്റെ കൂട്ടായ്‌മകള്‍ക്കുള്ളിലെ കലകളിലും വാങ്‌മയങ്ങളിലും ഇടം ലഭിച്ച സ്‌ത്രീയുടെ ചിത്രം അത്യന്തം മഹത്ത്വമാര്‍ന്നതാണ്‌. സ്‌ത്രീയെ വിഭിന്ന ഭാവങ്ങളില്‍ നിര്‍ത്തി അര്‍ച്ചന ചെയ്യുന്നതില്‍ സമൂഹം എന്നും ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇതില്‍നിന്നും തികച്ചും വ്യത്യസ്‌തമായ ഒരവസ്ഥയായിരുന്നു സമൂഹജീവിതത്തില്‍ നിലനിന്നത്‌. 

വാസ്‌തവത്തില്‍ ഇവിടുത്തെ സ്‌ത്രീകള്‍ക്കുമുന്നില്‍ രണ്ടുതരം അനുഭവങ്ങളാണ്‌ നിലനില്‌ക്കുന്നത്‌. ഒന്ന്‌ തങ്ങള്‍ക്കുമുന്നില്‍ ആരാധനാമൂര്‍ത്തികളായി നിലകൊള്ളുന്ന സ്‌ത്രീബിംബങ്ങള്‍. രണ്ട്‌ പ്രായോഗികജീവിതത്തില്‍ അടിച്ചമര്‍ത്തപ്പെട്ട യഥാര്‍ത്ഥാനുഭവം. ജാതിപരമായ വിവേചനം ഭൂരിഭാഗം ജനങ്ങള്‍ക്കും അനുഭവിക്കേണ്ടിവന്നിരുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‌ക്കെത്തന്നെ എല്ലാ വിഭാഗങ്ങളിലുമുള്ള സ്‌ത്രീകള്‍ മൊത്തത്തില്‍ത്തന്നെ വിവേചനത്തിന്‌ വിധേയരായിരുന്നു. എന്നാല്‍ തൊഴില്‍ചെയ്‌ത്‌ ജീവിതം മുന്നോട്ടുനീക്കിയ വിഭാഗങ്ങള്‍ക്കിടയിലെ സ്‌ത്രീകള്‍ അവരുടെ പുരുഷന്മാര്‍ക്കൊപ്പം കലാപ്രകടനങ്ങളില്‍ പങ്കുകൊണ്ടു. മാത്രമല്ല അവര്‍ അവരുടേതുമാത്രമായ കലാവിഷ്‌കാരങ്ങളും നിര്‍വഹിച്ചു. 

നാടോടിക്കലാരൂപങ്ങള്‍ പരിശോധിക്കുമ്പോള്‍ സ്‌ത്രീകളുടെ കൂട്ടായ്‌മയും ആവിഷ്‌കാരവും പ്രകടമാകുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ കാണാനാകും. കേരളത്തിലെ കലാരൂപങ്ങളുടെ പരിശോധനയില്‍നിന്ന്‌ വെളിപ്പെടുന്ന പ്രധാനപ്പെട്ടൊരു കാര്യം ക്ലാസ്സിക്കല്‍ കലാരൂപങ്ങളിലുള്ളതിനേക്കാള്‍ സ്‌ത്രീസാന്നിധ്യം നാടന്‍കലകളിലുണ്ട്‌ എന്നതാണ്‌. ഇതിന്‌ ഇവിടുത്തെ സാമൂഹികജീവിതം തന്നെയാണ്‌ കാരണം. അത്തരം ചില കലാരൂപങ്ങളെയാണ്‌ ഇവിടെ പരിചയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്‌.
ഇവിടെ രംഗകലകള്‍ എന്നുപറയുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനകാര്യങ്ങളുണ്ട്‌. ഒരു കൂട്ടം കാഴ്‌ചക്കാരുടെമുന്നില്‍ പ്രത്യേകമായൊരുക്കിയ അരങ്ങും അവിടെ അപതരിപ്പിക്കപ്പെടുന്ന സൗന്ദര്യാത്മകവും അഭിനയാത്മകവുമായ കലാരൂപവും എന്ന നിലയിലല്ല നാടോടിക്കലകള്‍ പലതും ആവിഷ്‌കൃതമാകുന്നത്‌. 

ഉദാഹരണത്തിന്‌, കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത്‌, മോഹിനിയാട്ടം തുടങ്ങിയ ക്ലാസ്സിക്കല്‍കലകളില്‍ കാണുന്നതുപോലെയുള്ള വേഷവിധാനമോ അരങ്ങിന്റെ ചിട്ടകളോ മുദ്രാഭാഷയുപയോഗിച്ചുള്ള അഭിനയമോ നാടോടിക്കലകളില്‍ കാണുകയില്ല. നാടോടിക്കലകള്‍ അവ അവതരിപ്പിക്കുന്ന ജനവിഭാഗത്തിന്റെ ജീവിതവുമായും അവര്‍ക്കുലഭ്യമായ സാമൂഹികസാഹചര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. മിക്കവാറും ചെറിയ കൂട്ടായ്‌മയ്‌ക്കുള്ളിലെ ഇടമാണ്‌ ഇവയുടെ അരങ്ങ്‌. അതാകട്ടെ ഏതുതരം സന്ദര്‍ഭത്തിലാണോ രൂപപ്പെടുന്നത്‌, അതിനോടനുബന്ധിച്ച സ്ഥലങ്ങളായിരിക്കും അവയുടെ അരങ്ങ്‌. നെല്‍വയലുകളോ വീട്ടുമുറ്റമോ തുറസ്സായ സ്ഥലമോ ഒക്കെയാവാം അരങ്ങിന്റെ സ്ഥാനം. 

നാടോടിക്കലകളധികവും അഭിനയാത്മകമല്ല എന്നുസൂചിപ്പിച്ചല്ലോ. അതുകൊണ്ട്‌ രംഗകലയെന്നുപറയുമ്പോള്‍ ഉണ്ടാകുന്ന സങ്കല്‌പത്തിലുള്ളവ മാത്രമല്ല ഇവിടെ പരിശോധിക്കുന്നത്‌. കാരണം സ്‌ത്രീകളുടെ അരങ്ങും അവതരണവും പലപ്പോഴും അവരുടെ കൂട്ടായ്‌മയ്‌ക്കുള്ളില്‍ത്തന്നെ ഒതുങ്ങിനില്‌ക്കുന്നു എന്നതാണ്‌ കാരണം. പുരുഷന്മാര്‍ക്കെന്നപോലെ തുറസ്സായ സാമൂഹികസന്ദര്‍ഭങ്ങള്‍ സ്‌ത്രീകള്‍ക്ക്‌ ലഭിക്കാതിരുന്നതാണ്‌ അതിനുകാരണം. എന്നാല്‍ പുരുഷന്മാര്‍ക്കൊപ്പം അവതരിപ്പിക്കുന്ന കലകളുടെ കാര്യത്തില്‍ സ്ഥിതി കുറച്ചുകൂടി വ്യത്യസ്‌തമാണ്‌. അവിടെ കൂടുതല്‍ വിശാലമായ വേദിയും കാഴ്‌ചക്കാരെയും ലഭിക്കുന്നുണ്ട്‌. ജീവിതത്തിന്റെ പരിമിതസന്ദര്‍ഭങ്ങളില്‍ സ്‌ത്രീകള്‍ അവതരിപ്പിക്കുന്നതും അവരുടെ കൂട്ടായ്‌മയെയും അനുഭവങ്ങളെയും ഭാവനയെയും പ്രകടമാക്കുന്നതുമായ സവിശേഷമായ പാട്ടുകള്‍, ആട്ടങ്ങള്‍, തുള്ളലുകള്‍ എന്നിവയൊക്കെ രംഗകലകളെന്ന നിലയില്‍ പരിഗണിക്കേണ്ടിവരും. അത്തരത്തിലുള്ള സമീപനമാണ്‌ ഇവിടെ സ്വീകരിച്ചിട്ടുള്ളത്‌. നാടോടിക്കലകളില്‍ മൂന്നുതരം സ്‌ത്രീസ്വത്വമാണ്‌ പ്രകടമാകുന്നത്‌. ഒന്ന്‌ കലകളില്‍ പ്രകാശിതമാകുന്ന കഥാപാത്രങ്ങള്‍, രണ്ട്‌ അവതരിപ്പിക്കുന്ന കലാകാരികള്‍, മൂന്ന്‌ കാഴ്‌ചക്കാര്‍ എന്നിങ്ങനെ. ഇവയെത്തന്നെ പുരുഷന്മാര്‍ക്കൊപ്പമുള്ളവയെന്നും സ്‌ത്രീകള്‍ മാത്രമായുള്ളവയെന്നും രണ്ടായി തിരിക്കാം. അനുഷ്‌ഠാനപരവും അനുഷ്‌ഠാനേതരവുമായ കലകള്‍ ഇക്കൂട്ടത്തിലുണ്ട്‌. ഇവയുടെ സാമാന്യമായ വിവരണം മാത്രമാണ്‌ ഇവിടെ നിര്‍വഹിക്കുന്നത്‌. 

കാക്കാരിശ്ശിനാടകം
കാക്കാലനാടകം, കാക്കാലിച്ചിനാടകം, കാക്കരുകളി എന്നിങ്ങനെ പല പേരുകളിലറിയപ്പെടുന്നതും മധ്യതിരുവിതാംകൂര്‍ മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങളില്‍ അവതരിപ്പിച്ചുവരുന്നതുമായ കലാരൂപമാണ്‌ കാക്കാരിശ്ശിനാടകം. പാണര്‍, കുറവര്‍, കമ്മാളര്‍, ഈഴവര്‍ തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ടവര്‍ അവതിപ്പിച്ചുപോരുന്ന ഇതിന്‌ പ്രാദേശികമായി ചെറിയ വ്യത്യാസങ്ങളുണ്ട്‌. ശിവനും പാര്‍വതിയും ഗംഗയും കാക്കാന്റെയും കാക്കാത്തിമാരുടെയും വേഷത്തില്‍ ഭൂമിയിലെ അനീതികളില്ലാതാക്കാന്‍ അവതരിച്ചു എന്ന വിശ്വാസമാണ്‌ ഇതിനുപിന്നിലുള്ളത്‌. കാക്കാനും തമ്പ്രാനും തമ്മിലുള്ള ചോദ്യോത്തരത്തിലൂടെ ആരംഭിക്കുന്ന നാടകത്തില്‍ കാക്കാത്തിമാരുടെ വേഷമാണ്‌ സ്‌ത്രീകള്‍ക്കുള്ളത്‌. ഇതിലെ സ്‌ത്രീകളുടെ വേഷം പുരുഷന്മാര്‍തന്നെ കെട്ടുകയും ചെയ്യാറുണ്ടത്രേ. എന്നാലിപ്പോള്‍ നടപ്പുള്ള കാക്കാരിശ്ശിയില്‍ സ്‌ത്രീകള്‍തന്നെയാണ്‌ കാക്കാത്തിമാരുടെ വേഷം കെട്ടിവരുന്നത്‌. പാട്ടും നൃത്തവും സംഭാഷണവും സമന്വയിക്കുന്ന നാടോടി സ്വഭാവം പുലര്‍ത്തുന്ന കാക്കാരിശ്ശി പുരുഷാധിപത്യം പ്രകടമായിട്ടുള്ള കലാരൂപംകൂടിയാണ്‌.

മലയിക്കൂത്ത്‌ (വള്ളിക്കൂത്ത്‌)
മലയസമുദായത്തിലെ അനുഷ്‌ഠാനനൃത്തമായ മലയിക്കൂത്ത്‌ കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന്‌ തെക്കുമ്പാട്‌ കോവിലകത്ത്‌ ധനുസംക്രമം മുതല്‍ ആറുദിവസം നടത്തപ്പെടുന്ന കളിയാട്ടത്തിന്റെ ഭാഗമായി അഞ്ചാം ദിവസം അവതരിപ്പിക്കുന്ന ഒരു കലാരൂപമാണ്‌. സുബ്രഹ്മണ്യന്റെ ഭാര്യയായ വള്ളി കുറവജാതിയില്‍പ്പെട്ടവളാണെന്നും മലയരും ആ ജാതിയില്‍പ്പെട്ടവരാണെന്നുമുള്ള വിശ്വാസത്തിലാണ്‌ മലയര്‍ ഈ കൂത്ത്‌ നടത്തുന്നത്‌. വള്ളി, നാരദന്‍ എന്നീ രണ്ടു കഥാപാത്രങ്ങളാണ്‌ ഇതിലുള്ളത്‌. ഇതില്‍ പങ്കെടുക്കുന്നവര്‍ ദിവസങ്ങള്‍ക്കുമുമ്പുതന്നെ വ്രതമെടുത്ത്‌ പ്രത്യേകമൊരിടത്ത്‌ വസിക്കണം. ദോഷമൊഴിക്കാനായി നേര്‍ച്ചയായി നടത്തുന്ന ഈ അനുഷ്‌ഠാനത്തില്‍ വള്ളിയെ ഈശ്വരപക്ഷത്തുനിര്‍ത്തിയാണ്‌ അവതരിപ്പിക്കുന്നത്‌. അതുകൊണ്ട്‌ അരങ്ങില്‍ പ്രത്യക്ഷപ്പെടുന്ന വള്ളിക്ക്‌ സ്‌തുതികളും അഭിനയവും മാത്രം മതി. 

തെയ്യന്നം
മധ്യതിരുവിതാംകൂറിലെ പുലയ-കുറവ-പറയ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‌ക്കുന്ന അനുഷ്‌ഠാനപരമായ കലാരൂപമാണിത്‌. കൃഷിക്കാരുടെ കലാരൂപമെന്നും പറയാം. പലതരം കൃഷികള്‍ ചെയ്യുന്നുണ്ടെങ്കിലും കൃഷിക്കാര്‍ക്ക്‌ നെല്‍ക്കൃഷിയോടാണ്‌ കൂടുതല്‍ ആദരവ്‌ എന്നു കാണിക്കുന്ന ആശയമാണ്‌ ഇതിലുള്ളത്‌. പാടം ഉഴുതുമറിച്ച്‌ ഞാറുനടാന്‍ പാകപ്പെടുത്തുന്ന പുരുഷന്മാര്‍ക്ക്‌ ഭക്ഷണവുമായെത്തുന്ന സ്‌ത്രീകള്‍ അവിടെ ഞാറുനടാന്‍ തുടങ്ങുന്നു. പിന്നെ അവരൊന്നിച്ച്‌ കൃഷിയും കൊയ്‌ത്തും മെതിയും നടത്തുന്നു. ഇങ്ങനെ കൃഷിയുടെ വിവിധഘട്ടങ്ങളാണ്‌ രംഗത്ത്‌ അവതരിപ്പിക്കുന്നത്‌. കള്ളിമുണ്ടും ബ്ലൗസും ധരിച്ച്‌ അരങ്ങിലെത്തുന്ന സ്‌ത്രീകള്‍ തൊഴിലിലെ സ്‌ത്രീപങ്കാളിത്തം പ്രകടമാക്കുകയാണ്‌. 

പണിയര്‍കളി
വയനാട്ടിലെ പണിയര്‍ കല്യാണം, ഉത്സവം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അവതരിപ്പിക്കുന്ന വിനോദപരമായ കലാരൂപമാണിത്‌. തുടികൊട്ടുകയും കുഴല്‍വിളിക്കുകയും ചെയ്യുന്നതോടെ ആരംഭിക്കുന്ന നൃത്തത്തില്‍, തുടിയുടെ താളത്തിനനുസരിച്ച്‌ കാലിന്റെ ഉപ്പൂറ്റിയുയര്‍ത്തി ശരീരം കുലുക്കി വട്ടത്തില്‍ തിരിയുകയും ഒപ്പം കുനിയുകയും ചെയ്യുന്നു. 
ഓ...ഓ...ഓയ്‌...എന്ന വായ്‌ത്താരിയിലാണ്‌ നൃത്തം ചെയ്യുക. സ്‌ത്രീകളും പുരുഷന്മാരും പ്രത്യേകം സ്ഥലങ്ങളിലാണ്‌ കളിക്കുക. സ്‌ത്രീകളുടെ ചലനം മൃദുവായിരിക്കും. ശരീരം ഇളക്കി ഇടത്തുകയ്യോ വലത്തുകയ്യോ മാറിമാറി നെറ്റിയുടെ നേരേ ഉയര്‍ത്തി സാവധാനത്തില്‍ വട്ടത്തില്‍ തിരിഞ്ഞുകൊണ്ടുള്ളതാണ്‌ പണിച്ചികളുടെ കളി. രണ്ടു തുടിയും ഒരു കുഴലുമാണ്‌ വാദ്യോപകരണങ്ങള്‍. രാത്രി ആരംഭിക്കുന്ന കളി രാവിലെവരെ നീണ്ടുനില്‌ക്കും. സൗകര്യമുള്ള സ്ഥലമെന്നല്ലാതെ പ്രത്യേകമായ അരങ്ങും വേഷവിധാനവും ആവശ്യമില്ല. 

ക്യാതം കളി
കോട്ടയം, ചങ്ങനാശ്ശേരി, പൊന്‍കുന്നം, റാന്നി, വൈക്കം എന്നീ സ്ഥലങ്ങള്‍ക്കടുത്തുള്ള വനപ്രദേശത്ത്‌ വസിക്കുന്ന വേടന്മാരുടെ അനുഷ്‌ഠാനകലയാണിത്‌. കുടുംബങ്ങളിലെ ദോഷപരിഹാരത്തിനായി ധനുമാസത്തിലെ അത്തം മുതല്‍ വീടുകള്‍തോറുമാണ്‌ ഈ കളി നടത്തുന്നത്‌. നാലു കളിക്കാരും രണ്ടു പാട്ടുകാരുമുണ്ടാകും. പാട്ടുകാര്‍ ഉടുക്കുകളുമായി രംഗത്തുവന്ന്‌ പാടാന്‍ തുടങ്ങുമ്പോള്‍ പാര്‍വതിയുടെ വേഷമണിഞ്ഞ ഒരു സ്‌ത്രീ മേളത്തിനൊത്ത്‌ നൃത്തം ചെയ്യുന്നു. പാട്ടിലൂടെ ശിവനെ വിളിക്കുമ്പോള്‍ ശിവന്റെ വേഷമിടുന്നയാള്‍ രംഗത്തുവന്ന്‌ നൃത്തം ചെയ്യുന്നു. നൃത്താവസാനം ശിവന്‍ പാര്‍വതിയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു. പാര്‍വതിയുടെ നിര്‍ദ്ദേശപ്രകാരം രണ്ടു സ്‌ത്രീകള്‍ പ്രവേശിച്ച്‌ മുടിയാട്ടം നടത്തുന്നു. സന്തുഷ്‌ടനായ ശിവന്‍ മുടിയാട്ടക്കാരെ അനുഗ്രഹിച്ച്‌ പാര്‍വതിയോടൊപ്പം രംഗത്തുനിന്നു പോകുന്നു. പാര്‍വതിക്ക്‌ മഞ്ഞച്ചേലയും ചുമന്ന ബ്ലൗസും ആഭരണങ്ങളുമാണ്ടായിരിക്കും. മുടിയാട്ടക്കാരായ സ്‌ത്രീകള്‍ വെള്ളമുണ്ടും വെള്ളബ്ലൗസുമണിയും. ഉടുക്കിനൊപ്പം മദ്ദളം, ചെണ്ട, കിണ്ണം എന്നിവയും വാദ്യമേളത്തിനുണ്ടാകും.

ഏഴുവട്ടം കളി
പാലക്കാടു ജില്ലയിലെ പാണന്മാര്‍ക്കിടയിലുള്ള ഒരനുഷ്‌ഠാന കലയാണിത്‌. അലങ്കരിച്ച പന്തലില്‍ ഭദ്രകാളിയെ സ്‌തുതിച്ചുകൊണ്ട്‌ പാട്ടുപാടി നൃത്തം ചെയ്യുന്ന ഈ കലാരൂപം ദേവതാപ്രീതിക്കായിട്ടാണ്‌ നിര്‍വഹിക്കുന്നത്‌. 

കൊറക്കളി
കുറവരുടെയിടയിലുള്ള നൃത്തരൂപമാണിത്‌. ചെണ്ടയുടെ താളത്തിനൊത്ത്‌ സ്‌ത്രീപുരുഷന്മാര്‍ ചേര്‍ന്ന്‌ പാട്ടുപാടി നൃത്തം ചെയ്യുന്നു.

ഏലേലം കരടി
അട്ടപ്പാടിയിലെ ഇരുളരുടെ ഇടയിലുള്ള കരടിനൃത്തമാണിത്‌. മദ്ദളത്തിന്റെയും മരക്കുഴലിന്റെയും താളത്തിനൊപ്പം പാട്ടുകള്‍പാടി വട്ടത്തില്‍ കറങ്ങിക്കൊണ്ടുള്ള ഈ നൃത്തത്തില്‍ കരടിനായാട്ടിന്റെ കഥകളാണ്‌ ആവിഷ്‌കരിക്കുന്നത്‌. വിളവെടുപ്പ്‌ സന്ദര്‍ഭത്തില്‍ രാത്രിയില്‍ തീ കൂട്ടിയിട്ട്‌ അതിനുചുറ്റും സ്‌ത്രീപുരുഷന്മാര്‍ ചേര്‍ന്നാണ്‌ ഇതവതരിപ്പിക്കുന്നത്‌. 

കോവില്‍ നൃത്തം
അച്ചന്‍കോവില്‍ പ്രദേശത്തെ പുലയരുടെ അനുഷ്‌ഠാനകലയാണിത്‌. കര്‍പ്പസ്വാമി, ശിവന്‍ എന്നീ ദേവന്മാരുടെ ക്ഷേത്രമുറ്റത്താണ്‌ ഇതവതരിപ്പിക്കുന്നത്‌. വെള്ളവസ്‌ത്രം ധരിച്ച്‌ മുടിയഴിച്ചിട്ട കന്യകമാരാണ്‌ പുരുഷന്മാര്‍ക്കൊപ്പം വാദ്യഘോഷത്തിനനുസരിച്ച്‌ നൃത്തം ചെയ്യുന്നത്‌. 
ഇപ്പറഞ്ഞവയെല്ലാം സ്‌ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം പങ്കുചേര്‍ന്നവതരിപ്പിക്കുന്ന കലാരൂപങ്ങളാണ്‌. ജാതിപരമോ ഗോത്രപരമോ ആയ കൂട്ടായ്‌മയും തൊഴില്‍പരമായ പങ്കാളിത്തവുംകൊണ്ട്‌ സ്വാഭാവികമായി സ്‌ത്രീക്ക്‌ ലഭിക്കുന്ന അവസരങ്ങളാണ്‌ ഇത്തരം കളികളില്‍ കാണാനാകുന്നത്‌. ഇവിടെയൊക്കെ കളിക്കാരും കാണികളും പ്രത്യേകമായ വേര്‍തിരിവുകള്‍ ഉള്ളവരല്ല. സാമുദായികമായ ഒരു കൂട്ടായ്‌മയ്‌ക്കുള്ളില്‍ എന്തും സമഭാവനയോടെ കാണുന്ന സമൂഹമനസ്സിന്റെ പരിഛേദമാണിതിലെല്ലാമുള്ളത്‌. സ്‌ത്രീകള്‍മാത്രം പങ്കെടുക്കുന്നതും അവര്‍ക്കിടയില്‍ നിലനില്‌ക്കുന്നതുമായ ചില കളികളുണ്ട്‌. അവയെക്കുറിച്ചാണ്‌ ഇനി വിവരിക്കുന്നത്‌.

അമ്മാനയാട്ടം
അമ്മാനക്കായ എന്നു വിളിക്കുന്ന ഉരുണ്ട ഒരു വസ്‌തു മുകളിലേക്കെറിഞ്ഞ്‌ താഴേക്കുവരുമ്പോള്‍ വീണ്ടും കൈകൊണ്ട്‌ മുകളിലേക്ക്‌ തട്ടി താഴെ വീഴാതെ തട്ടിക്കളിക്കുന്നതാണിതിന്റെ രീതി. കായ താഴെ വീഴുകയോ കൈയില്‍ത്തന്നെ വയ്‌ക്കുകയോ ചെയ്‌താല്‍ പരാജയപ്പെടും. കളിയുടെ ഗതിക്കനുസരിച്ച്‌ താളാത്മകമായ പാട്ടുകളുമുണ്ടാകും. ചില സമുദായങ്ങള്‍ കല്യാണങ്ങള്‍ക്കും സവര്‍ണസമുദായക്കാര്‍ ധനുമാസത്തിലെ ആതിരയാഘോഷത്തിനുമാണ്‌ അമ്മാനയാട്ടം നടത്തുന്നത്‌. 

ബ്രാഹ്മണിപ്പാട്ട്‌ (പാപ്പിനിപ്പാട്ട്‌)
ക്ഷേത്രത്തില്‍ പൂവും മാലയുമൊരുക്കുന്ന പുഷ്‌പകസമുദായത്തിലെ സ്‌ത്രീകളാണ്‌ ബ്രാഹ്മണികള്‍. ഇവര്‍ ദേവതാസ്‌തുതിപരമായി പാടുന്ന പാട്ടാണ്‌ ബ്രാഹ്മണിപ്പാട്ട്‌. ഭഗവതിക്ഷേത്രങ്ങളിലും ശൂദ്രഗൃഹങ്ങളിലും ഇവര്‍ പാടാറുണ്ട്‌. ക്ഷേത്രങ്ങളില്‍ പ്രത്യേകമായി അലങ്കരിച്ച സ്ഥലത്ത്‌ ഭഗവതീപൂജയ്‌ക്കുശേഷം ദേവീപ്രീതിക്കായി പാടുന്നതിനാല്‍ ഭഗവതിപ്പാട്ടെന്നും പറയാറുണ്ട്‌. ഉച്ചവരെ ദേവതാസ്‌തുതിയും സന്ധ്യമുതല്‍ കാളിയുടെ ഉത്‌പത്തിയുമാണ്‌ പാടുന്നത്‌. ശൂദ്രഗൃഹങ്ങളില്‍ മിക്കവാറും കെട്ടുകല്യാണങ്ങള്‍ക്കാണ്‌ പാടാറുള്ളത്‌. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വയംവരകഥകളാണ്‌ പാടുക. 

പോര്‍പ്പാട്ട്‌ (ഞാറ്റുപാട്ട്‌)
ഞാറ്റുപാട്ടുകളിലൊന്നാണ്‌ പോര്‍പ്പാട്ട്‌. ഞാറു നടുന്നതിനിടയില്‍ സ്‌ത്രീകള്‍ ചേരിതിരിഞ്ഞുനിന്നു പാടുന്ന ഇതില്‍ അശ്ലീലവും കടന്നുവരാറുണ്ട്‌. നാട്ടിപ്പാട്ട്‌, പൊരിപ്പാട്ട്‌, നടീല്‍പ്പാട്ട്‌ എന്നിങ്ങനെ പല പേരുകളിലറിയപ്പെടുന്ന ഞാറ്റുപാട്ട്‌ സ്‌ത്രീകളുടെ അധ്വാനത്തിന്റെയും കൂട്ടായ്‌മയുടെയും ഭാവനയുടെയുമൊക്കെ സംഗമസ്ഥാനമാണ്‌. ഉണ്ണിയാര്‍ച്ചയും മറ്റും ഉരുവംകൊള്ളുന്ന വടക്കന്‍പാട്ടിന്റെ വന്‍ശേഖരത്തിലേറെയും ഞാറുനടുന്നതിന്റെയും കൊയ്യുന്നതിന്റെയും താളത്തില്‍ കേരളത്തിലെ കര്‍ഷകസ്‌ത്രീകള്‍ പാടുന്നവയാണ്‌. 

കളമ്പാട്ട്‌
കണിയാര്‍, വണ്ണാന്‍, കല്ലാറ്റുകുറുപ്പ്‌ എന്നീ വിഭാഗങ്ങളിലെ സ്‌ത്രീകള്‍ അവതരിപ്പിക്കുന്ന അനുഷ്‌ഠാനകലയാണിത്‌. ദേവതകളുടെ രൂപം കളംവരച്ച്‌ അതിനുമുന്നില്‍ പാട്ടുപാടി അവരെ തൃപ്‌തിപ്പെടുത്തുന്ന കളമ്പാട്ട്‌ ശരീരത്തിന്‍നിന്നും യക്ഷഗന്ധര്‍വാദികളുടെ ബാധകള്‍ ഒഴിക്കുന്നതിനും ദേഹസുഖം, ഗര്‍ഭരക്ഷ, സന്താനലാഭം, ഭര്‍ത്തൃസുഖം എന്നിവ ലഭിക്കുന്നതിനുമാണ്‌ അനുഷ്‌ഠിക്കുന്നത്‌. വീട്ടുമുറ്റത്ത്‌ അലങ്കരിച്ച പന്തലില്‍ വരച്ച കളത്തിലേക്ക്‌, വിളക്കും തളികയുമായി സുമംഗലികള്‍ മുമ്പില്‍ നടക്കും. തുടര്‍ന്ന്‌ അരിയും മൂന്നു കിഴികളുമിട്ട പുതുകലവുമായി പിണിയാള്‍ തലമുടി ശിരസ്സില്‍ ചരിച്ചുകെട്ടിവെച്ച്‌ മേല്‍മുണ്ട്‌ മാറിനുമേലുടുത്തുകൊണ്ട്‌ ഇറങ്ങുന്നതോടെയാണ്‌ ചടങ്ങാരംഭിക്കുക. ഇതില്‍ സ്‌ത്രീകളുടെ സാന്നിധ്യം മാത്രമല്ല ക്രിയാപരമായ പങ്കാളിത്തവുമുണ്ട്‌. 

സര്‍പ്പം തുള്ളല്‍
പുള്ളുവര്‍ നടത്തുന്ന അനുഷ്‌ഠാനകര്‍മ്മമാണിത്‌. പാമ്പുംതുള്ളല്‍, പാമ്പിന്‍കളം, നാഗംപാട്ട്‌, സര്‍പ്പോത്സവം എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. സര്‍പ്പപ്രീതിക്കുവേണ്ടി നടത്തുന്ന ഈ അനുഷ്‌ഠാനം നാഗക്ഷേത്രങ്ങളിലും സര്‍പ്പക്കാവുകളിലും ഗൃഹങ്ങളിലും നടത്താറുണ്ട്‌. സ്‌ത്രീകളാണ്‌ സര്‍പ്പം തുള്ളുന്നത്‌. അതിനുവേണ്ടി ഏഴോ ഒന്‍പതോ ദിവസം വ്രതം അനുഷ്‌ഠിക്കാറുണ്ട്‌. തുള്ളുന്ന പെണ്‍കുട്ടികള്‍ ഋതുമതികളാകരുതെന്നും ചിലയിടങ്ങളില്‍ വിശ്വാസമുണ്ട്‌. അലങ്കരിച്ച പന്തലില്‍ അരിപ്പൊടി, മഞ്ഞപ്പൊടി, കരിപ്പൊടി, പച്ചപ്പൊടി, ചുവപ്പുപൊടി എന്നിവകൊണ്ട്‌ സര്‍പ്പയക്ഷിക്കളം, നാഗയക്ഷിക്കളം, അഷ്‌ടനാഗക്കളം എന്നിങ്ങനെ പലവിധത്തിലുള്ള കളങ്ങള്‍ വരയ്‌ക്കും. കളം പൂജിച്ചുകഴിഞ്ഞാല്‍ തുള്ളുന്ന സ്‌ത്രീകള്‍ പന്തലിലേക്ക്‌ വരുന്നു. വിവിധതരം സര്‍പ്പങ്ങളുടെ സങ്കല്‌പത്തിലാണ്‌ സ്‌ത്രീകള്‍ തുള്ളുന്നത്‌. പുള്ളുവന്മാര്‍ വീണ വായിക്കുമ്പോള്‍ അവരുടെ സ്‌ത്രീകള്‍ കുടം കൊട്ടിക്കൊണ്ട്‌ കൂടെ പാട്ടുപാടുന്നു. കാഴ്‌ചക്കാരായി നില്‌ക്കുന്നവരില്‍ പുരുഷന്മാര്‍ ആര്‍പ്പുവിളിക്കുകയും സ്‌ത്രീകള്‍ കുരവയിടുകയുംചെയ്യും. പൂജയും നൂറുംപാലുംകൊടുക്കല്‍ എന്ന ചടങ്ങും കഴിഞ്ഞശേഷം പൂക്കുല കൈകളിലേന്തിയ സ്‌ത്രീകള്‍ തുള്ളിത്തുടങ്ങും. പാട്ടിന്റെ രാഗതാളങ്ങള്‍ മുറുകുന്നതനുസരിച്ച്‌ തുള്ളലും മുറുകുകയും ഒപ്പം സര്‍പ്പങ്ങളെപ്പോലെ ആടുകയും ഇഴയുകയും ചെയ്യും. കൈയിലുള്ള പൂക്കുലകൊണ്ട്‌ കളം മായ്‌ക്കുന്ന തുള്ളല്‍ക്കാരികളോട്‌ പുള്ളുവന്മാര്‍ പലതും ചോദിക്കും. സര്‍പ്പമൂര്‍ത്തികളായി കരുതപ്പെടുന്ന ഇവര്‍ ഭക്തരില്‍നിന്ന്‌ വഴിപാടുകള്‍ സ്വീകരിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യും. ഒടുവില്‍ ആടിത്തളര്‍ന്ന്‌ സര്‍പ്പക്കളത്തില്‍ത്തന്നെ അവര്‍ വീഴുന്നു. 

തിരുവാതിരക്കളി (കൈകൊട്ടിക്കളി)
ധനുമാസത്തിലെ ആതിരയാഘോഷങ്ങളോടനുബന്ധിച്ച്‌ സവര്‍ണ്ണസ്‌ത്രീകള്‍ നടത്തിവരുന്ന അനുഷ്‌ഠാനപരമായ ഉത്സവമാണ്‌ തിരുവാതിര. വിവാഹിതകള്‍ ഭര്‍ത്തൃസുഖത്തിനും കന്യകമാര്‍ ഭര്‍ത്തൃലാഭത്തിനുംവേണ്ടിയാണ്‌ ആതിരവ്രതം അനുഷ്‌ഠിക്കുന്നത്‌. ഇതിനുപിന്നില്‍ പല ഐതിഹ്യങ്ങളുമുണ്ട്‌. ധനുമാസത്തിലെ തിരുവാതിര ശിവന്റെ പിറന്നാളാണെന്നും അതിന്റെ ഭാഗമായി പാര്‍വതി അവതരിപ്പിച്ച നൃത്തകലയാണിതെന്നുമാണ്‌ അതില്‍ ഒന്ന്‌. പാര്‍വതിയുടെ തപസ്സില്‍ ശിവന്‍ സന്തുഷ്‌ടനായ ദിവസമാണിതെന്നും കാമന്‌ ശിവന്‍ വീണ്ടും ജന്മം നല്‌കിയ ദിവസമാണെന്നും കാളകൂടവിഷം സേവിച്ച ശിവന്‌ മരണമുണ്ടാകാതിരിക്കാന്‍ പാര്‍വതി അനുഷ്‌ഠിച്ച വ്രതമാണെന്നും പല വിശ്വാസങ്ങളുമുണ്ട്‌. പുലര്‍ച്ചെ കുളത്തിലോ പുഴയിലോ സ്‌ത്രീകള്‍ നടത്തുന്ന തുടിച്ചുകുളിയാണ്‌ തിരുവാതിരയുടെ ആദ്യത്തെ ചടങ്ങ്‌. ഈ സന്ദര്‍ഭത്തില്‍ ഇവര്‍ പാടുന്ന പാട്ടാണ്‌ കുളംതുടിപ്പാട്ട്‌, ഗംഗയുണര്‍ത്തുപാട്ട്‌ എന്നെല്ലാം 
അറിയപ്പെടുന്നത്‌. കുളി കഴിഞ്ഞ്‌ കുളക്കടവില്‍ത്തന്നെ അഷ്‌ടമംഗല്യവും നിലവിളക്കുമൊരുക്കി ചന്ദനം, ചാന്ത്‌, കുങ്കുമം, കണ്മഷി, മഞ്ഞള്‍ക്കുറി എന്നിവയണിഞ്ഞ സ്‌ത്രീകള്‍ വീടുകളിലേക്ക്‌ മടങ്ങും. ഇതോടനുബന്ധിച്ച്‌ ഊഞ്ഞാലാട്ടം, പല്ലാങ്കുഴി, മാണിക്യച്ചെമ്പഴുക്ക, താലിപീലി മുതലായ വിനോദങ്ങളിലും സ്‌ത്രീകള്‍ ഏര്‍പ്പെടാറുണ്ട്‌. തിരുവാതിര നാളില്‍ സ്‌ത്രീകള്‍ രാവും പകലും നടത്തുന്ന ഈ കളിക്ക്‌ ചില പ്രത്യേക ചടങ്ങുകളുമുണ്ട്‌. പാതിരാപ്പൂചൂടല്‍ അതിലൊന്നാണ്‌. എട്ടങ്ങാടിയും മറ്റും ഗണപതിക്കു നിവേദിച്ചിട്ടാണ്‌ കളി തുടങ്ങുന്നത്‌. ആദ്യത്തെ കളിക്ക്‌ ഗണപതിച്ചുവട്‌ എന്നാണ്‌ പറയുന്നത്‌. ഇത്തരത്തിലുള്ള സ്‌തുതികഴിഞ്ഞാല്‍ മറ്റുപാട്ടുകള്‍ പാടി കളിക്കും. വട്ടത്തില്‍ നില്‌ക്കുന്ന കളിക്കാരില്‍ കളി നയിക്കുന്ന ആള്‍ പാട്ടിന്റെ രണ്ടുവരി താളക്രമത്തില്‍ പാടും. അതനുസരിച്ച്‌ എല്ലാവരുംചേര്‍ന്ന്‌ ചുവടുവച്ച്‌ കൈകൊട്ടിക്കളിക്കും. ഇതിനിടയില്‍ ചെയ്‌തുപോരുന്നതും ചടുലമായ കാല്‍വയ്‌പുകളും ദ്രുതതാളവുംവേണ്ടതുമായ പ്രത്യേകതരം നൃത്തമാണ്‌ കുമ്മി. ചില കഥകളിപ്പദങ്ങളും കുമ്മിപ്പാട്ടുകളും ഇതിനായി ഉപയോഗിക്കുന്നു. തിരുവാതിരയ്‌ക്ക്‌ വളരെ പ്രശസ്‌തമായ പാട്ടുകള്‍ നിലവിലുണ്ട്‌. അതോടൊപ്പം ഇതിന്റെ താളത്തിനനുസരിച്ചുള്ള കാവ്യശകലങ്ങളും സ്വീകരിക്കാറുണ്ട്‌. 

സവര്‍ണ്ണവിഭാഗങ്ങളിലെ സ്‌ത്രീകള്‍ അനുഷ്‌ഠാനമായി നടത്തുന്ന ഈ കളി അനുഷ്‌ഠാനേതര കളിയായി നാട്ടിന്‍പുറങ്ങളില്‍ ജാതിഭേദംകൂടാതെ ചെയ്യാറുണ്ട്‌. ഓണത്തിനും മറ്റു വിശേഷാവസരങ്ങളിലുമാണ്‌ അത്തരത്തില്‍ തിരുവാതിരക്കളി നടത്താറുള്ളത്‌. കൈകൊട്ടിക്കളി എന്നും ഇതിനു പേരുണ്ട്‌. 

തുമ്പിതുള്ളല്‍
തിരുവാതിരയാഘോഷത്തോടനുബന്ധിച്ച്‌ സ്‌ത്രീകള്‍ നടത്താറുള്ള ഒരു വിനോദമാണിത്‌. തുമ്പച്ചെടികളോ പച്ചിലത്തൂപ്പുകളോ കൈയില്‍പ്പിടിച്ച്‌ ഒരാള്‍ നടുവിലിരിക്കുകയും മറ്റുള്ളവര്‍ പാട്ടുപാടിക്കൊണ്ട്‌ പച്ചിലത്തൂപ്പെടുത്ത്‌ അയാളെ അടിക്കുകയും ചെയ്യും. പാട്ടിന്റെ താളം മുറുകുമ്പോള്‍ നടുക്കിരിക്കുന്നയാള്‍ തുമ്പിയെപ്പോലെയിളകി ഉറഞ്ഞുതുള്ളുകയും മറ്റുള്ളവരുടെ പിന്നാലെ ഓടുകയും ചെയ്യുന്നു. അല്‌പസമയം കഴിഞ്ഞ്‌ മറ്റൊരു പാട്ടുപാടി തുമ്പിയെ അടക്കും. 

ഒപ്പന
മുസ്ലിംസമുദായത്തില്‍ നിലവിലുള്ള ഒരു വിനോദകലയാണിത്‌. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഒപ്പനക്കളിയുണ്ട്‌. കാതുകുത്തുകല്യാണം പോലെയുള്ള വിശേഷാവസരങ്ങളിലും ഒപ്പന നടത്താറുണ്ടെങ്കിലും പ്രധാനമായും കല്യാണദിവസം വധുവിനെ അലങ്കരിച്ച്‌ പന്തലില്‍ കൊണ്ടുവന്നിരുത്തി ചുറ്റും ഒരു സംഘം സ്‌ത്രീകള്‍ പാടിക്കളിക്കുന്നതാണ്‌ ഇതിന്റെ സമ്പ്രദായം. ഒരാള്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്യും. ഒപ്പന ചായല്‍, ഒപ്പന മുറുക്കം എന്നീ രണ്ടുരീതികള്‍ ഈ പാട്ടുകള്‍ക്കുണ്ട്‌. ചായല്‍ പാടുമ്പോള്‍ കൈകൊട്ടി താളം പിടിക്കുകയില്ല. മുറുക്കം പാടുമ്പോഴാണ്‌ കൈകൊട്ടുക. ചായലില്‍ തുടങ്ങി ചായലില്‍ത്തന്നെയാണ്‌ ഒപ്പന അവസാനിക്കുന്നത്‌. ശൃംഗാരപ്രധാനമായ പ്രേമഗാനങ്ങള്‍ കൂടാതെ പടപ്പാട്ടുകളും കല്‌പിതകഥാഗാനങ്ങളും ഉപയോഗിക്കാറുണ്ട്‌.

മുടിയാട്ടം
ഇതിന്‌ തലയാട്ടമെന്നും നീലിയാട്ടമെന്നും പേരുണ്ട്‌. പുലയര്‍, സാംബവര്‍, വേട്ടുവര്‍, ഉള്ളാടര്‍ എന്നീ ജാതിക്കാരുടെ വിനോദകലയാണിത്‌. നീളന്‍ മുടിയുള്ള സ്‌ത്രീകള്‍ പാട്ടിന്റെ അകമ്പടിയോടെ കഴുത്തിന്റെ മുകള്‍ഭാഗം പമ്പരംപോലെ ചലിപ്പിച്ചു തലമുടി ചുഴറ്റി നൃത്തം ചെയ്യുന്നു. പാട്ടുപാടുന്നതും വാദ്യോപകരണങ്ങള്‍ പ്രയോഗിക്കുന്നതും പുരുഷന്മാരാണ്‌. താളത്തില്‍ ചുവടുവച്ചു നടന്നും വട്ടത്തില്‍ നടന്നും നര്‍ത്തകികള്‍ ആടുന്നു. 

തലയാട്ടം
പുലയരുടെയിടയില്‍ പ്രചാരത്തിലുള്ള ഒരു കലാപ്രകടനമാണ്‌ തലയാട്ടം. ഉത്സവസന്ദര്‍ഭങ്ങളിലും തിരണ്ടുകല്യാണത്തിനുമാണ്‌ ഇത്‌ നടത്താറുള്ളത്‌. തിരണ്ടുകല്യാണത്തിന്‌ തലയാട്ടം നടത്തുന്നത്‌ തിരണ്ടുകുളി കഴിഞ്ഞ കന്യക തന്നെയാണ്‌. തിരണ്ടു കഴിഞ്ഞ്‌ പതിനഞ്ചാം ദിവസം സൂര്യോദയത്തിനുമുമ്പേ കുളിച്ച്‌ കിഴക്കോട്ടുതിരിഞ്ഞിരിക്കുന്ന പെണ്‍കുട്ടിയുടെ ഇരുവശവും മന്ത്രവാദികളായ പുലയര്‍ നിന്നുപാടും. ഇതിനനുസരിച്ച്‌ പെണ്‍കുട്ടിയും പങ്കെടുക്കുന്ന മറ്റു സ്‌ത്രീകളും തലയാട്ടം നടത്തുകയും പെണ്‍കുട്ടി ബോധംകെടുന്നതുവരെ തുടരുകയും ചെയ്യും. തലയാട്ടം നടത്തിയാലേ ശുദ്ധമാകുകയുള്ളു എന്നാണ്‌ വിശ്വാസം. 

കോലാട്ടം
ഇതൊരു വിനോദകലയാണ്‌. ചെറിയ മണികള്‍ പിടിപ്പിച്ച രണ്ടുകോലുകള്‍ അടിച്ച്‌ പാട്ടുപാടി വട്ടംകറങ്ങിയുള്ള ഈ കളിയില്‍ കളിക്കാര്‍ തമ്മിലും സ്വയമായും കോലുകള്‍കൊട്ടി കളിക്കുന്നു. തിരുവാതിരക്കളിയിലെ ചില ചുവടുവയ്‌പുകള്‍ ഇതിലും കാണാനാകും. 

പതിച്ചിക്കളി
വയനാട്ടിലെ ആദിവാസി വിഭാഗമായ പതിയരുടെയിടയിലെ ഒരു വിനോദകലയാണിത്‌. പതിയരുടെ സ്‌ത്രീകളാണ്‌ പതിച്ചികള്‍. വിവാഹം, ഉത്സവം തുടങ്ങിയ വിശേഷാവസരങ്ങളിലാണ്‌ ഇത്‌ അവതരിപ്പിക്കുന്നത്‌. നിലവിളക്ക്‌ കൊളുത്തിവച്ച്‌ അതിനുചുറ്റും കൈയ്യടിച്ച്‌ പാട്ടുപാടി പ്രത്യേക താളക്രമത്തില്‍ ചുവടുവച്ച്‌ നൃത്തം ചെയ്യുകയാണ്‌ ഇതിന്റെ സമ്പ്രദായം.

പൂച്ചാരിക്കളി
മലപ്പുറം ജില്ലയില്‍ പ്രചാരമുള്ള വിനോദകലയാണിത്‌. കണക്കസമുദായത്തില്‍പ്പെട്ട സ്‌ത്രീകള്‍ തിരണ്ടുകുളി, വിവാഹം തുടങ്ങിയ അവസരങ്ങളിലാണ്‌ ഇതവതരിപ്പിക്കുന്നത്‌. മുടിയഴിച്ചിട്ട്‌ തലയാട്ടി കൈകള്‍ കൊട്ടി പാട്ടുപാടി ചുവടുവച്ചുള്ള ഈ കളിക്ക്‌ മുടിയാട്ടത്തോട്‌ സാദൃശ്യമുണ്ട്‌. ഇതിലുപയോഗിക്കുന്ന പാട്ടുകള്‍ക്ക്‌ മാപ്പിളപ്പാട്ടുകളോട്‌ അടുപ്പമുണ്ട്‌. 

ഓണത്തുള്ളല്‍ 
വേലസമുദായക്കാര്‍ നടത്തുന്ന ഈ തുള്ളലിന്‌ വേലന്‍തുള്ളല്‍ എന്നും പേരുണ്ട്‌. രണ്ടു സ്‌ത്രീകളാണ്‌ ഇതവതരിപ്പിക്കുന്നത്‌. വേലന്മാര്‍ മഹാബലിയുടെ കഥ തുടികൊട്ടിപ്പാടുമ്പോള്‍ കൈയില്‍ പിടിച്ചിട്ടുള്ള കുരുത്തോല വീശി സ്‌ത്രീകള്‍ നൃത്തംചെയ്യും. തുള്ളുന്നവര്‍ പ്രത്യേകതരം കിരീടം ധരിച്ചിരിക്കും. പാട്ടിനനുസരിച്ച്‌ കിണ്ണം കൊട്ടുന്നതും സ്‌ത്രീകളാണ്‌. 

ആണ്ടിക്കളി
പാണസമുദായക്കാര്‍ക്കിടയില്‍ നിലനില്‌ക്കുന്ന അനുഷ്‌ഠാനപരവും വിനോദപരവുമായ കലയാണിത്‌. പ്രായമായ ഒരു സ്‌ത്രീ ഉടുക്കുകൊട്ടി പാടുമ്പോള്‍ അതിനനുസരിച്ച്‌ ഒരാണ്‍കുട്ടിയോ പെണ്‍കുട്ടിയോ നൃത്തം ചെയ്യുന്നതാണ്‌ ഇതിന്റെ സമ്പ്രദായം. 

കുടംകളി
തലയാട്ടവുമായി ബന്ധമുള്ള ഈ കളി തെക്കന്‍കേരളത്തിലെ ഹരിജന്‍ സ്‌ത്രീകള്‍ക്കിടയിലാണ്‌ ഏറെ പ്രചാരം. കൈകോര്‍ത്ത്‌ വൃത്തത്തില്‍ നില്‌ക്കുന്നവര്‍ക്കിടയില്‍ തലയില്‍ കുടംവച്ചുകൊണ്ട്‌ ചുവടുവച്ചുകളിക്കുകയും ഇതിനിടയില്‍ കുടം മേല്‌പോട്ടെറിഞ്ഞ്‌ താഴെപ്പതിക്കാതെ പിടിക്കുകയും ചെയ്യുകയാണ്‌ ഇതിന്റെ സ്വഭാവം. 

തെയ്യം
ഉത്തരകേരളത്തിലെ അനുഷ്‌ഠാനകലയായ തെയ്യത്തില്‍ സാധാരണയായി സ്‌ത്രീകള്‍ കോലംകെട്ടാറില്ല. എന്നാല്‍ ചെറുകുന്നിനടുത്തുള്ള തെക്കുംപാട്ടുള്ള ഒരു കാവില്‍ സ്‌ത്രീ കോലമിടുന്ന ഒരു തെയ്യമുണ്ട്‌. അപ്‌സരസ്സിന്റെ വേഷമാണ്‌ ഈ സ്‌ത്രീത്തെയ്യത്തില്‍ വരുന്നത്‌.

കേരളത്തില്‍ നിരവധി അമ്മദൈവങ്ങളുണ്ടെങ്കിലും അവയുമായി ബന്‌ധപ്പെട്ട അനുഷ്‌ഠാനങ്ങളില്‍ സ്‌ത്രീകളുടെ പങ്ക്‌ വളരെക്കുറവാണ്‌. സമൂഹത്തില്‍ നിലനിന്നുപോരുന്ന പുരുഷക്കോയ്‌മ തന്നെയാവാം അതിനുമുഖ്യകാരണം. അതോടൊപ്പം ആര്‍ത്തവം, ഗര്‍ഭം, പ്രസവം തുടങ്ങിയവയെ അശുദ്ധിയുടെ കാലമായി കണക്കാക്കുകയും അതിന്റെ പേരില്‍ അനുഷ്‌ഠാനങ്ങളില്‍നിന്ന്‌ അകന്നു നില്‍ക്കേണ്ടിവരികയും ചെയ്‌തിരിക്കാം. അനുഷ്‌ഠാനേതരകലാരൂപങ്ങള്‍ പരിശോധിക്കുമ്പോള്‍ പുരുഷന്മാര്‍ക്കൊപ്പം സ്‌ത്രീകള്‍ കടന്നുവരുന്നവ അവര്‍ണ്ണര്‍ക്കിടയിലാണ്‌ കൂടുതലും ഉള്ളതെന്നുകാണാം. 
സവര്‍ണ്ണസ്‌ത്രീകള്‍ നടത്തുന്ന തിരുവാതിര പോലുള്ള കളികളേറെയും സ്‌ത്രീകളുടെ കൂട്ടായ്‌മയ്‌ക്കുള്ളിലാണ്‌ നിലകൊണ്ടിരുന്നത്‌. ഇതും സ്‌ത്രീക്കും പുരുഷനും സമൂഹം നല്‌കിയിരുന്ന പദവിയുടെ അന്തരം തന്നെയാണ്‌ കാണിക്കുന്നത്‌. സ്‌ത്രീകളുടെ ശരീരത്തിനും മനസ്സിനും അനുയോജ്യമെന്ന്‌ സമൂഹത്തിന്‌ തോന്നിയിരുന്നവ മാത്രമാണ്‌ അവര്‍ക്കായി അനുവദിച്ചിരുന്ന കലാരൂപങ്ങളെന്നതും ശ്രദ്ധിക്കേണ്ടതാണ്‌. ആ കളികളും കലകളും സ്‌ത്രീകളെ തങ്ങളുടെ പരിമിതികള്‍ ഓര്‍മ്മപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട്‌. സമൂഹത്തിന്റെ പെരുമാറ്റച്ചട്ടങ്ങളുടെ നിലനില്‌പ്‌ ഉറപ്പുവരുത്തുകയെന്ന ഫോക്‌ലോര്‍ ധര്‍മ്മം ഈ കലാരൂപങ്ങളും പുലര്‍ത്തുന്നുണ്ടെന്നുകാണാം. ഇതോടൊപ്പം അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ പ്രതിഫലനവും ആചാരാനുഷ്‌ഠാനങ്ങളുടെ സാധൂകരണവുമായി ഇവയില്‍ ചില കലാരൂപങ്ങളെങ്കിലും നിലകൊള്ളുന്നു.

നാടോടിക്കലകളുടെ പരിശോധനയില്‍നിന്ന്‌ വെളിപ്പെടുന്ന പ്രധാനപ്പെട്ടൊരു കാര്യം, സ്‌ത്രീകളുടെ കലകളേറെയും പാട്ടിലും നൃത്തത്തിലും ഒതുങ്ങുന്നു എന്നതാണ്‌. ഇത്‌ ക്ലാസ്സിക്കലായ അഭിനയകലകളില്‍നിന്നുള്ള പ്രധാനപ്പെട്ടൊരു വ്യത്യാസമാണ്‌. രംഗകലകള്‍ എന്ന സങ്കല്‌പത്തിനുതന്നെ കുറേക്കൂടി വിശാലവും സ്വതന്ത്രവുമായ അര്‍ത്ഥവും വ്യാഖ്യാനവും നല്‌കിയാലേ സ്‌ത്രീകളുടെ പങ്കാളിത്തമുള്ള അവതരണങ്ങളെക്കൂടി വേണ്ടവിധം പരിഗണിക്കാനാവൂ. ഇവിടെ സൂചിപ്പിച്ച കലകള്‍ സ്‌ത്രീയുടെ ശരീരത്തിന്റെയും ചലനശേഷിയുടെയും ആലാപനവൈദഗ്‌ദ്ധ്യത്തിന്റെയും സാധ്യതകളും പ്രയോഗപാടവവും വെളിപ്പെടുത്തുന്നവയാണ്‌. ഒപ്പം അവരുടെ ജീവിതസാഹചര്യങ്ങളെയും ആചാരവിശ്വാസങ്ങളുടെ വലയത്തിനുള്ളില്‍ അവര്‍ അനുഭവിച്ചുപോരുന്ന പരിമിതികളെയും ബിംബവത്‌കരിക്കുകയും അവമതിക്കുകയും ചെയ്‌തുപോന്ന വ്യവസ്ഥകളെയും കൂടി വെളിപ്പെടുത്തുന്നു. 

സഹായകഗ്രന്ഥങ്ങള്‍
1. നാട്ടറിവിലെ പെണ്ണ്‌ - നാട്ടറിവുപഠനകേന്ദ്രം, തൃശൂര്‍
2. ഫോക്‌ ലോര്‍ നിഘണ്ടു - എം.വി.വിഷ്‌ണുനമ്പൂതിരി
3. ഫോക്‌ ലോര്‍ - രാഘവന്‍പയ്യനാട്‌
4. നാടോടി ദൃശ്യകലാസൂചിക - കേരള സംഗീതനാടക അക്കാദമി
5. ഫോക്‌ ലോറിലെ സ്‌ത്രീസ്വത്വനിര്‍മ്മിതി - പി.വസന്തകുമാരി  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും