സോഷ്യല്‍ മീഡിയയിലെ സ്ത്രീ കൂട്ടായ്മയില്‍ വന്ന പെണ്ണനുഭവങ്ങളുടെ രേഖപ്പെടുത്തലുകളായ ‘ഞങ്ങളുടെ അടുക്കളപ്പുസ്തകം പുസ്തകം: ഞങ്ങളുടെ അടുക്കളപ്പുസ്തകം എഡിറ്റര്‍: സുനിത ദേവദാസ് പബ്ലീഷര്‍: ഡിസി ബുക്സ് വില: 150 രൂപ 2016 മാര്‍ച്ച് 8-ന് വനിതാ ദിനത്തില്‍ അടിമുടി സ്ത്രീവിരുദ്ധമായ സ്ത്രീ ജീവിതത്തെക്കുറിച്ച് സുനിത ദേവദാസ് ഇട്ട ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന് രൂപപ്പെട്ടു വന്ന ഫ്രം ദ ഗ്രാനൈറ്റ് ടോപ്പ് എന്ന സൈബര്‍ കൂട്ടായ്മയാണ് 2017-ലെ വനിതാ ദിനത്തില്‍ പ്രകാശനം ചെയ്യപ്പെട്ട ഞങ്ങളുടെ അടുക്കളപ്പുസ്തകത്തിനു പിന്നിലുള്ളത്. ഇതിലുള്ള അന്‍പതു കുറിപ്പുകള്‍ വ്യത്യസ്തമായ അനുഭവങ്ങളുടെ, ജീവിതങ്ങളുടെ ആവിഷ്‌കാരമാണ്. ഒരു പക്ഷേ ഒരു അച്ചടിപ്പുസ്തകത്തിന്റെ പരിമിതികള്‍ക്കുള്ളിലൊതുങ്ങും വിധം അന്‍പതു കുറിപ്പുകള്‍ തെരഞ്ഞെടുക്കാന്‍ എഡിറ്റര്‍ ഏറെ ക്ലേശിച്ചിരിക്കാനിടയുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ഇതില്‍ ഇടം കിട്ടാതെ പോയ, പ്രസിദ്ധീകരിക്കപ്പെടാത്ത അനുഭവങ്ങളുടെ കൂടി ഉറക്കെയുള്ള പ്രഖ്യാപനമാണ് ഓരോ കുറിപ്പും. കൃത്യമായ ദര്‍ശനം, സ്വതന്ത്രമായ നിലപാടുകള്‍, ആണ്‍/പെണ്‍ ബന്ധത്തിന്റെ പല തലങ്ങള്‍, തീവ്രമായ അനുഭവചിത്രങ്ങള്‍, നിരീക്ഷണങ്ങള്‍ എന്നിവ കൊണ്ട് സ്ത്രീജീവിതാവസ്ഥകളെ വിശകലനം ചെയ്യാനുള്ള ബൗദ്ധികോപകരണം കൂടിയായി അവ പരിണമിക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ജീവിക്കുന്ന പലതരക്കാരായ, പല പ്രായക്കാരായ സ്ത്രീകള്‍. അവരില്‍ വീട്ടമ്മമാരും ഉദ്യോഗസ്ഥകളുമുണ്ട്. സൈബര്‍ സ്‌പേസ് തുറന്നു തന്ന വിശാലമായ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നുവെങ്കിലും ഈ സ്ത്രീകളാരും പരമ്പരാഗത മട്ടിലുള്ള എഴുത്തുകാരികളല്ല. പലരുടെയും ആദ്യത്തെ രചനാ സംരംഭം. അനേകത, അടക്കമില്ലാത്ത ഒഴുക്കുകള്‍, ഒന്നില്‍ നിന്നു പലതിലേക്കും പല പലതിലേക്കുമുള്ള തുടര്‍ച്ച എന്നിങ്ങനെ സ്‌ത്രൈണ ഭാഷയെക്കുറിച്ച് ല്യൂസ് ഇറിഗറെ പറയുന്നത് ഈ എഴുത്തുകളോടു ചേര്‍ത്തുവെയ്ക്കാം. ബഹുലത, വൈകാരികതയെ രാഷ്ട്രീയവല്‍ക്കരിക്കല്‍, വ്യക്തിപരമായതിനെയെല്ലാം പൊതുവാക്കുക തുടങ്ങി കൃത്യമായ പ്രത്യയശാസ്ത്രത്തിലൂന്നിയതാണ് ഈ പുസ്തകത്തിന്റെ രാഷ്ട്രീയം. അതാവട്ടെ നൈസര്‍ഗ്ഗികമായി സംഭവിച്ചു പോകുന്നതുമാണ്. ഇതിലെ എഴുത്തുകള്‍ക്കോ, എഴുത്തുകാരികള്‍ക്കോ മുന്‍മാതൃകകളില്ല. സൈബര്‍ സ്‌പേസിനെ ആത്മാവിഷ്‌കാരത്തിനും ആത്മരതിക്കുമുള്ള സുരക്ഷിതമായ ഇടമായി ഉപയോഗപ്പെടുത്തുന്ന സാമ്പ്രദായിക എഴുത്തുകളില്‍ നിന്ന് അടുക്കളപ്പുസ്തകത്തിലെ എഴുത്തുകള്‍ വേറിട്ടു നില്‍ക്കുന്നത് അവയുടെ സ്വാഭാവികമായ ലാളിത്യം കൊണ്ടും സത്യസന്ധത കൊണ്ടുമാണ്. അടുക്കളപ്പുസ്തകത്തിലെ കുറിപ്പുകളെ കൃത്യമായി ഇന്നയിന്ന സാഹിത്യരൂപങ്ങളെന്നു വേര്‍തിരിക്കുക സാധ്യമല്ല. അനുഭവക്കുറിപ്പുകള്‍/ ദിനചര്യകള്‍/ നിരീക്ഷണങ്ങള്‍/ കഥ, കവിത, ലേഖനം എന്നിങ്ങനെ സാമാന്യമായ തരം തിരിവുകള്‍ക്കും അവ പെട്ടന്നു വഴങ്ങണമെന്നില്ല. ഒരു ദിവസത്തെ സാധാരണ ദിനചര്യകളെഴുതുമ്പോഴും അതില്‍ രാഷ്ട്രീയമുണ്ട്, സൂക്ഷ്മമായ നിരീക്ഷണങ്ങളുണ്ട്, കഥയുടെ അനായാസതയും കവിതയുടെ താളവുമുണ്ട്. എഴുത്തു വൈദഗ്ധ്യങ്ങളില്ലാത്ത സാധാരണ സ്ത്രീകളുടെ ജീവിതമെഴുത്താണിത്. തനിമയുള്ള, മധുരവും സുതാര്യവുമായ എഴുത്ത്. നര്‍മ്മം കൊണ്ടു രസിപ്പിക്കുന്ന, വികാര തീവ്രത കൊണ്ട് ആഴത്തില്‍ സ്പര്‍ശിക്കുന്ന, വേദന കൊണ്ടു ശ്വാസം മുട്ടിക്കുന്ന പലതരം ജീവിതക്കാഴ്ചകള്‍. അടുക്കളയലമാരയിലെ പാത്രങ്ങള്‍ക്കിടയില്‍ സദാ ഒരു കുറ്റിപ്പെന്‍സില്‍ സൂക്ഷിച്ചിരുന്ന, രാത്രി ഒരു കൈയ്യില്‍ തൊട്ടില്‍ക്കയറും പിടിച്ച് എഴുതിയിരുന്ന ലളിതാംബിക അന്തര്‍ജനത്തെപ്പോലെ പുതിയകാല സ്ത്രീകള്‍ അവരുടെ തിരക്കു പിടിച്ച ജീവിതചര്യകള്‍ക്കിടയില്‍ സമയമുണ്ടാക്കി അടുക്കളപ്പുറത്തിരുന്ന് എഴുതിയുണ്ടാക്കുന്ന ജീവിതാവിഷ്‌കാരത്തിന് അടുക്കളപ്പുസ്തകമെന്ന പേര് തന്നെ ഏറ്റവും അന്വര്‍ത്ഥമാവുന്നു. പക്ഷേ വിഷയവൈവിധ്യം കൊണ്ട് ബഹുതലസ്പര്‍ശിയായ പുസ്തകത്തിന്റെ പ്രതിപാദ്യം കേവലം അടുക്കള വാര്‍ത്തകളായൊതുങ്ങുന്നതുമല്ല. എല്ലാ കുറിപ്പുകളും സ്ത്രീ ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ, അവസ്ഥകളെ സത്യസന്ധമായി പകര്‍ത്തുന്നു. ഷൈനി പ്രശാന്തിന്റെ ഭയപ്പെടുത്തുന്ന ആള്‍ക്കൂട്ടം അനുഭവത്തിന്റെ തീ കൊണ്ടു പൊള്ളിപ്പിക്കുന്നതും പ്രസക്തമായ ചോദ്യങ്ങളുന്നയിക്കുന്നതുമാണ്. ബിന്ദു മനോജിന്റെ മധുരിക്കും ഓര്‍മ്മകള്‍ നാട്ടിന്‍പുറത്തിന്റെ, കുട്ടിക്കാലത്തിന്റെ നിഷ്‌കളങ്കമായ സൗഭാഗ്യങ്ങളെ കാവ്യാത്മകമായി പകര്‍ത്തുന്നു. ഭൂതകാലത്തിലേക്ക് ഇങ്ങനെയും തിരിച്ചുപോകാമെന്നു കാണിച്ചു തരികയല്ല, വായനക്കാരെ കൈ പിടിച്ചു കൂടെക്കൊണ്ടു പോവുന്നു. പ്രതിസന്ധികള്‍, പോരാട്ടങ്ങള്‍, പൊരുത്തപ്പെടലുകള്‍, സ്ത്രീകളുടെ ജീവിതം കടന്നു പോവുന്ന നിരവധി സന്ധികള്‍, ഫെമിനിസത്തിന്റെ, സ്ത്രീശാക്തീകരണത്തിന്റെ നിതാന്ത മാതൃകകള്‍, ജീവിതത്തോട് പോരാടിയവര്‍, ജീവിതത്തിനും അതിജീവനത്തിനും കരുത്തു പകര്‍ന്നവര്‍. ബിന്ദു ചൂണ്ടിക്കാട്ടുന്ന സ്ത്രീകള്‍ ദേശകാലഭേദങ്ങളില്ലാതെ എല്ലായിടത്തുമുണ്ട്. അവരെ കൃത്യമായി അടയാളപ്പെടുത്താന്‍ കഴിയുന്നിടത്താണ് എഴുത്തുകാരിയുടെ വിജയം. നിഷ ഉനൈസിന്റെ ഒട്ടിച്ചിപ്പെണ്ണ് തെരുവില്‍ അനാഥമാവുന്ന പെണ്‍ജീവിതങ്ങളുടെ ഹൃദയഭേദകമായ കഥ പറയുന്നു. ജെന്നി മാധവന്‍, ദീപ എന്‍ പി, സ്‌റ്റൈഫി മാത്യു, കവിത രമേശ്, ഡോ. സന്ധ്യ ജയകുമാര്‍, ആതിര സൂരജ്, ആതിര ഇ.വി, നസ്രീന തങ്കായത്തില്‍, അമല ഷെഫീക്, മഹിത ഭാസ്‌കരന്‍, സൂനജ, നിജു ആന്‍ ഫിലിപ്പ്, അനുപമ, അനീഷ്യ ജയദേവ്, നവ്യരാജ്, പൊന്നമ്പിളി ഇങ്ങനെ നീണ്ട നിരയുണ്ട് കഥയും അനുഭവവും കൂടിക്കലര്‍ത്തി മനോജ്ഞമായ ദൃശ്യചിത്രങ്ങള്‍ മെനയുന്നവരായിട്ട്. ഇവയൊന്നും കേവലം വര്‍ണ്ണശബളമായ ദൃശ്യങ്ങളല്ല. തിളച്ചുമറിയുന്ന ജീവിതം, പ്രതിരോധങ്ങള്‍, പ്രതിഷേധങ്ങള്‍, പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിലെ സ്‌ത്രൈണമായ സവിശേഷതകള്‍ എന്നിവ കൊണ്ട് ഓരോ എഴുത്തും വ്യത്യസ്തമാവുന്നു. ആശുപത്രിയനുഭവങ്ങളുടെ പശ്ചാത്തലത്തിലെഴുതിയ ഒന്നിലധികം കുറിപ്പുകളില്‍ മീര ജോര്‍ജിന്റെ സുഖപ്രസവത്തിലെ അസുഖങ്ങള്‍, ജൂലി ഡെന്‍സിലിന്റെ ബി ദേര്‍ ഫോര്‍ ദേം എന്നിവ അവയുടെ പ്രതിപാദ്യത്തിന്റെ രാഷ്ട്രീയം കൊണ്ട് വേറിട്ടു നില്‍ക്കുന്നവയാണ്.