മുഖപ്രസംഗം
നിഴൽ മഹാമാരിയും മാസ്ക് പത്തൊമ്പതും
ആർ. പാർവതി ദേവി എഴുതുന്നു....
വികസിതമെന്നോ അവികസിതമെന്നോ ദരിദ്രമെന്നോ സമ്പന്നമെന്നോ വ്യത്യാസമില്ലാതെ ലോകത്തെ മുഴുവൻ രാജ്യങ്ങളും കൊറോണ വൈറസ് എന്ന ഭീകരന്റെ ആക്രമണത്തെ ഭയന്ന് വീടുകൾക്കുള്ളിൽ സുരക്ഷിതത്വം പ്രതീക്ഷിച്ച് ദിവസങ്ങൾ തള്ളി നീക്കുന്നു. കൊറോണക്ക് ജാതി,മത ,ലിംഗ ,വംശ ,വർഗ വ്യത്യാസം തീരെ ഇല്ല. എന്നാൽ സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വത്തിന്റെ തോത് അനുസരിച്ച് ഈ ലോക് ഡൗൺ കാലം ഓരോരുത്തരെയും ഓരോ രീതിയിലാണ് ബാധിക്കുക . എല്ലാ സമൂഹങ്ങളിലും രണ്ടാം തരം പൗരരായി കണക്കാക്കപ്പെടുന്ന സ്ത്രീകളുടെ കൊറോണക്കാലം ഏതു രീതിയിൽ ആണെന്ന് വിശദമായി പഠിക്കാറായിട്ടില്ല . എന്നാൽ വീടുകളിൽ നിന്നും പുറത്തിറങ്ങാതെ കഴിയണമെന്ന് അതാതു രാജ്യത്തെ ജനങ്ങളോട് സർക്കാരുകൾ ആവശ്യപ്പെട്ടതോടെ ഗുരുതരമായ മറ്റൊരു പ്രശ്നം പൊന്തി വന്നു.അത് സ്ത്രീകൾ വീടുകൾക്കുള്ളിൽ അനുഭവിക്കുന്ന ക്രൂരമായ അതിക്രമങ്ങളാണ് .
വൈറസിനേക്കാൾ ആക്രമണ സ്വഭാവം ഉള്ള ജീവിത പങ്കാളിക്കൊപ്പം വീട് എന്ന തടവറയിൽ അകപെട്ടുപോയിരിക്കുന്നു എത്രയോ സ്ത്രീകൾ .ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങളിൽ നിന്നും രക്ഷപെടാൻ പഴുതില്ലാതെ സ്ത്രീകളും, പല വീടുകളിലും ഒപ്പം കുട്ടികളും ദുരിതം അനുഭവിക്കുന്നു. ലോക് ഡൗൺ തുടങ്ങി ഏറെ വൈകാതെ തന്നെ വീടിന്റെ "സുരക്ഷിതത്വം " എന്ന അപകടം ഐക്യ രാഷ്ട്ര സഭ തിരിച്ചറിഞ്ഞു. ഏപ്രിൽ ആദ്യ ആഴ്ച്ച യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു സ്ത്രീകളും പെൺകുട്ടികളും വീടുകൾക്കുള്ളിൽ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന്. വീടുകൾക്കകത്തു വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഭയാനകമാം വിധം ഗാർഹിക പീഡനം ലോകം മുഴുവനും വര്ധിച്ചിരിക്കുകയാണെന്നും യു എൻ മുന്നറിയിപ്പ് നൽകി. 'കുടുംബത്തിലെ സമാധാനം" പുലർത്താൻ യു എൻ ആഹ്വാനം ചെയ്തു. ഗാർഹിക അതിക്രമത്തെ നിഴൽ മഹാമാരി"" എന്നാണ് യു എൻ വിശേഷിപ്പിക്കുന്നത്. കൊറോണ എന്ന പോലെ തന്നെ വീട്ടിനുള്ളിലെ അതിക്രമങ്ങളുംഎല്ലാ രാജ്യങ്ങളിലെയും സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നുണ്ട്. അമേരിക്ക , യൂറോപ്യൻ രാജ്യങ്ങൾ, ചൈന , ആഫ്രിക്ക , ഇന്ത്യ തുടങ്ങി എല്ലായിടത്തും നിന്നും വരുന്ന റിപ്പോർട്ടുകൾ ലോക് ഡൗൺ ഗാർഹിക പീഡനം ക്രമാതീതമായി വർധിപ്പിച്ചു എന്ന് ആണ്.
പാശ്ചാത്യ രാജ്യങ്ങളിൽ ജീവിത പങ്കാളി ആണ് പ്രധാന വില്ലൻ എങ്കിൽ ഇന്ത്യയിൽ ഭർത്താവിന്റെ സഹോദരനും അച്ഛനും ഉൾപ്പടെ പ്രതിസ്ഥാനത്തു വരുന്നു. മാർച്ച് 23 നും ഏപ്രിൽ 1 നും ഇടയിൽ 257 പരാതി കളാണ് ദേശീയ വനിതാ കമ്മീഷനു ലഭിച്ചത്. കമ്മീഷൻ ലോക് ഡൗ ൺ കാലത്തു ആരംഭിച്ച വാട്സ് ആപ്പി ലേക്കാണ് ഏറെയും പരാതികൾ വന്നത്. മുൻപ് നേരിട്ടും ഫോൺ മുഖാന്തിരവും പരാതികൾ നൽകിയിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ അത് സാധ്യമല്ലാതായി വന്നതോടെയാണ് വാട്ട്സ് ആപ് തുടങ്ങിയത്.ഒറ്റ മുറി വീട്ടിൽ അകപ്പെട്ടു പോകുന്ന സ്ത്രീകൾക്കു ഭർത്താവു കേൾക്കാതെ പരാതി ഫോണിലൂടെ പറയാൻ പറ്റാതെ വന്നു. ഇത് ലോകമെ മ്പാടും കണ്ടു വരുന്ന അവസ്ഥയാണ്. ഫ്രാൻസ് , അമേരിക്ക, ഇറ്റലി , സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന ഹെല്പ് ലൈൻ നമ്പറുകളിലേക്ക് ഇപ്പോൾ വിളികൾ വളരെ കുറഞ്ഞു എന്നാണ് അവർ പറയുന്നത്. ഫോൺ വിളിക്കാനുള്ള അസൗകര്യം തന്നെ ആണ് പ്രശ്നം. കോറോണക്ക് മുൻപ് സ്ത്രീകൾ പുറത്തിറങ്ങി പോകുകയോ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വീടുകളിൽ അഭയം പ്രാപിക്കുകയുമാണ് ചെയ്തിരുന്നത്.ഇന്ത്യയിലെ ചേരികളിലും അത്തരത്തിൽ വളരെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളിലും സ്ത്രീകൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടി എവിടെയെങ്കിലും ഒളിച്ചിരുന്നു.
ഇപ്പോൾ അതിക്രമം ഭയന്ന് വീട്ടിൽ നിന്നിറങ്ങി വരുന്ന സ്ത്രീകളോട് പോലീസും അനുഭാവപൂർവ്വമല്ല സമീപിക്കുന്നത്. പരാതി സ്വീകരിക്കാനോ അവർക്ക് പറയാനുള്ളത് കേൾക്കാൻ പോലുമോ പോലീസ് തയാറാകുന്നില്ല. കോവിഡ് നിയന്ത്രണത്തിന് പൂർണ ശ്രദ്ധ നൽകുന്ന പൊലീസിന് ഗാർഹിക പീഡനം മുന്ഗണനകളിൽ വരുന്നില്ല. ഇന്ത്യയിൽ ഒരു വീട്ടമ്മ ഭർതൃ സഹോദരനിൽ നിന്നും രക്ഷപെടാൻ 12 കിലോമീറ്റർ നടന്ന് സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് പോയ സംഭവം മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു. ഈ സ്ത്രീക്ക് സ്വന്തം വീട്ടിലെങ്കിലും രക്ഷ ഉണ്ട്. എന്നാൽ ഇന്ത്യയിലെ പല പ്രദേശങ്ങളിലും പല സമുദായങ്ങളിലും ഭർതൃഗൃഹത്തിൽ നിന്നും ഒരു സ്ത്രീക്ക് സ്വന്തം വീട്ടിലേക്ക് അഭയം തേടി പോകാൻ അനുമതി ഇല്ല. വിവാഹത്തോടെ സ്വന്തം കുടുംബത്തിൽ അവർക്ക് അവകാശം ഇല്ലാതാകുന്നു. ഗാർഹിക പീഡനം പലപ്പോഴും സ്ത്രീകളുടെ ജീവന് തന്നെ ഭീഷണി ആകുന്നതായും റിപ്പോർട്ടുകൾ ഉണ്ട് .ജപ്പാനിൽ ഭർത്താവിന്റെ അടിയേറ്റ് ഒരു സ്ത്രീ മരിച്ചതോടെ സർക്കാർ നടപടികൾ കർശനമാക്കി . ജപ്പാൻ വനിതാ വികസന മന്ത്രി സീക്കോ ഹാഷിമോട്ടോ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹോട് ലൈൻ നമ്പർ തുടങ്ങിയതായി പ്രഖ്യാപിച്ചു.
ഫ്രാൻസിൽ സ്ത്രീകൾക്ക് ഹോട്ടലുകളിൽ സൗജന്യമായി താമസിക്കുവാൻ സൗകര്യം ഉണ്ടാക്കുകയാണ് സർക്കാർ ചെയ്തത്. എന്നാൽ , വീട് വിട്ടു കുട്ടികളുമായി ഹോട്ടൽ മുറികളിൽ പോയി താമസിക്കുക എന്നതല്ല പരിഹാരമെന്ന് അവിടുത്തെ സ്ത്രീ പ്രവർത്തകർ പറഞ്ഞു. ആക്രമണം നടത്തുന്ന പുരുഷനെയാണ് വീട്ടിൽ നിന്നും മാറ്റേണ്ടതെ ന്ന് അവർ സർക്കാരിനെ അറിയിച്ചു. കോവിഡ് വലിയ ദുരന്തം വിതക്കുന്ന സ്‌പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലും വീടുകൾക്കുള്ളിൽ സ്ത്രീകൾ കെണിയിൽ വീണെന്ന പോലെ ജീവിക്കുകയാണ് . പുറത്തിറങ്ങിയാൽ ഭർത്താവും ഒപ്പം ഇറങ്ങുന്നത് കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് പോകാൻ ഇവർക്കാകുന്നില്ല. അതിനാൽ സർക്കാർ സ്ത്രീകൾക്കായി ഒരു കോഡ് വാക്ക് ഏർപ്പെടുത്തി . മെഡിക്കൽ സ്റ്റോറിലോ സൂപ്പർ മാർക്കറ്റിലോ പോകുമ്പോൾ മാസ്ക് 19 എന്ന് പറഞ്ഞാൽ ആ സ്ത്രീ ഗാർഹിക പീഡനത്തിന്റെ ഇര ആണെന്ന് മനസ്സിലാക്കണമെന്നാണ് കരുതുന്നത്. സ്‌പെയിനിലെ ഈ രീതി ഇറ്റലിയും സ്വീകരിച്ചു. യൂറോപ്പ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഗാർഹിക പീഡനം നടക്കുന്ന രാജ്യം ഫ്രാൻസ് ആണ്. 18 നും 75 നും ഇടയിൽ പ്രായമുള്ള രണ്ടു ലക്ഷത്തിലേറെ സ്ത്രീകൾ വര്ഷം തോറും ജീവിതപങ്കാളിയുടെയോ മുൻ പങ്കാളിയുടെയോ ആക്രമണങ്ങൾക്ക് ഇരകൾ ആകുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഓരോ മൂന്നു ദിവസം കൂടുമ്പോഴും അവിടെ ഒരു സ്ത്രീ ഭർത്താവിനാൽ കൊല്ലപ്പെടുന്നു. കൊറോണക്കാലം ഇവിടുത്തെ
സ്ത്രീകളുടെ വീട്ടിനുള്ളിലെ ജീവിതം ഭീതിയുടെയും അരക്ഷിതത്വത്തിന്റെയും അപമാനത്തിന്റെയും ആക്കിയിരിക്കുന്നു. ഗാർഹിക പീഡനത്തിൽ 30 %വര്ധനവാണിവിടെ ഉണ്ടായിരിക്കുന്നത്. പാരിസിൽ അത് 36 % ആണ്. ഫ്രാൻസും പുതിയ ഹെല്പ് ലൈൻ നമ്പറുകൾ ആരംഭിച്ചു. അമേരിക്ക, സിംഗപ്പൂർ , ഇംഗ്ലണ്ട് , കാനഡ , സൈപ്രസ് ,അർജന്റീന തുടങ്ങിയ രാജ്യങ്ങളിലൊക്കെയും ഗാർഹിക പീഡനം 25 മുതൽ 35 % വര്ധിച്ചതായാണ് യു എൻ കണക്കാക്കിയിരിക്കുന്നത്.
കോവിഡ് കാലം പൊതുവിൽ ജനങ്ങളിൽ ആശങ്കയും ഭീതിയും അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുന്നു. തൊഴിലില്ലായ്മ ഏറ്റവും മോശപ്പെട്ട സ്ഥിതിയിലാകുമെന്നതിനു സംശയമില്ല.. വീട്ടിനുള്ളിൽ അടച്ചിരിക്കുമ്പോൾ പുരുഷന്മാർക്കുണ്ടാകുന്ന നിരാശയും വിഷാദവും ഭയവും സ്ത്രീകളുടെയും കുട്ടികളുടെയും മേൽ തീർക്കുന്നതാണെന്ന മനഃശാസ്ത്രജ്ഞരുടെ വിലയിരുത്തൽ അതിക്രമങ്ങൾക്കുള്ള ന്യായീകരണം അല്ല. കൊറോണ ലോകത്തെ നല്ലൊരു പങ്ക് സ്ത്രീകളും അനുഭവിക്കുന്ന ഗുരുതരമായ പ്രശ്നം കൂടുതൽ വെളിച്ചത്തേക്ക് കൊണ്ട് വന്നു എന്ന് മാത്രം. ഏറ്റവും കുറച്ചു റിപ്പോർട്ട് ചെയ്യപ്പെടുന്ന മനുഷ്യാവകാശ ലംഘനമാണ് ഗാർഹിക പീഡനം . ശരാശരി 20 % പോലും പുറത്തറിയാറില്ല. അണുകുടുംബങ്ങൾ ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവതം പോലെ പുകയുകയാണെന്നാണ് മനസ്സിലാക്കേണ്ടത്. എല്ലാ കുടുംബവും ഇങ്ങനെയല്ല എന്ന അശാസ്ത്രീയ ന്യായീകരണം ഇവിടെ പ്രസക്തമല്ല. പൊതുവായ ഒരു സാമൂഹ്യ പ്രശ്നത്തെ കുറിച്ച് സംസാരിക്കുമ്പോൾ അതിന്റെ അപവാദങ്ങൾ നിരത്തി പ്രശ്നത്തിന്റെ ഗൗരവം കുറക്കാനാവില്ല. മുതലാളിത്തം അണുകുടുംബങ്ങളെ നിലനിർത്താൻ ആഗ്രഹിക്കുന്നത് പ്രത്യുല്പാദനത്തിനും അതുവഴി ലാഭത്തിനും ആണ്. കൊറോണ കാണിച്ചു തന്ന ഒരു സത്യം മുതലാളിത്ത വ്യവസ്ഥയുടെ അസ്ഥിരതയാണ്.മൂലധനത്തെ സഹായിക്കുന്ന സ്ഥാപനങ്ങൾ ദുര്ബലമാണെന്നും ഈ മഹാമാരി തെളിയിച്ചു കൊണ്ടിരിക്കുന്നു . ഇത്തരം നിരവധി തിരിച്ചറിവുകൾക്കൊപ്പം പുരുഷാധിപത്യ കുടുംബവ്യവസ്ഥയെ കുറിച്ച് മാറി ചിന്തിക്കാനുള്ള അവസരം കൂടിയായി നമുക്ക് കൊറോണയെ കണക്കാക്കാം .
എഡിറ്റോറിയല്‍ ആര്‍ക്കൈവ്
മുമ്പത്തെ ലേഖനങ്ങള്‍ ഇവിടെ ലിസ്റ്റ് ചെയ്യുന്നു.
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം.
മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ.
അത്താണി, അഭയബാല, ശ്രദ്ധാഭവനം,
http://www.abhaya.org/