സൂസന്‍ അബുല്‍ഹവയുടെ 'മോണിങ്‌സ് ഇന്‍ ജെനിന്‍' എന്ന കൃതി ആരംഭിക്കുന്നത് 1948ലെ ഇസ്രായേല്‍-അറബ് യുദ്ധത്തോടെയാണ്. സൂസന്‍ അബുല്‍ഹവയുടെ ഈ നോവല്‍ യാഥാര്‍ത്ഥ്യങ്ങളെ അനുഭവങ്ങളുടെ തീവ്രതയില്‍ അവതരിപ്പിക്കുന്ന ഒന്നാണ്. 1948ഓടെ പതിനായിരക്കണക്കിന് ഫലസ്തീന്‍ ഗ്രാമീണര്‍ക്കാണ് സ്വന്തം മണ്ണില്‍നിന്ന് പലായനം ചെയ്യേണ്ടിവന്നത്. ഇത്തരത്തില്‍ പലായനം ചെയ്യപ്പെട്ട് അതിര്‍ത്തി പ്രദേശത്തെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ യഹ്യ മുഹമ്മദ് അബുല്‍ ഹേജ കുടുംബത്തിന്റെ നാല് തലമുറകളുടെ ത്രസിപ്പിക്കുന്ന കഥയാണ് നോവലിനടിസ്ഥാനം. കഥാപാത്രങ്ങള്‍ ഭാവനാസൃഷ്ടികളാണെങ്കിലും നോവലില്‍ വിവരിക്കുന്ന സംഭവങ്ങളും സ്ഥലങ്ങളും തികച്ചും യാഥാര്‍ത്ഥ്യമാണെന്നും, മുഖ്യ കഥാപാത്രവും ആഖ്യാതാവുമായ അമലില്‍ തന്റെ ആത്മാംശം പൂര്‍ണമായും ഉണ്ടെന്നും സൂസന്‍ അബുല്‍ഹവ പറയുന്നു. 1967ലെ യുദ്ധകാലത്ത് ജനിച്ച സൂസന്‍ അബുല്‍ഹവ സൂസന്‍ അബുല്‍ഹവ ജെനിന്‍ അഭയാര്‍ഥി കേന്ദ്രത്തിലും അനാഥാലയങ്ങളിലും കഴിഞ്ഞിട്ടുണ്ട്. ആ കാലത്തെ അനുഭവങ്ങളാണ് ഈ നോവലിനെ ശക്തിപ്പെടുത്തുന്നത്. നോവലിന്റെ ഓരോ പേജിലും നിറഞ്ഞുനില്‍ക്കുന്നത് അധിനിവേശ ശക്തികളോടുള്ള രോഷമാണ്. ഇതിലെ കഥാപാത്രങ്ങളില്‍ വായനക്കാര്‍ക്കിത് കാണാന്‍ കഴിയും. പണ്ടു പണ്ട് ചരിത്രം കുന്നിന്‍മുകളിലേക്ക് പാഞ്ഞുകയറി വര്‍ത്തമാനവും,ഭാവിയും ചിന്നിച്ചിതറിക്കുന്നതിന് മുന്‍പ്. കൊടുങ്കാറ്റ് ഭൂമിയെ വിഴുങ്ങും മുന്‍പ്, അമല്‍ ജനിക്കും മുന്‍പ്, ഹൈഫക്ക് കിഴക്കുഭാഗത്തായി ഫിഗ് മരങ്ങളും ഒലീവ് മരങ്ങളും നിറഞ്ഞ ഒരു ഗ്രാമത്തില്‍ തെളിഞ്ഞ സൂര്യപ്രകാശത്തിന് കീഴെ ശാന്തനായി കിടന്നു എന്ന വരികളോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ഫലസ്തീന്‍ ജനത ലോകംകണ്ട ഏറ്റവും വലിയ ക്രൂരതയാല്‍ എങ്ങനെ ഒറ്റപ്പെട്ടുപോയി എന്ന് വിവരിക്കാനാണ് സൂസന്‍ ഈ നോവലില്‍ ശ്രമിക്കുന്നത്.