സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കുടുംബശ്രീയും സ്ത്രീകളും

ഡോ. എം എ ഉമ്മന്‍കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്തുന്നതില്‍ സമീപകാലത്ത് ഏറ്റവും പങ്കു വഹിച്ച ഘടകങ്ങളിലൊന്ന് കുടുംബശ്രീ പ്രസ്ഥാനമാണെന്ന് വിലയിരുത്തലുകള്‍ വന്നിട്ടുണ്ട്. പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. എം എ ഉമ്മന്‍ 2008ല്‍ നടത്തിയ പഠനം ഈ വഴിക്ക് നടന്ന ഗവേഷണങ്ങളില്‍ പ്രധാനമാണ്. അദ്ദേഹത്തിന്റെ പഠനത്തിന്റെ ചുരുക്കം താഴെ. പൂര്‍ണ്ണ രൂപം ഈ വിലാസത്തില്‍ ലഭിക്കും. 
http://www.csesindia.org/admin/modules/cms/docs/publication/17.pdf

കുടുംബത്തിനുള്ളിലും പുറത്തും സ്ത്രീകളുടെ പദവി ഉയര്‍ത്താന്‍ കേരളത്തിലെ കുടുംബശ്രീ  പ്രസ്ഥാനത്തിനു കഴിഞ്ഞതായി പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഫ. എം. എ. ഉമ്മന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. എന്നാല്‍ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തില്‍ പദ്ധതി ഇനിയുമേറെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും പഠനം നിര്‍ദേശിക്കുന്നു. കുടുംബശ്രീ അംഗങ്ങളായ 7000 കുടുംബങ്ങളെ പഠനവിധേയമാക്കിയാണ് പ്രൊഫ. എം എ ഉമ്മന്‍ റിപ്പോര്‍ട്ട്  തയ്യാറാക്കിയത്. 

മൈക്രോ ഫിനാന്‍സും  ദാരിദ്ര ലഘൂകരണവും കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തില്‍ എന്ന വിഷയത്തെ ആധാരമാക്കി കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക്ക് ആന്റ് എന്വവയോണ്മെന്റല്‍ സ്റ്റഡീസ് പ്രസിദ്ധീകരിച്ച വര്‍ക്കിംഗ് പേപ്പറിലാണ് ഈ പഠനത്തിലെ വിവരങ്ങള്‍ ഉള്ളത്. 

പദ്ധതിയിലൂടെ കൂട്ടായ വിലപേശല്‍ ശേഷിയില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി പഠനത്തിന് വിധേയരാക്കിയവരില്‍ 68.25% പേരും പറയുന്നു. പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള ശേഷി കൂടിയതായി 62.25% പേരും ഒരു കൂട്ടത്തോട് ആശയവിനിമയം നടത്താനുള്ള കഴിവ് വര്‍ധിച്ചതായി 62.2% പേരും പറഞ്ഞു. മൊത്തം ശേഷി വര്‍ധിതച്ചതായി പറഞ്ഞത് 62.4% പേരാണ്. സംഘാടനശേഷി വര്‍ധിച്ചതായി 32% പേര്‍ വ്യക്തമാക്കുന്നുണ്ട്. 

സ്ത്രീകളുടെ അവകാശങ്ങളും ലിംഗവിവേചനവും സംബന്ധിച്ച് കൂടുതല്‍ ബോധവതികളാകാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക്  കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആത്മവിശ്വാസം തോന്നുന്നു എന്ന് 90%ല്‍ ഏറെപ്പേര്‍ പറയുന്നു എന്നത് ചെറിയ കാര്യമല്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കുടുംബത്തിനുള്ളിലും അയല്ക്കാര്‍ക്കിടയിലും സമൂഹത്തിലാകെത്തന്നെയും തങ്ങളുടെ പദവി ഗണ്യമായി ഉയര്‍ന്നതായി സ്ത്രീകള്‍ പറയുന്നു. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത അഞ്ചിലൊന്നുപേര്‍ കാര്യമായ പുരോഗതി ഒന്നുമുണ്ടായില്ലെന്നും പറയുന്നുണ്ട്. 

അലംഭാവം അരുതെന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 

സ്ത്രീ ശാക്തീകരണത്തിന്റെ അഞ്ചുമേഖലകള്‍ പഠനത്തില്‍ പരിശോധിക്കുന്നുണ്ട്. സംഘടനാപരമായ ശാക്തീകരണം, സാമ്പത്തിക ശാക്തീകരണം, അറിവ്പരമായ ശാക്തീകരണം, നേതൃത്വ ശാക്തീകരണം, സാമുഹ്യ മൂലധനം എന്നീ മേഖലകളാണ് പരിശോധിച്ചത്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ  സ്ത്രീകളുടെ ശാക്തീകരണത്തിലും മുന്നേറ്റമുണ്ടായതായി പഠനം കണ്ടെത്തുന്നു. കുടുംബശ്രീ അംഗങ്ങളായ നിരക്ഷരരുടെ കാര്യത്തിലാണ് വേണ്ടത്ര മുന്നേറ്റമുണ്ടാകാത്തത്. എന്നാല്‍ അവരുടെ തന്നെ വിലയിരുത്തലനുസരിച്ച് മാന്യമായ പുരോഗതി അവരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. 

പരസ്പര വിശ്വാസം, പരസ്പര ബന്ധിതമായ സാമൂഹ്യ പ്രവര്‍ത്തനം, തുടങ്ങിയ ഘടകങ്ങളെ ആധാരമാക്കിയാണ് സാമൂഹ്യ മൂലധനത്തെ പഠനം വിലയിരുത്തുന്നത്. ഈ രംഗത്ത് കാര്യമായ മുന്നേറ്റമുണ്ട്. പരസ്പര വിശ്വാസത്തോടെ സഹകരിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് കഴിയുന്നുണ്ട്. ഐക്യദാര്‍ഢ്യവും വര്‍ദ്ധിച്ചു. സമൂഹത്തിന് ഇവരിലുള്ള വിശ്വാസവും കൂടി. പ്രാദേശിക സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള സഹകരണത്തിന്റെ കാര്യത്തിലും അവരുടെ വിശ്വാസം നേടുന്നതിലും കുടുംബശ്രീ അംഗങ്ങള്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. 

2005 ലെ തദ്ദേശഭരണ തെരഞെടുപ്പില്‍ മത്സരിച്ച 3200 കുടുംബശ്രീ പ്രവര്‍ത്തകരില്‍ 1408 പേര്‍ വിജയിച്ചതും പഠനം എടുത്തുകാട്ടുന്നു. ദാരിദ്ര നിര്‍മ്മാജന സൂചികകളുടെ വെളിച്ചത്തില്‍ കുടുംബശ്രീ പദ്ധതിയിലൂടെ ജീവിത നിലവാരത്തിലുണ്ടായ വര്‍ധനവും പഠനം പരിശോധിക്കുന്നു. 16%പേരുടെ ഭവന സൗകര്യം മെച്ചപ്പെട്ടു. ഭവനശ്രീ പോലുള്ള പദ്ധതികളുടെ ഗുണഫലം പുറത്തുവരാന്‍ കുറച്ച് സമയം കൂടി എടുക്കും. പുതുതായി നിര്‍മ്മിക്കപ്പെട്ട വീടുകളില്‍ പകുതിയിലേറെയും കോണ്‍ക്രീറ്റ് വീടുകളാണ്. 

ശുചിത്വകാര്യങ്ങളിലെ മുന്നേറ്റം ശ്രദ്ധേയമാണ്. തുറസ്സായ സ്ഥലത്ത് മലവിസര്‍ജ്ജനം നടത്തിയിരുന്നവരുടെ എണ്ണത്തില്‍ 29% കുറവുണ്ടായിട്ടുണ്ട്. തൊഴിലിന്റെ കാര്യത്തിലും മെച്ചമുണ്ടായി; പ്രത്യേകിച്ചും സ്വയംതൊഴിലിന്റെ കാര്യത്തില്‍. മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ കഴിയുന്ന കുടുംബങ്ങളുടെ അനുപാതത്തിലും വര്‍ദ്ധനവുണ്ടായി. ഒരുനേരം മാത്രം ഭക്ഷണം കഴിച്ചിരുന്ന അയല്ക്കൂണട്ട കുടുംബങ്ങളുടെ എണ്ണം 16% കണ്ട് കുറഞ്ഞു. അവരിപ്പോള്‍ ആകെ കുടുംബങ്ങളുടെ മൂന്നര ശതമാനമേ വരൂ. 

മദ്യ ഉപഭോഗം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന കേരളത്തില്‍ കുടുംബശ്രീ കുടുംബങ്ങളില്‍ മദ്യാസക്തി കുറഞ്ഞുവരുന്നു എന്നത് പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ശാക്തീകരണത്തതിന്റെ കാര്യത്തില്‍ കുടുംബശ്രീക്ക് മുന്നേറാനായിട്ടില്ല എന്നത് അത്ഭുതകരമായ കാര്യമായി പഠനം പറയുന്നു. ആസ്തികളുടെയും വരുമാനത്തിന്റെയും കണക്കെടുപ്പില്‍ സാമ്പത്തിക ശാക്തീകരണം വളരെ മോശമാണ്. സമ്പാദ്യത്തിലാണ് വര്‍ദ്ധനവ് കാണിക്കുന്നത്. എന്നാല്‍ പല അവശ്യ ഉപഭോഗങ്ങളും നീട്ടീവെച്ചും ആസ്തികള്‍ ഉണ്ടാക്കാതെയുമാണ് ഈ സമ്പാദ്യമുണ്ടാക്കിയിരിക്കുന്നത്.

 ദരിദ്രരുടെ കടം വാങ്ങല്‍ ശേഷിയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി പഠനത്തില്‍ പറയുന്നുണ്ട്. കടബാധ്യതയുടെ കാര്യത്തില്‍ കുടുംബശ്രീ അംഗങ്ങളുടെ നില മെച്ചമല്ല. ശരാശരി കടബാധ്യത 19236 രൂപയാണ്. ദേശീയ സാമ്പിള്‍ സര്‍വേ അനുസരിച്ച് കേരളത്തിലെ ഗ്രാമീണ മേഖലയിലെ ശരാശരി കടബാധ്യതയായ 19,666 രൂപയില്‍ നിന്ന് സാരമായ കുറവ് ഇതിനില്ല. ദാരിദ്ര ലഘൂകരണ പ്രസ്ഥാനമെന്ന നിലയിലും സ്ത്രീ ശാക്തീകരണ പ്രസ്ഥാനമെന്ന നിലയിലും കുടുംബശ്രീയില്‍ വരുത്തേണ്ട ചില മാറ്റങ്ങളും പഠനത്തില്‍ പ്രൊഫ. എം എ ഉമ്മന്‍ നിര്‍ദേശിക്കുന്നുണ്ട്. 

ദരിദ്രരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്നതാണ് ഒരു നിര്‍ദേശം. ദാരിദ്രത്തില്‍ നിന്നു പുറത്തെത്തിക്കുന്നവരെ സ്ഥിരതയുള്ള ഒരു തൊഴിലിലേക്ക് എത്തിക്കാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും വേണം. ദാരിദ്രരേഖക്ക് മുകളിലും താഴെയും വരുന്നവരെ ഒന്നിച്ചുള്പ്പെടുത്തി സംയുക്ത സംരംഭങ്ങളെപ്പറ്റിയും ആലോചിക്കണം. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് രൂപം നല്കണം. 

കുടുംബശ്രീ യൂണിറ്റുകളെ ഒട്ടേറെ ചുതമലകള്‍ ഏല്പ്പിക്കുന്ന രീതി ഗുണകരമല്ല. അത് അവസാനിപ്പിക്കണം. ബഹു അംഗത്വമാണ് കുടുംബശ്രീ നേരിടുന്ന മുഖ്യഭീഷണി. വിവിധ സമുദായ സംഘടനകളും സര്‍ക്കാരിതര സംഘങ്ങളുമൊക്കെ സ്വയം സഹായ സംഘങ്ങളെ രൂപം നല്കുന്നു. ഇവയൊക്കെ മൈക്രോ ക്രെഡിറ്റും നല്കുന്നു. ഇത്തരത്തില്‍ ചിതറിയ സംവിധാനവും സമാന്തര സംഘടനകളും കുടുംബശ്രീയുടെ ആരോഗ്യകരമായ പുരോഗതിക്ക് തടസ്സമാണ്. 

എന്തൊക്കെ പോരായ്മയുണ്ടെങ്കിലും ഒരു മൈക്രോ ക്രെഡിറ്റ് സ്ഥാപനമെന്ന നിലയിലും സാമൂഹ്യ സ്ഥാപനമെന്ന നിലയിലും കുടുംബശ്രീക്ക് ആദരണീയമായ ഒരു പ്രവര്‍ത്തന ചരിത്രമാണുള്ളത്. സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് ആനുകൂല്യങ്ങളും സൗകര്യങ്ങളും കൈപ്പറ്റാനുള്ള ഉപാധി എന്ന നിലയില്‍ മാത്രം കുടുംബശ്രീയെ കാണുന്ന അംഗങ്ങളുണ്ട്. സ്ഥായിയായ ശാക്തീകരണം എന്ന കുടുംബശ്രീയുടെ ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയാണിത്. വായ്പയെടുത്ത് തുടങ്ങുന്ന ചെറുകിട സംരംഭങ്ങളാണ് സ്ത്രീകള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മുഖ്യ ഉപാധിയായി കുടുംബശ്രീ മിഷന്‍ കാണുന്നത്. 2006 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 1051 വ്യക്തിഗത സംരംഭങ്ങളും 2789 കൂട്ടായ സംരംഭങ്ങളും നിലവിലുണ്ട്. ഇവ ചില ജില്ലകളില്‍ ഒതുങ്ങുന്നു. അഞ്ച് ജില്ലകളിലെ 393 സൂക്ഷ്മതല സംരംഭങ്ങളില്‍ നടത്തിയപഠനം വ്യക്തമാക്കുന്നത് ഇവയില്‍ 35% നഷ്ടത്തിലാണെന്നാണ്. 

കുറഞ്ഞ വരുമാനവും കുറഞ്ഞ വേതനവുമായി കാര്‍ഷിക മേഖലയിലെ ചില സംരംഭങ്ങള്‍ എങ്ങനെ നിലനിന്നുപോകുന്നു എന്നതു തന്നെ അതിശയകരമാണ്. ക്ഷീരമേഖലയിലെ പദ്ധതികളും പാട്ടകൃഷിയുമാണ് കാര്‍ഷിക രംഗത്ത് മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നത്. കേരളം പോലെ ഭാഗികമായി മാത്രം കൃഷിജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ഏറെയുള്ള കേരളത്തില്‍ പാട്ടകൃഷിയില്‍ ഇപ്പോള്‍ത്തന്നെ മൂന്നു ലക്ഷത്തിലേറെ അയല്ക്കൂട്ടങ്ങള്‍ ഉണ്ടെന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇത് ദരിദ്രര്‍ക്ക്  ഒരു ഉപവരുമാനമായേ കണക്കിലെടുക്കാനാകൂ.

 റബ്ബര്‍ ഉല്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവയും ക്ലിനിക്കല്‍ ലബോറട്ടറികളും കംപ്യൂട്ടര്‍ സെന്ററുകളും അടക്കമുള്ള ആധുനിക സംരംഭങ്ങള്‍ പലതും പരമ്പരാഗത സംരംഭങ്ങളേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ സാങ്കേതിക മികവ് ഉയര്‍ത്തുകയും കൂടുതല്‍ കാലോചിതമാക്കുകയും വേണം. 


മൈക്രോ ക്രെഡിറ്റ് സംരംഭമെന്ന നിലയില്‍ കുടുംബശ്രീ പ്രസ്ഥാനം ലോകത്തിലെ തന്നെ സമാന സംരംഭങ്ങളില്‍ നിന്ന് വിപ്ലവകരമായി വേറിട്ടുനില്ക്കുന്നുവെന്ന് പഠനം പറയുന്നു. കുറവുകള്‍ ഉണ്ടെങ്കിലും ദരിദ്ര സ്ത്രീകളുടെ സ്വാതന്ത്യം വിപുലമാക്കുന്നതിലും അവരുടെ കഴിവുകളും തെരഞ്ഞെടുക്കലിനുള്ള അവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിലും കുടുംബശ്രീ തുറന്നുതരുന്ന സാധ്യതകള്‍ വളരെ വലുതാണെന്ന് പഠനം പറയുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും