മലയാള ചലച്ചിത്ര നടി കെ.പി.എ.സി. ലളിതയുടെ യഥാര്‍ത്ഥ പേര് മഹേശ്വരിയമ്മ എന്നാണ്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. പിതാവ് കടയ്ക്കത്തറല് വീട്ടില്‍ കെ. അനന്തന്‍ നായര്‍, മാതാവ് ഭാര്‍ഗവിയമ്മ. ഒരു സഹോദരനും സഹോദരിയും ഉണ്ട്. വളരെ ചെറുപ്പകാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. 'ഗീതയുടെ ബലി' ആയിരുന്നു ആദ്യ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടകസംഘമായിരുന്ന കെ.പി.എ.സിയില്‍ ചേര്‍ന്നു. അന്നാണ് ലളിത എന്ന പേര് സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ.പി.എ.സി എന്നത് പേരിനോട് ചേര്‍ക്കുകയും ചെയ്തു. ലളിത തോപ്പില്‍ ഭാസിയുടെ 'കൂട്ടുകുടുബം' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. പിന്നീട് മലയാള സിനിമയുടെ ഒരു അവിഭാജ്യ ഘടകമായി കെ.പി.എ.സി ലളിത മാറുകയാണ് ചെയ്തത്. 1978ല്‍ പ്രമുഖ ചലച്ചിത്രസംവിധായകന്‍ ഭരതനെ വിവാഹം ചെയ്തു. ഇവര്‍ക്ക് രണ്ട് മക്കള്‍. സിദ്ധാര്ത്ഥനും ശ്രീക്കുട്ടിയും. വിവാഹത്തിനു ശേഷം ചലച്ചിത്ര രംഗത്ത് ഒരു ഇടവേള ഉണ്ടായി. 1989ല്‍ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് തിരിച്ച് വന്നത്. 1998 ജൂലൈ 29ന് ഭര്‍ത്താവ് ഭരതന്‍ അന്തരിച്ചു. ഇതുവരെ മലയാളത്തിലും തമിഴിലും കൂടി ഏകദേശം 500ലധികം ചിത്രങ്ങളില്‍ ലളിത അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്ന ലളിതയെതേടി നിരവധി ചലച്ചിത്ര പുരസ്കാരങ്ങള്‍ എത്തി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 4 തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.