പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും നര്‍ത്തകിയുമാണ് ശോഭന. 1970 മാര്‍ച്ച് 21ന് കേരളത്തില്‍ ജനിച്ചു. പ്രശസ്ത നര്‍ത്തകിമാരും ചലച്ചിത്ര നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന. പ്രശസ്ത നടി സുകുമാരിയും നടന്‍ വിനീതും ശോഭനയുടെ ബന്ധുക്കളാണ്. കുട്ടിക്കാലം മുതല്ക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു. 1984 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില് 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാള ചലച്ചിത്രരംഗത്തേക്ക് കടന്ന് വന്നത്. ഭരതന്‍ സംവിധാനം ചെയ്ത് ഇത്തിരിപൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമത് അഭിനയിക്കുന്നത്. തുടര്‍ന്ന് മലയാളത്തിലെ മുന്നിര നായകന്മാരുടെ എല്ലാം നായികയായി ശോഭന അഭിനയിച്ചു. ശോഭനയുടെ നൃത്തപാടവവും സൗന്ദര്യവും കാരണം 1980 മുതല് 1990കള് വരെയുള്ള കാലഘട്ടത്തിലെ ഏറ്റവും സുന്ദരിയായ തെന്നിന്ത്യന്‍ അഭിനേത്രിയായി കണക്കാക്കപ്പെട്ടു. 1994 ല്‍ ഫാസിലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയം ശോഭനയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ശോഭനയ്ക്ക് മികച്ച് നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002 ല് ശോഭനയ്ക്ക് രണ്ടാമത്തെ ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. നല്ലൊരു അഭിനേത്രി എന്നതിനോടൊപ്പംതന്നെ മികച്ച ഒരു ഭരതനാട്യ നര്‍ത്തകി കൂടിയാണ് ശോഭന. മദ്രാസിലെ ചിദംബരം അക്കാദമിയില്‍ നിന്നാണ് ശോഭന ഭരതനാട്യം അഭ്യസിച്ച് തുടങ്ങിയത്. പ്രശസ്ത നര്‍ത്തകിമാരായ ചിത്രാ വിശ്വേശരനും പത്മസുബ്രഹ്മണ്യവും ശോഭനയുടെ ഗുരുനാഥന്മാരായിരുന്നു. ഭരതനാട്യത്തില്‍ ശോഭനയുടെ ഭാവാഭിനയം പ്രശസ്തമാണ്. മലേഷ്യയിലെ രാജാവിന്റെയും രാജ്ഞിയുടെയും മുന്നില് ശോഭന തന്റെ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ രംഗാവതരണമായ 'നേത്ര്, ഇന്ത്ര്, നാളൈ' യില് ശോഭന ഒരു പ്രധാന പങ്കു വഹിക്കുന്നു. ശോഭന ഇന്ന് ചെന്നൈയില്‍ കലാര്‍പ്പണ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്നു. വളര്‍ന്നു വരുന്ന കലാകാരികളെ പ്രോത്സാഹിപ്പിക്കുവാനും ഭരതനാട്യത്തെ പരിപോഷിപ്പിക്കുവാനും ശോഭന ഈ നൃത്തവിദ്യാലയത്തിലൂടെ ശ്രമിക്കുന്നു. ചെലവു കൂടിയ അരങ്ങേറ്റങ്ങളെ ശോഭനയുടെ നൃത്തവിദ്യാലയം നിരുത്സാഹപ്പെടുത്തുന്നു. രണ്ട് ദേശീയ അവാര്‍ഡുകളും ഒട്ടനവധി സംസ്ഥാന അവാര്‍ഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിര്‍ത്തി ഇന്ത്യാ ഗവണ്മെന്റ് ശോഭനയെ 2006ല്‍ പത്മശ്രീ നല്കി ആദരിച്ചു.