സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

വിധവകള്‍ സംഘം ചേരുമ്പോള്‍ ആകാശം ഇടിഞ്ഞുവീഴുന്നു

ജെ. ദേവിക, എ.കെ. രാജശ്രീ



വിധവകള്‍ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആരൊക്കെയാണ്‌ അസ്വസ്ഥരാകുന്നത്‌? വയനാട്‌ ജില്ലയില്‍ നടന്ന ഒരു ഗവേഷണം അപ്രിയ സത്യങ്ങളാണ്‌ വെളിപ്പെടുത്തുന്നത്‌.

ഭരണകൂട വ്യവസ്ഥകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്ന സിവില്‍ സമൂഹ സ്ഥാപനങ്ങള്‍ സിവില്‍ സമൂഹ പ്രതിപക്ഷം വളര്‍ത്തിക്കൊണ്ടുവന്ന രാഷ്‌ട്രീയ ധാരണകളെ എങ്ങനെ ബാധിക്കുന്നുവെന്ന പരിശോധനയ്‌ക്ക്‌ ഇന്ന്‌ വളരെ പ്രസക്തിയുണ്ട്‌. സമൂഹത്തെ വ്യക്തമായും വേര്‍തിരിക്കാവുന്ന `താല്‍പര്യസംഘങ്ങളായി' കണ്ടുകൊണ്ട്‌ അവയ്‌ക്ക്‌ ഭരണകൂടാധികാരത്തില്‍ പങ്കാളിത്തവും വിഭവങ്ങള്‍ക്കുമേല്‍ (പരിമിത) അവകാശങ്ങളും നല്‍കുന്നതിലൂടെ ജനാധിപത്യത്തെ വികസിപ്പിക്കാമെന്ന ലിബറല്‍ രാഷ്‌ട്രീയ ധാരണയാണ്‌ ഈ പുതിയ ഭരണകൂട നിര്‍മ്മിത സിവില്‍ സമൂഹ സംഘങ്ങള്‍ക്കു പിന്നില്‍. കൂടാതെ, ഈ സിവില്‍ സമൂഹത്തിനധികവും സാമ്പത്തിക ഉള്ളടക്കമാണുള്ളത്‌ - പലപ്പോഴും രാഷ്‌ട്രീയ ഉള്ളടക്കം പിന്നാലെ വന്നുകൊള്ളും എന്ന വിശ്വാസം ഒപ്പമുണ്ടാകുമെങ്കിലും ഈ രണ്ടു സംഭവങ്ങളും 1980-കളിലെ സിവില്‍ സമൂഹ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന രാഷ്‌ട്രീയ ഉള്‍ക്കാഴ്‌ചകളെ ഇരുട്ടിലാക്കുന്നവയാണ്‌. വനിതാ സ്വയംസഹായ സംഘങ്ങള്‍ തന്നെയാണ്‌ നല്ല ഉദാഹരണം. ദരിദ്രസ്‌ത്രീകള്‍ക്ക്‌ സാമ്പത്തിക നിര്‍വ്വാഹകത്വം നല്‍കുക എന്നതാണ്‌ അവയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍, പൊതുരംഗത്തും ഉദ്യോഗസ്ഥരുമായി ഇടപെടേണ്ട അവസരങ്ങളിലും ആവശ്യമായ ചില കഴിവുകളും പല സ്‌ത്രീകളും ഇവയിലൂടെ നേടുന്നുണ്ട്‌. പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളില്‍ ഇവരില്‍ പലരും അംഗങ്ങളാകുന്നുണ്ട്‌. പക്ഷേ, ഇതിലൂടെ ലിംഗരാഷ്‌ട്രീയത്തിന്‌ അനുകൂലമായ ഒരന്തരീക്ഷം തനിയേ ചുരുളഴിയും എന്ന്‌ വിചാരിക്കാനാവില്ല. പ്രാതിനിധ്യ വര്‍ദ്ധന സ്‌ത്രീ വിമോചനത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെന്ന ലിബറല്‍ ഫെമിനിസ്റ്റ്‌ ധാരണ സ്‌ത്രീപക്ഷ വൃത്തങ്ങളില്‍ത്തന്നെ കടുത്ത വിമര്‍ശനത്തെ നേരട്ടിട്ടുണ്ട്‌. ഭരണകൂട-സിവില്‍ സമൂഹ-ഗാര്‍ഹിക-ഇടങ്ങളില്‍ ഒരുപോലെ സന്നിഹിതമായ ആണ്‍കോയ്‌മാധികാരത്തിനെതിരെ ആ ഇടങ്ങളില്‍ത്തന്നെ സമരങ്ങള്‍ അരങ്ങേറിയാല്‍ മാത്രമേ ലിംഗരാഷ്‌ട്രീയത്തിനനുകൂലമായ സ്ഥിതിവിശേഷം ഉണ്ടാകൂ എന്ന്‌ സ്‌ത്രീപക്ഷ രാഷ്‌ട്രീയ ചിന്തകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. കേവലം സാമ്പത്തിക ഉന്നമനമോ രാഷ്‌ട്രീയ പങ്കാളിത്തമോ കൊണ്ട്‌ അതുണ്ടാകാനിടയില്ല.

എന്നാല്‍, സിവില്‍ സമൂഹത്തെ രൂപപ്പെടുത്താനുള്ള ഭരണകൂട ശ്രമങ്ങള്‍ക്ക്‌ ആ ഇടത്തിന്റെ വളര്‍ച്ചയെ നിയന്ത്രിക്കാനാവില്ല - സാമൂഹ്യ സങ്കീര്‍ണ്ണതയെ ഒരു പരിധിയ്‌ക്കപ്പുറം ലഘൂകരിക്കാന്‍ ഭരണകൂടത്തിനു കഴിയില്ലെന്നതുപോലെ. സിവില്‍ സമൂഹത്തില്‍ പുതിയ തന്മകളും (identities) പുതിയ സംഘംചേരലുകളും പുതിയ അവകാശവാദങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കും. അത്തരമൊരു പുതിയ രൂപീകരണത്തിലേക്ക്‌ ശ്രദ്ധയാകര്‍ഷിക്കാനാണ്‌ ഞങ്ങള്‍ ശ്രമിക്കുന്നത്‌. `വിധവ' എന്ന തന്മ ഇന്ന്‌ കേരളത്തില്‍ പലയിടത്തും ഗാര്‍ഹിക ഇടത്തില്‍നിന്ന്‌ വേര്‍പെട്ട്‌ പൊതുഇടത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നതിനെക്കുറിച്ചാണ്‌ ഈ ലേഖനം കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചാലോചിക്കാന്‍ ഈ പുതിയ സംഘം ചേരല്‍ നമ്മെ പ്രേരിപ്പിക്കുന്നു.

വയനാട്‌ ജില്ലയില്‍ ഈ വര്‍ഷം നടത്തിയ ഗവേഷണമാണ്‌ ഈ കുറിപ്പിനാധാരം. 1990-കളുടെ ഒടുക്കത്തിലും ഈ നൂറ്റാണ്ടിലും അവിടെ ഉയര്‍ന്നുവന്ന `വിധവാ - അഗതി' സംഘടനകളിലെ മുഖ്യപ്രവര്‍ത്തകരുമായി നടത്തിയ അഭുമുഖങ്ങളെയാണ്‌ ഞങ്ങള്‍ ഇവിടെ അവലംബിക്കുന്നത്‌. അധികവും രണ്ടു സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഞങ്ങളുടെ അന്വേഷണം - ഒന്ന്‌ അഖിലേന്ത്യാ വിധവാക്ഷേമ സൊസൈറ്റി, രണ്ട്‌ അഖിലേന്ത്യാ വിധവാ അഗതി മുന്നേറ്റം. സമീപകാലത്തുമാത്രം രജിസ്റ്റര്‍ ചെയ്‌ത സംഘടനകളാണിവ; ആയിരത്തിലധികം അംഗങ്ങളുണ്ടെന്ന്‌ സംഘാടകര്‍ അവകാശപ്പെടുന്നു. വയനാട്ടിനു പുറമെ കോഴിക്കോട്‌, കണ്ണൂര്‍ മുതലായ ജില്ലകളിലും ഈ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവയോടു സാദൃശ്യമുള്ള സംഘടനകള്‍ തിരുവനന്തപുരത്തും ആലപ്പാട്ടും മറ്റുമുണ്ടെങ്കിലും വയനാട്ടിലെ സംഘടനകള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്‌. കാര്‍ഷിക വിലയിടിവ്‌, കൃഷിനാശം, ഇവയുടെ ഫലമായി രൂക്ഷമായിത്തീര്‍ന്ന കടഭാരത്താല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണ്‌ ഇന്ന്‌ ഇവിടുള്ളത്‌. കൂടാതെ, ആഗോളവല്‍ക്കരണ കാലത്തെ സാര്‍വ്വത്രിക പ്രതിഭാസങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ട `സ്‌ത്രീനേതൃത്വ കുടുംബ'ങ്ങളുടെ വര്‍ദ്ധനവും ഇവിടെ ദൃശ്യമാണ്‌. രണ്ടാമത്തേത്‌, കേരളീയ സാമൂഹ്യ വികസനത്തിന്റെ തുടര്‍ഫലമാണ്‌. ആയുര്‍ദൈര്‍ഘ്യം പൊതുവെ വര്‍ദ്ധിച്ചെങ്കിലും സ്‌ത്രീകളാണ്‌ പുരുഷന്മാരെക്കാളധികം ജീവിക്കുന്നത്‌. അതായത്‌ വൈധവ്യത്തിന്റെയും വാര്‍ദ്ധക്യത്തിന്റെയും വിഷമതകള്‍ അനുഭവിച്ച്‌, സാമൂഹ്യ സുരക്ഷയൊന്നും കൂടാതെ കുടുംബങ്ങള്‍ക്കുള്ളില്‍ അകപ്പെട്ടു പോകുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്‌ കേരളത്തില്‍. വയനാട്ടിലെ സ്ഥിതിയും മറിച്ചല്ല. അവിടെ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘടനയായ അഗതി വിധവാ അസോസിയേഷന്‍ നടത്തിയ സര്‍വ്വേ പ്രകാരം 34,000 വിധവകളും അഗതികളും അവിടെയുണ്ട്‌.

ആണ്‍കോയ്‌മാവിവാഹ - കുടുംബ സ്ഥാപനത്തില്‍ അധികവും ഭര്‍ത്താവിനെ ആശ്രയിച്ചുനില്‍ക്കുന്ന സ്‌ത്രീക്ക്‌ ഭര്‍ത്തൃമരണാനന്തരം ആ ശക്തി സ്രോതസ്സ്‌ നഷ്‌ടമാവുമ്പോള്‍ സംജാതമാകുന്ന അധികാര ശൂന്യതയാണ്‌ വൈധവ്യം. തീവ്രമായ, സ്വയം പീഡനത്തോളമെത്തുന്ന, ജീവിതരീതികള്‍ സ്വീകരിക്കുന്നതിലൂടെ മാത്രമേ ഒരു വിധവയ്‌ക്ക്‌ - വിദ്യാഭ്യാസമോ തൊഴിലോ മറ്റു നേട്ടങ്ങളോ ഇല്ലാത്ത വിധവയ്‌ക്ക - ധാര്‍മ്മികാധികാരമെങ്കിലും കൈവരിക്കാനാകൂ. വിധവാവിവാഹത്തെ സംശയത്തോടുകൂടിത്തന്നെ വീക്ഷിച്ചുപോരുന്ന സമൂഹത്തില്‍ കുറഞ്ഞയളവിലെങ്കിലും ഈയവസ്ഥാവിശേഷം തുടരുന്നുണ്ട്‌. തന്നെയുമല്ല, കേരളത്തില്‍ കുടുംബവ്യവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ വൈധവ്യാനുഭവത്തിന്റെ രൂക്ഷതയെ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്‌. മരുമക്കത്തായത്തിന്റെ തിരോധാനം, കൂട്ടുകുടുംബവ്യവസ്ഥയുടെ പിന്‍മാറ്റം, ഇവ വിവാഹത്തിന്‌ സ്‌ത്രീയുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെ പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. വിവാഹം കഴിക്കാത്ത/വിധവയായ സ്‌ത്രീ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. സ്‌ത്രീകളുടെ തൊഴില്‍പങ്കാളിത്ത നിരക്കിലെ കുറവും സ്‌ത്രീലൈംഗികതയെക്കുറിച്ച്‌ പൊതുവിലുള്ള ഭയവും കൂടിച്ചേരുമ്പോള്‍ വിവാഹമെന്നത്‌ മലയാളി സ്‌ത്രീക്ക്‌ ജീവിതമാര്‍ഗ്ഗവും സാമൂഹ്യജീവിതാംഗത്വത്തിലേക്കുള്ള താക്കോലുമായി മാറ്റിക്കഴിഞ്ഞിരിക്കുന്നുവെന്ന്‌ സ്‌ത്രീപക്ഷ ഗവേഷകയായ പ്രവീണാകോടോത്ത്‌ നിരീക്ഷിക്കുന്നു. വിധ്വാ-അഗതി മുന്നേറ്റം പ്രവര്‍ത്തകയായ ലീലാമ്മയും മറ്റൊരുവിധത്തില്‍ പറഞ്ഞത്‌ ഇതുതന്നെ: ``ഇന്നു കല്യാണം കഴിക്കാത്ത സ്‌ത്രീകള്‍ ആരൊക്കെയാണ്‌? പണമില്ലാത്തവര്‍, സൗന്ദര്യമില്ലാത്തവര്‍, ആരോഗ്യമില്ലാത്തവര്‍ - ഇവരൊക്കെ അഗതികള്‍ തന്നെയാണ്‌.'' ഭര്‍ത്തൃനിയന്ത്രണമില്ലാത്തതു കൊണ്ട്‌ വിധവകളും അവിവാഹിതകളും സദാ ലൈംഗിക സംശയത്തിന്റെ ഇരകളായിരിക്കുമെന്നതാണ്‌ മറ്റൊരു കാര്യം. സ്വകാര്യ ഇടങ്ങളെ പൊതുവെ സംശയദൃഷ്‌ട്യാ വീക്ഷിക്കുന്ന കേരളത്തില്‍ ഇവര്‍ കൂടുതല്‍ സംശയത്തിന്‌ വിധേയരാകുന്നു. കാരണം ഭര്‍ത്തൃസാന്നിദ്ധ്യമില്ലാത്തതുകൊണ്ട്‌, ഇവര്‍ തീര്‍ക്കുന്ന ഗാര്‍ഹിക ഇടങ്ങള്‍ക്ക്‌ `മാന്യത' ലഭിക്കുന്നില്ല. എല്ലായ്‌പ്പോഴും സംശയത്തിന്റെ നിഴലില്‍ മാത്രം തെളിയുന്ന `സ്വകാര്യത'യില്‍ തളച്ചിട്ട അവസ്ഥയാണ്‌ അവരുടേത്‌.

ഈയവസ്ഥയില്‍നിന്ന്‌ താരതമ്യേന മുക്തരെങ്കിലും വൈധവ്യമനുഭവിക്കുന്ന മുതിര്‍ന്ന സ്‌ത്രീകളുടെ അവസ്ഥയും പലപ്പോഴും തീരെ മെച്ചമല്ല. കേരളത്തിലിന്ന്‌ ആര്‍ത്തവവിരാമം കഴിഞ്ഞ സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ ചലനസ്വാതന്ത്ര്യമുണ്ടെന്നത്‌ സത്യമാണെങ്കിലും ദാരിദ്ര്യവും രോഗവുമില്ലാത്തവര്‍ക്കു മാത്രമേ ഈ മെച്ചമുള്ളൂ. അഗതി വിധവാ സംഘടനകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരില്‍ വളരെപ്പേര്‍ ദാരിദ്ര്യവും അതിലുപരി വാര്‍ദ്ധക്യത്തിന്റെ കെടുതികളനുഭവിക്കുന്നവരും കുടുംബത്തിനുള്ളില്‍ അധികാരമില്ലാത്തവരുമാണ്‌. കുടുംബത്തിനുള്ളിലെ പുറന്തള്ളപ്പെടലിനെ നേരിടേണ്ടത്‌ സംഘം ചേര്‍ന്ന്‌ പൊതുരംഗത്ത്‌ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിലൂടെ ആകണമെന്ന തിരിച്ചറിവ്‌ വിധവാ സംഘടനാ പ്രവര്‍ത്തകര്‍ക്കുണ്ടെന്നത്‌ പ്രധാനമാണ്‌. സ്‌ത്രീപക്ഷ രാഷ്‌ട്രീയത്തോട്‌ അതിനടുക്കാനുള്ള സാദ്ധ്യത ഈ തിരിച്ചറിവിലാണുള്ളത്‌.

രണ്ട്‌
ഇന്ന്‌ സര്‍വ്വവ്യാപകവും സ്വീകാര്യവുമായി തീര്‍ന്നിട്ടുള്ള സ്വയംസഹായ സംഘങ്ങളുടെ സംഘടനാരൂപം തന്നെയാണ്‌ വിധവാ അഗതി സംഘടനകളില്‍ മുക്കാലും സ്വീകരിച്ചിട്ടുള്ളത്‌. എന്നാല്‍ കേരളത്തില്‍ മുന്‍പ്‌ ശക്തമായിരുന്ന `പൊതുരംഗപ്രവര്‍ത്തന'(public action)ത്തിന്റെ അംശങ്ങള്‍ ഇവയില്‍ നിലനില്‍ക്കുന്നുണ്ടെന്ന വസ്‌തുത തള്ളിക്കളയാനാവില്ല.

വയനാട്ടിലെ വിധവകള്‍ പലവിധത്തിലുള്ള പ്രാന്തവല്‍ക്കരണം അനുഭവിക്കുന്നവരാണ്‌. സാമ്പത്തികമായ ഇല്ലായ്‌മകള്‍ക്കു പുറമെ വാര്‍ദ്ധക്യത്തിന്റെ പ്രശ്‌നങ്ങളും അവരില്‍ പലരേയും അലട്ടുമെന്നതിനാല്‍ സ്വയംതൊഴില്‍, സ്വയംസഹായ സംഘങ്ങളുടെ വാണിജ്യ-ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ മാത്രം അവരുടെ നില മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന്‌ വിധവാ അഗതി സംഘാടകരായ സ്‌ത്രീപ്രവര്‍ത്തകര്‍ പലരും അഭിപ്രായപ്പെടുന്നു. പലപ്പോഴും അറുപത്‌ മുതല്‍ എണ്‍പതുവരെ പ്രായമുള്ളവരുണ്ട്‌, ഇവര്‍ക്കിടയില്‍ ചെറുകടങ്ങള്‍ കൊടുത്താല്‍ തിരിച്ചടയ്‌ക്കാന്‍ കഴിയില്ലെന്നതുകൊണ്ട്‌ വര്‍ദ്ധിച്ചുവരുന്ന നിക്ഷേപം ബാങ്കില്‍തന്നെ ഇടുന്ന പല ഗ്രൂപ്പുകളുമുണ്ടെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു. ``അറുപതും അറുപത്തഞ്ചും എഴുപതും എഴുപത്തഞ്ചും വയസ്സായ അമ്മമാരാണ്‌'' ഈ പ്രവര്‍ത്തനത്തില്‍ ആദ്യം മുതല്‍ക്കേ പങ്കാളിയായിരുന്ന കമലം ഓര്‍ക്കുന്നു. ``അവരുടെയൊക്കെ ആവശ്യം ഒരു നേരത്തെ മരുന്ന്‌, ഒരു നേരത്തെ മുറുക്കാന്‍, ഒരു നേരത്തെ ഭക്ഷണം - അതിനൊക്കെ നിങ്ങള്‍ക്ക്‌ എന്തെങ്കിലും തരാന്‍ കഴിയുമോ മക്കളേ എന്നാണ്‌ അവര്‍ ഞങ്ങളോട്‌ ചോദിച്ചത്‌'' ഇത്രയും അവശത അനുഭവിക്കുന്നവര്‍ ജനക്ഷേമത്തിലെ `ആട്‌-കോഴി-ആനുകൂല്യ' വിതരണ മാതൃകയെ മുറുക്കെ പിടിക്കുന്നതില്‍ അതിശയിക്കാന്‍ ഒന്നുമില്ല. ചെറിയ സഹായം മാത്രം ചോദിക്കുന്ന തങ്ങളെ സഹായിക്കാന്‍ തങ്ങള്‍ക്കുപദേശം തരുന്നവര്‍പോലും തയ്യാറല്ലെന്ന കാര്യത്തെക്കുറിച്ച്‌ പല സ്‌ത്രീപ്രവര്‍ത്തകര്‍ക്കും പ്രതിഷേധമുണ്ടെന്നതും വ്യക്തമാണ്‌. അത്യാവസയ്‌ വരുമാനം നേടാനും ചെറിയ കടംമാത്രം ഉണ്ടാക്കുന്നതുമായ സ്വയംതൊഴിലിനു പണം തരാന്‍ വിസമ്മതിക്കുകയും എന്നാല്‍, ആയുര്‍വ്വേദകൃഷി, മുയല്‍ വളര്‍ത്തല്‍ തുടങ്ങി കൂടുതല്‍ പണവും അദ്ധ്വാനവും വിഭവങ്ങളും ആവശ്യമായ തൊഴിലുകള്‍ക്ക്‌ പണം തരാന്‍ ആളുണ്ടെന്നും അവര്‍ പരാതി പറയുന്നു. ``ഞങ്ങള്‍ക്ക്‌ ഈ തൊഴിലുകളൊന്നും ചെയ്യാന്‍ വേണ്ടുന്നത്ര സ്ഥലം ഇല്ല. അപ്പോ പാട്ടത്തനെടുത്തുകൂടേ എന്നു ചോദിച്ചു. ദാരിദ്ര്യംകൊണ്ടു വലയുന്ന വിധവകള്‍ക്ക്‌ ആരാണ്‌ ഭൂമി..................................മല്ല. അത്ര വളരെ ലാഭം ആവശ്യമില്ലെന്നും ചിലര്‍ പറയുന്നു. വലിയ കടം തിരച്ചടയ്‌ക്കാനുള്ള സാമ്പത്തിക സ്ഥിതിയോ വന്‍തോതില്‍ കൃഷി ചെയ്യാനുള്ള വിഭവങ്ങളോ ഒന്നും തങ്ങളുടെ പക്കലിലെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു. പരിമിതാവശ്യങ്ങള്‍ക്ക്‌ `വാണിജ്യവല്‍കൃത' പരിഹാരങ്ങള്‍ മാത്രമെയുള്ളുവെന്നതിലുള്ള പ്രതിഷേധം ഇതില്‍ വ്യക്തമായും ഉണ്ട്‌.

മാത്രമല്ല ............... ജനങ്ങള്‍ക്ക്‌ സ്വയം തൊഴിലിനെ.......... അതിനൊപ്പമോ സര്‍ക്കാര്‍ സഹായം ആവശ്യമാണെന്നതില്‍ ഇവര്‍ ഉറച്ചുനില്‍ക്കുന്നു. ``കഴിഞ്ഞ സര്‍ക്കാര്‍ വിധവാപെന്‍ഷന്റെ വരുമാനപരിധി തീരെ കുറച്ചു. 3600 രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്കിനി പെന്‍ഷന്‍ കിട്ടില്ല'' അഖിലേന്ത്യാ വിധവാ ക്ഷേമസൊസൈറ്റിയുടെ പ്രസിഡന്റ്‌ രുഗ്മിണിയമ്മ പറഞ്ഞു. ``അത്‌ ഒരു ഭിക്ഷക്കാരന്റെ കുടുംബത്തിനുപോലും നിഷ്‌പ്രയാസം കിട്ടും!'' തുച്ഛമായ 110 രൂപയാണെങ്കിലും അത്‌ സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. ഈ തുക കൂട്ടാന്‍ വേണ്ടി നിരവധി സമരങ്ങള്‍ ഈ സംഘടനകള്‍ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ മുന്‍പാകെ നടത്തിയിട്ടുണ്ടെങ്കിലും നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ലെന്ന്‌ ഇരുസംഘടനകളുടം പരാതിപ്പെടുന്നു. ആണ്‍മക്കളുള്ള വിധവകള്‍ക്ക്‌ പെന്‍ഷന്‍ നല്‍കാത്തതും മകന്‌ 18 വയസ്സു തികയുമ്പോള്‍ പെന്‍ഷന്‍ നിര്‍ത്തലാക്കുന്ന രീതിയും ഇവരുടെ വിമര്‍ശനത്തിനും പ്രതിഷേധത്തിനും പാത്രമായിട്ടുണ്ട്‌. `കേന്ദ്രസര്‍ക്കാര്‍ വിധവാപെന്‍ഷന്‍ മാസം 250 രൂപയായി കൂട്ടിയിട്ടുണ്ട്‌. പക്ഷേ, കേരളത്തില്‍മാത്രം അതു തരുന്നില്ല.'' അഗതി വിധവാ മുന്നേറ്റം പ്രവര്‍ത്തകയായ പൊന്നമ്മ പറയുന്നു. ``ഇപ്പോള്‍ തരുന്നതുതന്നെ ഇടയ്‌ക്കും മുറയ്‌ക്കും മാത്രമാണ്‌. പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ അശ്രദ്ധയാണ്‌ കാട്ടുന്നത്‌.'' ``എല്‍.ഡി.എഫ്‌ പ്രകടനപത്രികയില്‍ 43-ാം പേജില്‍ 7-ാം ഖണ്ഡികയില്‍ ആണ്‍മക്കളുള്ള വിധവകള്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കാന്‍ നിയമം ഭേദഗതി ചെയ്യുമെന്ന്‌ പറഞ്ഞിരുന്നു. അതു ചൂണ്ടിക്കാണിച്ച്‌ മുഖ്യമന്ത്രി വി.എസ്സിന്‌ 2006 ജൂലൈ 11-ന്‌ ഞങ്ങള്‍ നിവേദനം കൊടുത്തിട്ടുണ്ട്‌. പരിഗണിക്കാം എന്നു.......................രുഗ്മിണിയമ്മ പറയുന്നു. എന്നാല്‍ ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല. പഞ്ചായത്തുകള്‍ക്ക്‌ കൈവന്ന അധികാരങ്ങള്‍ വിധവകള്‍ക്ക്‌ ഉതകുംവിധം ഉപയോഗിക്കുന്നത്‌ വിരളമാണെന്ന്‌ അഗതി വിധവാ മുന്നേറ്റം പ്രവര്‍ത്തക രത്‌നമ്മ പറയുന്നു. ``വിധവകളെ സഹായിക്കാന്‍ പഞ്ചായത്തിന്‌ എന്തുകൊണ്ട്‌ കഴിയുന്നില്ല? ഉദാഹരണത്തിന്‌, പെന്‍ഷന്‍ നല്‍കുന്നത്‌ വേഗമാക്കാം. ഹെല്‍ത്ത്‌ കാര്‍ഡ്‌ ആവശ്യക്കാര്‍ക്ക്‌ വിതരണം ചെയ്യാം. പഞ്ചായത്ത്‌ തലത്തില്‍ അധികാരമുണ്ടെങ്കില്‍ ഇതൊക്കെ എളുപ്പമല്ലേ?'' വിധവകളെ സംഘടിപ്പിക്കുമ്പോള്‍ ദാരിദ്ര്യവും വിഷമതകളുമനുഭവിക്കുന്നവരെയാണ്‌ തങ്ങള്‍ ഉന്നം വയ്‌ക്കുന്നതെന്ന്‌ ഇവരെല്ലാവരും വ്യക്തമാക്കുന്നു. വിധവകളുടെ കാര്‍ഷിക കടമെഴുതിത്തള്ളുന്നതിനെക്കുറിച്ച്‌ രത്‌നമ്മ പറയുന്നു. ``സ്ഥിതിയുള്ളവരുടെ കാര്യമല്ല പറയുന്നത്‌. അവരില്‍നിന്ന്‌ കടം തിരിച്ചുവാങ്ങിക്കോട്ടെ. പാവങ്ങളുടെ കാര്യമാണ്‌ ഞങ്ങള്‌ പറയുന്നത്‌. ആഹാരത്തിനും കിടപ്പാടത്തിനും വേണ്ടി കഷ്‌ടപ്പെടുന്ന പാവങ്ങള്‌. ദരിദ്രരായ വിധവകള്‍ക്ക്‌ ലഭിക്കേണ്ട അടിയന്തര സഹായമായ 10,000 രൂപ പോലും 2001-നുശേഷം വയനാട്ടില്‍ വിതരണം ചെയ്‌തിട്ടില്ലെന്ന്‌ പ്രവര്‍ത്തകര്‍ പറയുന്നു. അഗതി വിധവാ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ ഈ ആനുകൂല്യത്തിനര്‍ഹരായ വിധവകള്‍ അപേക്ഷ സമര്‍പ്പിക്കുകയും അതിനുവേണ്ടി 2005 ഡിസംബര്‍ മാസം സമരം നടത്തുകയും ചെയ്‌തിരുന്നു. അതിനുശേഷം തിരുവനന്തപുരത്തും ഡല്‍ഹിയിലും സമരം ചെയ്‌തു. 2006 ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത്‌ സമരം ഉദ്‌ഘാടനം ചെയ്‌തത്‌ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്‌. അച്യുതാനന്തനായിരുന്നു. ``വി.എസ്‌. മുഖ്യമന്ത്രിയായതിനുശേഷം ഞങ്ങള്‌ മൂന്നു-നാലു തവണ കണ്ട്‌ നിവേദനം കൊടുത്തു. അവകാശങ്ങള്‍ ചോദിച്ചു. ഒരു മേഖലയിലും ഞങ്ങളെ സംരക്ഷിക്കാനുള്ള ആള്‍ക്കാരില്ലെന്ന്‌ സത്യം. ഒരു സമരത്തില്‍ക്കൂടിയോ ഒത്തുകൂടലില്‍ക്കൂടിയോ മാത്രമെ അത്‌ നേടിയെടുക്കാനാവൂ എന്ന്‌ ഞങ്ങള്‍ക്കറിയാം. അവകാശങ്ങള്‌, ഞങ്ങള്‍ക്ക്‌ കിട്ടാനുള്ള അവകാശങ്ങള്‌ മാത്രമാണ്‌ ചോദിക്കുന്നത്‌.'' രത്‌നമ്മ പറയുന്നു. ``സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ...... ...... ......... വിരോധാഭാസം നിറഞ്ഞതല്ലേ എന്നു തോന്നിയേക്കാം. പക്ഷേ, അത്‌ കേരളത്തില്‍ യാഥാര്‍ത്ഥ്യമായതാണ്‌ - ജനക്ഷേമം ജനങ്ങളുടെ അവകാശം തന്നെയായിരുന്നു. ഇവിടെ, അതേ ഭാഷയാണ്‌ വ്യത്യസ്‌ത സംഘടനകളില്‍പ്പെട്ടവരെങ്കിലും, അഗതിവിധവാ പ്രവര്‍ത്തകര്‍ സംസാരിക്കുന്നത്‌.

ഒപ്പം, `വിധവ'യെ ജനങ്ങളുടെ അനുകമ്പാപാത്രമെന്നതിലുപരി സര്‍ക്കാരില്‍ വ്യക്തമായ അവകാശങ്ങളുള്ള ഒരു വ്യത്യസ്‌ത വിഭാഗം തന്നെയായി പുനര്‍രചിക്കാനുള്ള ശ്രമങ്ങള്‍ ഇവരുടെ വാക്കുകളില്‍ പലപ്പോഴും തെളിയുന്നു. ഭര്‍ത്താവ്‌ മരിക്കുന്ന കാലംവരെ അദ്ദേഹത്തിനുവേണ്ടി രാപകല്‍ അദ്ധ്വാനിക്കുന്ന ഒരു `തൊഴിലാളി'യായിട്ടാണ്‌ `വിധവ' രുഗ്മിണിയമ്മയുടെ വാക്കുകളില്‍ പ്രത്യക്ഷമാകുന്നത്‌. ``ഒരു സ്‌ത്രീ ഭര്‍ത്താവു മരിക്കുന്നതുവരെ ചെയ്യുന്ന പണിയാണ്‌ കാണാപ്പണി.'' അവര്‍ പറയുന്നു. കുടുംബത്തിനുള്ളില്‍ സ്‌ത്രീയുടെ പരിചരണാദ്ധ്വാനം, ഗാര്‍ഹികാദ്ധ്വാനം, വീട്ടുവളപ്പിനുള്ളില്‍ അവള്‍ നിര്‍വഹിക്കുന്ന ഉല്‍പാദനപരമായ അദ്ധ്വാനം, ഭര്‍ത്താവിന്റെ പലവിധ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള നിരന്തരപ്രയത്‌നം-ഇങ്ങനെ പല ഘടകങ്ങളെയും രുഗ്മിണിയമ്മ `കാണാപ്പണി'യില്‍ ഉള്‍പ്പെടുത്തുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ സ്‌ത്രീക്കു തൊഴില്‍ദായകന്‍ നഷ്‌ടമാകുന്നു. അവളുടെ അദ്ധ്വാനത്തെ മാനിക്കാന്‍ ആളില്ലാതാകുന്നു. ``ഈ രാപകല്‍ പണിയെടുക്കുന്നത്‌ കുടുംബത്തിനുവേണ്ടിയാണ്‌. സമൂഹത്തിനുവേണ്ടിയാണ്‌'' - രുഗ്മിണിയമ്മ ഉറപ്പിച്ചു പറയുന്നു. ``കര്‍ഷകത്തൊഴിലാളിക്കും തയ്യല്‍ത്തൊഴിലാളിക്കും ഉദ്യോഗസ്ഥര്‍ക്കും ഒക്കെ സംഘടനയുണ്ട്‌. അതിലൂടെ അവര്‍ ആനുകൂല്യങ്ങള്‍ നേടി. സമൂഹത്തിനുവേണ്ടിയും കുടുംബത്തിനുവേണ്ടിയും പണിയെടുത്തു തളര്‍ന്ന വിധവകളെ സംരക്ഷിക്കാനുള്ള ബാദ്ധ്യത ഈ സര്‍ക്കാരിനില്ലേ?'' അവര്‍ ചോദിക്കുന്നു ഗാര്‍ഹികം/പൊതു എന്ന വേര്‍തിരിവിനെ ചോദ്യം ചെയ്‌തുകൊണ്ടു മാത്രമെ `വിധവകള്‍' എന്ന സാമൂഹിക സംവര്‍ഗ്ഗത്തെ രാഷ്‌ട്രീയവല്‍ക്കരിക്കാനാകൂ എന്ന ഉള്‍ക്കാഴ്‌ചയാണ്‌ ഈ വാദത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. അദ്ധ്വാനത്തിന്‍രെ വിഷയികള്‍ മാത്രമല്ല, വിധവകള്‍ ഇവിടെ രാഷ്‌ട്രീയവിഷയികള്‍ കൂടിയാണ്‌. വീട്ടിലും പുറത്തും പടര്‍ന്നുകിടക്കുന്ന അധികാരബന്ധങ്ങള്‍ക്കുള്ളില്‍ രൂപപ്പെടുന്ന വിഷയിത്വമാണ്‌ അവര്‍ക്കു കല്‍പിക്കപ്പെടുന്നത്‌.

പക്ഷേ, രാഷ്‌ട്രീയസമൂഹത്തെ വെല്ലുവിളിക്കാനുള്ള ശക്തി ഈ സംഘടനകള്‍ തീരെ ആര്‍ജ്ജിച്ചിട്ടില്ലെന്നുമാത്രമല്ല, രാഷ്‌ട്രീശക്തികളുടെ അവഗണനയെപ്പറ്റി വ്യക്തമായ ബോധമുണ്ടെങ്കിലും ആ രംഗത്ത്‌ പരിചയവും സ്വാധീനവുമുള്ളവരുടെ സഹായം ഇവര്‍ സ്വീകരിക്കുകയും കാംക്ഷിക്കുകയും ചെയ്യുന്നുണ്ട്‌. `പുറംലോക'വുമായി ബന്ധങ്ങളോ ബന്ധപ്പെടാന്‍ കഴിവോ ഇല്ലാത്ത തങ്ങള്‍ക്ക്‌ സഹായം ആവശ്യമാണെന്നും രാഷ്‌ട്രീയ സ്വാധീനമോ പരിചയമോ ഉള്ള ഒരു പുരുഷന്‍രെ സാന്നിദ്ധ്യം അത്യാവശ്യമാണെന്നും ഇവര്‍ തീര്‍ത്തു പറയുന്നു. എങ്കിലും ഈ അധികാരബന്ധം പലപ്പോഴും ഏറെ പിരിമുറുക്കമുള്ള ഒന്നാണെന്നാണ്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌. പലപ്പോഴും അത്‌ തുറന്ന പിളര്‍പ്പിനുതന്നെ കാരണമായിട്ടുണ്ട്‌. മുന്‍പ്‌ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഒരു വിധവാ സംഘടനയില്‍നിന്ന്‌ പിന്മാറിയ കാരണങ്ങള്‍ ചില പ്രവര്‍ത്തര്‍ വിശദീകരിച്ചതില്‍ ഇതു വ്യക്തമായും കാണാനുണ്ട്‌. പരിചയസമ്പന്നനായ പുരുഷനെ അംഗീകരിക്കുമ്പോള്‍ത്തന്നെ ആ വ്യക്തിക്ക്‌ സുതാര്യതയും ജനാധിപത്യബോധവുമുണ്ടാകണമെന്ന്‌ ഇക്കൂട്ടര്‍ എടുത്തു പറയുന്നു. അതുപോലെ (പുരുഷ) നേതാവിന്റെ ഉദ്ദ്യേശ്യശുദ്ധിയിലും ജനാധിപത്യബോധത്തിലും തികഞ്ഞ മതിപ്പുണ്ടെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തുക്കുന്നതിനുപകരം സ്വന്തം ശരികളിലേക്ക്‌ വിധവകളെ എത്തിക്കാനാണ്‌ അദ്ദേഹം ശ്രമിക്കുന്നതെന്ന്‌ ഒരു വിധവാസംഘടനാപ്രവര്‍ത്തക തുറന്നു പറഞ്ഞു. സ്‌ത്രീകള്‍ മാത്രമുള്ള വിധവാ സംഘടന എന്ന ആശ്യത്തെ പിന്‍താങ്ങുന്നവരും പുരുഷസഹായം അനിവാര്യമാണെന്ന്‌ കരുതുന്നവരും തമ്മിലുള്ള ഭിന്നതയും രൂക്ഷമാകുന്നുണ്ട്‌.

പക്ഷേ, `പുരുഷസഹായം' തേടല്‍ എല്ലായ്‌പ്പോഴും നിഷ്‌ക്രിയത്വത്തെയല്ല സൂചിപ്പിക്കുന്നത്‌. അഖിലേന്ത്യാവിധവാക്ഷേമ സൊസൈറ്റിയുടെ ഒരു പ്രമുഖ പ്രവര്‍ത്തക ഇക്കാര്യത്തെക്കുറിച്ച്‌ ഇങ്ങനെയാണ്‌ ഞങ്ങളോട്‌ പറഞ്ഞത്‌, ``ഒരു സ്‌ത്രീക്ക്‌ സമൂഹത്തില്‍ അവളുടേതായ ബലഹീനതയുണ്ട്‌. നമുക്ക്‌ ഓടിച്ചെന്ന്‌ മാറ്റങ്ങളൊന്നും പ്രവര്‍ത്തിക്കാന്‍ പറ്റില്ല. നല്ല അറിവും പരിചയവും അതിന്‍രേതായ പിടിപാടും ഒക്കെയുള്ള ഒരുത്തന്‍ ആണെങ്കില്‍ നമുക്ക്‌ അവന്റെ സഹായോ കൂടിക്കിട്ടും.'' അഭിമുഖത്തില്‍ മറ്റൊരിടത്ത്‌, ഉദ്യോഗസ്ഥന്മാരെ നേരിടുന്ന കാര്യം പറഞ്ഞപ്പോള്‍ ``എനിക്കൊരു സ്വഭാവമുണ്ട്‌, ഞാനെന്തു കാര്യം ഉദ്ദേശിച്ചാലും അതു നേടീട്ടേ പോകൂ. ഒന്നുരണ്ടു പ്രാവശ്യം ഒക്കെ ക്ഷമിക്കാം. അതിനുശേഷം താഴ്‌ത്തിക്കെട്ടിടാല്‍ ഞാന്‍ വിടൂല്ല.... ജീവിക്കാന്‍ നമ്മള്‌ പല അടവും പഠിച്ചുവരണം!'' എന്നു പറഞ്ഞുകൊണ്ട്‌ പഞ്ചായത്തില്‍ താന്‍ തരണം ചെയ്‌ത പ്രശ്‌നങ്ങള്‍ വിവരിച്ചുതന്ന സ്‌ത്രീയാണിതെന്നു കാണുമ്പോഴാണ്‌ ഈ `അടവി'ന്റെ സാദ്ധ്യതകള്‍ നമ്മുടെ മുന്നില്‍ തെളിയുന്നത്‌.

എങ്കിലും വിധവകളുടേതായ ഒരു നേതൃത്വം വളര്‍ന്നു വികസിക്കേണ്ടത്‌ അടിയന്തരാവശ്യം തന്നെയാണ്‌- വിശേഷിച്ചും ഭിന്നരാഷ്‌ട്രീയകക്ഷികള്‍ തമ്മിലുള്ള അകലങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ട വിധവാസംഘടനകളേയും ബാധിക്കുന്നുണ്ടെന്ന കാര്യം പകല്‍പോലെ വ്യക്തമായ സ്ഥിതിക്ക്‌ തങ്ങള്‍ക്ക്‌ പ്രത്യേകിച്ചു രാഷ്‌ട്രീയമില്ലെന്ന്‌ പ്രഖ്യാപിക്കുന്ന സംഘടനകള്‍ മറ്റു വിധവാസംഘടനകള്‍ക്ക്‌ `രാഷ്‌ട്രീയ'മുണ്ടെന്ന്‌ അവകാശപ്പെടുന്നു; പരസ്‌പരം ബന്ധപ്പെടാനോ സംയുക്ത നീക്കങ്ങളെക്കുറിച്ചാലോചിക്കാനോ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ഈ അകല്‍ച്ച പലപ്പോഴും പരസ്‌പരവിരോധവും സ്‌പര്‍ദ്ധയുമായി കലാശിക്കുന്നുമുണ്ട്‌. സിവില്‍ സമൂഹപ്രതിപക്ഷത്തിന്റെ ബദല്‍രാഷ്‌ട്രീയത്തോടടുത്തു നില്‍ക്കുന്നുണ്ടെങ്കിലും അത്തരം സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സഹായം വിരളമായി മാത്രമെ ഇവര്‍ക്കു ലഭിച്ചിട്ടുള്ളു. ബദല്‍ രാഷ്‌ട്രീയങ്ങളുടെ ശക്തിക്കുറവിന്റെ ലക്ഷണം കൂടിയാകാം ഇത്‌. ഇവ അധികാരത്തെക്കുറിച്ച്‌ മുന്നോട്ടുവച്ച പല ധാരണകളും പരിമിതരൂപത്തിലാണെങ്കിലും വിധവാസംഘടനാ പ്രവര്‍ത്തകരുടെ വാക്കുകളിലുണ്ട്‌. അധികാരം ഭരണകൂടത്തില്‍ കേന്ദ്രീകരിച്ച ഒന്നല്ലെന്നും സമൂഹത്തിലെല്ലായിടത്തും അതു പ്രസരിക്കുന്നുവെന്നും അതുകൊണ്ട്‌ പ്രതിരോധത്തിന്റെ ഭിന്ന ഇടങ്ങള്‍ ആവശ്യ...............മുള്ള ധാരണയെ ഇവര്‍ പ്രവൃത്തിയില്‍ അനുകൂലിക്കുന്നുണ്ട്‌. വീടുകള്‍ക്കുള്ളില്‍ വിധവകള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെയും പഞ്ചായത്തുകളിലും മറ്റ്‌ സര്‍ക്കാര്‍ ഓഫീസുകളിലും അവര്‍ നേരിടുന്ന ഒറ്റപ്പെടലിനെതിരെയും പോരാടാനാണ്‌ തങ്ങളുദ്ദേശിക്കുന്നതെന്ന്‌ ഈ സംഘടനകളിലെ പ്രമുഖപ്രവര്‍ത്തകര്‍ ഞങ്ങളോടു പറഞ്ഞു. ഈ സംഘടന ഉണ്ടായശേഷം ``തല ചൊറിഞ്ഞു നില്‍ക്കാതെയും വാതില്‍ക്കല്‍ പതുങ്ങിനില്‍ക്കാതെയും'' ഇത്തരം സ്ഥാപനങ്ങളിലേക്ക്‌ കടന്നുചെല്ലാനുള്ള ആത്മവിശ്വാസം തങ്ങള്‍ക്ക്‌ കൈവന്നു എന്നും ``വിധവകളായ ചെറുപ്പക്കാര്‍ പകച്ചുനില്‍ക്കുന്ന അവസ്ഥയുണ്ട്‌. പഞ്ചായത്ത്‌, സ്‌കൂള്‍, ആശുപത്രി, വില്ലേജ്‌ ആഫീസ്‌ അങ്ങനെ പലയിടത്തും തുണയില്ലാത്തൊരു വിധവയ്‌ക്ക്‌ ഒറ്റയ്‌ക്കു പോകേണ്ടിവരും. സമൂഹം അവളെ ഒരു വിധവയായി മാത്രമേ കാണുന്നുള്ളൂ,'' രുഗ്മിണിയമ്മ ഓര്‍മ്മിപ്പിക്കുന്നു. ``ഒറ്റപ്പെട്ട ഒരു വിധവ ഒരോഫീസില്‌ ഒരു കാര്യത്തിന്‌ ചെല്ലുമ്പോഴുള്ള പെരുമാറ്റം എങ്ങനെയാണെന്ന്‌ അറിയോ?'' രത്‌നമ്മ ചോദിക്കുന്നു. പഞ്ചായത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ ബാധകമല്ലെങ്കിലും വിധവകള്‍സ സവിശേഷപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അവ സാമൂഹ്യസ്വഭാവമുള്ളവയാണെന്നും പല ഉദാഹരണങ്ങളിലൂടെ ഇവര്‍ വിശദമാക്കി. അഖിലേന്ത്യാ വിധവാക്ഷേമസൊസൈറ്റി പ്രവര്‍ത്തക തനിക്കുണ്ടായ ഒരനുഭവം പറഞ്ഞു. കഴിഞ്ഞ വരള്‍ച്ചക്കാലത്ത്‌ വെള്ളം തീരെ കിട്ടാതെ വന്നപ്പോള്‍ അവര്‍ പഞ്ചാത്തില്‍ച്ചെന്ന്‌ വിവരമറിയിച്ചു. ഇവരുടെ വീട്ടിലേയ്‌ക്കുള്ള വഴി കല്ലിട്ടതായതുകൊണ്ട്‌ അവിടെ വെള്ളം എത്തിക്കാനാവില്ലെന്നായിരുന്നു വാര്‍ഡുമെമ്പറുടെ മറുപടി. ``സാധാരണ വീടുകളില്‍ വെള്ളമില്ലാതിരുന്നാല്‍ പുരുഷന്മാര്‌ സൈക്കിളിലും വണ്ടിയിലുമൊക്കെച്ചെന്ന്‌ വെള്ളം കൊണ്ടുവരും. എനിക്ക്‌ വീട്ടില്‍ പെണ്‍പിള്ളേരെ ഉള്ളൂ. അവരെ വെളുപ്പിന്‌ വെള്ളത്തിന്‌ വിടാന്‍ പറ്റില്ലല്ലോ. ഒരു കാരണവശാലും തരില്ലെന്ന്‌ പഞ്ചായത്തില്‍നിന്ന്‌ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. ``ഞങ്ങള്‍ സംഘടനയായിട്ട്‌ ഇടപെടും. കളക്‌ടറേറ്റില്‌ പോയി അപേക്ഷ കൊടുക്കും. ഞങ്ങളുടെ സംഘടന പഞ്ചായത്തില്‌ വന്ന്‌ ധര്‍ണ്ണ ഇരിക്കും. വിധവകളെല്ലാം കൂടി. അങ്ങനെ പിറ്റേന്ന്‌ എട്ടു മണിയായപ്പോഴേയ്‌ക്കും എങ്ങനെയോ അവര്‍ എനിക്ക്‌ വീട്ടില്‍ എത്തിച്ചുതന്നു!'' വിധവകളെക്കൊണ്ട്‌ ആയുര്‍വേദകൃഷിയും മുയല്‍വളര്‍ത്തലും മറ്റു സങ്കീര്‍ണ്ണതൊഴിലുകളും ചെയ്യിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അവരെ ഇവയില്‍നിന്നകറ്റി നിര്‍ത്തുന്ന ഘടകങ്ങളില്‍ സാമൂഹികമായ അവശതകള്‍ കൂടിയുണ്ടെന്നും അവയ്‌ക്കെതിരെ നിരന്തരമായ സമരം വേണ്ടതാണെന്നും തിരിച്ചറിയേണ്ടതുണ്ടെന്ന്‌ പല പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു.

എന്നാല്‍, ബദല്‍രാഷ്‌ട്രീയത്തിനു സംഭവിച്ച അപചയത്തെക്കുറിച്ച്‌ സുവ്യക്തമായ സൂചനകളും ഇവരില്‍നിന്നു ലഭിക്കുന്നുണ്ട്‌. പൊതുസമൂഹത്തില്‍ വിധവകളുടെ അവകാശസംരക്ഷണത്തിനു വേണ്ടിയുള്ള ശ്രമങ്ങളും അവരെ രാഷ്‌ട്രീവല്‍ക്കരിക്കാനും ബോധവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങളും പ്രധാനമാണെങ്കിലും പ്രായോഗികാവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള `ഫണ്ട്‌' നേടിയെടുക്കേണ്ടതാണ്‌ തങ്ങളുടെ പ്രഥമ കര്‍ത്തവ്യമെന്ന്‌ സംഘടനാഭേദമെന്യെ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നതായിക്കാണുന്നു. സര്‍ക്കാരിനു മുന്‍പില്‍ ആവശ്യങ്ങള്‍ അവതരിപ്പിച്ച്‌ നേടിയെടുക്കുന്നതില്‍ ഇക്കൂട്ടര്‍ വിജയിച്ചിട്ടില്ലെന്ന വസ്‌തുതയുമായി ഇതിന്‌ അഭേദ്യബന്ധമുണ്ട്‌. ജീവിതാവശ്യങ്ങളുടെ തള്ളല്‍മൂലം ദരിദ്രജനങ്ങളുടെ സിവില്‍ സമൂഹരൂപീകരണങ്ങളില്‍ സാമ്പത്തിക ഉള്ളടക്കം ഇനിയും കൂടാനാണ്‌ സാദ്ധ്യത. ഇന്ന്‌ സ്വയം സഹായസംഘങ്ങലുടെ രൂപീകരണത്തിന്‌ ഈ സംഘടനകളില്‍ ചിലതെങ്കിലും നല്‍കുന്ന അമിതപ്രാധാന്യത്തെ മനസ്സിലാക്കാന്‍ കഴിയും; എങ്കിലും അവയുടെ അരാഷ്‌ട്രീയത കൂട്ടായ്‌മയുടെ വളര്‍ച്ചയ്‌ക്ക്‌ തടസ്സമായേക്കാം.

മൂന്ന്‌
`സ്വയംസഹായമാതൃക'കളെ പല വിധവാസംഘടനാ പ്രവര്‍ത്തകരും മുറുകെപ്പിടിക്കുന്നതിന്‌ മറ്റു കാരണങ്ങള്‍ കൂടിയുണ്ടെന്ന്‌ സ്‌പഷ്‌ടമാണ്‌. പ്രധാനമായും വ്യക്തിവല്‍കൃത-സാമ്പത്തിക താല്‍പര്യങ്ങളെ കേന്ദ്രീകരിച്ച്‌ സൃഷ്‌ടിക്കപ്പെടുന്ന ഈ സ്ഥാപനങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്‌ട്രീയ സമൂഹത്തിനും ഭീഷണിയാകാനിടയില്ലെന്നത്‌ പ്രധാനമാണ്‌. രാഷ്‌ട്രീയ സമൂഹത്തിനെതിരെ നീങ്ങിയാല്‍ അതിന്‌ വലിയ വില കൊടുക്കേണ്ടിവരുമെന്ന പാഠമാണ്‌ അഗതിവിധവാമുന്നേറ്റം പ്രവര്‍ത്തകര്‍ക്കുണ്ടായ തിക്താനുഭവങ്ങളില്‍ തെളിഞ്ഞു കാണുന്നത്‌. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിന്‌ കല്‌പറ്റ നിയോജകമണ്ഡലത്തില്‍ അഗതിവിധവാമുന്നേറ്റത്തിന്റെ ആഭിമുഖ്യത്തില്‍ ഊന്നുവടി ചിഹ്നത്തില്‍ ഒരു വിധവ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്‌ സംഘടനയ്‌ക്കു ഒടുവില്‍ വലിയ തിരിച്ചടിയായെന്ന്‌ പ്രവര്‍ത്തകര്‍ പറയുന്നു. ഈ സ്ഥാനാര്‍ത്ഥിക്ക്‌ കോണ്‍ഗ്രസ്സ്‌ ബന്ധങ്ങളുണ്ടായിരുന്നത്‌ ഇടതുപക്ഷത്തിന്റെ സംശയത്തെ വര്‍ദ്ധിപ്പിച്ചു-ഇടതും വലതും ഒരുപോലെ തങ്ങളെ ആക്രമിക്കുന്ന അവസ്ഥയാണുണ്ടായതെന്ന്‌ അവര്‍ പറയുന്നു. 2006 ഫെബ്രുവരിയില്‍ അഗതിവിധവാമുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ 57 വിധവകളടങ്ങുന്ന സംഘം തങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും കേന്ദ്രഗവണ്‍മെന്റിനു മുന്നിലെത്തിക്കാന്‍ വേണ്ടി ഡല്‍ഹിയിലേക്കു പോയിരുന്നു. തിരുവനന്തപുരത്ത്‌ ഒരു ദിവസത്തെ സമരം നടത്തിയ ശേഷമാണ്‌ പോയത്‌- അന്നത്‌ ഉദ്‌ഘാടനം ചെയ്‌തത്‌ വി.എസ്‌. അച്യുതാനന്ദനും ഡല്‍ഹിയില്‍ പതിനൊന്നു ദിവസത്തെ സമരവും നേതാക്കന്മാരുമായി കൂടിക്കാഴ്‌ചയുമെല്ലാം കഴിഞ്ഞ്‌ ഈ സംഘം വയനാട്ടിലേക്കു മടങ്ങി. ഈ കാലയളവില്‍ സംഘങ്ങളില്‍ ചിലര്‍ താമസസൗകര്യത്തിന്റെയും മറ്റു കാര്യങ്ങളുടെയും അപര്യാപ്‌തതയെച്ചൊല്ലി പരാതിപ്പെടുകയും നേരത്തെതന്നെ മടങ്ങിവരികയും ചെയ്‌തു. തിരഞ്ഞെടുപ്പുകാലത്ത്‌ ഈ സമരത്തെ മറ്റൊരുവിധത്തില്‍ ചിത്രീകരിക്കാനായി എന്നത്‌ തങ്ങള്‍ക്കേറ്റ വലിയൊരടിയായെന്ന്‌ മുന്നേറ്റം പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. യാത്രയ്‌ക്കിടയില്‍ സൗകര്യക്കുറവിനെച്ചൊല്ലി മടങ്ങിയ ഒരു സ്‌ത്രീയുടെ പത്രസമ്മേളനത്തെ ആധാരമാക്കി വയനാട്ടിലെ പ്രമുഖ പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. `വിധവകളുടെ ഡല്‍ഹിയാത്ര ലൈംഗിക ടൂറിസം വികസനത്തെ ഉന്നംവച്ചുകൊണ്ടായിരുന്നന്ന.' പോയവരിലധികവും അന്‍പതിനു മുകളില്‍ പ്രായമുള്ളവരായിരുന്നുവെന്നും യാത്ര കഴിഞ്ഞിട്ട്‌ മാസം മൂന്നോളം കഴിഞ്ഞിരുന്നുവെന്നും മുന്നേറ്റം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റൊരു വിധവാസംഘടനയുടെ പ്രവര്‍ത്തകരാണ്‌ പത്രസമ്മേളനം നടത്തിയതെങ്കിലും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ സി.പി.എം ആണെന്നാണ്‌ അവരുടെ വിശ്വാസം. മുന്നേറ്റം പ്രവര്‍ത്തരുടെ ഉത്സാഹത്തില്‍ ധാരഹാളം വിധവകള്‍ പെട്ടെന്ന്‌ പൊതുരംഗത്തു വന്നതാണ്‌ സി.പി.എമ്മിന്‌ രുചിക്കാതെ വന്നതെന്നും തങ്ങളുടെ പ്രശ്‌നങ്ങലെ ജനസമക്ഷം കൊണ്ടുവരാനാണ്‌. (അധികവും ഇടതനുഭാവികളായിരുന്നു) തങ്ങള്‍ ശ്രമിച്ചതെന്നും അവര്‍ പറയുന്നു. `ലൈംഗിക ടൂറിസം' കഥ നാട്ടില്‍ പാട്ടായത്‌ വിധവകളായ സാധാരണ പ്രവര്‍ത്തകര്‍ക്ക്‌ താങ്ങാനാവാത്ത അപമാനമായി. ``ഭര്‍ത്താക്കന്മാരേ മരിച്ചിട്ടുള്ളൂ. ഞങ്ങടെ കുടുംബങ്ങളില്‌ ആങ്ങളമാരുണ്ട്‌, മക്കളുണ്ട്‌, ഒന്നുമില്ലെങ്കില്‍ ബന്ധുക്കാരുണ്ടല്ലോ. അവര്‍ക്കു തലയുയര്‍ത്തി നടക്കണ്ടേ? `എന്താ അമ്മാമ്മേ ഈ കേള്‍ക്കുന്നെ? സംഘടനയുണ്ടാക്കീട്ട്‌ മനുഷ്യന്‌ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇനി മര്യാദയ്‌ക്ക്‌ വീട്ടിലിരിക്ക്‌' എന്നു പറഞ്ഞുകേള്‍ക്കേണ്ട അവസ്ഥ വന്നു ഞങ്ങള്‍ക്ക്‌.'' രത്‌നമ്മ പറഞ്ഞു. ഇതോടെ പൊതുയോഗങ്ങള്‍ക്കുപോലും വിധവകള്‍ പുറത്തിറങ്ങാതെയായി. ഇതിനു പുറമെ മുന്‍നിര പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകളുണ്ടാക്കാനും സി.പി.എം. ഉത്സാഹിച്ചെന്ന്‌ ഇവര്‍ കുറ്റപ്പെടുത്തുന്നു. ഭീഷണി വേറെയും. ``ജാനുവിന്‌ ഉണ്ടായ അനുഭവം എനിക്കുമുണ്ടാകുമെന്നാ അവര്‌ പറഞ്ഞത്‌.''- രത്‌നമ്മ പറയുന്നു. ``ഞങ്ങള്‍ ഇവിടെ ആരെയും ദ്രോഹിക്കുന്നില്ല. ഞങ്ങള്‍ ഞങ്ങടെ അവകാശം മാത്രമാണ്‌ ചോദിക്കുന്നത്‌. സ്വരമില്ലാതെ കിടന്ന പെണ്ണുങ്ങള്‍-ഞങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്ന പേരില്‍ രൂപംകൊണ്ടതാണ്‌ ഞങ്ങളുടെ സംഘടന...'' മറ്റൊരു പ്രവര്‍ത്തകയായ പൊന്നമ്മ പറഞ്ഞു. ``പൊതുവെ സ്‌ത്രീകള്‍ ഭയപ്പെടുന്ന രണ്ടു കാര്യങ്ങളാണ്‌ കേസും അപവാദവും. അതും ഒരു വിധവയാകുമ്പം ഒട്ടും പിടിച്ചുനില്‍ക്കാനാവില്ല. ഈ രണ്ടിനേം ഭയന്നിട്ടാണ്‌ വിധവകള്‍ ഇന്ന്‌ രംഗത്തിറങ്ങാത്തത്‌.''

എന്നാല്‍ ഇവരെല്ലാം സി.പി.എം. അനുഭാവികളും കമ്മ്യൂണിസ്റ്റ്‌ വിശ്വാസികളുമാണ്‌. കേരളത്തിലെ ഇടതുപക്ഷം ഉയര്‍ത്തിയിരുന്ന ജനകീയ പുനര്‍വിതരണ സ്വപ്‌നത്തില്‍ ഇന്നും പങ്കുചേരുന്നവര്‍ ആ ഭാവിസ്വപ്‌നം ഇന്ന്‌ ഇടതുപക്ഷത്തില്‍നിന്നു അപ്രത്യക്ഷമായിരിക്കുന്നുവെന്നതിനെക്കുറിച്ച്‌ അവര്‍ വ്യാകുലപ്പെടുന്നു. ``പാര്‍ട്ടിക്ക്‌ അണികളുടെ വിഷമം കൂടി അന്വേഷിക്കേണ്ട കടമയില്ലേ?'' തോട്ടം തൊഴിലാളിയും ജനനം മുതല്‍ക്കു കമ്മ്യൂണിസ്റ്റുകാരിയെന്ന്‌ സ്വയം വിശേഷിപ്പിച്ച സ്‌ത്രീ ഞങ്ങളോടു ചോദിച്ചു. ഇവിടെ തൊഴിലാളി ഇന്ന്‌ പട്ടിണികൊണ്ട്‌ പരാജയപ്പെട്ട്‌ ജീവിതം വഴിമുട്ടി നില്‍ക്കുമ്പഴ്‌... നേതൃത്വത്തിലിരിക്കുന്നവര്‌ കോടികള്‍ സമ്പാദിച്ചു കൂട്ടുന്നു.''
``പാവപ്പെട്ടവര്‍ക്കു ജീവിക്കാനും ജീവിക്കാന്‍ സഹായിക്കാനും വേണ്ടീട്ടുള്ളതാണല്ലോ പാര്‍ട്ടി? അറിവില്ലാത്തവര്‍ക്ക്‌ അറിവ്‌ കൊടുക്കാനുള്ളതാണ്‌ പാര്‍ട്ടി. ഭര്‍ത്താവു മരിച്ചവര്‍ക്ക്‌-ജീവിക്കാന്‍ വകയില്ലാത്തവര്‍ക്ക്‌-അടിയന്തരസഹായമായി 10,000 രൂപ സര്‍ക്കാരില്‍നിന്നു കിട്ടുമെന്ന കാര്യം ഈ പാര്‍ട്ടി എനിക്കു പറഞ്ഞുതന്നിട്ടില്ല.'' - അതു പറഞ്ഞുകൊടുത്തവരുടെ സദാചാരനിലവാരത്തെക്കുറിച്ച്‌ തന്നോട്‌ ആരായാനാണ്‌ പാര്‍ട്ടി തയ്യാറായതെന്ന്‌ രത്‌നമ്മ പരിതപിക്കുന്നു. വി.എസ്‌. അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്‌തു വിട്ട ഞങ്ങടെ സമരം സെക്‌സ്‌ ടൂറിസം പ്രോത്സാഹനമാണെന്ന്‌ എഴുതാന്‍ ദേശാഭിമാനി മുതിര്‍ന്നു. ``ഈ പരാജയത്തിന്റെ പ്രത്യാഘാതങ്ങള്‍ അവഗണനയുടെ രൂപത്തില്‍ തങ്ങളെ പിന്തുടരുന്നതായി മുന്നേറ്റം പ്രവര്‍ത്തകര്‍ പറയുന്നു. പഞ്ചായത്തുകളില്‍ സി.പി.എം അംഗങ്ങള്‍ മുഴുവന്‍ ശത്രുതയോടെ പെരുമാറുന്നെന്ന്‌ ഇവര്‍ പറയുന്നു. ``സംഘടനയുണ്ടല്ലോ, എല്ലാം നേടിത്തരാന്‍, ഇനി പഞ്ചായത്ത്‌ എന്തിന്‌?'' എന്ന മട്ടിലുള്ള പരിഹാസവും കേള്‍ക്കേണ്ടിവരുന്നുണ്ടത്രെ. ``ബാങ്കുകാരാണെങ്കില്‍ ആധാരം വച്ച്‌ ലോണിനപേക്ഷിച്ചാല്‍ പോലും തരില്ല. നിങ്ങള്‍ വിധവകളുടെ സംഘടനയൊക്കെ ഉണ്ടാക്കിയവരല്ലേ പണം അടയ്‌ക്കാതിരിന്ന്‌ ചോദിച്ചാല്‍ കളക്‌ടറേറ്റ്‌ സമരം ചെയ്‌തതുപോലെ ഇവിടേം വന്ന്‌ സമരം ചെയ്യാനല്ലേ എന്നൊക്കെയാണ്‌ അവര്‌ ചോദിക്കുന്നത്‌.'' ഒരു പ്രവര്‍ത്തകയുടെ അനുഭവമിതായിരുന്നത്രെ.
സ്വയം സഹായസംഘമെന്ന അരാഷ്‌ട്രീയ സംഘടനാ രൂപത്തിലൊതുങ്ങി നിന്നാല്‍ ഈയനുഭവമുണ്ടാകാനുള്ള സാദ്ധ്യത താരതമ്യേന കുറവാണെന്ന കാര്യം അതിന്റെ ആകര്‍ഷകത്വത്തെ വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നു തീര്‍ച്ച! കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ മുന്നേറ്റംകാര്‍ സംഘടിപ്പിച്ച സ്വയംസഹായസംഘങ്ങള്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ പ്രവര്‍ത്തകയായ ലീലാമ്മ പറയുന്നു. ``കോഴിക്കോട്‌ 30 യൂണിറ്റുകല്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സ്വാശ്രയസംഘം പോലെതന്നെ ആഴ്‌ചയില്‍ 3-10 രൂപവരെ ശേഖരിക്കുന്നുണ്ട്‌. അവര്‍ ലോണെടുക്കുന്നു. കൊടുക്കുന്നു. സൂപ്പര്‍ ആയി പോകുന്നു. വയനാട്ടില്‍ എന്തുകൊണ്ട്‌ ഇങ്ങനെയായിപ്പോകുന്നു എന്നാണ്‌ എന്റെ ചിന്ത...'' വയനാട്ടില്‍ വിധവാസംഘാടനം രാഷ്‌ട്രീസമൂഹം കല്‍പിച്ച അതിര്‍വരമ്പുകളെ അതിലംഘിച്ചുവെന്നതുതന്നെയാണ്‌ അവിടെ സംഭവിച്ച ദുരന്തത്തിന്‌ ഇടയാക്കിയത്‌. രാഷ്‌ട്രീസമൂഹത്തിന്റെ സ്വാധീനശക്തിയാല്‍ തളര്‍ന്നുപോവുക അല്ലെങ്കില്‍ അതിന്റെ തണലില്‍ മുരടിച്ചുപോവുക എന്നീ രണ്ടു ഭീഷണികള്‍ വിധവാസംഘാടനത്തെ സംബന്ധിച്ചിടത്തോളം ഇന്ന്‌ കര്‍ക്കശയാഥാര്‍ത്ഥ്യം തന്നെയാണ ബദല്‍ രാഷ്‌ട്രീയങ്ങളുടെ നിഷ്‌ക്രിയത്വം ഇതിന്‌ ആക്കം കൂട്ടുന്നുമുണ്ട്‌. വിധവാസംഘടനകള്‍ രാഷ്‌ട്രീയസ്വാധീനമുള്ളവരെ ആശ്രയിക്കുന്നിടത്തോളം അവയ്‌ക്ക്‌ തങ്ങളുയര്‍ത്തുന്ന പുതുരാഷ്‌ട്രീയ സാദ്ധ്യതകളെ ഒരിക്കലും നിറവേറ്റാനാവില്ലെന്നത്‌ തീര്‍ച്ചയാണ്‌.

നാല്‌
വിധവാസംഘടനകളുടെ ഇന്നത്തെ നില തീര്‍ച്ചയായും ഏറെ പ്രത്യാശയ്‌ക്ക്‌ ഇട നല്‍കുന്നില്ല. എങ്കിലും സമകാലിക കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയത്തെക്കുറിച്ചും ബദല്‍രാഷ്‌ട്രീയത്തെക്കുറിച്ചും ചില സൂചനകള്‍ അവയുടെ വളര്‍ച്ചയില്‍നിന്നു ലഭിക്കുന്നുണ്ട്‌. ഒന്ന്‌, സ്വയംസഹായ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരും മുഖ്യധാരാഭരണകൂടവും ഒരുങ്ങുകയാണെങ്കിലും അതിന്റെ പരിധിയ്‌ക്കുള്ളിലൊതുങ്ങാന്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ഇനിയും ഒരുക്കമില്ലെന്ന വസ്‌തുത പകല്‍പോലെ വ്യക്തമാക്കുന്നുണ്ട്‌ ഇവ. രണ്ടാമതായി, ഭരണകൂടകേന്ദ്രിത സിവില്‍ സമൂഹരൂപീകരണത്തിലൂടെ ഇല്ലായ്‌മയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ധാരണ എത്രത്തോളം പരിമിതമാണെന്നും കാണാനാകുന്നു. പഞ്ചായത്തു തലത്തില്‍തന്നെ ആവശ്യങ്ങളുയര്‍ത്തിക്കൊണ്ട്‌ പൊതുരംഗത്തേയ്‌ക്കു വരുന്ന പാര്‍ശ്വവത്‌കൃതരുടെ സംഘങ്ങള്‍ അവഗണിക്കുന്നതിനുപകരം (തങ്ങളുടെ സംഘടനയെ പഞ്ചായത്തുതലത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍പോലും സി.പി.എം. അനുവദിക്കുന്നില്ലെന്നും രാഷ്‌ട്രീയക്കാരുടെ-എല്‍.ഡി.എഫിന്റെ-അനുഗ്രഹം കൂടാതെ പഞ്ചായത്തിലൊന്നും നേടാനാവില്ലെന്നും മുന്നേറ്റം പ്രവര്‍ത്തകര്‍ പറയുന്നു.) അവയെ പ്രതിപക്ഷമായി അംഗീകരിക്കുന്നതിലൂടെ മാത്രമേ ജനാധിപത്യപരമായ വിഭവവിതരണം നടക്കുകയുള്ളുവെന്നും സ്‌പഷ്‌ടമാണ്‌.-അതായത്‌ എല്ലാ ജനകീയ കൂട്ടായ്‌മകളെയും ഏതെങ്കിലും വിധത്തില്‍ ഭരണകൂടത്തിലേക്ക്‌ ബന്ധിപ്പിക്കലല്ല ജനാധിപത്യത്തിലേയ്‌ക്കുള്ള മാര്‍ഗ്ഗമെന്നര്‍ത്ഥം പ്രതിപക്ഷനില സ്വീകരിച്ചുകൊണ്ടുതന്നെ വ്യത്യസ്‌ത ജനവിഭാഗങ്ങള്‍ക്ക്‌ ജനാധിപത്യത്തില്‍ പങ്കുചേരാം.

ഈ പ്രതിപക്ഷനില കൈവരിക്കണമെങ്കില്‍ രാഷ്‌ട്രീയ സമൂഹത്തിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നേ മതിയാകൂ-ജനകീയ കൂട്ടായ്‌മകളുടെ പ്രാധാന്യത്തെ എത്ര ഊന്നിപ്പറഞ്ഞാലും പോര. മൂന്നാമതായി ബദല്‍ രാഷ്‌ട്രീയങ്ങളുടെ വിമര്‍ശനദൗത്യത്തെ നവീകരിക്കേണ്ട കാലമാണിതെന്നും സുവ്യക്തമാണ്‌. `അക'വുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു തന്മയെ-വിധവ എന്ന തന്മയെ-പുറംലോകത്തു പുന:പ്രതിഷ്‌ഠിക്കാനുള്ള ശ്രമമെന്ന നിലയ്‌ക്ക്‌ എത്രതന്നെ ദുര്‍ബലമെങ്കിലും വിധവാസംഘാടനത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിഞ്ഞേ മതിയാകൂ.

വയനാട്ടിലെ വിധവകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ സ്‌ത്രീപ്രശ്‌നങ്ങള്‍ തന്നെയാണെന്നിരിക്കെ, സ്‌ത്രീവാദികള്‍ ഈ രൂപീകരണങ്ങളോട്‌ സംവദിക്കേണ്ടതല്ലേ? ഇവയുടെ മുന്‍നിരയിലേക്ക്‌ സ്‌ത്രീപക്ഷ സംഘടനകള്‍ എന്തുകൊണ്ട്‌ വരുന്നില്ല? `കേരളീയ സ്‌ത്രീകള്‍' എന്ന സാമൂഹിക സംവര്‍ഗ്ഗത്തിനുള്ളിലെ ഉച്ചനീചത്വങ്ങളെ അവഗണിച്ചുകൊണ്ട്‌ ഫെമിനിസ്റ്റ്‌ രാഷ്‌ട്രീപ്രവര്‍ത്തനം സാധ്യമല്ലെന്ന ബോധം വ്യാപകമായിത്തീര്‍ന്നിട്ടുള്ള ഇന്നത്തെ കാലത്ത്‌ വിധവകളുടെ സമരങ്ങളെ പിന്തുണയ്‌ക്കുന്നതില്‍ എന്താണ്‌ അപാകത? 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും