പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്ത്തകയുമാണ് അരുന്ധതി റോയ്. മാന് ബുക്കര് സമ്മാനത്തിനര്ഹയായ ആദ്യ ഇന്ത്യന് വനിതയാണ് അരുന്ധതി റോയ്. ഇവരുടെ 'ദ ഗോഡ് ഓഫ് സ്മാള് തിങ്ങ്സ്' എന്ന കൃതിക്ക് 1998ലാണ് ബുക്കര് സമ്മാനം ലഭിച്ചത്. 1961 നവംബര് 24ന് മേഘാലയയിലെ ഷില്ലോങ്ങിലാണ് അരുന്ധതി ജനിച്ചത്. അമ്മ കോട്ടയം അയ്മനം സ്വദേശി മേരി റോയിയും അച്ഛന് ഒരു ബംഗാളി പ്ലാന്ററുമായിരുന്നു. ഷില്ലോങ്ങില് ജനിച്ചെങ്കിലും അരുന്ധതിയുടെ കുട്ടിക്കാലം കേരളത്തില്തന്നെയായിരുന്നു. പഠനത്തിന്ശേഷം ആര്ക്കിടെക്റ്റ്, എയ്റോബിക് പരിശീലനം എന്നീ മേഖലകളില് ജോലി ചെയ്തു. 'ഇന് വിച്ച് ആന്നീ ഗിവ്സ് ഇറ്റ് ടു ദോസ് വണ്സ്' 'ഇലക്ട്രിക് മൂണ്' എന്നീ ചലച്ചിത്രങ്ങള്ക്കും പല ടി.വി പരിപാടികള്ക്കും വേണ്ടി തൂലിക ചലിപ്പിച്ചു. ചലച്ചിത്ര സംവിധായകന് പ്രദീപ് കിഷനാണ് ഭര്ത്താവ്. ആദ്യ ഭര്ത്താവ് ശില്പിയായ ഗെറാറ്ഡ്ലെകനയായിരുന്നു. കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയമനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയുള്ള ഒരു നോവലാണ് 'ഗോഡ് ഓഫ് സ്മാള് തിങ്ങ്സ്'. അരുന്ധതി റോയിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ഒരേയൊരു നോവലാണ് ഇത്. ആ വര്ഷം ലോകത്തിലേറ്റവും കൂടുതല് വിറ്റഴിഞ്ഞ കതികളിലൊന്നായിരുന്നു ഈ പുസ്തകം. നോവല് പ്രസിദ്ധീകരിച്ച് 5 മാസത്തിനുള്ളില്തന്നെ 3,50,000ത്തിലധികം പ്രതികള് ലോകമെമ്പാടും വിറ്റഴിഞ്ഞു. 24 ഭാഷകളിലേക്ക് ഈ നോവല് തര്ജമ ചെയ്തു. എഴുത്തുകാരി എന്നതോടൊപ്പം തന്നെ ഒരു സാമൂഹിക പ്രവര്ത്തക എന്ന നിലയിലും അരുന്ധതി റോയ് പ്രശസ്തയാണ്. സര്ദാര് സരോവര് പദ്ധതിക്ക് എതിരേ മേധ പട്കര് നയിക്കുന്ന നര്മ്മദാ ബച്ചാവോ ആന്തോലനില് പങ്കെടുത്ത് പദ്ധതി ബാധിതരുടെ പുനരധിവാസത്തെയും നഷ്ടപരിഹാരത്തെയും പരിസ്ഥിതിനാശത്തെയും സംബന്ധിച്ച് ഗ്രേറ്റര് കോമണ് ഗുഡ് എന്ന ലേഖനമെഴുതി. ബുക്കര് സമ്മാന തുകയും തന്റെ പുസ്തകത്തിന്റെ റോയല്റ്റിയും നര്മ്മദാ ബച്ചാവോ പ്രക്ഷോഭത്തിന് അരുന്ധതി റോയ് ദാനം ചെയ്തു. അമേരിക്കന് വിദേശനയത്തേയും ഇസ്രായേലിനെയും ഇന്ത്യയുടെ 1998ല് നടത്തിയ അണുസ്ഫോടന പരീക്ഷണത്തേയും അതിശക്തമായി വിമര്ശിച്ച് ലോകശ്രദ്ധ പിടിച്ച്പറ്റി. ഇന്ത്യന് നിയമനിര്മ്മാണസഭ ആക്രമിച്ച കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല് ഗുരുവിന്റെ ശിക്ഷയ്ക്ക് എതിരെ പ്രതികരിക്കുകയും കോടതി നടപടികള് വിശകലനം ചെയ്ത മാധ്യമങ്ങളെ ആക്ഷേപിക്കുകയും ചെയ്തു. 2003ല് വയനാട് ജില്ലയിലെ മുത്തങ്ങയില് പോലീസും ആദിവാസികളുമായുണ്ടായ സംഘര്ഷത്തിനെതിരെ അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയ്ക്ക് ''താങ്ങളുടെ കൈകളില് രക്തം പുരണ്ടിരിക്കുന്നു'' എന്ന തുറന്ന കത്തെഴുതു. വിദേശത്തും സ്വദേശത്തുമായി നിരവധി പുരസ്കാരങ്ങള് അരുന്ധതി റോയിയ്ക്ക് ലഭിച്ചു. 1998ല് ബുക്കര് സമ്മാനത്തെ കൂടാതെ 2002ല് ലണ്ടന് ഫൗണ്ടേഷന് സാംസ്കാരിക സ്വാതന്ത്ര്യത്തിന് അവാര്ഡ് നല്കി. 2004ല് സിഡ്നി സമാധാന പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. 2006ല് ലഭിച്ച സാഹിത്യ അക്കാദമി അവാര്ഡ് അരുന്ധതി റോയ് നിരസിച്ചു.