സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ആത്മധൈര്യത്തിന്റെ അജയ്യത

ലേഖ നരേന്ദ്രന്‍



``സ്‌ത്രീകള്‍ നിങ്ങള്‍ക്ക്‌ മീശ മുളച്ചിട്ടുണ്ടെന്നുപോലും കളിയാക്കുന്നുണ്ടാവും'' - 1957 ല്‍ ചെറുകാട്‌ രചിച്ച മുത്തശ്ശി എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ നാണിമിസ്‌ട്രസ്സിനെക്കുറിച്ച്‌ ആ നോവലിലെ തന്നെ സഖാവ്‌ കിടാവ്‌ പറയുന്നതാണ്‌ ഈ വാക്യം. മീശ പൗരുഷത്തിന്റെ പ്രതീകമാണെന്നാണ്‌ സങ്കല്‌പം. തന്റേടം, നിര്‍ഭയത്വം, സാമൂഹിക പ്രവര്‍ത്തനം രാഷ്‌ട്രീയപ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ആ പൗരുഷത്തിന്റെ ബാഹ്യ പ്രകടനങ്ങളായും പൊതുസമൂഹം കണക്കാക്കുന്നു. അതുകൊണ്ടാണ്‌ പുരുഷന്‍മാരോടൊപ്പം സംഘടനാ പ്രവര്‍ത്തനത്തിലും സമരത്തിലും പങ്കെടുക്കുന്ന നാണി മിസ്‌ട്രസ്സിനെക്കുറിച്ച്‌ ഇങ്ങനെ ഒരു അഭിപ്രായം ഉണ്ടാകുന്നത്‌. ഇന്നും ഈ അഭിപ്രായത്തിന്‌ മാറ്റമൊന്നുമുണ്ടായിട്ടില്ല. ചുണയും തന്റേടവും പൊതുകാര്യങ്ങളില്‍ ഇടപെടുന്നവളുമായ എല്‍സമ്മ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ സിനിമയ്‌ക്ക്‌ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നു പേരിടാന്‍ സംവിധായകനെ പ്രേരിപ്പിക്കുന്ന വികാരം മറ്റൊന്നുമല്ല. അവിടെയാണ്‌ അറുപതുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ചെറുകാട്‌ സൃഷ്‌ടിച്ച നാണി എന്ന സ്‌ത്രീ കഥാപാത്രത്തിന്റെ പ്രസക്തി വ്യക്തമാകുന്നത്‌. നിലവിലിരുന്ന സ്‌ത്രീ പുരുഷ സങ്കല്‍പത്തെ അട്ടിമറിക്കുക മാത്രമല്ല, തന്റെ സ്‌ത്രീ പുരുഷ സമത്വം എന്ന ആശയം നാണി എന്ന കഥാപാത്രത്തില്‍ കൂടിയും മറ്റു നോവലുകളിലെ സ്‌ത്രീ കഥാപാത്രങ്ങളില്‍കൂടിയും ചെറുകാട്‌ അടിവരയിട്ട്‌ ഉറപ്പിക്കുന്നു. സ്വന്തം ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും അനുസൃതമായി ഒരു വ്യക്തി എന്ന നിലയിലുള്ള തന്റെ ഇടം ഉറപ്പിച്ചുകൊണ്ട്‌ സ്വത്വബോധത്തോടെ തല ഉയര്‍ത്തി നിന്ന മറ്റൊരു സ്‌ത്രീ കഥാപാത്രം മലയാള നോവല്‍ സാഹിത്യത്തില്‍ ഇല്ല എന്ന്‌ നിസ്സംശയം പറയാം.

1934 മുതല്‍ 52 വരെയുളള കേരളത്തിന്റെ ചരിത്രമാണ്‌ ചെറുകാട്‌ മുത്തശ്ശിയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. എന്നാല്‍ ഇത്‌ ഒരു ചരിത്രനോവലല്ല. ഒരു ചരിത്രനോവല്‍ ആകാതിരിക്കുകയും എന്നാല്‍ ചരിത്രസംഭവങ്ങളുടെ യഥാര്‍ത്ഥ ആവിഷ്‌കാരം നടത്തുകയും ചെയ്യുക എന്ന ഒരു രചനാതന്ത്രമാണ്‌ നോവലിസ്റ്റ്‌ ഇവിടെ സ്വീകരിച്ചിരിക്കുന്നത്‌. മലബാറിന്റെ സാമൂഹിക രാഷ്‌ട്രീയം, സ്വാതന്ത്ര്യസമരം, കമമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആവിര്‍ഭാവം- വളര്‍ച്ച- പ്രവര്‍ത്തനം, ജന്മിത്വത്തിനെതിരെയുള്ള കര്‍ഷക സമരം, അദ്ധ്യാപക സംഘടനയുടെ ആവിര്‍ഭാവം, മാനേജുമെന്റിനെതിരെ അവര്‍ നടത്തുന്ന സമരം, ഗ്രന്ഥശാലകളുടെ ആവിര്‍ഭാവവും അവയുടെ സ്വാധീനവും - ഇങ്ങനെ നിരവധിയായ ചരിത്രസംഭവങ്ങള്‍ നാണി എന്ന സ്‌ത്രീ കഥാപാത്രത്തിന്റെ ജീവിതവുമായി ഇഴചേര്‍ന്നുകൊണ്ടാണ്‌ നോവലിസ്റ്റ്‌ തന്റെ രചന നടത്തിയിരിക്കുന്നത്‌. എന്നാല്‍ `മുത്തശ്ശി` യില്‍ മറ്റൊരു ചരിത്രവും കൂടി നോവലിന്റെ ഇതിവൃത്തത്തില്‍ അന്തര്‍ലീനമായിരിക്കുന്നു. അത്‌ സ്‌ത്രി സ്വാതന്ത്ര്യത്തിന്റെ, സ്‌ത്രീസ്വത്വബോധത്തിന്റെ, അവളുടെ സംഘടനാപാടവത്തിന്റെ സ്‌ത്രീകളില്‍ ഉണര്‍ന്നു വരുന്ന പൊതു ബോധത്തിന്റെ, സ്‌ത്രീയുടെ സഹനശക്തിയുടെ ചരിത്രവും കൂടിയാണത്‌. ഈ ചരിത്രബോധവും കൂടി കൂട്ടിവായിക്കുംപോള്‍ മാത്രമേ മുത്തശ്ശിയുടെ വായന പൂര്‍ണ്ണമാകുകയുള്ളു.

ഫെമിനിസത്തിന്റെ സിദ്ധാന്തപരമായ കാഴ്‌ചപ്പാടുകള്‍ ഒന്നും ഇല്ലാതെ തന്നെ ചെറുകാട്‌ എന്ന സാഹിത്യകാരന്‌, സാമൂഹികപ്രവര്‍ത്തകന്‌ സ്‌ത്രീ ശക്തിയുടെ അജയ്യതയെക്കുറിച്ച്‌ അപാരമായ കാഴ്‌ചപ്പാടുണ്ടായിരുന്നു. സമൂഹത്തിന്റെ പുരോഗതിക്ക്‌, സാമൂഹിക മാറ്റത്തിന്‌ സ്‌ത്രീയുടെ പങ്കും കഴിവും നിര്‍ണായകമായിരുന്നു എന്ന്‌ അദ്ദേഹം വിശ്വസിച്ചിരുന്നു. സ്‌ത്രീയുടെ ശക്തി സൗന്ദര്യത്തിലല്ല, അവളുടെ ആത്മബലത്തിലാണെന്ന സത്യം ചെറുകാട്‌ അന്നേ തിരിച്ചറിഞ്ഞിരുന്നു. മുത്തശ്ശിയില്‍ എന്നല്ല ചെറുകാടിന്റെ ഏതു നോവലെടുത്താലും അവിടെയെല്ലാം സ്‌ത്രീകള്‍ ആത്മബലമുള്ളവരാണ്‌. അവര്‍ അടിമകളോ അബലകളോ അല്ല. സ്വത്വബോധമുള്ളവരാണ്‌. മുത്തശ്ശിയിലാകട്ടെ നേരത്തെ സൂചിപ്പിച്ച വിവിധങ്ങളായ ചരിത്രത്തിന്റെ സഞ്ചാരം നോവലിസ്റ്റ്‌ നടത്തുന്നത്‌ നാണിയില്‍കൂടിയാണ്‌ എന്നു കാണാം. സ്‌ത്രീയുടെ വീക്ഷണത്തില്‍കൂടിയുള്ള ആഖ്യാനരീതി (Point of vew narration) മലയാള നോവല്‍ സാഹിത്യത്തില്‍ തന്നെ 
വിരളമാണ്‌. ലളിതാംബിക അന്തര്‍ജ്ജനവും പില്‍ക്കാലത്തുവന്ന എഴുത്തുകാരികളും മാത്രമേ അത്തരത്തിലൊരു ആഖ്യാനസംബ്രദായം സീകരിച്ചിട്ടുള്ളു. പുരുഷ എഴുത്തുകാര്‍ ആരുംതന്നെ അത്തരത്തില്‍ സ്‌ത്രീവീക്ഷണത്തിലുള്ള ആഖ്യാനസംപ്രദായം സീകരിക്കാന്‍ അന്നും ഇന്നും തയ്യാറാകുന്നില്ല.

``ഞാന്‍ സുന്ദരിയല്ല, പറയത്തക്ക വൈരൂപ്യവം എനിക്കില്ല. കുറച്ചൊന്നു കറുത്തിട്ടാണ്‌, ചിരിച്ചാല്‍ പുറത്തുകാണുന്ന ഒരു കോന്ത്രപ്പല്ലെനിക്കുണ്ട്‌. അതു കാരണം ദുര്‍ലഭമായേ ഞാന്‍ ചിരിക്കാറുള്ളു.''-(മുത്തശ്ശി, പുറം-) ഇങ്ങനെ നാണിയുടെ ആന്മകഥാഖ്യാനത്തില്‍ കൂടിയാണ്‌ നോവല്‍ ആരംഭിക്കുന്നത്‌. ഉന്നതകുലജാതകളും, ബ്‌ളൗസിന്റെ അറ്റത്തുള്ള കസവിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ പറ്റാത്ത മേനി വെളുപ്പുള്ളവരും, പിയാനോ, തുന്നല്‍ തുടങ്ങിയ സുകുമാരകലകളില്‍ നൈപണ്യമുള്ളവരുമായ സ്‌ത്രീ കഥാപാത്രങ്ങളുടെ പാരംപര്യത്തിലേക്കാണ്‌ സുന്ദരിയല്ലാത്ത, കറുത്ത, ഒരു കോന്ത്രംപല്ലുകാരി കടന്നുവരുന്നത്‌. സി.വി.യുടെയും ചന്തുമേനോന്റെയും നോവലുകളില്‍ കാണാത്ത മറ്റു പല സവിശേഷതകള്‍ ഉള്ള കേരളത്തിന്റെ ശരാശരി സ്‌ത്രീകളുടെ പ്രതിനിധിയായി കടന്നുവന്ന നാണി മിസ്‌ട്രസ്സ്‌ അതുവരെയുള്ള നമ്മുടെ നോവല്‍ സങ്കല്‍പങ്ങളെ ആകെ അട്ടിമറിക്കുകയാണ്‌ ചെയ്‌തത്‌. ഇന്ദുലേഖ സവര്‍ണ്ണസംസ്‌കാരത്തിന്റെയും പാശ്ചാത്യസംസ്‌കാരത്തിന്റെയും കൃത്രിമസങ്കലനസന്തതിയാണെങ്കില്‍ നാണി കേരളത്തിന്റെ പടപൊരുതുന്ന സാംസ്‌കാരിക പാരമ്പര്യത്തിന്റെ സന്തതിയാണ്‌.1930-കളില്‍ കേരളത്തിലെ ഫ്യൂഡല്‍ സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനും ആ വ്യവസ്ഥിതിയ്‌ക്ക്‌ പുറത്തു കടക്കാനും അവള്‍ തയ്യാറാകുന്നു. വിദ്യാഭ്യാസം നേടാനും, തൊഴില്‍ ചെയ്യാനും സാമ്പത്തിക ഭദ്രത ആര്‍ജ്ജിക്കാനും അവള്‍ തയ്യാറാകുന്നു. സങ്കടന പ്രവര്‍ത്തനത്തിലൂടെ തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്നു. പെണ്ണ്‌ വിവാഹക്കമ്പോളത്തില്‍ വിറ്റഴിക്കാനുള്ള ഒരു ചരക്ക്‌ മാത്രമാണ്‌ എന്ന മരുമക്കത്തായ സാമൂഹിക ബോധത്തെയാണ്‌ ചെറുകാട്‌ നാണിയില്‍കൂടി തകര്‍ക്കുന്നത്‌. മാത്രമല്ല സൗന്ദര്യം ശാപമാണെന്നും നാണി ചിന്തിക്കുന്നു. നാണിയുടെ സഹപാടിയായിരുന്ന നളിനിയുടെ ദാമ്പത്യജീവിതത്തിലെ ദുരന്തം വിവരിക്കുന്ന നോവലിസ്റ്റ്‌ തന്റെ സ്‌ത്രീ സങ്കല്‍പത്തെ അടിവരയിട്ട്‌ ഉറപ്പിക്കുകയാണ്‌.

ഏതു കാലഘട്ടത്തിലായാലും അവളുടെ നിലനല്‍പിന്‌ അവള്‍തന്നെ പൊരുതണം എന്ന യാഥാര്‍ത്ഥ്യം ചെറുകാട്‌ നാണിയമ്മയില്‍കൂടി തമ്മെ ബോധ്യപ്പെടുത്തുകയാണ്‌. തനിക്ക്‌ ഇഷ്‌ടമില്ലാത്ത ഒരു കിഴവന്റെ കൂടെ ദാമ്പത്യം തുടരാന്‍ അവള്‍ തയ്യാറായില്ല. പാട്ടം ഒഴിവാക്കാന്‍ കാര്യസ്ഥന്‌ ശരീരം നല്‍കണമെന്ന മുത്തശ്ശിയുടെ ആവശ്യത്തെയും അവള്‍ ചോദ്യം ചെയ്‌തു. വീട്ടിനകത്ത്‌ മുത്തശ്ശിയെയും പുറത്ത്‌ പാട്ടബാക്കിക്കുവേണ്ടി ഭീഷണിപ്പെടുത്തുന്ന കാര്യസ്ഥനെയും ജന്മിയെയും അവളുടെ ആത്മബലംകൊണ്ടും നിയമംകൊണ്ടും നേരിട്ടു. വിവാഹബന്ധം ഒഴിവാക്കിയതിനുശേഷം റ്റീച്ചേഴ്‌സ്‌ ട്രെയിനിംഗ്‌ നേടുകയും അദ്ധ്യാപകവൃത്തിയില്‍ ഏര്‍പപെടുകയും ചെയ്യുന്നു. അദ്ധ്യാപകസംഘടനയുടെ സജീവപ്രവര്‍ത്തകയാകുന്നു. മാനേജുമെന്റിന്റെ അടിമത്തപരമായ ചൂഷണങ്ങള്‍ക്കെതിരെ ധൈര്യത്തോടെ സമരം ചെയ്യുന്നു. അന്നത്തെ ആ സമൂഹത്തില്‍ മറ്റാര്‍ക്കും ലഭിക്കാത്ത അംഗീകാരവും ബഹുമാനവുമാണ്‌ 23-ാമത്തെ വയസ്സില്‍ നാണിയമ്മയ്‌ക്ക്‌ ലഭിക്കുന്നത്‌. മാനേജുമെന്റിനെ ഭയന്ന്‌ സംഘടനയില്‍ ചേരാതെ നിന്നവര്‍ക്കും അവള്‍ക്കെതിരെ അപവാദം പറഞ്ഞവര്‍ക്കും അവളോട്‌ സ്‌നേഹവും ബഹുമാനവുമായിരുന്നു. പോലീസിന്റെ കമ്മ്യൂണിസ്റ്റ്‌ വേട്ടയുടെ ഭാഗമായ കിരാതമര്‍ദ്ദനത്തില്‍ സ്‌ത്രീകളെപ്പോലും അവര്‍ ഒഴിവാക്കിയിരുന്നില്ല. എന്തിന്‌ മുത്തശ്ശിയെവരെ പോലീസ്‌ തല്ലുന്നു. എന്നാല്‍ നാണിയുടെ നേര്‍ക്ക്‌ ഒരു പോലീസുകാരന്റെയും കൈ പൊങ്ങിയില്ല. ഒരു സ്‌ത്രീ എങ്ങനെയാണ്‌ സമൂഹത്തില്‍ ബഹുമാനിതയാകുന്നത്‌ എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ നാണി.

1957-ല്‍ നാം നാണിയില്‍ കാണുന്നതായആത്മബലം കേരളത്തിലെ ഇടതുപക്ഷപുരോഗമനപ്രസ്ഥാനം നല്‍കിയ ആത്മബലമാണ്‌. ആരും ഒറ്റയ്‌ക്കല്ല എന്നും മര്‍ദ്ദിതരും പീഢിതരുമായ ഒരു ജനവിഭാഗം തന്നോടൊപ്പമുണ്ട്‌ എന്നുള്ള ഒരു ആന്മവിശ്വാസം വ്യക്തികള്‍ക്ക്‌ പകരാന്‍ അന്ന്‌ ആ പ്രസ്ഥാനങ്ങള്‍ക്ക്‌ സാധിച്ചിരുന്നു. അത്‌ പകര്‍ന്നു നല്‍കിയ കരുത്തും ആന്മവിശ്വാസവുമാണ്‌ നാണിയെ വളര്‍ത്തിയത്‌. സ്‌കൂള്‍ ഇന്‍സ്‌പെക്‌റ്റര്‍മാരുടെ മുട്ടാളത്തത്തിനുമുന്നില്‍ ``സ്റ്റൈപ്പന്റ്‌ മടക്കിക്കൊടുത്ത്‌ വീട്ടിലിരിക്കും'' എന്നു പറയാനുള്ള ചങ്കൂറ്റം നാണയമ്മയ്‌ക്ക്‌ നല്‍കിയത്‌ ആ കരുത്തുറ്റ പ്രസ്ഥാനം തന്നെയാണ്‌.

ചന്തുമേനോന്‍ തന്റെ നോവലിന്‌ നായികയുടെ പേര്‌ നല്‍കുമ്പോള്‍ ചെറുകാട്‌ മുത്തശ്ശി എന്നാണ്‌ പേര്‌ നല്‍കിയിരിക്കുന്നത്‌, നോവല്‍ ആരംഭിക്കുന്നത്‌ നാണിയമ്മയില്‍ നിന്നാണെങ്കില്‍ അവസാനിക്കുന്നത്‌ മുത്തശ്ശിയിലാണ്‌. 14 വയസ്സായിട്ടും നാണിക്ക്‌ കല്യാണാലോചന വരാത്തതില്‍ ദുഃഖിച്ചിരിക്കുന്ന മുത്തശ്ശിയെയാണ്‌ നോവലിന്റെ ആരംഭത്തില്‍ നാം കാണുന്നതെങ്കില്‍ അവസാന ഭാഗത്ത്‌ കമ്മ്യൂണിസ്റ്റ്‌കാര്‍ക്കുവേണ്ടി ജയില്‍വാസവും അനുഭവിച്ച്‌, മര്‍ദ്ദനവുമേറ്റ്‌ മടങ്ങിവന്ന്‌ ഒരു പവന്‍ സംഭാവന ചെയ്‌ത്‌ ലാല്‍ സലാം പറയുന്ന മുത്തശ്ശിയെയാണ്‌ നാം കാണുന്നത്‌. മുത്തശ്ശിയുടെ ഈ പരിവര്‍ത്തനത്തിന്‌ കാരണക്കാരി നാണിയാണ്‌. യാഥാസ്ഥിതികത്വത്തിന്റെ ആള്‍രൂപമായിരുന്ന മുത്തശ്ശി ക്രമേണ നാണി പറയുന്നതും പ്രവര്‍ത്തിക്കുന്നതും ശരിയാണെന്ന്‌ വിശ്വാസത്തിലെത്തിച്ചേരുന്നു. മുത്തശ്ശിയുടെ വിശ്വാസവും പരിവര്‍ത്തനവും കേരളത്തിലെ ആ കാലഘട്ടത്തിലെ ജനങ്ങള്‍ക്കുണ്ടായ വിശ്വാസവും മാറ്റവുമാണ്‌. ആ കാലഘട്ടത്തില്‍ മാറ്റത്തിനുവേണ്ടി പോരാടിയ കമ്മ്യൂണിസ്റ്റുകാരോട്‌ ജനത പുലര്‍ത്തിയ വിശ്വാസമാണ്‌. ആ ജനതയുടെ പ്രതിരൂപമാണ്‌ മുത്തശ്ശി എങ്കില്‍ ആ മാറ്റത്തിനു കാരണക്കാരിയായ നാണി. ആ കാലഘട്ടത്തിലെ ഇടതുപക്ഷ നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണ്‌. പ്രസ്ഥാനത്തിന്റെയും സംഘടനയുടെയും വീറും കരുത്തും ഉള്‍ക്കൊണ്ട്‌ അജയ്യമായ ആത്മവത്തേയോടെ മലയാള നോവല്‍ സാഹിത്യത്തില്‍ നാണിമിസ്‌ട്രസ്സ്‌ ഇന്നും ജീവിച്ചിരിക്കുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും