പ്രശസ്ത തിരുവാതിര ആചാര്യയായ ശ്രീമതി മാലതിയമ്മയും നര്‍ത്തകിയായ മകള്‍ ഉഷാറാണിയും തമ്മിലുള്ള സംഭാഷണം. ഉഷാറാണി: ഓര്‍മവച്ച നാള്‍ മുതല്‍ അമ്മയെ അതിവിശിഷ്‌ട വ്യക്തിത്വത്തിന് ഉടമയായിട്ടാണ് ഞാന്‍ മനസ്സില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നത്. അച്ഛന്‍, അമ്മ, ചേച്ചി, ചേട്ടന്‍, അച്ചമ്മ, അമ്മൂമ്മ എന്നിവരടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. അച്ഛന്‍ ജോലി സംബന്ധമായി മദ്രാസിലായതിനാല്‍ വീടിന്റെ സര്‍വ കാര്‍മികത്വവും ഉത്തരവാദിത്വവും അമ്മയില്‍ നിക്ഷിപ്‌തമായിരുന്നു. അമ്മ വ്യക്തിപരമായി കുടുംബത്തിന്റെ ഓരോ അംഗത്തിന്റെയും കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. ഈ തിരക്കിനിടയ്‌ക്ക് അമ്മയുടെ അഭിരുചികളും കലാവാസനയും മാറ്റിവെച്ചുകൊണ്ട് മക്കളിലൂടെ അവ സാക്ഷാത്‌ക്കരിക്കാനാണ് അമ്മ ശ്രമിച്ചിരുന്നത്. ചേച്ചിയെ വീണ, ഡാന്‍സ് പഠിപ്പിച്ചതും ചേട്ടനെ പാട്ട്, മിമിക്രി, പെയിന്റിങ് തുടങ്ങിയവ പരിശീലിപ്പിച്ചതും എന്നെ പാട്ട്, ഡാന്‍സ് മുതലായവക്ക് പ്രോത്സാഹനം തന്ന് അതിനായി വളരെയധികം കഷ്‌ടപ്പാടുകള്‍ അമ്മ സഹിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിന്റെ തിരക്കും ഔദ്യോഗിക ജീവിതത്തിന്റെ പരിമിതികളിലും ഒതുങ്ങിയിരുന്ന അമ്മയുടെ കലാവാസനകള്‍ പുനര്‍ജീവിപ്പിക്കാന്‍ സാധിച്ചത് ഗാര്‍ഹികമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയതിന് ശേഷവും ഔദ്യോഗികമായ വിരമിക്കലിനു ശേഷവും ആണ്. യൂത്ത് ഫെസ്റ്റിവലില്‍ തുടങ്ങി ഇന്ന് ലിംകാ ബുക്ക് ഒഫ് റിക്കൊര്‍ഡ് വരെ എത്തി നില്‍ക്കുന്ന അമ്മയുടെ ജീവിതത്തെപ്പറ്റി അമ്മയോട് ചോദിച്ചറിയാം. മാലതിയമ്മ: എന്റെ അമ്മക്ക് ഒരു മകളാണ് ഞാന്‍. കൂട്ടുകുടുംബമായിരുന്നു അന്ന്. കുമ്പളത്ത് ശ്രീവിലാസം കുടുംബം. ഇന്നത്തെപ്പോലെ കലകള്‍ അഭ്യസിക്കാനുള്ള സൗകര്യങ്ങള്‍ ഒന്നും അന്നില്ല. ചെറുപ്പം മുതലേ എന്തെങ്കിലും ചെയ്‌തുകൊണ്ടിരിക്കുന്ന പ്രകൃതമായിരുന്നു എന്റേത്. അഞ്ചാംക്ലാസ് മുതല്‍ ഞാന്‍ തയ്‌ക്കുമായിരുന്നു. ക്രോഷ്യോ വര്‍ക്ക് ചെയ്‌തിരുന്നു. കളികളിലും ഒട്ടും പിന്നിലല്ലായിരുന്നു. ക്ലാസില്‍ പഠിക്കുമ്പോള്‍, നിന്റെ അച്ഛന്‍ എന്റെ തിരുവാതിരക്കളി (സ്‌കൂളാനുവല്‍ ദിവസം) കണ്ട് ഇഷ്‌ടപ്പെട്ടിട്ടാണ് കല്യാണം ചോദിച്ച് വന്നത്. കല്യാണശേഷം ഞങ്ങള്‍ കുമ്പളത്ത് നിന്ന് സിറ്റിയിലേക്ക് എറണാകുളത്തേക്ക് താമസം മാറി. എന്റെ പഠിപ്പ് തുടര്‍ന്നു. ജോലി കിട്ടണമെന്നത് അച്ഛന്റെയും ആഗ്രഹമായിരുന്നു. അങ്ങിനെ ഹിന്ദി ടീച്ചറായി ഗവണ്‍മെന്റ് സ്‌കൂളില്‍ ജോലി കിട്ടി. കുട്ടികളുണ്ടായശേഷം തിരക്കായി. വീട് പണിയല്‍, സ്‌കൂള്‍ ജോലി, വയസ്സായ അമ്മമാരുടെ ഉത്തരവാദിത്വം ഇങ്ങനെ.... അമ്മ ഇപ്പോള്‍ അറിയപ്പെടുന്നത് തിരുവാതിരയുടെ അമ്മ എന്നാണല്ലോ, അതിനെപ്പറ്റി ഒന്നു പറയാമോ? ഞാന്‍ പറഞ്ഞല്ലോ കൂട്ടുകുടുംബ വ്യവസ്ഥിതിയിലാണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. പണ്ട് കാലത്ത് ധനുമാസത്തിലും ഓണത്തിനും ആണ് തിരുവാതിരക്കളി വീടുകളില്‍ ഉണ്ടായിരുന്നത്. ധനുമാസത്തില്‍ മകയിരത്തിന് തിരുവാതിരക്കളി തുടങ്ങി തിരുവാതിര ദിവസം പാട്ട് പാടി സ്വന്തക്കാരും ബന്ധുക്കളും പരിസരവാസികളും എല്ലാം ചേര്‍ന്ന് നാലുകെട്ടിന്റെ മുറ്റത്ത് പാതിരാ കോഴി കൂവുന്നതുവരെ കളിക്കും. പിന്നെ പാതിരാപൂ ചൂടലായി നേരം വെളുക്കുമ്പോള്‍ കുളത്തില്‍ പോയി തുടിച്ചു കുളിച്ച് തിരിച്ചുവരും. അതെല്ലാം രസകരമായ ഓര്‍മയാണ്. ഇന്ന് എന്നും കളിയാണ്. വീടുകളില്‍ അല്ല എന്ന് മാത്രം. അമ്പലങ്ങളിലും ഹാളുകളിലും എല്ലാം. സ്‌കൂളില്‍ നിന്നും വിരമിച്ചശേഷം, നിങ്ങളുടെ എല്ലാം കല്യാണം കഴിഞ്ഞപ്പോള്‍ എനിക്ക് സമയം ധാരാളമായി. അങ്ങിനെയിരുന്നപ്പോഴാണ് വീണ്ടും ഹിന്ദി ടീച്ചറില്‍ നിന്നും തിരുവാതിര ടീച്ചര്‍ എന്ന പദവിയിലേക്ക് ഞാന്‍ മാറിയത്. നിന്നെ യൂത്ത് ഫെസ്റ്റിവലിലും പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന ആ സന്തോഷം ഞാന്‍ വീണ്ടും തിരുവാതിര പഠിപ്പിച്ച് കുട്ടികളെ കളിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ കിട്ടി. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കുട്ടികളെ പഠിപ്പിച്ചും കളിപ്പിച്ചും സമ്മാനവും വാങ്ങി. യാത്ര ബുദ്ധിമുട്ടായപ്പോള്‍ വീട്ടില്‍ തന്നെ ഒരു സ്‌കൂളു തുടങ്ങി. `പാര്‍വ്വണേന്ദു സ്‌കൂള്‍ ഓഫ് തിരുവാതിര'. കുട്ടികള്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മമാര്‍ക്കും പഠിക്കണം എന്ന ആഗ്രഹം. അങ്ങിനെ അമ്മൂമ്മമാരും വരാന്‍ തുടങ്ങി. പഠിച്ച് തുടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും പരിപാടി ചെയ്യണമെന്നായി. അങ്ങിനെ അമ്പലങ്ങളിലും ഹാളുകളിലും പരിപാടികളും ചെയ്‌തു വരുന്നു. തിരുവാതിരക്ക് ഒരു ചിട്ട വേണമെന്ന് നിര്‍ബന്ധം അമ്മ പറയുന്നല്ലോ, അതെന്താണ്? തിരുവാതിരക്കും ഒരു ചിട്ടയുണ്ട്. കളിയിലും ഒരുങ്ങലിലും എല്ലാം നിലവിളക്ക് നടുവില്‍ വച്ച് വേണം കളിക്കാന്‍. 8 മുതല്‍ പന്ത്രണ്ട് എന്നിങ്ങനെ എത്രപേര്‍ക്ക് വേണമെങ്കിലും കളിക്കാം. ഗണപതി, സരസ്വതി, പദം കുമ്മി, കുറത്തി, വഞ്ചി, മംഗളം എന്നിങ്ങനെയാണ് കളിക്കേണ്ടത്. മുടി അമ്മക്കെട്ട് കെട്ടി ദശപുഷ്‌പം ചൂടണം. ദശപുഷ്‌പം എല്ലാം കിട്ടിയില്ലെങ്കില്‍ കിട്ടുന്നത് ചൂടണം. ഇത്രയുമെങ്കിലും ചിട്ടകള്‍ പാലിച്ച് വേണം കളിക്കാന്‍. തിരുവാതിര കളിയില്‍ അമ്മയുടെ സംഭാവനകള്‍ എന്തെല്ലാമാണ്? ആതിര തിരുവാതിര പുസ്‌തകംവും ആതിരകുളി ല്‍നിലാ എന്ന സി.ഡിയും തയ്യാറാക്കി. തിരുവാതിരയില്‍ ഒരു നൂതനശൈലി എന്ന നിലയില്‍ പിന്നല്‍ തിരുവാതിര എന്ന ഒരു ഇനം പഠിപ്പിച്ചു കളിപ്പിക്കുന്നു. ചകിരി പിരിച്ചെടുത്ത കയറുകൊണ്ട് പിന്നല്‍പോലെ കയറ് വരുന്ന രീതിയില്‍ കുട്ടികള്‍ കളിക്കും. അത് ചുവടുകല്‍ കൊണ്ട് അഴിക്കുകയും ചെയ്യും. വളരെയധികം ശ്രദ്ധയോടെയും പരിശീലനത്തോടെയും കളിക്കണം. കളിക്കാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്. ഇപ്പോള്‍ പ്ലാസ്റ്റിക് കയറാണ് ഉപയോഗിക്കുന്നത്. തിരുവാതിര കളിക്കായി കിട്ടിയ പുരസ്‌ക്കാരങ്ങള്‍? കലാപോഷിണി, കലാരത്‌നം അവാര്‍ഡ്, കലാദര്‍പ്പണം എന്ന സംഘടന നല്‍കി. കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്‌ക്കാരം കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരം, ബാബ അംബേദ്‌ക്കര്‍ പുരസ്‌ക്കാരം, ആള്‍ ഇന്ത്യാ അച്ചീവ്‌മെന്റ് ഫൗണ്ടേഷന്‍ ശിക്ഷാഭാരതി പുരസ്‌ക്കാരം, ട്യൂ ഇന്ത്യാ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. സുനാമി ബാധിത പ്രദേശങ്ങളിലെ കുട്ടികളെ സംഘടിപ്പിച്ച് പീപ്പിള്‍സ് കൗണ്‍സില്‍ ഓഫ് ജസ്റ്റിസ് പറഞ്ഞതനുസരിച്ച് പഠിപ്പിച്ചു. 2012-ല്‍ 300 വനിതകളെ പങ്കെടുപ്പിച്ച് ചങ്ങമ്പുഴ പാര്‍ക്കില്‍ തിരുവാതിര അവതരിപ്പിച്ചു. ഇതോടൊപ്പം പിന്നല്‍ തിരുവാതിര അവതരിപ്പിച്ചു. പിന്നല്‍ തിരുവാതിര അവതരിപ്പിച്ചതിന് ലിമ്ക ബുക്കില്‍ ഇടം നേടി. 2013-ല്‍ 3026 സ്‌ത്രീകളെ പങ്കെടുപ്പിച്ച് തിരുവാതിര എറണാകുളത്ത് അവതരിപ്പിച്ചു. കൂടാതെ 10 പേരുള്ള 3 ടീം പിന്നല്‍ തിരുവാതിര കളിച്ചു. തിരുവാതിര കൂടാതെ അമ്മ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന കലകള്‍? നിന്റെ അദ്ധ്യാപകനായ കലാമണ്ഡലം ഗോപി മാസ്റ്ററുടെ കീഴില്‍ കഥകളി, നിനക്ക് ഇടക്ക വായിച്ചുകൊണ്ടിരുന്ന മാസ്റ്റര്‍ കൃഷ്‌ണദാസിന്റെ കീഴില്‍ ഇടക്ക, കൂടാതെ കീബോര്‍ഡ് സുധാകുമാര്‍ സാറിന്റെ കീഴില്‍ അഭ്യസിച്ച് അവതരിപ്പിക്കുന്നു. അമ്മയുടെ വിജയത്തിനെല്ലാം പിന്നില്‍ എന്താണ് എന്ന് പറയാമോ? വിശ്രമമില്ലാത്ത ചിട്ടയോടെ ഉള്ള ജീവിതമാണെന്റേത്. മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്നോ, പരിഹസിക്കുമെന്നോ എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. സ്വന്തം മക്കളുള്‍പ്പെടെ അവരേക്കാളേറെ എന്നെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരുകൂട്ടം ചെറുപ്പക്കാരായ അമ്മമാര്‍ എന്റെയൊപ്പമുണ്ട്. 77 വയസായ എന്നെ എല്ലാ തരത്തിലും അവര്‍ ഏതു സമയവും സഹായിക്കാന്‍ തയ്യാറാണ്. അവരില്‍ ചിലരാണ് എ.വി.റ്റിയില്‍ ജോലി ചെയ്യുന്ന ഉഷ, രാജി, പുഷ്‌പ, രമ, ഇന്‍കംടാക്‌സില്‍ ജോലി ചെയ്യുന്ന അനിത, വര്‍മ & വര്‍മയില്‍ ജോലി ചെയ്യുന്ന ലക്ഷ്‌മി, ഇറിഗേഷനില്‍ വര്‍ക്ക് ചെയ്യുന്ന പുഷ്‌പ കൂടാതെ സ്റ്റാലിയന്‍സ് ഗോപന്‍. പേരെടുത്തു പറയാന്‍ കുറെപേരുണ്ട്. നിന്റെ അച്ഛന്റെ മൗനസമ്മതം എനിക്കെപ്പോഴുമുണ്ട്. ഗുരുത്വവും ഈശ്വരാനുഗ്രഹവും എനിക്ക് വേണ്ടുവോളം ഉണ്ടെന്ന് വിശ്വസിക്കുന്നു. ഇനിയും ആരോഗ്യവും ആയുസ്സും ദൈവം തന്നാല്‍ കുറെയേറെ കാര്യങ്ങള്‍ കൂടി ചെയ്യാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നു. കലയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടി E.K.M കരയോഗം, പൗരസമിതി, കുമ്പളം RPM H.S, G.H.S കണ്ണൂര്‍, H.S. Fathmamatha തിരൂര്‍, Mount Carmel Kottayam, S.T. Pauls Vellanad, E.K.M Sreesamagam, G.U.P.S. Koothattukulam എന്നിവിടങ്ങളിലേക്ക് എന്റോമെന്റ് കൊടുത്തിട്ടുണ്ട്. അവസാനമായി, എന്റെ കാലശേഷം Society for Organ Retrieval & Transplantation I.M.A. T.O road Cochi ലേക്ക് എന്റെ body donation after death ചെയ്‌തു കഴിഞ്ഞു.