സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

നിരീക്ഷ സ്‌ത്രീ നാടകവേദി

എസ്‌.കെ. മിനി



കേരളത്തിലെ ഏക സ്‌ത്രീ നാടകവേദിയാണ്‌ `നിരീക്ഷ.' ചിന്താഗതിയിലും കാഴ്‌ചപ്പാടിലും പ്രതിബദ്ധതയിലും ഒട്ടേറെ പൊരുത്തങ്ങളുള്ള രണ്ടു സ്‌ത്രീകളാണ്‌ `നിരീക്ഷ'യ്‌ക്കു രൂപം കൊടുത്തത്‌.

ഗണിത ശാസ്‌ത്രാദ്ധ്യാപികയായിരുന്ന രാജരാജേശ്വരിയും തൃശൂര്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയുടെ സംഭാവനയായ കെ.വി.സുധിയും. പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല `നിരീക്ഷ.' നിരന്തരമായ ആശയവിനിമയങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്ന്‌ സ്ഥായിയായ `തട്ടക'ത്തിലെത്തിച്ചേര്‍ന്ന സ്വാഭാവികമായ വളര്‍ച്ചയായിരുന്നു നിരീക്ഷയുടേത്‌. കോളേജ്‌ കാമ്പസില്‍ കുട്ടികളുമായി ഇടപഴകുമ്പോള്‍, പഠനമുള്‍പ്പെടെയുള്ള, സാമൂഹിക ഇടപെടലുകളില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കാന്‍ നാടകമെന്ന മാധ്യമത്തിലൂടെ എത്രത്തോളം സാധിക്കുമെന്ന്‌ ചിന്തിച്ചു നടന്ന കാലത്താണ്‌ രാജരാജേശ്വരി കെ.വി. സുധിയെ കണ്ടെത്തുന്നത്‌. രണ്ടു ചിന്തകള്‍ കൂട്ടിമുട്ടിയപ്പോള്‍ കുറച്ചുകൂടി വിശാലമായ ദൗത്യമാണ്‌ തങ്ങളേറ്റെടുക്കേണ്ടതെന്ന്‌ അവര്‍ തിരിച്ചറിയുകയായിരുന്നു.

പുരാണകാലംതൊട്ട്‌ ഇന്നേവരെ ഏതു മേഖലയെടുത്താലും സ്‌ത്രീ കേന്ദ്രസ്ഥാനത്തുനിന്ന്‌ തിരസ്‌കൃതയാണ്‌. കലയിലും സാഹിത്യത്തിലും രാഷ്‌ട്രീയത്തിലും എന്തിന്‌ ജീവിതത്തിലും പുരുഷകേന്ദ്രീകൃതമായ നിലപാടുകളോട്‌ പൊരുത്തപ്പെട്ടു തുടര്‍ന്നുപോരുന്ന രീതിയാണ്‌ പരക്കെ കണ്ടുവരുന്നത്‌. അങ്ങിങ്ങ്‌ ചില പ്രതിരോധങ്ങളും മുന്നേറ്റശ്രമങ്ങളും ഉണ്ടാകുന്നില്ല എന്നല്ല, എങ്കിലും മറ്റേതു മേഖലയിലുമെന്നപോലെ നാടകവേദിയെ സംബന്ധിച്ചും പുരുഷാധിപത്യം തന്നെയാണ്‌ നിലനില്‍ക്കുന്നത്‌. അത്തരമൊരു സാഹചര്യത്തില്‍ സ്‌ത്രീകളുടെ നേതൃത്വത്തില്‍ ഒരു നാടകവേദി രൂപപ്പെട്ട്‌ പരിക്കുകള്‍ കൂടാതെ നിലനില്‍ക്കുക എന്നത്‌ കടുത്ത വെല്ലുവിളിയാണ്‌. ഈ വെല്ലുവിളി വിജയകരമായി നേരിട്ടുകൊണ്ടുതന്നെ `നിരീക്ഷ' യാത്ര തുടരുന്നു.

1998ലാണ്‌ `നിരീക്ഷ'യുടെ ആവിര്‍ഭാവം. തുടക്കത്തില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി നാടക പരിശീലന ശില്‍പശാലകള്‍ സംഘടിപ്പിച്ചു. 1999 ല്‍ കുട്ടികള്‍ക്കായി `അനുഭാവം 99' എന്ന ശില്‍പശാല സംഘടിപ്പിച്ചു. 2005ലും നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയിലെ മായ കെ. റാവുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട അനുഭാവ-05 വന്‍ വിജയമായിരുന്നു. ഇതിനിടയില്‍ പല ആക്‌ടിവിസ്റ്റ്‌ ഗ്രൂപ്പുകളോടും സഹകരിച്ചുകൊണ്ട്‌ നിരവധി തെരുവുനാടകങ്ങള്‍ അവതരിപ്പിക്കുന്നുണ്ടായിരുന്നു. സ്വന്തമായ സംരഭങ്ങള്‍ക്ക്‌ സമയമായെന്ന്‌ ബോധ്യം വന്നപ്പോള്‍, ചെറിയ ചെറിയ പൊഡക്ഷനുകളിലേക്ക്‌ (ചെറുനാടകാവതരണത്തിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചു.) `നിരീക്ഷ'യുടെ പ്രവര്‍ത്തനങ്ങളില്‍, തുടക്കത്തില്‍തന്നെ ഏറെ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ അവതരണമായിരുന്നു `കനല്‍പോട്‌' എന്ന നാടകം. സ്വതന്ത്രമായി ചലിച്ച്‌, ശരീരഭാഷ പരമാവധി പ്രയോജനപ്പെടുത്തേണ്ട കലാരൂപമാണ്‌ നാടകമെന്ന വിവക്ഷയുള്ളപ്പോള്‍തന്നെ, അതിനെ വെല്ലുവിളിച്ചുകൊണ്ട്‌ രംഗഭാഷയില്‍, നിയമങ്ങളുടെ ചട്ടക്കൂടുകളെ തകര്‍ക്കുകയായിരുന്നു അതിലെ അഭിനേതാക്കള്‍. ചെഷയര്‍ ഹോമിലെ അന്തേവാസികള്‍ വീല്‍ചെയറിലിരുന്നുകൊണ്ട്‌ അവതരിപ്പിച്ച `കനല്‍പോട്‌' കാഴ്‌ചക്കാരിലും ആസ്വാദ്യതയുടേയും പുതിയ തിരിച്ചറിവിന്റേയും കനലെരിച്ചു. മലയാള നാടകവേദിയില്‍ത്തന്നെ ആദ്യസംരഭമായി ഇത്‌ വിലയിരുത്തപ്പെട്ടു. 2002 ഏപ്രിലിലായിരുന്നു കനല്‍പോട്‌ അവതരിപ്പിച്ചത്‌. 2004 ല്‍ കാമ്പസ്സുകളില്‍ അവതരിപ്പിച്ച ലഘു നാടകമാണ്‌ `ഇങ്ങനെ.' അപമാനിക്കപ്പെട്ട്‌ വലിച്ചെറിയപ്പെടുന്ന സ്‌ത്രീത്വത്തെ രംഗത്തവതരിപ്പിക്കുകയായിരുന്നു `ഇങ്ങനെ.'

അതേവര്‍ഷം തന്നെ ഒക്‌ടോബറില്‍ അട്ടപ്പാടിയില്‍ ഒരു നാടകശില്‍പശാല സംഘടിപ്പിക്കുകയുണ്ടായി. ശില്‍പശാലയില്‍ പങ്കെടുത്ത പ്രദേശവാസികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ `അച്ചരലോകം' എന്ന നാടകം രൂപീകരിച്ചു. 2005ല്‍ മേയ്‌ 11ന്‌ വൈലോപ്പിള്ളി കവിതയ്‌ക്ക്‌ സ്‌ത്രീപക്ഷഭാഷ്യം ചമച്ചുകൊണ്ട്‌ `കുടിയൊഴിക്കല്‍' നാടകം ശ്രദ്ധ പിടിച്ചു പറ്റി. 2005 നവംബറില്‍ `ഭേരി' എന്ന പേരില്‍ സ്‌ത്രീകളുടെ നാടകശില്‍പശാല, 2007ല്‍ ശ്രീരാമമൂര്‍ത്തിയുടെ നേതൃത്വത്തില്‍ സാങ്കേതിക ശില്‍പശാല, അതേവര്‍ഷം മേയ്‌ മാസത്തില്‍ സ്‌ത്രീകളുടെ കലോത്സവം, സെപ്‌റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയിലെ അദ്ധ്യാപികയായ അനാമിക ഹക്‌സറുടെ നേതൃത്വത്തില്‍ സ്‌ത്രീകള്‍ക്കായുള്ള അഭിനയക്കളരി. അതിന്‍രെ തുടര്‍ച്ചയായി രൂപപ്പെട്ട `അമ്മ' എന്ന നാടകത്തിന്റെ അവതരണം എന്നിവയും നിരീക്ഷയുടെ പ്രവര്‍ത്തനങ്ങളില്‍ എടുത്തു പറയേണ്ട സംരഭങ്ങളായി. ശില്‍പശാലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച `പ്രവാചക' എന്ന നാടകം, സ്‌ത്രീയുടെ വാക്കും നോക്കും സമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങള്‍ എന്തൊക്കെയെന്ന്‌ തുറന്നു കാട്ടി. രംഗഭാഷ്യത്തിന്‌, ഒത്തുതീര്‍പ്പില്ലാത്ത പരീക്ഷണവും സ്‌ത്രീ നോട്ടത്തിന്‌ കര്‍ക്കശവും അര്‍ത്ഥപൂര്‍ണമായ വ്യാപ്‌തിയും ഈ നാടകം ഉടനീളം പ്രേക്ഷകന്‌ സമ്മാനിച്ചു. കേരള സംഗീതനാടക അക്കാഡമിയുടെ അമച്വര്‍ നാടകമത്സരത്തില്‍ മികച്ച നടക്കുള്ള അവാര്‍ഡ്‌ ഈ നാടകത്തിന്‌ ലഭിച്ചു. നിരവധി ദേശീയ നാടകോത്സവങ്ങളില്‍ `പ്രവാചക' അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്നും സ്‌ത്രീകള്‍ക്കായി നിരവധി ശില്‍പശാലകള്‍ സംഘടിപ്പിക്കപ്പെട്ടു. കുടുംബശ്രീയുമായി സമഹരിച്ച്‌, സ്‌ത്രീകള്‍ക്ക്‌ നാടക പരിശീലനം നല്‍കുകയും സോദ്ദേശ-പ്രചാരണ-നാടകങ്ങള്‍ കേരളത്തിലുടനീളമുള്ള ജില്ലകളില്‍ അവതരിപ്പിക്കുകയും ചെയ്‌തു.

`ആണുങ്ങള്‍ ഇല്ലാത്ത പെണ്ണുങ്ങള്‍', `നിഴലുകളുടെ മണം' (ഹ്രസ്വ നാടകം) എന്നിവ സമൂഹത്തെ അലോസരപ്പെടുത്തുംവിധം ചോദ്യങ്ങളുയര്‍ത്തി. ചോദ്യംചെയ്യപ്പെടുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, `നിരീക്ഷ' അതിന്റെ ലക്ഷ്യത്തോട്‌ ഏറെ അടുക്കുകയാണെന്നു പറയാം. 2013 അവസാനിപ്പിക്കുമ്പോള്‍ `പുനര്‍ജ്ജനി' എന്ന ഏറ്റവും പുതിയ നാടകത്തിന്റെ ജനനവും നടന്നു കഴിഞ്ഞിരുന്നു. നാടകം നിറഞ്ഞ സദസ്സിനു മുന്നില്‍ മൂന്നു തവണ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു.

2014 ഏപ്രില്‍ മാസം 3-ാം തീയതി മുതല്‍ 15 ദിവസം നീണ്ടു നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള നാടക ശില്‍പശാലയ്‌ക്ക്‌ - അനുഭാവ 2014 - ഒരുങ്ങുകയാണ്‌ നിരീക്ഷ.

പാപ്പനംകോടിനടുത്ത്‌, പാമാംകോട്‌ എന്ന സ്ഥലത്ത്‌ `നിരീക്ഷ'യ്‌ക്ക്‌ ഇന്ന്‌ സ്വന്തമായൊരിടമുണ്ട്‌. അവിടെ വിശാലമായൊരു വേദിയും ഓഫീസും പരിശീലനത്തിനും താമസത്തിനുമായുള്ള മുറികളും ചെത്തി വെടിപ്പാക്കിയ മുറ്റവും നിരീക്‌,യ്‌ക്കുണ്ട്‌. `സ്വന്തമായ ഇടത്തില്‍' നിന്നു കൊണ്ടുതന്നെ സ്‌ത്രീയുടെ അന്വേഷണങ്ങളുടെ ലക്ഷ്യവും മാര്‍ഗവും അര്‍ത്ഥവും നവീകരിക്കുകയാണ്‌ `നിരീക്ഷ.'

നാടകാഭിനയത്തിലെ സ്‌ത്രീ സാന്നിദ്ധ്യത്തിനപ്പുറം കഥയും രചനയും സംവിധാനവും സ്‌ത്രീ തന്നെ നിര്‍വഹിക്കുക, അങ്ങനെ സ്‌ത്രീപക്ഷ ചിന്തകളും കാഴ്‌ചപ്പാടുകളും അവതരിപ്പിക്കുക എന്നതാണ്‌ നിരീക്ഷ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌. തീര്‍ച്ചയായും പുരുഷകഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി, കേന്ദ്രകഥാപാത്രങ്ങള്‍ സ്‌ത്രീകള്‍ തന്നെ അവതരിപ്പിക്കപ്പെടുന്നതുവഴി, സ്‌ത്രീത്വത്തിന്‌ വലിയൊരു അംഗീകാരവും സ്ഥാനവുമാണ്‌ നല്‍കപ്പെടുന്നത്‌. കലാരംഗം കേവലം വിനോദോപാധികള്‍ മാത്രമായി മാറുകയും നാടകങ്ങളുള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ പൊള്ളയായ ദൃശ്യങ്ങള്‍കൊണ്ട്‌ നിറയ്‌ക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. ചിന്തയെ ഉത്തേജിപ്പിക്കുന്ന കലകള്‍ക്ക്‌ ഇടം നഷ്‌ടപ്പെടുന്നു. ഇവിടെയാണ്‌ മറുചിന്തയെ പ്രോത്സാഹിപ്പിക്കുന്ന നിരീക്ഷയുടെ പ്രസക്തി.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും