സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ലക്ഷം പിറവികള്‍ ഭദ്രം

പ്രിയ രവീന്ദ്രന്‍ഒരു ലക്ഷത്തിലധികം ജീവന്റെ തുടിപ്പുകള്‍ ഭദ്രമായി ഈ ലോകത്തിലേക്ക്‌ ആനയിച്ച ഒരു ഡോക്‌ടര്‍. പതിനായിരത്തിലധികം ഡോക്‌ടര്‍മാര്‍ക്ക്‌ പരിശീലനവും ആത്മവിശ്വാസവും കൈപ്പുണ്യവും പകര്‍ന്നുകൊടുത്ത ഗുരുസാന്നിധ്യം. പ്രശസ്‌ത ഗൈനക്കോളജിസ്റ്റ്‌ ഡോ. സുഭദ്രാ നായരെ രാജ്യത്തെ ഉന്നത ബഹുമതിയായ പത്മശ്രീ തേടിയെത്തിയത്‌ അര്‍ഹതയ്‌ക്കുള്ള അംഗീകാരമാണ്‌. ലക്ഷങ്ങളുടെ വേദനയ്‌ക്കും കരുതലിനും സന്തോഷത്തിനും താങ്ങായി നിന്നതിന്റെ പാരിതോഷികം. എത്രയോ അമ്മമാര്‍ ആ ആഹ്‌ളാദങ്ങളില്‍ ഇന്നു പങ്കു ചേരുന്നു. ഡോക്‌ടറുടെ കൈകളിലൂടെ ഈ ലോകത്തിലേക്ക്‌ കടന്നുവന്ന എത്രയോ ജന്മങ്ങള്‍ അഭിമാനപുരസ്സരം ആശീര്‍വാദം ഹൃദയത്തില്‍ തൊട്ടറിയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും എസ്‌.എ.ടി.യിലും കേരളത്തിന്റെ മറ്റ്‌ ഭാഗങ്ങളിലുമായി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം മാത്രം ലക്ഷ്യമിട്ട്‌ അരനൂറ്റാണ്ടു കാലത്തെ ആതുരസേവനം പിന്നിടുന്ന ഡോ. സുഭദ്ര നായര്‍ സപ്‌തതി പിന്നിട്ടിട്ടും കര്‍മ്മനിരതയായി തുടരുന്നു. 

ഒരു ലക്ഷത്തിലധികം പ്രസവമെടുത്തു. നിരവധി മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്‌ധരാക്കി. തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു?
തീര്‍ച്ചയായും ചാരിതാര്‍ത്ഥ്യമുണ്ട്‌. വെറുമൊരു ഡോക്‌ടറാകാന്‍ എനിക്ക്‌ ആഗ്രഹമില്ലായിരുന്നു. എന്തെങ്കിലും ഒക്കെ ചെയ്‌തു എന്ന തോന്നല്‍ ഉണ്ടാകണം. കഴിഞ്ഞ 50 വര്‍ഷവും ഞാന്‍ അതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടേയിരുന്നു. ആദ്യം, 1954-ല്‍ ഒരു ജൂനിയര്‍ ഡോക്‌ടര്‍ ആയി തുടങ്ങിയതാണ്‌. പിന്നീട്‌ ഗൈനോക്കോളജി വിഭാഗം മേധാവിയായി. ഒരു ദിവസം 20 ഉം 30 ഉം പ്രസവം വരെ കൈകാര്യം ചെയ്‌തിരുന്നു. അതുകൊണ്ട്‌ ഒന്നിനും ഒരു കണക്കില്ല. പിന്നീടൊരിക്കല്‍, ഈ സേവനത്തിന്റെ കണക്കുകള്‍ വേണ്ടിവരുമെന്ന്‌ ഒരിക്കലും കണക്കുകൂട്ടിയതുമില്ല. 

അരനൂറ്റാണ്ടിനിടയില്‍ ആരോഗ്യരംഗം മുന്നോട്ട്‌ കുതിച്ചോ?
ഉറപ്പായിട്ടും. അന്നൊന്നും പ്രസവത്തിന്‌ ആശുപത്രിയില്‍ പോകുന്ന പതിവില്ല. അഥവാ വന്നാല്‍ തന്നെ ഏതെങ്കിലും നാട്ടുവൈദ്യന്‍ പറഞ്ഞിട്ടാകും. എന്തെങ്കിലും ഗുരുതരകുഴപ്പങ്ങളുമായി ആയിരിക്കും വരവ്‌. ഗര്‍ഭ പരിരക്ഷ ഒന്നും കിട്ടാതെ 10 മാസവും കഠിന ജോലികള്‍ ചെയ്‌ത്‌, ശരിയായ ഭക്ഷണം കഴിക്കാതെ ഒക്കെ കൂടി സങ്കീര്‍ണ്ണ സ്ഥിതിയില്‍ എത്തുന്നവരെ പലപ്പോഴും രക്ഷിക്കാനാവില്ല. ഒന്നുകില്‍ അമ്മയെ അല്ലെങ്കില്‍ കുഞ്ഞിനെ നഷ്‌ടപ്പെടും. അങ്ങനെ അമ്മമാരുടെ ആരോഗ്യപരിപാലനത്തിന്‌ ബോധവല്‍ക്കരണം തുടങ്ങി. അത്‌ ഏറെ വിഷമകരമായിരുന്നു. പിന്നീട്‌ മാതൃ-ശിശു മരണനിരക്ക്‌ കുറയ്‌ക്കാനായി എന്റെയും ഒപ്പമുള്ളവരുടെയും പരിശ്രമം. ഇപ്പോ മാസമുറ രണ്ട്‌ ദിവസം വൈകിയാല്‍ പെണ്‍കുട്ടികള്‍ തന്നെ ഗര്‍ഭിണിയാണോ എന്ന്‌ സ്വയം കണ്ടെത്തും. എപ്പോ പരിശോധനയ്‌ക്ക്‌ വരണം, സ്‌കാനിംഗ് എപ്പോ വേണം എന്നൊക്കെ ചോദിച്ചറിയാന്‍ പ്രാപ്‌തരായി. സന്താന നിയന്ത്രണവും ആരോഗ്യമുള്ള ഒരു തലമുറയേയും ലക്ഷ്യമിട്ട്‌ നടത്തിയ പരിശ്രമങ്ങള്‍ ഫലം കണ്ടു. പോളിയോ, ടി.ബി, വിളര്‍ച്ച, കുഷ്‌ഠം തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ മരുന്നിനുപോലും ഇല്ലാതായി. ഇതിന്‌ ഒക്കെ പിന്നില്‍ ഞാനടക്കമുള്ള ഒരു തലമുറയുടെ കഠിനശ്രമം ഉണ്ട്‌. 

ആരോഗ്യരംഗത്തെ ചെലവ്‌ നോക്കിയാല്‍ സാധാരണക്കാരന്‌ താങ്ങാവുന്നതില്‍ അധികമായി. സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും ആയിരങ്ങള്‍ മുടക്കേണ്ട അവസ്ഥ. പിന്നെ എങ്ങനെ ആരോഗ്യരംഗം മെച്ചപ്പെട്ടു എന്ന പറയാനാകും?
ഒരു സാധാരണക്കാരന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി, പഞ്ചനക്ഷത്ര സൗകര്യം വേണമെന്ന്‌ ശഠിക്കരുത്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒട്ടേറെ പരിമിതികള്‍ ഉണ്ട്‌. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോലും ഡോക്‌ടര്‍മാരെ കാണാന്‍ കാശുമുടക്കേണ്ട. നല്ല മരുന്നുകിട്ടും. പക്ഷേ ഏറെ നേരം കാത്തിരിക്കേണ്ടി വരും. അതിനുള്ള ക്ഷമയും സഹനശീലവും ഇല്ലാതെ വരുമ്പോള്‍ കച്ചവടത്തിനായി ഇരിക്കുന്ന സ്വകാര്യ ആശുപത്രികളെ സമീപിക്കും. സര്‍ക്കാര്‍ സൗകര്യങ്ങളുമായി സമരസപ്പെടാന്‍ സാധാരണക്കാര്‍ തയ്യാറകണം.

അമ്മ എന്ന കണ്‍സെപ്‌റ്റില്‍ ചെറുപ്പക്കാര്‍ക്ക്‌ വന്ന മാറ്റം എങ്ങനെയാണ്‌? പ്രസവം ഒരു രോഗമായി കാണാന്‍ തുടങ്ങിയോ?
മാധ്യമങ്ങള്‍ക്ക്‌ ഇതില്‍ ഒരു വലിയ പങ്കുണ്ട്‌. ഗര്‍ഭം ധരിച്ചാല്‍ വിശ്രമം വേണം, അത്‌ ചെയ്യരുത്‌ ഇത്‌ ചെയ്യരുത്‌ തുടങ്ങിയ ഫീച്ചറുകളും പുസ്‌തകങ്ങളും ഇന്റര്‍നെറ്റ്‌ വിവരങ്ങളും പെണ്‍കുട്ടികളെ വളരെയധികം സ്വാധീനിക്കുന്നു. ഇത് രോഗാവസ്ഥയല്ല എന്ന്‌ പെണ്‍കുട്ടികളോട്‌ പറയാറുണ്ട്‌. അത്‌ അവര്‍ ഉള്‍ക്കൊള്ളുന്നുമുണ്ട്‌. 

പെണ്‍കുട്ടികള്‍ക്ക്‌ പ്രസവവേദന സഹിക്കാനും ബുദ്ധിമുട്ട്‌ തോന്നിതുടങ്ങി. വരാനിരിക്കുന്ന ആഹ്ലാദമുഹൂര്‍ത്തത്തിന്‌ വേണ്ടി ഒരു വേദന എന്ന തോന്നല്‍ മാതൃത്വത്തിന്‌ പിന്നില്‍ ഇല്ലേ?
പണ്ടത്തെ പെണ്‍കുട്ടികള്‍ക്ക്‌ ഉണ്ടായിരുന്ന സഹനശക്തിയും ധൈര്യവും ചോര്‍ന്ന്‌ പോയിരിക്കുന്നു. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക്‌ ധൈര്യമുണ്ട്‌. അത്‌ മറ്റു പലതിലുമാണ്‌. ഏതോ വലിയ സംഭവം വരാന്‍ പോകുന്ന പ്രതീതിയാണ്‌ പ്രസവത്തെ കാണുന്നത്‌. ഇത്‌ മാറ്റാന്‍ കൗണ്‍സിലിങ്ങ്‌ അത്യാവശ്യമാണ്‌. ഗര്‍ഭം ധരിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും കൗണ്‍സിലിങ്ങ്‌ നല്‍കണം. ചിലയിടങ്ങളില്‍ ഇത്‌ തുടങ്ങുകയും ചെയ്‌തു. പക്ഷേ പലപ്പോഴും ജോലി തിരക്ക്‌ മൂലം ആരും വരാറില്ല. 

ഒരു കുഞ്ഞ്‌ ഉണ്ടായാല്‍ സ്വാതന്ത്ര്യം നഷ്‌ടമാകും എന്ന ധാരണയും ന്യൂജനറേഷനിടയില്‍ കൂടി വരുന്നു അല്ലേ?
അതെ. എല്ലാവര്‍ക്കും അവനവന്റെ കാര്യം. കൂട്ടു കുടുംബത്തിന്റെ ആവശ്യകത ഇപ്പോഴാണ്‌ തിരിച്ചറിയുന്നത്‌. കല്യാണം കഴിഞ്ഞ്‌ പിറ്റേന്ന്‌ തന്നെ ഭാര്യയും ഭര്‍ത്താവും വീടുമാറും. പിന്നെ ഞാനും എന്റെ ഭാര്യയും മാത്രം ഉള്‍പ്പെട്ടതായി ലോകം ചുരുങ്ങി. പരസ്‌പര സഹായത്തിന്‌ ആളില്ലാതെ കുഴങ്ങുന്നവര്‍ എങ്ങനെ ഉടനടി ഒരു കുഞ്ഞിനെ കുറിച്ച്‌ ചിന്തിക്കും?

ഫാമിലി പ്ലാനിങ്ങിന്റെ ദൂരവ്യാപക പ്രത്യാഘാതമാണോ ഇത്‌?
അത്‌ കൂട്ടി കുഴയ്‌ക്കാനാവില്ല. ഉള്ള ആളുകള്‍ക്ക്‌ ഭംഗിയായി ജീവിക്കാന്‍ കഴിയുന്ന ചിന്താഗതി ആയിരുന്നു ഫാമിലി പ്ലാനിങ്ങിന്‌ പിന്നില്‍. പക്ഷേ അത്‌ പ്രാവര്‍ത്തികമാക്കിയപ്പോള്‍ എല്ലാം വിചാരിച്ച പോലെ നടന്നില്ല. 

നോര്‍മല്‍ പ്രസവം ആണോ? സിസേറിയന്‍ ആണോ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന്‌ അഭികാമ്യം?
തീര്‍ച്ചയായിട്ടും നോര്‍മല്‍ പ്രസവം തന്നെ. പ്രസവം സാധാരണ പോലെയാണെങ്കില്‍ കുഞ്ഞിന്‌ എത്രയും വേഗം അമ്മയുടെ ചൂടും സംരക്ഷണവും കിട്ടും. അമ്മ-കുഞ്ഞ്‌ ബന്ധം ആദ്യ മിനിറ്റുകളില്‍ തന്നെ കിട്ടിയാല്‍ ആ ബന്ധത്തിന്റെ ഗുണമുണ്ടാകും. സിസേറിയന്‍ കഴിഞ്ഞ്‌ വേദന തിന്നുന്ന അമ്മയുടെ അടുത്ത്‌ കുഞ്ഞിനെ ഉടനെ കൊണ്ടു പോകാനാവില്ല. അത്‌ എങ്ങനെയായാലും ഗുണകരമല്ല. 

പിന്നെ എന്തുകൊണ്ട്‌ സിസേറിയന്‍ നിരക്ക്‌ കൂടുന്നു? സിസേറിയന്‍ വേണ്ട എന്നൊരു ബോധവല്‍ക്കരണം നടത്തേണ്ടതല്ലേ?
ഞാന്‍ പറഞ്ഞല്ലോ പെണ്‍കുട്ടികളുടെ സഹനശക്തി കുറഞ്ഞുവരുന്നു എന്ന്‌. ഗര്‍ഭിണികളായിരിക്കുമ്പോ തന്നെ പെണ്‍കുട്ടികള്‍ സിസേറിയന്‍ മതിയെന്ന്‌ നിഷ്‌കര്‍ഷിക്കും. അവരുടെ മാതാപിതാക്കളും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. എന്റെ മകള്‍ ഇതുവരെയും ഒരു വേദനയും അനുഭവിച്ചിട്ടില്ല. അതുകൊണ്ട്‌ അവര്‍ക്ക്‌ പ്രസവവേദന താങ്ങാനാകില്ല എന്ന്‌ അഭ്യര്‍ത്ഥിക്കും. വേദന ഉണ്ട്‌ എന്നത്‌ ശരിയാണ്‌. പക്ഷേ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടിയാല്‍ അമ്മമാര്‍ എല്ലാ വേദനയും മറക്കും. മറക്കണം അതാണ്‌ പതിവ്‌. എല്ലാ പ്രസവങ്ങള്‍ക്കും ഒരു റിസ്‌ക്‌ ഉണ്ട്‌. സുഖപ്രസവം നടക്കുമോ എന്ന്‌ പ്രവചിക്കാനാവില്ല. ചിലപ്പോ ആദ്യം തന്നെ വെള്ളം പുറത്തുപോകും, കുഞ്ഞിന്റെ തല താഴെ വരാതിരിക്കാം. വേദന ശരിക്കും അനുഭവപ്പെടാതിരിക്കാം. ഇത്തരം റിസ്‌ക്കുകള്‍ ഏറ്റെടുക്കാന്‍ 90 ശതമാനം പേരും ഒരുക്കമല്ല. ചികിത്സാ പിഴവിന്‌ ഡോക്‌ടറെ ശിക്ഷിക്കുന്ന ഈ കാലത്ത്‌ ഇത്തരം റിസ്‌ക്കുകള്‍ ബന്ധുക്കളെ ബോധ്യപ്പെടുത്താതിരിക്കാനാകില്ല. എന്തെങ്കിലും കുഴപ്പം വന്നാല്‍ അതുവരെ ചെയ്‌തത്‌ എല്ലാം മറക്കും. ഡോക്‌ടറെ മര്‍ദ്ദിക്കും, ആശുപത്രി തകര്‍ക്കും, പിന്നെ കേസായി, കോടതിയായി, നൂറ്‌ നൂറ്‌ ചോദ്യങ്ങള്‍. നേരിടാന്‍ ഡോക്‌ടര്‍മാരും തയ്യാറല്ല. ഇനി അഥവാ പകുതി റിസ്‌ക്‌ ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന്‌ മിക്കമാതാപിതാക്കളും 'നോ' പറയും. അതോ കത്തിവയ്‌ക്കല്‍ മാത്രമാകും പോംവഴി. പിന്നെ 20 നും 25 നും ഇടയിലുള്ള പ്രായമാണ്‌ ഗര്‍ഭം ധരിക്കാന്‍ ഏറ്റവും അനുയോജ്യം. ഇപ്പോ കല്യാണം കഴിഞ്ഞ്‌ നല്ല ജോലിക്കു വേണ്ടി കാത്തിരിക്കും. വീടും കാറും വേണമെന്ന ആഗ്രഹം പിന്നാലെ വരും. അതൊക്കെ കഴിയുമ്പോഴേയ്‌ക്ക്‌ പ്രായവും കടന്നിരിക്കും. പിന്നെ ജീവിത ശൈലി രോഗങ്ങള്‍ കൂടിയാകുമ്പോ കുഞ്ഞിന്റെ ഭാരം ക്രമാതീതമായി കൂടും. 4 ഉം 5 ഉം കിലോ തൂക്കമുള്ള കുഞ്ഞ്‌ നോര്‍മല്‍ പ്രസവത്തിലൂടെ പുറത്ത്‌ വരുന്നത്‌ റിസ്‌ക്കാണ്‌. ഇത്രയും കാലമായിട്ടും 50 കളിലെ ആ ജൂനിയര്‍ ഡോക്‌ടറുടെ ഹൃദയമിടിപ്പോടെയാണ്‌ ഓരോ പ്രസവകേസും ഞാന്‍ കൈകാര്യം ചെയ്യുക. 

വേദനയില്ലാത്ത പ്രസവം, വെള്ളത്തിലെ പ്രസവം, വീട്ടില്‍ പ്രസവിക്കുക ഇതിനോടൊക്കെ യോജിപ്പുണ്ടോ?
വേദനയില്ലാത്ത പ്രസവം ഇപ്പോ മിക്ക ആശുപത്രികളിലും ഉണ്ട്‌. അരയ്‌ക്ക്‌ താഴെ മരവിപ്പിച്ചശേഷമാണ്‌ ഇത്‌ ചെയ്യുന്നത്‌. അതിന്‌ ചെലവ്‌ ഏറും. അതുപോലെ തന്നെയാണ്‌ വെള്ളത്തിലെ പ്രസവവും, വെള്ളത്തില്‍ ഇരുന്നാല്‍ വേദന കുറയും എന്നാണ്‌ കരുതുന്നത്‌. എന്നാല്‍ കുഞ്ഞിന്റെ ചലനങ്ങളും ഹൃദയമിടിപ്പും നിരന്തരം നിരീക്ഷിക്കുക എന്നത്‌ പ്രയോഗികമല്ല. ഇത്തരം പ്രസവരീതികളെല്ലാം ആഡംബരങ്ങളാണ്‌. പണം കുന്നുകൂടി കിടക്കുന്ന പാശ്ചാത്യരാജ്യങ്ങളില്‍പോലും ഇതൊന്നും പ്രോത്സാഹിപ്പിക്കാറില്ല. ബുദ്ധിമുട്ടും വേദനയും ഒരല്‌പം നേരത്തേയ്‌ക്ക്‌ സഹിച്ചാല്‍ സാധാരണ പ്രസവം തന്നെയാണ്‌ അഭികാമ്യം.

സ്വകാര്യ ആശുപത്രിയിലെ പല ഡോക്‌ടര്‍മാരും ടാര്‍ഗറ്റ്‌ വച്ചാണ്‌ രോഗികളെ പരിശോധിക്കുന്നത്‌ എന്ന കേള്‍ക്കുന്നു. ഒരു ഡോക്‌ടര്‍ ഒരു മാസം ഇത്രവരുമാനം ഉണ്ടാക്കിയിരിക്കണം എന്നും മറ്റും.....?
എന്തായാലും എന്റെ കാര്യത്തില്‍ അതല്ല. എന്നോട്‌ ആരും ഇത്ര സിസേറിയന്‍ ചെയ്യണം എന്ന്‌ ഇതുവരെ നിര്‍ദ്ദേശിച്ചിട്ടില്ല. 

അമ്മയും ഡോക്‌ടര്‍ ആയിരുന്നല്ലോ? അങ്ങനെയാണോ? ഈ വഴി തെരഞ്ഞെടുത്തത്‌?
അമ്മ, ഡോ. മാധവി അമ്മ പ്രചോദനമായി എന്നത്‌ ശരിയാണ്‌. എന്നാല്‍ ചേട്ടന്‍ മദ്രാസില്‍ അറിയപ്പെട്ടിരുന്ന പ്രമേഹ ചികിത്സാ വിദഗ്‌ധനായിരുന്നു. ഡോ. വിശ്വനാഥന്‍ ചേട്ടന്റെ മാതൃകകളാണ്‌ ഞാന്‍ കൂടുതല്‍ സ്വാധീനിച്ചത്‌. എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞ്‌ നോക്കുമ്പോള്‍ അമ്മയുടേത്‌ വളരെ ത്യാഗപൂര്‍ണ്ണമായ ജീവിതമായിരുന്നു. 100 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മദ്രാസില്‍ പോയി ബിരുദമെടുക്കാന്‍ കഴിഞ്ഞു. ഓരോ വീടുകളിലും കയറി ഇറങ്ങിയാണ്‌ ചികിത്സ. പ്രസവമെടുക്കാന്‍ അര്‍ധരാത്രി പോലും മണ്ണെണ്ണ വിളക്കും ഉപകരണങ്ങളും തൂക്കി പോയിട്ടുണ്ട്‌. ആ കൈപുണ്യം അറിഞ്ഞ എത്രയോ പേര്‍ അമ്മയെ കാണുമ്പോള്‍ കാലങ്ങള്‍ക്കുശേഷവും വന്ന്‌ കാലില്‍ വീണ്‌ വണങ്ങുമായിരുന്നു. 

കുടുംബം?
ഭര്‍ത്താവ്‌ ഗോപാലകൃഷ്‌ണപിള്ള പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ എസ്‌.പിയായി വിരമിച്ചു. 2012 ല്‍ ഞങ്ങളെ വിട്ടുപിരിഞ്ഞു. രണ്ട്‌ പെണ്‍മക്കള്‍ ഒരാള്‍ യു.കെയില്‍ പീഡിയാട്രീഷ്യനായും രണ്ടാമത്തെയാള്‍ ബാംഗ്ലൂരില്‍ എഞ്ചിനീയറായും ജോലി നോക്കുന്നു. 

പത്മശ്രീ കിട്ടിയപ്പോള്‍ എന്ത്‌ തോന്നി? 
സന്തോഷത്തേക്കാളുപരി രണ്ടാഴ്‌ച്ച വിശ്രമമില്ലാതെ ശബ്‌ദിച്ച ഫോണ്‍ എന്നെ അതിശയിപ്പിച്ചു. ഇത്രയധികം ആളുകള്‍ എന്നെ അറിയുന്നു, അവരുടെ മനസ്സില്‍ ഞാനുണ്ട്‌ എന്ന്‌ തിരിച്ചറിഞ്ഞ്‌ അപ്പോഴാണ്‌. നെടുമങ്ങാട്‌ നിന്ന്‌ വളരെ പ്രായമായ ഒരു സ്‌ത്രീ ഒരു 10 രൂപ നോട്ട്‌ വച്ച്‌ എനിക്ക്‌ ഒരു കത്തയച്ചു. അതിന്‌ ഒരു ആശംസാ കാര്‍ഡിനേക്കാള്‍ വിലയുണ്ടെന്ന്‌ തിരിച്ചറിഞ്ഞ്‌ അവര്‍ തന്ന നമ്പറിലേക്ക്‌ തിരിച്ചു വിളിച്ച്‌ സന്തോഷം പങ്കുവച്ചപ്പോഴാണ്‌. ആ കത്ത്‌ ഞാനിപ്പോഴും സൂക്ഷിക്കുന്നു.

കൊച്ചുള്ളൂരിലെ ഈ വലിയ വീട്ടില്‍ ഡോക്‌ടര്‍ സുഭദ്ര ഒറ്റയ്‌ക്കല്ല. പതിനായിരങ്ങളുടെ പ്രാര്‍ത്ഥനയും തീര്‍ത്താല്‍ തീരാത്ത കടപ്പാടും അവര്‍ അനുഭവിച്ചറിയുന്നു. അതാണ്‌ ഈ അമ്മയുടെ മനം കുളിര്‍പ്പിക്കുന്നത്‌. അടുത്ത പിഞ്ചു ജീവനെ വരവേല്‍ക്കാനായി നീങ്ങാന്‍ കരുത്താകുന്നത്‌.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും