കേരളത്തിന്റെ കുടുംബശ്രീക്ക് 25 വയസ്സ് തികഞ്ഞു. ഒരു ഉത്തമയായ ,കരുത്തയായ യുവതി ! 2006 -2010 കാലത്ത് കുടുംബശ്രീ സംസ്ഥാന മിഷനിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ഈ അനുപമ പ്രസ്ഥാനത്തെ അടുത്തറിയാൻ സഹായിച്ചു. നൂറു കണക്കിന്,ആയിര കണക്കിന് സ്ത്രീ ജീവിതങ്ങൾ . അവരുടെ നേട്ടങ്ങൾ ,അഭിമാനങ്ങൾ ,നിത്യജീവിത പോരാട്ടങ്ങൾ തൊട്ടറിഞ്ഞു. കുടുംബം എന്ന ആണധികാര സ്ഥാപനത്തെ താങ്ങി നിർത്തുവാനും മുന്നോട്ടു കൊണ്ടുപോകുവാനും സ്ത്രീകൾ സഹിക്കുന്ന ദുരിതം അമ്പരപ്പിച്ച കാലം . ഇതിനിടയിൽ അവർ കുടുംബശ്രീ കുടക്കീഴിൽ തണൽ പറ്റി നിന്നു . കുറച്ചു പേരെങ്കിലും സാമ്പ്രദായികതയുടെ നുകത്തിൽ നിന്നും കുതറി മാറി. കുറെ അധികം പേർ മുഖ്യധാരാ രാഷ്ട്രീയ,സാമൂഹ്യ പ്രവർത്തകർ ആയി. അവരുടെ നിൽപ്പും നോട്ടവും ഭാഷയും ആത്മവിശ്വാസമുള്ളതായി തീർന്നു. സ്വന്തം സംരംഭങ്ങളിൽ നിന്നും വരുമാനം ഉണ്ടാക്കിയവർക്ക് വീട്ടിലും നാട്ടിലും വിലയായി . വിപണനമേളകളിൽ പങ്കെടുക്കാൻ പലരും ദില്ലിവരെ മാത്രമല്ല, ചൈനയിലും പോയി. ബാങ്കും പഞ്ചായത്തും വികസനവും രാഷ്ട്രീയവും അവരുടെ ദൈനംദിന ജീവിതചര്യയുടെ ഭാഗമായി . കുടുംബശ്രീ തങ്ങളുടെ ജീവിതത്തെ അപ്പാടെ മാറ്റി എന്ന് അഭിമാനത്തോടെ പറയുന്ന ആയിരങ്ങൾ... ഇനി എന്താണ് കുടുംബശ്രീയുടെ മുന്നിൽ ഉള്ള വെല്ലുവിളി ? ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യത്തിൽ എത്തിയോ ? വർഷം തോറും ബജറ്റിൽ വകയിരുത്തുന്ന തുകയുടെ വിനിയോഗത്തിന് ആനുപാതികമായി കുടുംബശ്രീ സഹോദരിമാരുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടോ എന്ന പരിശോധനക്ക് സമയമായി. 46 ലക്ഷം സ്ത്രീകൾക്കും സ്ഥിരമായ വരുമാനം ഉണ്ടാകുക എന്നതാകണ്ടേ കുടുംബശ്രീയുടെ ലക്ഷ്യം? അതിനുള്ള മാസ്റ്റർ പ്ലാൻ ഇനി വൈകി കൂടാ ..