എഴുത്തിലൂടെയും തെരുവിലിറങ്ങിയും കന്നട നാട്ടിൽ അനീതിക്കെതിരെ പോരാടിയ സാറ അബൂബക്കർ ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയശക്തികളുടെ കണ്ണിലെ കരടായിരുന്നു. മുസ്ലിം പെൺകുട്ടി സ്‌കൂളിൽ പഠിക്കുകയോ എന്ന മതമൗലിക വാദികളുടെ വിലക്കിനെ മറികടന്നാണ് ആ പോരാട്ടങ്ങളുടെ തുടക്കം. ബാപ്പ അഹമ്മദ് വക്കീൽ ഉറച്ച പിന്തുണയുമായി കൂടെനിന്നു. സാറ കർണാടകത്തിൽ മെട്രിക്കുലേഷൻ പാസായ ആദ്യ മുസ്ലിം പെൺകുട്ടിയായി. വിവാഹശേഷം മംഗളൂരുവിലെത്തിയതോടെയാണ് സാറ എഴുത്തിലേക്ക് തിരിയുന്നത്. ലങ്കേഷ് പത്രികയിൽ എഴുതിയ ‘മുസ്ലിം മഹിളെ ശാലകെ ഹോതതു’ പരമ്പരയ്‌ക്ക് വൻ സ്വീകാര്യത ലഭിച്ചു. 1981ൽ രചിച്ച ചന്ദ്രഗിരിയ തീറദല്ലി നോവലിന് കർണാടക സർക്കാരിന്റെയടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. പെൺകുട്ടികളുടെ, പ്രത്യേകിച്ചും മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സാറ പോരാടി. മതമൗലികവാദികളുടെ ശത്രുപക്ഷത്തായ സാറയ്‌ക്കുനേരെ നിരവധി അക്രമങ്ങളുണ്ടായി. 1985ൽ പുത്തൂരിൽ സാഹിത്യ സമ്മേളനത്തിൽവച്ച് സാറ ആക്രമിക്കപ്പെട്ടു. ദക്ഷിണ കന്നടയിൽ സംഘപരിവാറിന്റെ ഭിന്നിപ്പിക്കൽ ശ്രമങ്ങൾക്കെതിരായ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പോരാട്ടത്തിലും അവർ ഭാഗമായി. ചന്ദ്രഗിരി പ്രകാശന സ്വന്തം പ്രസാധക കമ്പനിയായിരുന്നു. സാറ മുൻകൈയെടുത്താണ് കർണാടക റൈറ്റ്സ് ആൻഡ് റീഡേഴ്സ് അസോസിയേഷൻ സ്ഥാപിച്ചത്. സ്‌ത്രീപക്ഷ പോരാട്ടവേദിയായ കരാവലി ലേഖിയകര വാചകീയകര സംഘത്തിന്റെ അധ്യക്ഷയായി രണ്ടുതവണ സാറ പ്രവർത്തിച്ചു. കമല ദാസിന്റെ മനോമി, പി കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ, ആർ ബി ശ്രീകുമാർ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് എഴുതിയ ഗുജറാത്ത് ബിഹൈൻഡ് കർട്ടൻ, ഈച്ചരവാര്യരുടെ ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ തുടങ്ങിയ മലയാളം കൃതികൾ കന്നടയിലേക്ക് വിവർത്തനം ചെയ്തു. കർണാടക സർക്കാരിന്റെ സാഹിത്യ അക്കാദമി അവാർഡ്, കർണാടക രാജ്യോത്സവ പുരസ്‌കാരം, അനുപമ നിരഞ്ജന അവാർഡ്, ഭാഷാഭാരതി സമ്മാൻ എന്നിവ ലഭിച്ചു. Read more: https://www.deshabhimani.com/news/kerala/sara-aboobacker/1066810