സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

അരങ്ങിലതാ ഒരു കൂട്ടം പെണ്ണുങ്ങൾ ആടുന്നു, പാടുന്നു..രചന രാജരാജേശ്വരി; സംവിധാനം സുധി

womenpoint



അരങ്ങിലതാ ഒരു കൂട്ടം പെണ്ണുങ്ങൾ ആടുന്നു, പാടുന്നു. അവരാണ്‌, നാടകപ്പെണ്ണുങ്ങൾ. ഓരോ കൈകളും ഇവിടെ ചേർത്തുപിടിക്കുകയാണ്‌. ഒരു ജീവിതമൊന്നാകെ നാടകത്തിനായി സമർപ്പിച്ച രണ്ടുപേർ അവരെ നയിക്കുന്നു. തിരുവനന്തപുരം നിരീക്ഷ നാടകവേദിയുടെ അമരക്കാർ, സുധി ദേവയാനി, രാജരാജേശ്വരി. ഇന്നവർക്ക്‌ ലഭിക്കുന്ന ഓരോ അംഗീകാരവും യഥാർഥത്തിൽ  സമൂഹത്തിലെ മുഴുവൻ സ്‌ത്രീകൾക്കായുള്ള ആദരമാണ്‌. അത്രമേൽ കഠിനമായ വഴികൾ താണ്ടിയാണിന്നവർ നാടകക്കോലായയിൽ എത്തിനിൽക്കുന്നത്‌.

സ്‌ത്രീ നാടകവേദിയെ അരങ്ങിലൂടെ കേരളത്തിന്‌ പരിചയപ്പെടുത്തിക്കൊടുത്തതിൽ സുധിയും സംഘവും രാപ്പകൽ പണിയെടുത്ത കഥ കാലം രേഖപ്പെടുത്തുമെന്നതിൽ തർക്കമില്ല. സുധിയുടെ മുഴുവൻ പ്രവർത്തനങ്ങളിലും കൂടെയുള്ള രാജരാജേശ്വരിയും മറ്റൊരധ്യായമായി ഇഴചേരുന്നു.

പെണ്ണ്‌ പൂക്കും അരങ്ങ്‌
നാടകത്തോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടാണ്‌ കോട്ടയം മാന്തുരുത്തി സ്വദേശിനി സുധി തൃശൂർ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ  ബിടിഎ പഠനത്തിന്‌ എത്തുന്നത്‌. 1993ൽ പഠനം പൂർത്തിയാക്കി. തുടർന്ന്‌ തിരുവനന്തപുരം  ‘അഭിനേത്രി’ എന്ന സ്‌ത്രീ നാടകസംഘത്തിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായി. ശ്രീലത, സജിത മഠത്തിൽ എന്നിവർക്കൊപ്പം   പ്രവർത്തിച്ചു. മൂവരുടെയും കൂട്ടായ്‌മ മലയാളത്തിലെ സ്‌ത്രീനാടകവേദിയിൽ കാര്യമായ മാറ്റങ്ങൾക്ക്‌ തിരിതെളിച്ചു. 1994ൽ ജി ശങ്കരപ്പിള്ളയുടെ ‘ഏതോ ചിറകടിയൊച്ചകൾ’ എന്ന നാടകം സ്‌ത്രീപക്ഷ ചിന്തയിലൂടെ അവതരിപ്പിച്ചു. സംവിധാനം ചെയ്‌തത്‌ സുധി. ഈ കൂട്ടായ്‌മ നിരവധി പരിശീലനക്കളരികളും സംഘടിപ്പിച്ചു.

ഒരേ തരംഗദൈർഘ്യത്തിൽ ചിന്തിക്കുന്ന രണ്ടു സ്‌ത്രീകൾ. സുധി ദേവയാനിയും രാജരാജേശ്വരിയും. എറണാകുളം സ്വദേശി  രാജരാജേശ്വരി കോളേജിലെ ഗണിതാധ്യാപികയുടെ  ജോലി ഉപേക്ഷിച്ചാണ്‌ മുഴുവൻ സമയ നാടകപ്രവർത്തനങ്ങളുടെ ഭാഗമായത്‌. കണക്കിലെ കളികളല്ല, നാടകത്തിലെ കളികളാണ്‌ ഇന്നവർക്കേറെ പ്രിയം. ഇപ്പോൾ നിരീക്ഷയുടെ ഭൂരിഭാഗം നാടകങ്ങളുടെയും രചന രാജരാജേശ്വരിയും സംവിധാനം സുധിയുമാണ്‌.

‘അവർ, രണ്ടുപെണ്ണുങ്ങൾ അതാ നാടകം കളിക്കുന്നു’ എന്നതായിരുന്നു ആദ്യകാലങ്ങളിൽ മറ്റുള്ളവരുടെ ചിന്ത. പിന്നീട്‌ ഞങ്ങൾ അത്യന്തം ഗൗരവത്തോടെ നാടകത്തെ സമീപിക്കുന്നവരാണെന്ന്‌ കണ്ടതോടെ  സ്വീകാര്യത കിട്ടിത്തുടങ്ങി.  നാടകപഠനത്തിന്‌ പലരും ഇവരെ സമീപിക്കുന്നു.  

സ്‌ത്രീനാടകവേദിയെ ചലനാത്മകമായി മുന്നോട്ടുകൊണ്ടു പോവുകയെന്നത്‌ വലിയ വെല്ലുവിളിയായിരുന്നു. സ്‌ത്രീകൾ കുടുംബത്തിന്‌ പ്രാധാന്യം നൽകുമ്പോൾ അരങ്ങ്‌ രണ്ടാമതാകും. പലപ്പോഴും അതുകൊണ്ടുതന്നെ ‘നിരീക്ഷ’യിലെ അംഗങ്ങൾ മാറിമറിഞ്ഞ്‌ വരും. അതെല്ലാം അവതരണത്തെ ബാധിക്കാത്ത വിധം മുന്നോട്ടു കൊണ്ടുപോകുകയെന്നതാണ്‌ മറ്റൊരു പ്രതിസന്ധി. നടിമാർ പിൻമാറിയാലും നാടകം പറഞ്ഞ ദിവസം കളിക്കുകയെന്നതാണല്ലോ പ്രധാനം. നിലവിൽ ഇരുപതോളം ആർടിസ്റ്റുകളുണ്ട്‌. അഭിനയം മാത്രമല്ല, സെറ്റ്‌, ലൈറ്റ്‌ എന്നിവ സജ്ജമാക്കുന്നതിനും  പരിശീലനം നൽകുന്നു.  സ്‌ത്രീകൾ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു. നിരീക്ഷയിൽ അവതരിപ്പിക്കുന്ന നാടകങ്ങളുടെ രചന പൂർണമായും സ്‌ത്രീകളാണ്‌. ‘ഒരു സ്‌ത്രീക്ക്‌ മാത്രമേ അവൾ കാണുന്ന ലോകത്തെ  വരച്ചുകാട്ടാനാവൂ. അതുതന്നെയാണ്‌ നിരീക്ഷയിലൂടെ ഓരോ നാടകവും പറയുന്നതും’‐ സുധി പറഞ്ഞു.

‘അരങ്ങിലെ സ്‌ത്രീയെന്നാൽ ഇന്നും പുരുഷ കാഴ്‌ചകളെ തൃപ്‌തിപ്പെടുത്തുന്ന പെൺരൂപങ്ങളാണ്‌. യഥാർഥത്തിൽ അവിടെ സ്‌ത്രീയുടെ കഴിവിനെയല്ല സമൂഹം പ്രതീക്ഷിക്കുന്നത്‌. അവളുടെ രൂപം എങ്ങനെ എന്നതാണ്‌ ചിന്തിക്കുന്നത്‌. ഇതിനെ മറികടക്കലാണ്‌ പ്രധാനം. നാടകത്തിൽ നടി  എന്ന സങ്കൽപ്പത്തിൽനിന്നും മാറി എല്ലാ രംഗത്തും കടന്നുവന്നുള്ള അവളുടെ ഇടപെടലാണ്‌ ആവശ്യം. അവരുടേതായ ചിന്തകളുടെ ദൃശ്യങ്ങൾ ചിട്ടപ്പെടുത്താൻ സ്‌ത്രീകളെ പ്രാപ്‌തരാക്കുകയാണ്‌ ലക്ഷ്യം.’  ‐രാജരാജേശ്വരി പറഞ്ഞു.

ഒരുപിടി പൊന്നും പത്തുരൂപയും
വർഷങ്ങളോളം വാടക വീടുകളിലെ നാടകപരിശീലനം. നാടകത്തിന്‌ സ്വന്തമായി ഒരു കെട്ടിടം  വേണമെന്ന സ്വപ്‌നം മുളപൊട്ടിയ കാലം. ഇരുവരും പണത്തിനായി ഏറെ വഴികൾ തിരഞ്ഞു. ഓരോ ദിവസവും കിട്ടുന്ന പൈസയിൽ നിന്നും മിച്ചംവച്ച്‌  എണ്ണിനോക്കി. ജീവിതച്ചെലവുകൾ പോലും ചുരുക്കി. ലക്ഷ്യം ഒന്നുമാത്രം, നാടകം കളിക്കാൻ സ്വന്തമായി ഒരിടം. രാജരാജേശ്വരി അക്കാലത്ത്‌ എൻജിനിയറിങ്‌ വിദ്യാർഥികൾക്ക്‌  ട്യൂഷനെടുത്തു. നാടക അവതരണമുള്ളതിനാൽ മറ്റുജോലികൾക്കും ഇരുവർക്കും പോകാനാകില്ല. സംഘത്തിലുള്ളവർക്കും ഭക്ഷണം നൽകണം. ചിലപ്പോൾ കൈയിൽ പത്തുരൂപയാകും ബാക്കിയുണ്ടാവുക. അതുകൊണ്ട്‌ കപ്പ വാങ്ങി പുഴുങ്ങി കഴിച്ച ദിവസങ്ങൾ. പരിചിതമല്ലാത്ത ജീവിത സാഹചര്യങ്ങളായിരുന്നു അതെല്ലാം. അക്കാലത്താണ്‌ സുധിക്ക്‌ വീട്ടിൽനിന്ന്‌ സ്വത്തിന്റെ ഭാഗം കിട്ടിയത്‌. അതുവിറ്റ്‌ ആ പണം ചേർത്തുവച്ചു. അതേസമയം രാജരാജേശ്വരിക്ക്‌ വീട്ടിൽനിന്ന്‌ ഡയമണ്ട്‌ ഉൾപ്പെടെ ഒരുപിടി സ്വർണാഭരണങ്ങൾ കിട്ടി.  എത്രയുണ്ടെന്ന്‌ പോലും നോക്കാതെ  തൂക്കി വിറ്റു.  ‘നിരീക്ഷ’ എന്ന സ്വപ്‌നത്തിലേക്കുള്ള ദൂരം കുറഞ്ഞുവന്നു.  

1999ലാണ്‌ നിരീക്ഷ നാടകവേദി ചാരിറ്റബിൾ സൊസൈറ്റിക്ക്‌ കീഴിൽ രജിസ്റ്റർ ചെയ്‌ത്‌ പ്രവർത്തനം ആരംഭിച്ചത്‌. അതിന്‌ മുമ്പും ‘നിരീക്ഷ’ പെൺകൂട്ടായ്‌മകൾ നടത്തി നാടകങ്ങൾ അവതരിപ്പിച്ചിരുന്നു.  പത്തുവർഷമായി തിരുവനന്തപുരം പാപ്പനംകോട്‌ പാമാംകോട്‌ പത്തുസെന്റ്‌ സ്ഥലത്ത്‌ സ്വന്തമായുള്ള കെട്ടിടത്തിലാണ്‌ ഈ പെൺനാടക സംഘം പ്രവർത്തിക്കുന്നത്‌. നാല്‌ മുറിയും ഓപ്പൺ തിയറ്ററുമുണ്ട്‌. റിഹേഴ്‌സലിനും കുട്ടികളുടെ അവതരണത്തിനുമുള്ള  ഇടങ്ങളുമുണ്ട്‌.  

സ്‌ത്രീ നാടകവേദിക്ക്‌ സ്വന്തമായി ഭൂമി, കെട്ടിടം എന്നിവയൊരുക്കുക എന്നത്‌ അത്രത്തോളം ശ്രമകരമായിരുന്നു .

അഭ്രപാളിയിലേക്ക്‌...
പെൺകൂട്ടായ്‌മയിൽ ഉരുത്തിരിഞ്ഞ സിനിമയാണ്‌ ‘കൂടാരം.’  2001ൽ വിഷ്വൽ മീഡിയ കോഓപ്പറേറ്റീവ്‌ സൊസൈറ്റിയാണ്‌ സിനിമ പുറത്തിറക്കിയത്‌. രചന രാജരാജേശ്വരിയും സംവിധാനം സുധിയും തന്നെ. എക്‌സിക്യുട്ടീവ്‌  പ്രൊഡ്യൂസർ ആർ പാർവതി ദേവി, എഡിറ്റിങ്‌  ബീന പോൾ. നിരവധി ഫെസ്റ്റിവലുകളിൽ അവതരിപ്പിച്ച സിനിമയ്‌ക്ക്‌ ഏറെ അംഗീകാരങ്ങളും ലഭിച്ചു. എന്നാൽ നാടകം തന്നെയാണ്‌ തന്റെ വഴിയെന്ന തോന്നലിൽ സുധി നാടകത്തിൽത്തന്നെ തുടർന്നു.

അരങ്ങും ലബോറട്ടറിയും
‘അരങ്ങ്‌ എന്ന ലബോറട്ടറിയാണ്‌ മുന്നിൽ. തുടർച്ചയായ  ചർച്ചകളിലൂടെ, പരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ഒന്നാണ്‌  നാടകം.  ഒബ്‌സർവേഷൻ എന്ന വാക്കാണ്‌ പ്രധാനം. അതുകൊണ്ട്‌ തന്നെയാണ്‌ നിരീക്ഷ എന്ന പേരു പോലും സ്വീകരിച്ചത്‌.’

അപ്ലൈഡ്‌ തിയറ്റർ അല്ലെങ്കിൽ കമ്യൂണിറ്റി തിയറ്റർ. അതാണ്‌ നിരീക്ഷയുടെ പ്രധാന പ്രവർത്തനം. നാടകം പരിചിതമല്ലാത്ത സ്‌ത്രീകളെ നാടകത്തിലൂടെ ജീവിതത്തെ നോക്കിക്കാണാൻ പ്രാപ്‌തരാക്കുകയാണിവിടെ.

വീൽച്ചെയറിൽ ജീവിതം തള്ളിനീക്കുന്നവരെ ഒരുമിച്ച്‌ നിർത്തിയും നിരീക്ഷ നാടകം അവതരിപ്പിച്ചു. പോളിയോ പോലുള്ള അസുഖം ബാധിച്ച്‌  വീൽച്ചെയറിൽ കഴിയുന്ന പതിനേഴോളം പേരെ പങ്കെടുപ്പിച്ച്‌ അഗ്‌നിച്ചിറക്‌, കനൽപ്പോട്‌ എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. ആറ്‌ മാസത്തെ തുടർച്ചയായ ശ്രമത്തിനൊടുവിലാണ്‌ നാടകം അവതരിപ്പിക്കാനായത്‌. അവരെ മാനസികമായി നാടകത്തിനായി സജ്ജരാക്കുകയായിരുന്നു പ്രധാനം.

നിർഭയയിലേക്ക്‌
സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവർ. തിരുവനന്തപുരം നിർഭയയിൽ താമസിക്കുന്ന ഒരു കൂട്ടം പെൺകുട്ടികൾ. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ അവർ ആ ചുവരുകൾക്കുള്ളിൽ കുരുക്കപ്പെട്ടവരാകുന്നു. യഥാർഥത്തിൽ അവരല്ല, അങ്ങനെ താമസിക്കേണ്ടവർ.  ജീവിത സാഹചര്യങ്ങളാൽ അങ്ങനെ ആയിപ്പോയവർ. നിർഭയയിലെ 28 പെൺകുട്ടികൾക്കായി നിരീക്ഷ നാടക പഠന ക്യാമ്പ്‌ നടത്തി. അഞ്ച്‌ ചെറിയ നാടകങ്ങളും ‘സംഘധ്വനി’ എന്ന വലിയ നാടകവും അവതരിപ്പിച്ചു. തുടക്കത്തിൽ ഡയലോഗ്‌ ഓർമിച്ചുവയ്‌ക്കുന്നതുപോലും ബുദ്ധിമുട്ടായിരുന്നു. പല നിമിഷങ്ങളിലും ജീവിതത്തിലേക്കവർ ഊർന്നുപോകും. ആ ഘട്ടത്തിൽ കഥാപാത്രമായി മാറുന്നതും അസാധ്യം. നിരന്തരം അവരെ ചേർത്തുപിടിച്ച്‌ നാടകത്തിലേക്ക്‌ കൊണ്ടുപോയി. പലപ്പോഴും നമ്മളും മാനസികമായി പിടിവിട്ടുപോകും. പക്ഷേ നാടകം കളിക്കൂ... ഇത്‌ നാടകമാണ്‌... എന്ന്‌ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. യഥാർഥത്തിൽ അത്‌ അവർക്ക്‌ നൽകാൻ കഴിഞ്ഞ ജീവിതത്തിലേക്കുള്ള വലിയ പരിശീലനം ആയിരുന്നു. ഏറ്റവും മുറിപ്പെട്ട വേദനകൾക്കിടയിലും ആ പെൺകുട്ടികൾ ഇന്നും ആ നാടക ഓർമകളെ ചേർത്തുപിടിക്കുന്നുണ്ടാകും. നിർഭയയിൽ നിന്ന്‌ പോയശേഷം ഇന്നും അവർ വിളിക്കുന്നു. സ്‌നേഹം പങ്കുവയ്‌ക്കുന്നു. ഏറെ സന്തോഷകരമാണ്‌ ആ ഓർമകൾ‐ രാജരാജേശ്വരി പറയുന്നു.

ആണുങ്ങളില്ലാത്ത പെണ്ണുങ്ങൾ
ഫെമിനിസ്റ്റ്‌ തിയറ്ററിൽ  ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്‌  ‘ആണുങ്ങളില്ലാത്ത പെണ്ണുങ്ങൾ’ എന്ന നാടകം. സ്വന്തമായ വഴി വെട്ടി ഇടം നേടുകയെന്നത്‌ പെണ്ണിന് എളുപ്പമല്ല, അരങ്ങിലും ജീവിതത്തിലും അവൾ ആ കലഹം തുടർന്നുകൊണ്ടേയിരിക്കും. അതായിരിക്കും നാളെയിലേക്കുള്ള നാടകവെളിച്ചവും. അരങ്ങിൽ ശരീരമാണ്‌ അഭിനേതാവിന്റെ ഭാഷയെന്ന്‌ കുറിച്ചിട്ട്‌ നിരീക്ഷ നിരവധി വേദികളിൽ ഈ നാടകം അവതരിപ്പിച്ചു.

നാടകം എന്ന ആക്‌ടിവിസത്തിന്റെ ഭാഗമായി ‘സ്‌ത്രീവേദി’ക്കായി അവതരിപ്പിച്ച നാടകമാണ്‌ ‘ഞങ്ങളുടെ ശരീരം ഞങ്ങളുടേത്‌.’ പൊയ്‌ക്കാൽ വച്ചായിരുന്നു അവതരണം. സുധിക്കൊപ്പം സജിത മഠത്തിൽ, സി എസ്‌ ചന്ദ്രിക, ശ്രീലത എന്നിവരും അഭിനയിച്ചു.

വീട്ടുജോലി ചെയ്യുന്ന സ്‌ത്രീകളെ ഉൾപ്പെടുത്തിയും നിരീക്ഷ നാടകം അവതരിപ്പിച്ചു. സ്വന്തം വീട്ടിലെയും പണിയെടുക്കുന്ന വീട്ടിലെയും അടുക്കളകൾക്കിടയിൽ നിന്നും അവർ വന്നത്‌ തെരുവിലേക്കാണ്‌. തെരുവ്‌ അവതരണമായിരുന്നു അവ. ‘സേവ’ സംഘടനക്ക്‌ കീഴിലെ സ്‌ത്രീകൾ ഇതിൽ വേഷമിട്ടു. തുടർച്ചയായി മൂന്നു വർഷം ഇവർ നാടകം അവതരിപ്പിച്ചു.  

വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കൽ’ സ്‌ത്രീ കാഴ്‌ചയിലൂടെ നിരീക്ഷ അവതരിപ്പിച്ചു. പ്രവാചക, ആണുങ്ങളില്ലാത്ത പെണ്ണുങ്ങൾ, നിഴലുകളുടെ മണം, ഗതീയത, പുനർജനി, വർത്തമാനകം, അവതാർ എന്നിങ്ങനെ ഇരുപതിലേറെ നാടകങ്ങൾ നിരീക്ഷയിലൂടെ അരങ്ങിലെത്തി. നിരീക്ഷയുടെ കുട്ടികളുടെ നാടക സംഘമായ  ‘അനുഭാവ’യിലൂടെ പൂക്കനവ്‌, വട്ടവുമല്ല വരയുമല്ല തുടങ്ങിയ നാടകങ്ങളും അരങ്ങിലെത്തിച്ചു.

കേരളത്തിൽ ആദ്യമായി കുടുംബശ്രീയുടെ നാടകവേദിയായ ‘രംഗശ്രീ കമ്യൂണിറ്റി തിയറ്ററി’ന്‌ തുടക്കമിട്ടത്‌ നിരീക്ഷയാണ്‌. മുഴുവൻ ജില്ലകളിലും നിരീക്ഷയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഇത്‌ സഹായകമായി. അടുത്തിടെ കുടുംബശ്രീ കലാജാഥയിൽ അവതരിപ്പിച്ച ‘അത്‌ ഞാൻ തന്നെയാണ്‌’ എന്ന നാടകത്തിന്റെ സംവിധാനം നിർവഹിച്ചത്‌ സുധിയാണ്‌. മലയാള മിഷന്റെ സമം റേഡിയോവിൽ എഴുത്തുകാരികളുടെ കഥകളെ ആസ്‌പദമാക്കിയും നാടകങ്ങൾ അവതരിപ്പിച്ചു.  കോവിഡ്‌ കാലത്ത്‌ എട്ടുദിവസം ഓൺലൈൻ തിയറ്റർ ഫെസ്‌റ്റിവൽ നടത്തി. സമം നാടകക്കളരിയിൽ നിന്നുരുത്തിരിഞ്ഞ നാടകം കേരളപ്പിറവിയോടനുബന്ധിച്ച്‌ നിയമസഭാ ഹാളിൽ അവതരിപ്പിച്ചു. രാജ്യത്തെ പ്രമുഖ നാടകോത്സവങ്ങളിലെല്ലാം ഇവരുടെ സംഘം   നാടകം അവതരിപ്പിച്ചു.  

സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ ബിടിഎയിൽ ഒന്നാം റാങ്കോടെ വിജയിച്ച സുധി എംടിഎ, എംഫിൽ പഠനവും പൂർത്തിയാക്കി. സംഗീത നാടക അക്കാദമിയുടെ  മികച്ച സംവിധായികയ്‌ക്കുള്ള അവാർഡ്‌, കനൽ സാംസ്‌കാരികവേദി തിരുവനന്തപുരം ഏർപ്പെടുത്തിയ ഡോ. വയലാ വാസുദേവൻ പിള്ള അവാർഡ്‌, കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ജി ശങ്കരപ്പിള്ള എൻഡോവ്‌മെന്റ്‌ എന്നിവയ്‌ക്കും അർഹയായി. ഇത്തവണത്തെ കേരള സംഗീത നാടക അക്കാദമി അവാർഡിനും അർഹയായി. കേരള സംഗീത നാടക അക്കാദമിയുടെ നാടകാവതരണത്തിനായുള്ള ‘അന്ധിക’ നാടക അവതരണത്തിലാണ്‌ നിരീക്ഷ.
thanks to deshabhimani 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും