സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സ്ത്രീധനമരണങ്ങള്‍ 212 !

womenpoint teamസ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്നുണ്ടായ മരണങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകളില്‍ ഇടംപിടിച്ചത് വഴിയാണ് കേരളത്തിലിപ്പോള്‍  സ്ത്രീധനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.2021 ജൂണ്‍ 21 നാണ് കൊല്ലം ശാസ്താംകോട്ടയില്‍ 24കാരിയായ വിസ്മയയെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അതിക്രൂരമായി മര്‍ദിച്ചതിന്റെയും വിസ്മയയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതിന്റെയും വാര്‍ത്തകള്‍ പുറത്തുവന്നത്. വിസ്മയയുടെ കുടുബം പറയുന്നത് പ്രകാരം അവര്‍ വിവാഹ സമയത്ത് നൂറ് പവന്‍ സ്വര്‍ണവും 1.20 ഏക്കര്‍ ഭൂമിയും ഒരു കാറുമെല്ലാം സ്ത്രീധനമായി കിരണ്‍ കുമാറിന് നല്‍കിയിരുന്നു.


 
എന്നാല്‍ ഈ കാറില്‍ തൃപ്തനല്ലാത്തതിനാലാണ് കിരണ്‍ കുമാര്‍ വിസ്മയയെ ക്രൂരമായ പീഡനങ്ങള്‍ക്കിരയതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. വിസ്മയ ആത്മഹത്യ ചെയ്തതല്ല എന്നും അവളെ കൊലപ്പെടുത്തിയതാണെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

24 കാരിയായ അര്‍ച്ചനയെ വിഴിഞ്ഞത്തെ വാടകവീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നുവെങ്കില്‍ വള്ളിക്കുന്നത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയിലാണ് 19 കാരിയായ സുചിത്രയെ കാണപ്പെട്ടത്. പത്തനംതിട്ടയിലെ അഞ്ചലില്‍ സൂരജ് എന്ന യുവാവ് സ്ത്രീധനമായി കിട്ടാവുന്നത്ര പണവും സ്വത്തുക്കളും നേടിയെടുത്ത ശേഷം ഇനിയൊന്നും കിട്ടാനില്ലെന്നുവന്നപ്പോള്‍ ഭാര്യ ഉത്രയെ വിഷപ്പാമ്പിനെ വാടകയ്‌ക്കെടുത്ത് കടിപ്പിച്ചുകൊന്ന സംഭവം ദിവസങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ വെച്ച് പ്രിയങ്ക എന്ന യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ചലചിത്ര പ്രവര്‍ത്തകനും അന്തരിച്ച സിനിമാതാരം രാജന്‍ പി. ദേവിന്റെ മകനുമായ ഉണ്ണിയെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 13 വര്‍ഷത്തിനിടെ സ്ത്രീധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നുള്ള 212 മരണങ്ങളാണ് കേരള പൊലീസ് റെക്കോര്‍ഡ് ചെയ്തത്. പൊലീസിന്റെ ക്രൈം റെക്കോര്‍ഡുകള്‍ പ്രകാരം സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനിടെ നടന്നത് 66 സ്ത്രീപീഡന മരണങ്ങളാണ്. 2016ല്‍ 25 പേരും 2017ല്‍ 12 ഉം 2018 ല്‍ 17 ഉം 2019 ലും 2020 ലും ആറ് വീതം പേരും മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. അതേസമയം ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ത്രീ പീഡന കേസുകളുടെ എണ്ണം പതിനയ്യായിരത്തിലധികമാണ്. 2021 വര്‍ഷത്തില്‍ ആദ്യ നാല് മാസത്തിനുള്ളില്‍ മാത്രം ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പ്രതികളായ 1080 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

കേരള പൊലീസിന്റെ കണക്കുകള്‍ പ്രകാരം 2016 ജനുവരി മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 74679 കേസുകളാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2016 ല്‍ 15114, 2017 ല്‍ 14263, 2018 ല്‍ 13643, 2019 ല്‍ 14293, 2020ല്‍ 12659 2021 ഏപ്രില്‍ വരെ 4707 എന്നിങ്ങനെയാണത്. ഇതിലേറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഭര്‍ത്താക്കന്മാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള പീഡനങ്ങളാണ്.

ഗാര്‍ഹിക പീഡനം, ഭര്‍തൃപീഡനം, സ്ത്രീധന പീഡനം, സ്ത്രീപീഡനം എന്നിങ്ങനെ വ്യത്യസ്ത തരങ്ങളിലായി വനിതാ കമ്മീഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഏറ്റവുമധികം കേസുകളുള്ളത് സ്ത്രീധന പീഡനം എന്ന വിഭാഗത്തിലാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട 1096  കേസുകളാണ് 2010 ജനുവരി മുതല്‍ 2021 ജൂണ്‍ 23 വരെ വനിതാ കമ്മീഷനില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

8241 സ്ത്രീപീഡന കേസുകളും 7775 ഗാര്‍ഹിക പീഡന കേസുകളും 495 ഭര്‍തൃപീഡന കേസുകളും ഇക്കാലയളവില്‍ വനിതാ കമ്മീഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വനിതാ കമ്മീഷനിലെ റെക്കോര്‍ഡുകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നത് തെക്കന്‍ ജില്ലകളിലും ഏറ്റവും കുറവ് വടക്കന്‍ ജില്ലകളിലുമാണ്. കമ്മീഷനില്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ അതിക്രമങ്ങളിലും ഒന്നാം സ്ഥാനത്തുള്ളത് തിരുവനന്തപുരം ജില്ലയാണ്. ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വയനാട് ജില്ലയിലും തൊട്ടു പിറകില്‍ കാസര്‍ഗോഡ് ജില്ലയുമാണ്.

കേന്ദ്ര വനിതാ ശിശുവികസന വകുപ്പും രാജഗിരി കോളേജും നടത്തിയ സര്‍വേ പ്രകാരം കേരളത്തില്‍ ഏറ്റവുമധികം സ്ത്രീധന പീഡനം നേരിടുന്നത് 20 നും 40 നും ഇടയില്‍ പ്രായമുള്ള ഭൂരിഭാഗവും മധ്യവര്‍ഗ ഉന്നത മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണ്. ഭര്‍ത്താവിന്റെ വരുമാനത്തെ മാത്രം ആശ്രയിക്കേണ്ടി വരുന്നതാണ് പലപ്പോഴും സ്ത്രീകളെ നിശബ്ദരാക്കുന്നതെന്നും സ്ത്രീധന പീഡനം നേരിടുന്നവരില്‍ 78 ശതമാനവും തൊഴില്‍ രഹിതരായ ഭാര്യമാരാണെന്നും പഠനത്തില്‍ പറയുന്നു. ലോക്ഡൗണ്‍ സമയത്ത് കേരളത്തില്‍ നടത്തിയ സര്‍വേയിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് കണ്ടെത്തിയതെന്നും പഠനത്തിലുണ്ട്.  

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നിയമനടപടികള്‍ ശക്തമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ഡൊമസ്റ്റിക് കോണ്‍ഫ്ലിക്ട് റെസല്യൂഷന്‍ സെന്റര്‍ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ പരാതി ജില്ലാ പൊലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദേശിക്കുന്ന രീതിയാണിത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനും പരാതികളില്‍ അടിയന്തിര നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ‘അപരാജിത’ എന്ന ഓണ്‍ലൈന്‍ സംവിധാനവും ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

കടപ്പാട്: കേന്ദ്ര വനിതാ ശിശുവികസന വകുപ്പും രാജഗിരി കോളേജും നടത്തിയ സര്‍വേ

 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും