സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പൊന്നമ്മാൾ ടീച്ചർ - ആ മഹാ സംഗീതജ്ഞ നമ്മെ വിട്ടു പിരിഞ്ഞു

R. Parvathy Deviആരാധ്യയായ പാറശ്ശാല പൊന്നമ്മാൾ ടീച്ചറും വിട പറഞ്ഞു. സംഗീതത്തെ ധ്യാനിച്ച് ,സംഗീതത്തെ ഉപാസിച്ച് ജീവിതം തേജോമയമാക്കിയ ആ മഹാ സംഗീതജ്ഞ നമ്മെ വിട്ടു പിരിഞ്ഞു. 

സംഗീതത്തിന്റെ ഉത്തുംഗശൃംഗങ്ങൾ കീഴടക്കിയപ്പോഴും തൊഴുകൈയോടെ എല്ലാം ഈശ്വരനിശ്ചയമെന്നുറപ്പിച്ചു കൊണ്ട് വിനയാന്വിതയാകുന്ന ഞങ്ങൾ അമ്മയെന്ന് വിളിക്കുന്ന ടീച്ചർ. കോവിഡ് മഹാമാരി മൂലം ഏറെ നാളായിരുന്നു കണ്ടിട്ട്. കഴിഞ്ഞ ആഴ്ച്ച ടീച്ചറിന്റെ മകനെ ഫോണിൽ വിളിച്ചു. കുറച്ചു ദിവസമായി ടീച്ചറിന്റെ ആരോഗ്യനില മോശമാണെന്നു പറഞ്ഞപ്പോൾ തന്നെ ഭയം തോന്നി. ഓടി പോയി കാണണമെന്നുണ്ടായിരുന്നു. എന്നിട്ടും പോയില്ല. അടുത്തദിവസം വരെയും പത്രം വായിക്കുകയും വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തിരുന്നു എന്നും മകൻ പറഞ്ഞു. 

ശിവൻകുട്ടി തെരെഞ്ഞെടുപ്പിൽ വിജയിച്ചതും മന്ത്രി ആയതുമെല്ലാം അറിഞ്ഞു വളരെ സന്തോഷിച്ചിരിന്നുവെന്നും മകൻ പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു. പക്ഷെ കോവിഡിനെ ഭയന്ന് പോയില്ല. 
2014 ൽ നവതി പൂർത്തിയാക്കിയപ്പോഴാണ് സ്ത്രീശബ്ദത്തിനു വേണ്ടി ടീച്ചറിനെ കാണാൻ ആദ്യം പോയത്. അത് ഊഷ്മളമായ ഒരു അപൂർവ ബന്ധത്തിന് തുടക്കമാകുകയായിരുന്നു. തിരുവനന്തപുരത്തു വലിയശാലയിലെ അഗ്രഹാരത്തിലെ വളരെ പഴയ ആ വീട്ടിൽ ഞാൻ ആരുമല്ലല്ലോ പിന്നെന്തിനാണ് എന്നെ കാണാൻ വന്നതെന്ന ഭാവത്തിൽ ടീച്ചർ അതീവ സ്നേഹത്തോടെ എന്നെ സ്വാഗതം ചെയ്തു. പിന്നീട എത്രയോ തവണ അവിടെ പോയി. ഞങ്ങളെ കാണുമ്പൊൾ തന്നെ ടീച്ചർ മരുമകളോട്  കാപ്പികൊണ്ട് വരൻ പറയും. ഒപ്പം പലഹാരവും. സ്നേഹമസൃണമായ ആ ആതിഥേയത്വത്തിന്റെ മാധുര്യം എത്രയോ തവണ അനുഭവിച്ചു.

 തന്റെ ജീവിതം ഒരു കഥ പറയുന്ന പോലെ ടീച്ചർ പറയുമ്പോൾ അത്ഭുതത്തോടൊപ്പം ആരാധനയും ഏറി വന്നു. ഏഴു വയസ്സിൽ തുടങ്ങിയ സംഗീത സപര്യയുടെ നാൾ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ കുറ്റബോധം തോന്നി. ഇത്ര അരികിൽ ഈ അനുപമയായ സംഗീതജ്ഞ ഉണ്ടായിട്ടും എന്തെ ഇത്രകാലം അറിയാതെ പോയി? 
ടീച്ചറിന്റെ ജീവിതം രേഖപ്പെടുത്തേണ്ട ഉത്തരവാദിത്വം ഉണ്ടെന്ന ബോധ്യത്താലാണ് പ്രിയ കൂട്ടുകാരി പ്രിയ രവീന്ദ്രനുമായി ചേർന്നുകൊണ്ട് "ഈ ജീവിതത്തിനു പേര് സംഗീതം " എന്ന ഡോകുമെന്ററി തയാറാക്കിയത്. അത് ചെയ്യുമ്പോഴേക്കും ടീച്ചർ ശാരീരികമായി തളർന്നു തുടങ്ങിയിരുന്നു. എന്നിട്ടും ഞങ്ങൾക്കൊപ്പം എത്ര ക്ഷമയോടെയും സ്നേഹത്തോടെയുമാണ് ടീച്ചർ സഹകരിച്ചത്. കുതിരമാളികയിലും സംഗീത കോളേജിലും വെള്ളായണിയിലുമെല്ലാം ടീച്ചർ വന്നു. ഷൂട്ടിങ്ങിന്റെ എല്ലാ വിരസതയും ടീച്ചർ ക്ഷമിച്ചു. ഒരിക്കൽ പോലും ഒന്ന് നെറ്റി ചുളിക്കുക പോലും ഉണ്ടായില്ല. ടീച്ചറിന് അതിനു ആവില്ല. അത്രയ്ക്ക് സാത്വികയായിരുന്നു ടീച്ചർ.

 ഒരുപാടു റെക്കോർഡുകൾക്കു ഉടമയാണ് ടീച്ചർ. സ്വാതിതിരുനാൾ സംഗീത കോളേജിലെ ആദ്യ വിദ്യാർത്ഥിനി. ആദ്യ അദ്ധ്യാപിക. തൃപ്പൂണിത്തുറ സംഗീത കോളേജിലെ ആദ്യ വനിതാ പ്രിൻസിപ്പൽ. സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന നവരാത്രി മണ്ഡപത്തിൽ ആദ്യമായി കച്ചേരി നടത്തിയ വനിത. ഇങ്ങനെ പലതും. ശുദ്ധസംഗീതത്തിന്റെ ആൾ രൂപമായിരുന്നു ടീച്ചർ. ഉത്തമയായ അദ്ധ്യാപിക. അംഗീകാരങ്ങളും പുരസ്കാരങ്ങളും ഈശ്വര നിശ്ചയം എന്ന് മാത്രമേ റ്റീച്ചറിന് പറയാനുള്ളൂ. ഒരുപാട്ടു കൊണ്ട് ലോകപ്രശസ്തി നേടുന്ന ഇക്കാലത്തു ടീച്ചർ പാടിയ ആയിരക്കണക്കിന് പാട്ടുകൾ ഇനിയും അംഗീകരിക്കപ്പെടാൻ അവശേഷിക്കുന്നു. അവസാന കാലം വരെയും എല്ലാ പാട്ടുകളും ടീച്ചറിന് ഹൃദിസ്ഥമായിരുന്നു. ആകാശവാണിയിൽ അമ്പതു വര്ഷം മുൻപ് ടീച്ചർ പാടിയ ഗുരുവായൂരപ്പ സുപ്രഭാതം പിന്നീട് വിസ്മൃതിയിൽ ആണ്ട് പോയി. അതിന്റെ ഒരു റെക്കോർഡ് പോലും ഉണ്ടോ എന്നറിയില്ല. ടീച്ചറിനറിയാവുന്ന കീർത്തനങ്ങൾക്ക് എണ്ണമില്ല . 
പ്രശസ്തരായ എത്രയോ ശിഷ്യർ ടീച്ചർക്കുണ്ട്. ടീച്ചറിന്റെ ഏറ്റവും വലിയ സമ്പാദ്യവും അതാണ്. 

ടീച്ചറിനെ അറിയാനും പരിചയപ്പെടാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായിട്ടാണ് കരുതുന്നത്. സംഗീതജ്ഞ എന്നതിനുപരി ഏറ്റവും വിശിഷ്ടമായ ഒരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു പാറശാല പൊന്നമ്മാൾ. ടീച്ചറിന്റെ ജീവിതം പുസ്തകമാക്കുക എന്നത് ഒരു സ്വപ്നമാണ്. ടീച്ചർ ജീവിച്ചിരിക്കുമ്പോൾ തന്നെ എഴുതണമെന്നാഗ്രഹിച്ചെങ്കിലും കഴിഞ്ഞില്ല. ടീച്ചറിനെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്ത ടീച്ചറിന്റെ മക്കളുടെയും കൊച്ചുമക്കളുടെയും ശിഷ്യരുടേയും തീരാത്ത വേദനയിൽ പങ്കു ചേരുന്നു. 

ആ മഹാനുഭാവയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും