സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സഖാവ് മൈഥിലി ശിവരാമനു ഒരായിരം രക്തപുഷ്പങ്ങൾ

R.Parvathideviസഖാവ് മൈഥിലി ശിവരാമൻ വിട പറഞ്ഞു. എന്നും അടങ്ങാത്ത വിപ്ലവ ജ്വാല ഉള്ളിൽ സൂക്ഷിച്ച കരുത്തയായിരുന്നു സഖാവ് മൈഥിലി. സമരതീക്ഷ്ണമായിരുന്നു അവരുടെ ജീവിതം. തന്റെ അമ്മൂമ്മയുടെയും അമ്മയുടെയും ജീവിതവും കാലഘട്ടവും കൃത്യമായ സ്ത്രീ വീക്ഷണത്തോടെ അടയാളപ്പെടുത്തുന്ന " Fragments of life " എന്ന പുസ്തകം സഖാവ് എഴുതിയത് മലയാളത്തിലേക്ക് വിവർത്തനം (ജീവിതത്തിന്റെ നുറുങ്ങുകൾ)ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. സ്ത്രീശബ്ദത്തിൽ പരമ്പരയായി വന്നശേഷം പുസ്തകരൂപത്തിൽ ചിന്ത 2015 ൽ പ്രസിദ്ധീകരിച്ചു. സഖാവ് മൈഥിലിയുടെ വലിയ ആഗ്രഹമായിരുന്നു അത് മലയാളത്തിൽ വരണം എന്നത്. പക്ഷെ പല കാരണങ്ങളാൽ പ്രസിദ്ധീകരണം വൈകി. അപ്പോഴേക്കും സഖാവിനു മറവി രോഗം ഉണ്ടാകുകയും ചെയ്തു. എങ്കിലും പുസ്തകം ഇറങ്ങുന്നതിനു മുൻപ് കാണണമെന്ന് വല്ലാതെ ആഗ്രഹിക്കുകയും ചെന്നൈയിൽ പോയികാണു കയും ചെയ്തു.ഒരു കുഞ്ഞിനെ എന്ന പോലെ കൽപന അമ്മയെ താലോലിക്കുകയും പരിചരിക്കുകയും ചെയ്തിരുന്നു. മറവിയുടെ തിരശീല വന്നു മൂടിയിരു ന്നപ്പോഴും മൈഥിലിയുടെ കണ്ണുകൾ അസാധാരണമാം വിധം തിളങ്ങുന്നുണ്ടായിരുന്നു. ഞങ്ങൾക്കൊപ്പം ഫോട്ടോ എടുക്കുവാനും ഒപ്പം ഇരിക്കാനും ഉത്സാഹം കാണിച്ചു.പിന്നീട് തിരുവനന്തപുരത്തു വച്ച് പുസ്തകം മീര വേലായുധൻ പ്രകാശനം ചെയ്തു. വീണ്ടും മറ്റൊരു സന്ദർഭത്തിൽ മദ്രാസ് സർവകലാശാലയിൽ ഒരു സെമിനാറിന് പോയപ്പോൾ സഖാവിനെ പോയി കണ്ടിരുന്നു. അപ്പോഴേക്കും പൂർണമായും മറവിയുടെ പിടിയിലായി കഴിഞ്ഞിരുന്നതിനാൽ പുസ്തകം പ്രസിദ്ധീകരിച്ച വിവരം അവർ അറിയാതെ പോയി. അതിന്നും ഒരു കുറ്റബോധമായി എന്റെ ഉള്ളിലുണ്ട്. 

സ മൈഥി ലിയുടെ പ്രശസ്തമായ മറ്റൊരു പുസ്തകം Haunted By Fire ആണ്. തമിഴ് നാട്ടിലെ കീഴ് വെണ്മണിയിൽ നടന്ന കൂട്ടക്കൊലയെ കുറിച്ചുള്ള ഈ പുസ്തകം ആ സംഭവത്തിന്റെ യഥാർത്ഥ വിവരങ്ങൾ പുറം ലോകത്തെ അറിയിക്കുന്നതാണ് .കുപ്രസിദ്ധമായ വാച്ചാത്തി സംഭവത്തെ തുടർന്ന് ലൈംഗികാതിക്രമത്തിന് ഇരകളായ സ്ത്രീകളോട് നേരിൽ സംസാരിച്ച് അവർ റിപ്പോട്ടുകൾ തയാറാക്കി.

1966 -68 കാലഘട്ടത്തിൽ ഐക്യ രാഷ്ട്രസഭയിൽ റിസർച് അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന സഖാവ് ഇന്ത്യയിൽ മടങ്ങി വന്ന ശേഷം ഇടതു പ്രസ്ഥാനത്തോട് ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. ട്രേഡ് യൂണിയൻ രംഗത്ത് തന്റെ സംഘാടക മികവ് തെളിയിച്ചു. എന്നും സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദം ഉയർത്തി, സമരം ചെയ്തു.. ഐ ഐ ടി യിൽ പ്രൊഫസറായ സ. കൽപന കരുണാകരനാണു ഏക മകൾ. സ.കല്പനയുടെയും സഖാവ് മൈഥിലിയെ സ്നേഹിക്കുന്ന അനേകം സഖാക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു. സഖാവിന്റെ സ്മരണ എന്നും നമുക്ക് ആവേശവും പ്രചോദനവും ആയിരിക്കും. സഖാവ് മൈഥിലിയുടെ ഓർമ്മക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കട്ടെ.

photo -ചിത്രത്തിൽ മധ്യഭാഗത്ത് സഖാവ് മൈഥിലി ശിവരാമൻ 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും