എൻ്റെ അമ്മയുടെ ഏറ്റവും പ്രിയങ്കരിയായ കൂട്ടുകാരി ഡോ കെ ശാരദാമണി. യൂണിവേഴ്സിറ്റി കോളേജിൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവർത്തകർ ആയിരുന്ന കാലം മുതൽ ഉള്ള സൗഹൃദം അതേ ഊഷ്മളതയോടെ ആറു പതിറ്റാണ്ടിലേറെ ഇവർ തുടർന്നു. ഇടക്കിടെ ചേച്ചി വീട്ടിൽ വരും. രാവിലെ വന്നാൽ വൈകിട്ട് വരെ പിന്നെ അമ്മയുമായി നിർത്താതെ വർത്തമാനം ആണ്. പിന്നെ ചേച്ചിയുടെ ആ പ്രശസ്തമായ പൊട്ടിച്ചിരിയും. അഛൻറെ യും സുഹൃത്ത് ആയിരുന്നു ചേച്ചി. വിമർശനങ്ങൾ ഉള്ളപ്പോഴും എന്നും ഇടതുപക്ഷത്ത് ഉറച്ചു നിന്നു. ചുറ്റിനും കാണുന്ന അനീതികളിൽ അവസാനം വരെ രോഷം കൊണ്ടു. ഞങ്ങൾ വേണ്ടതുപോലെ പ്രതികരിക്കുന്നില്ലെന്ന് പരാതി പറഞ്ഞു. കേരളത്തിലെ ആദ്യ തലമുറ സാമൂഹ്യ ശാസ്ത്രജ്ഞരിൽ പ്രമുഖയായ ഡോ കെ ശാരദാമണിയെ വേണ്ടതു പോലെ നമ്മൾ പ്രയോജനപ്പെടുത്തുകയോ അംഗീകരിക്കുകയോ ചെയ്തില്ല എന്നത് തിരുത്താനാകാത്ത പിശകായി അവശേഷിക്കുന്നു. 2018 ൽ ഏപ്രിൽ 25 ന് ശാരദാമണിചേച്ചിയുടെ 90 ആം പിറന്നാൾ ആഘോഷിക്കുവാൻ അമ്മ ആവേശത്തോടെ തയാറെടുപ്പുകൾ നടത്തി. ചേച്ചിക്ക് ഞാൻ വാങ്ങിയ സമ്മാനം കണ്ട് അമ്മക്ക് തൃപ്തിയായി. അമ്മക്കും വാങ്ങിയിരുന്നു പുതിയ ഒരു മുണ്ടും നേര്യതും. പക്ഷെ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് അന്ന് രാത്രി, 24ന്, അമ്മ മുന്നറിയിപ്പില്ലാതെ ഒറ്റ പോക്ക് പോയി. കൃത്യം മൂന്ന് വർഷം കഴിഞ്ഞ് ഇന്ന് ശാരദാമണി ചേച്ചിയും പോയി. ഒരു തലമുറ ഏതാണ്ട് പൂർണ്ണമായും ഇല്ലാതായി.