വിപ്ലവ നായിക കെ ആർ ഗൗരിഅമ്മ വിടവാങ്ങിയെന്നറിഞ്ഞപ്പോൾ ചോദിയ്ക്കാൻ ബാക്കി വെച്ച ഒരു നൂറു ചോദ്യങ്ങൾ മനസ്സിൽ തിങ്ങി നിറയുന്നു. ഓര്‍മ വെച്ച കാലം മുതൽ ആരാധനയോടെ നോക്കി നിന്ന വ്യക്തിത്വം. ഫെമിനിസം തലയിൽ കയറുന്നതിനു എത്രയോ മുൻപ് മുതൽ തന്നെ കരുത്തുറ്റ സ്ത്രീ എന്ന സങ്കല്പം ഗൗരി അമ്മയുടേതായിരുന്നു. ഇരുപ്പിലും നടപ്പിലും പ്രവർത്തിയിലും വാക്കിലും നിറഞ്ഞു നിൽക്കുന്ന ആ തൻപോരിമ, തന്റേടം. മാധ്യമപ്രവർത്തന കാലത്ത് പലതവണ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് . തീക്ഷ്ണമായ ആ നോട്ടം നമ്മുടെ ഉള്ളിൽ വരെ എത്തും. വലിയ സ്നേഹപ്രകടനമോ വാൽസ്ല്യ ഭാവമോ ഒന്നും ഇല്ലെങ്കിലും പെൺകുട്ടികളോട് ഒരു സവിശേഷ സ്നേഹം ഉണ്ടെന്നു തോന്നിയിട്ടുണ്ട്. ഒരു നീണ്ട അഭിമുഖം നടത്തണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. പല കാരണങ്ങളാൽ നടന്നില്ല. നൂറു വര്‍ഷം കേരളത്തിൽ ജീവിച്ചു കൊണ്ട് വിജയകരമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഒരു കമ്മ്യുണിസ്റ്റുകാരിക്ക് ജീവിതം ഒരു നിരന്തര പോരാട്ടം ആയിരിന്നിരിക്കുമെന്നതിൽ തർക്കമില്ല. വീട്ടിലും സമൂഹത്തിലും പാർട്ടിക്കുള്ളിലും അവർ സമരം ചെയ്തു കൊണ്ടേ ഇരുന്നു. ഇടയ്ക്കു സി പി ഐഎം വിട്ടു പോയെങ്കിലും അവരുടെ നിശ്ചയ ദാർഢ്യത്തിനോ ആത്മവിശ്വാസത്തിനോ ആജ്ഞാശക്തിക്കോ ഒട്ടും കുറവ് വന്നില്ല. 80 വര്ഷം മുൻപ് നിയമ ബിരുദം നേടുകയും അതീവ ദുർഘടമായ കാല ഘട്ടത്തിൽ കമ്മ്യുണിസ്റ് പാർട്ടി പ്രവർത്തക ആകുകയും എല്ലാത്തരം മര്ദനങ്ങൾക്കും പീഡനങ്ങൾക്കും വിധേയയാകുകയും ചെയ്ത് കൊണ്ട് തന്റെ നിലപാടിൽ ഉറച്ചു നില്ക്കാൻ ഏറെപേർക്ക് ആവില്ല. അനേകം സ്ത്രീകൾ നാല്പതുകളിലും അൻപതുകളിലും പാർട്ടി പ്രവർത്തകരാകുകയും ക്രൂരമായ അതിക്രമങ്ങൾ നേരിടുകയും ചെയ്തെങ്കിലും പിന്നീട് മുഖ്യധാരയിൽ അവർ അദൃശ്യരായി. ഗൗരിഅമ്മ മാത്രമേ ഇവിടെ പിടിച്ചു നിന്നുള്ളൂ. ആൺകോയ്മയുടെ വൻപാറക്കെട്ടിനെ നേരിടുക എളുപ്പമല്ലല്ലോ .. .കുടുംബം വേണ്ടെന്ന് വക്കുവാനുള്ള തീരുമാനം ഏറ്റവും സ്വാഭാവികമാണെന്നേ പറയാനാകൂ. ( പാർട്ടിയുടെ പിളർപ്പ് ഒരു കാരണം ആയിരുന്നുവെങ്കിലും) നമ്മുടെ പരമ്പരാഗത പുരുഷാധിപത്യ കുടുംബ ബന്ധത്തിന്റെ ചട്ടക്കൂട്ടിൽ ഒരിക്കലും ഗൗരിയമ്മയെ പോലെയുള്ള സ്വതന്ത്ര വ്യക്തിത്വത്തെ തളക്കാൻ ആവില്ല. ജീവിതത്തിൽ ഉടനീളം അവരെടുത്ത അനേകം തീരുമാനങ്ങൾ അതിശയപ്പെടുത്തുന്നതാണ്. നിയമം പഠിക്കാൻ, രാഷ്ട്രീയ പ്രവർത്തനം നടത്താൻ , കമ്മ്യൂണിസ്റ് ആകാൻ , വിവാഹം കഴിക്കാൻ , വിവാഹ മോചനം നടത്താൻ, സിപിഐ എമ്മിൽ നില്ക്കാൻ , റവന്യു മന്ത്രി ആകാൻ , ഭൂപരിഷ്കരണ ബില് അവതരിപ്പിക്കാൻ , പാർട്ടി വിടാൻ, യു ഡി എഫിൽ ചേരാൻ, ജെ എസ എസ് രൂപീകരിക്കാൻ, തിരിച്ച് എൽ ഡി എഫിൽ വരാൻ... ഇങ്ങനെ ഇങ്ങനെ നമുക്ക് അറിയാവുന്നതും അറിയാത്തതുമായ നൂറു കണക്കിന് അനിതര സാധാരണമായ തീരുമാനങ്ങളെടുക്കാൻ കെ ആർ ഗൗരി എന്ന അപൂർവ വ്യക്തിത്വത്തിന് മാത്രമേ കഴിയൂ.. എങ്ങനെ? എങ്ങനെ ആണ് ഇത്തരത്തിൽ ജീവിക്കാനുള്ള കരുത്തുണ്ടായത്? എങ്ങനെ ആണ് വെല്ലുവിളികൾ അതിജീവിച്ചത്? ഓരോ തീരുമാനവും എങ്ങനെ ആണ് രൂപപ്പെടുത്തിയത്? ഇങ്ങനെ ഇങ്ങനെ ...ഒരു പാട് ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു...... നൂറു വർഷത്തെ ആ ചുക ചുകപ്പൻ ജീവിതം പുതിയ തലമുറയിലെ ആരെങ്കിലും സൂക്ഷ്മമായി പഠിക്കാതിരിക്കില്ല എന്ന് ആത്മാർത്ഥമായി പ്രത്യാശിക്കുന്നു.....ഈ ചോദ്യങ്ങൾക്ക് അവർ ഉത്തരം കണ്ടെത്തുമായിരിക്കാം