സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പ്രിയ എഴുത്തുകാരിക്ക് പ്രണാമം.....

R. Parvathy Deviഎന്റെ ബാല്യത്തെ വര്ണാഭമാക്കിയ പ്രിയപ്പെട്ട എഴുത്തുകാരീ .... വിട . മിട്ടായി പൊതിയുടെ മാധുര്യം ഇന്നും മനസ്സിൽ. പുരാണങ്ങളും ഇതിഹാസങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്താൻ  സുമംഗല ധാരാളം എഴുതിയിട്ടുണ്ടെങ്കിലും മനസ്സിൽ നിന്നും മാഞ്ഞു പോകാതെ നിൽക്കുന്ന ഒരു കഥയുണ്ട് . കഥയുടെ പേര് രഹസ്യം എന്നാണെന്നാണ് ഓര്മ. അതിലെ കഥാപാത്രങ്ങളുടെ പേരും മറന്നു. ഏതാണ്ട് 45 വര്ഷം മുൻപ് തളിരിൽ വന്ന കഥയാണ്.

വലിയ അവധിക്ക് സ്‌കൂൾ പൂട്ടിയപ്പോൾ   പ്രശസ്തമായ തറവാട്ടിലെ ഒരു കുട്ടി ക്‌ളാസ്സിലെ കൂട്ടുകാരിക്ക് പോകാൻ വീടില്ലെന്നു മനസ്സിലാക്കിയപ്പോൾ ഒപ്പം കൂട്ടി. വലിയ എട്ടുകെട്ടും തൊടിയുമെല്ലാം ഉള്ള മനോഹരമായ വീട്. പക്ഷെ അവിടെ എത്തിയപ്പോൾ  മുതൽ വിരുന്നു വന്ന കുട്ടിക്ക് അവിടെ എന്തോ രഹസ്യം പതുങ്ങി നിൽക്കുന്നത് പോലെ ഒരു തോന്നൽ. വലിയ വീടിന്റെ തെക്കിനിയിലും പടിഞ്ഞാറ്റിനിയിലുമെല്ലാം  അവൾ കറങ്ങി നടക്കുമ്പോൾ ചില സമയങ്ങളിൽ കൂട്ടുകാരിയുടെ പെരുമാറ്റത്തിൽ എന്തോ അസാധാരണത്വം. മാത്രമല്ല ഒരു തവണ അവൾ  ആക്രമിക്കാനും മുതിർന്നു. വിരുന്നു വന്ന കുട്ടിക്ക് അങ്കലാപ്പായി. അവൾ വല്ലാതെ ഭയന്നു . ക്‌ളാസിൽ വച്ച് ഏറ്റവും മധുരമായി പെരുമാറുന്ന, അനാഥയായ തന്നോട് കരുണ കാട്ടുന്ന ഇവൾക്ക് വീട്ടിൽ വന്നപ്പോൾ എന്ത് പറ്റിയെന്ന് തീരെ മനസ്സിലായില്ല. ആ ദുരൂഹത അവളെ ഭയപ്പെടുത്തി. വീട്ടിലെ മുതിർന്നവർ എന്തൊക്കെയോ മറച്ചു വെക്കുന്നു. 
പിന്നീട് ആ സത്യം അവർക്ക് വെളിപ്പെടുത്തേണ്ടി വന്നു. കൂട്ടുകാരിക്ക് ഒരു ഇരട്ട സഹോദരി ഉണ്ട് . മാനസിക രോഗിയായ അവളെ വീട്ടുകാർ വീട്ടിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.  ആക്രമണകാരിയായ ആ പെൺകുട്ടിയെ ആണ് അവൾ ഇടയ്ക്കിടെ കാണാറുള്ളത്. ഒടുവിൽ കഥയെല്ലാം അറിഞ്ഞപ്പോൾ അവൾക്കു സമാധാനമായി. അവധി കഴിഞ്ഞു മടങ്ങി പോകുമ്പോൾ ആ വീട്ടിലെ എല്ലാവരും അവൾക്ക് സ്നേഹവും വാത്സല്യവും വാരിക്കോരി നൽകി. എല്ലാ അവധിക്കും വരണമെന്ന് അവർ അവളെ സ്നേഹത്തോടെ ക്ഷണിച്ചു.

കഥ കഴിഞ്ഞു. സുമംഗലയുടെ എല്ലാ കഥകളും പോലെ തന്നെ ശുഭപര്യവസായി. നന്മക്കും സ്നേഹത്തിനും ആണ് പ്രാധാന്യം. കുറ്റാന്വേഷണകഥയുടെ ഉദ്വേഗവും പിരിമുറുക്കവും . ഒരു പക്ഷെ ജീവിതത്തിൽ ആദ്യമായി വായിച്ച പേടി തോന്നുന്ന കഥ. എത്രയോ കാലം ഈ കഥ സൂക്ഷിച്ചു വച്ചിരുന്നു. ഇപ്പോൾ നഷ്ടപ്പെട്ടു . ഇത്  എത്രവട്ടം വായിച്ചുവെന്നു ഓർമയില്ല. പണ്ട് അതൊരു ശീലമായിരുന്നു. പത്തും ഇരുപതും വട്ടം ഒരേ കഥ വായിക്കും. കുഞ്ഞി കൂനനും പിനോക്യയും എല്ലാം മുപ്പതു തവണ എങ്കിലും വായിച്ചിട്ടുണ്ടാകും. അയല്പക്കത്ത്  ധാരാളം കൂട്ടുകാർ അനിയും സുനിതയും ശുഭയും ഒക്കെ ഉണ്ടെങ്കിലും വീട്ടിൽ കൂട്ടുകാ ർ ഇല്ലാത്തതു കൊണ്ട് പുസ്തകങ്ങൾ ആയിരുന്നു കൂട്ട്. അഞ്ചു വയസ്സ് കൂടുതലുള്ള ചേട്ടന്റെ ലോകം മറ്റൊന്നായിരുന്നു.സമ്മാന പെട്ടിയും പൂമ്പാറ്റയും ബാലരമയും അമ്പിളി അമ്മാവനും അമര്ചിത്രകഥകളും റഷ്യൻ ബാലസാഹിത്യവും ഉണ്ണിക്കുട്ടന്റെ ലോകവും മാലിഭാരതവും ഒപ്പം സുമംഗലയും  സമ്പന്നവും സമ്പുഷ്ടവും ആക്കിയ ബാല്യം . 
ഇന്ന് സുമംഗല വിടപറഞ്ഞപ്പോൾ ഒന്ന് കൂടി കാണാൻ കഴിയാത്ത ദുഃഖം. ഇനി തൃശൂരു പോകുമ്പോൾ  പോയി കാണണമെന്ന് കരുതിയിരുന്നു. കഴിഞ്ഞില്ല. ആ വലിയ കഥാകാരിക്ക് സ്നേഹത്തോടെ നന്ദിയോടെ പ്രണാമം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും