ലോക പ്രശസ്ത സ്ത്രീവാദ പണ്ഡിതയും എഴുത്തുകാരിയുമായ Germaine Greer നെ കാണാനും പരിചയപ്പെടാനും സാധിച്ചു. ഗൗരവമുള്ള പുസ്തകങ്ങളിൽ താത്പര്യം തുടങ്ങിയ കാലത്തു തന്നെ വായിച്ച് ആവേശം കൊണ്ട എഴുത്തുകാരികളിൽ ഒരാളാണ് Germaine Greer . മാതൃഭൂമിയുടെ അക്ഷരോത്സവ വേദിയിൽ വച്ച് കാണുമ്പോൾ പുസ്തകങ്ങളിൽ നിന്നും പരിചയപ്പെടാൻ കഴിയുന്ന ഗ്രിയറിനേക്കാൾ തീപ്പൊരിയാണെന്നു തോന്നി, ഈ 80 വയസ്സിലും! ലോകം മുഴുവനുമുള്ള സ്ത്രീകളുടെ അവസ്ഥ എങ്ങനെ മെച്ചപ്പെടുത്താമെന്നും അതിനു എന്തൊക്കെ പുതിയ മാര്ഗങ്ങള് തേടാമെന്നും അവർ നിരന്തരം ചിന്തിക്കുകയാണെന്ന് തോന്നി. കിട്ടിയ കുറച്ചു സമയത്തിനിടയിൽ അവർ പറഞ്ഞു : " ആർത്തവം ആണ് ഇപ്പോഴും സ്ത്രീകളെ പിന്നോട്ട് നിർത്തുന്നത്. എല്ലാ മാസവും ഇങ്ങനെ തുടർച്ചയായി അഞ്ചു ദിവസം അല്ലെങ്കിൽ ചിലപ്പോൾ ഏഴു ദിവസം രക്തം വാർന്നുകൊണ്ടിരിക്കുന്നതു ആണ് പ്രശ്നം. അതിന്റെ ആവശ്യമില്ല. അതെങ്ങനെ നിർത്താമെന്നു ചിന്തിക്കണം. സാനിറ്ററി നാപ്കിനുകൾക്കു വേണ്ടി പ്രചാരണം നടത്തുന്നതും ശരിയല്ല. ലോകം മുഴുവനും നാപ്കിനുകൾ ഉണ്ടാക്കുന്ന പരിസര മലിനീകരണം ഭയാനകമാണ്. മെൻസ്ട്രുവൽ കപ്പാണ് നല്ലതു. ആദ്യം കുറച്ചു ബുദ്ധിമുട്ടു തോന്നിയേക്കാം , പിന്നീട അത് ശീലമാകും. " ബലാത്സംഗത്തെ കുറിച്ച് ഒരു പുസ്തകം എഴുതാനുള്ള ആലോചനയുണ്ടെന്നു ഗ്രിയർ പറഞ്ഞു. ബലാത്സംഗ കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് ചെയ്യണമെന്ന ഗ്രിയറിന്റെ അഭിപ്രായം വൻ വിവാദത്തിനു നേരത്തെ തിരികൊളുത്തിയിരുന്നു. ഗ്രിയറിന്റെ അഭിപ്രായങ്ങൾ നമ്മൾ അംഗീകരിച്ചാലും ഇല്ലെങ്കിലും അത് പറയുന്ന ആർജവവും ആത്മാർത്ഥതയും അംഗീകരിക്കാതെ വയ്യ. ഈ പ്രായത്തിലും ഉള്ളിൽ സൂക്ഷിക്കുന്ന ആ നെരിപ്പോടുണ്ടല്ലോ അത് നാം ഉൾക്കൊള്ളുക തന്നെ വേണം. The whole woman ൽ അവർ പറയുന്നുണ്ട് "നമുക്ക് വീണ്ടും രോഷം കൊള്ളേണ്ട സമയമായി " എന്ന് . ഗ്രിയർ തീർച്ചയായും രോഷാകുലയാണ്. x ---------------------------------------------------------------x -------------------------------------------x അച്ഛന്റെ വൻപുസ്തകശേഖരത്തിനിടയിൽ നിന്നും The Female Eunuch എന്ന പുസ്തകം യാദൃച്ഛികമായി കയ്യിൽ കിട്ടിയത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് . വെറുതെ മറിച്ചു നോക്കിയപ്പോൾ ആദ്യം കണ്ണിൽ പെട്ടതും പെട്ടെന്ന് മനസ്സിലായതും അതിൽ ചേർത്തിട്ടുള്ള പ്രശസ്തമായ ഉദ്ധരണികൾ ആയിരുന്നു. പിന്നീട് സ്ത്രീവിമോചനം എന്ന ആശയം പതുക്കെ പതുക്കെ തലക്കകത്തേക്ക് കയറുന്നതിനനുസരിച്ചു Germaine Greer എന്ന സ്ത്രീവാദ എഴുത്തുകാരി എന്റെ ചിന്തകളിൽ കൂടുതൽ പ്രാധാന്യം നേടി. പിന്നീട് എം ഫിൽ ചെയ്യാൻ മദ്രാസ് സർവകലാശാലയിൽ ചേർന്നപ്പോഴാണ് നക്സൽ പ്രവർത്തക കൂടിയായ നീലയെ പരിചയപ്പെട്ടത്. ഒരിക്കൽ നീലയുടെ കയ്യിൽ ഗ്രിയറിന്റെ പുതിയ പുസ്തകം The whole woman കണ്ടു. നീല സ്നേഹത്തോടെ അതെനിക്ക് സമ്മാനിച്ചു . The Female Eunuch എഴുതിയതിൽ നിന്നും സ്ത്രീവാദത്തിൽ Greer പിന്നോട്ട് പോയി ഈ പുസ്തകത്തിലെന്നു വിമർശകർ പറയുന്നു. പക്ഷെ, ആഗോളവൽക്കരണത്തിന്റെ സാഹചര്യത്തിൽ സ്ത്രീഅവസ്ഥ എങ്ങനെ മാറി മറിഞ്ഞു എന്ന് The whole woman പറയുന്നു.