സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ദേവകി പണിക്കര്‍: ചൈനയില്‍ പോയി കമ്യൂണിസ്റ്റായ വല്യമ്മായി...ആര്‍ പാര്‍വതി ദേവി എഴുതുന്നു

ആര്‍ പാര്‍വതി ദേവി(അന്തരിച്ച ദേവകി പണിക്കരെ ആര്‍ പാര്‍വതി ദേവി ഓര്‍മ്മിയ്ക്കുന്നു)

എന്നും അത്ഭുതാദരങ്ങളോടെ മാത്രമേ ഞങ്ങൾക്ക് വല്യമ്മായിയെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ . എന്റെ അമ്മയുടെ (പ്രൊഫ എം ജെ രാജമ്മ ) വല്യമ്മാവൻ എം എൻ ഗോവിന്ദൻ നായരുടെ ഭാര്യ ദേവകി പണിക്കരെ കുറിച്ച് കുടുംബത്തിൽ എല്ലാവരും വളരെയേറെ ബഹുമാനത്തോടെ മാത്രമേ സംസാരിച്ചിരുന്നുള്ളു . മലയാളം പറയുമെങ്കിലും മനോഹരമായ ഇംഗ്ലീഷ് ആണ് വല്യമ്മായിക്ക് വഴങ്ങിയിരുന്നത്. ചെറുപ്പത്തിൽ കമ്മ്യുണിസത്തിൽ ആകൃഷ്ടയായി കേരളത്തിൽ വരുകയും തനി നാട്ടിൻപുറത്തുകാരനായ എമ്മെനെ വിവാഹം കഴിക്കുകയും ചെയ്‌തെങ്കിലും ഒരിക്കലും പൂർണമായി ഒരു മലയാളി ആകാൻ വല്യമ്മായിക്ക് കഴിഞ്ഞിരുന്നില്ല. വല്യമ്മായിയുടെ ഇംഗ്ലീഷുകാരുടെ പോലെയുള്ള ചിട്ടയും രീതികളും കർശനമായ അച്ചടക്കവും ഞങ്ങൾക്കു ഒരു തമാശയായിരുന്നു. 

കുട്ടിക്കാലത്തു വല്യമ്മായിയുടെ പ്രത്യേക സ്വഭാവ സവിശേഷതകൾ കൗതുകത്തോടെ അകന്നു നിന്ന് നോക്കിക്കാണുക മാത്രമേ ചെയ്തിട്ടുള്ളൂ. നിറഞ്ഞ വാത്സല്യവും സ്നേഹവും ഉണ്ടെങ്കിലും ഗൗരവപ്രകൃതം കാരണം ഞങ്ങൾ കുട്ടികൾ അൽപ്പം ഭയത്തോടെ അകന്നു നിൽക്കാനാണ് പതിവ്. 
എന്നാൽ പിന്നീട് വല്യമ്മായിയുടെ ജീവിതം പഠിക്കാൻ ശ്രമിച്ചപ്പോൾ ബഹുമാനം ആരാധനയായി മാറി. 
 
ചരിത്രകാരനും നയതന്ത്രജ്ഞനും മലയാളിയായ ആദ്യ രാജ്യസഭാംഗവുമായിരുന്ന സർദാർ കെ എം പണിക്കരുടെ മകളായി ഒരു രാജകുമാരിയെപോലെ ജീവിച്ചിരുന്ന വല്യമ്മായി എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചാണ് ഇന്ത്യൻ വിപ്ലവത്തിന് കരുത്തേകാൻ കേരളത്തിലെത്തിയത്.ഓക്സ്ഫോർഡിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സർദാർ പണിക്കർക്കൊപ്പം ചൈനയിൽ പോയപ്പോഴാണ് കമ്മ്യുണിസം എന്ന ആശയവുമായി അടുത്തറിഞ്ഞത്. ദില്ലിയിലെ കമ്മ്യുണിസ്റ് പാർട്ടി കേന്ദ്ര കമ്മിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ പാർട്ടി അവരെ എകെജിക്കൊപ്പം കേരളത്തിലേക്ക് വിടുകയായിരുന്നു. കമ്മ്യൂണിസം കത്തിപ്പടരുന്ന അൻപതുകൾ . നാട്ടിലെ സഖാക്കൾ ആവേശത്തോടെ ദേവകി പണിക്കാരെ സ്വീകരിച്ചു. മുഴുവൻ സമയ പ്രവർത്തനത്തിൽ അവർ മുഴുകി. ആഭരണങ്ങളും നിറമുള്ള വസ്ത്രവും ഉപേക്ഷിച്ചു. അന്ന് എന്റെ അച്ഛൻ (പി ഗോവിന്ദ പിള്ള) ആണ് പലപ്പോഴും വല്യമ്മായിക്ക് കൂട്ട് പോയിരുന്നത്. ഇംഗ്ലീഷ് പറയാൻ കഴിയുന്ന ഒരാൾ എന്നതായിരുന്നു അതിനു മുഖ്യ കാരണം. ഒരു വാക്ക് പോലും അന്ന് വല്യമ്മായിക്ക് മലയാളം അറിയില്ല. പുതിയ ചീന എങ്ങോട്ടു എന്ന ഒരു പ്രഭാഷണ പരമ്പര വല്യമ്മായി നടത്തി. അച്ഛനായിരുന്നു പ്രധാന പരിഭാഷകൻ. കേരളത്തിൽ അങ്ങോളം ഇങ്ങോളം യാത്ര ചെയ്ത് അവർ പ്രസംഗിച്ചു. ദേവകി പണിക്കർ എന്ന താരത്തെ കാണാൻ ജനം തടിച്ചു കൂടിയതായി അച്ഛൻ പറഞ്ഞിട്ടുണ്ട്. (ഈ അടുപ്പം കൊണ്ടാകാം വല്യമ്മാവൻ എന്റെ അമ്മയെ അച്ഛനെ കൊണ്ട് പിന്നീട് വിവാഹം കഴിപ്പിച്ചത്). 
 
എമ്മെനെ വിവാഹം കഴിച്ചതോടെ ഏതൊരു സ്ത്രീയെയും പോലെ വല്യമ്മായിയും കുടുംബ പ്രാരാബ്ധത്തിൽ അകപ്പെട്ടു. വലിയമ്മാവൻ ജയിലിലും ഒളിവിലും. തടവ് ചാടിയ എമ്മെന്റെ കഥകൾ നാടകീയം. ഈകാലത്ത് ഏതൊരു കമ്മ്യുണിസ്റ്റുകാരന്റെയും കുടുംബം അനുഭവിച്ചിരുന്ന കടുത്ത ദാരിദ്ര്യവും യാതനകളും വല്യമ്മായിയും അനുഭവിച്ചു. ചെറുപ്പത്തിൽ ആർഭാടപൂർവം ജീവിച്ച വല്യമ്മായി പക്ഷെ വലിയമ്മാവനെ വിട്ടു പോയില്ല. മൂത്ത മകൻ മൂന്നു വയസ്സിൽ രോഗം മൂർച്ഛിച്ചു ചികിത്സ കിട്ടാതെ മരിച്ചു. രണ്ടാമത്തെ മകൻ നാരായണൻ എന്ന അപ്പുവും ദില്ലിയിൽ വെച്ച് 13 വയസ്സിൽ മരിച്ചു. രണ്ടു ആൺമക്കളെ നഷ്ട്ടപെട്ട അമ്മ പക്ഷെ പിടിച്ചു നിന്നു. ഒരു പക്ഷെ വലിയമ്മാവനെ വിവാഹം ചെയ്തില്ലായിരുന്നങ്കിൽ കേരളത്തിലെ ഏറ്റവും ഉന്നതയായ ഒരു പാർട്ടി നേതാവായി വല്യമ്മായി മാറുമായിരുന്നു. കേരളത്തിലേക്ക് വന്നില്ലായിരുന്നങ്കിൽ ലോകം അറിയുന്ന ഒരു വ്യക്തിത്വം ആകാനും സാധ്യതയുണ്ട്. പക്ഷെ വല്യമ്മായി അത്തരത്തിൽ ചിന്തിച്ചില്ല. വലിയമ്മാവന്റെ അന്ത്യ കാലത്തു ഒപ്പം നിന്ന് പരിചരിച്ചു. വല്യമ്മാവന്റെ പാർട്ടി പ്രവർത്തനത്തിന് തുണയായി. പലപ്പോഴും സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. വീട് വെക്കുകയും വിൽക്കുകയും ചെയ്തു. സ്വന്തമായി ഒരു വീട് അവസാന കാലത്തു തിരുവനന്തപുരത്തു പട്ടത്തുണ്ടായിരുന്നതും ഒടുവിൽ വിൽക്കുകയായിരുന്നു.
 
വലിയമ്മാവന്റെ കാലശേഷം മകൾ അംബികക്കൊപ്പം വല്യമ്മായി ദില്ലിയിലേക്ക് താമസം മാറ്റി. നിയമ ബിരുദധാരിയായ അംബികച്ചേച്ചി കുറെ കാലം സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു. ദില്ലിയിൽ പോകുമ്പോൾ ഞങ്ങൾ അമ്മായിയെ പോയി കാണാറുണ്ട്. പഴയ അതെ രീതിയിൽ കാലിന്മേൽ കാൽകയറ്റിവെച്ച് വളരെ ഗൗരവത്തോടെ സമകാലിക രാഷ്ട്രീയം ചർച്ച ചെയ്തിരുന്നു. ധാരാളം വായിക്കുമായിരുന്നു, അവസാനം വരെയും.
 
(മാധ്യമ പ്രവര്‍ത്തകയായിരുന്ന ലേഖിക ഇപ്പോള്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ അംഗമാണ്)

കടപ്പാട്- ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചത് 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും