സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

നിർഭയ പ്രതികളെ ഉടൻ തൂക്കിലേറ്റുമോ?

വിമെന്‍ പോയിന്‍റ് ടീം



നിർഭയ കേസ് പ്രതി അക്ഷയ് കുമാർ സിങ്ങിന്‍റെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. പുതിയ വാദങ്ങളൊന്നും പ്രതിഭാഗത്തിന് ഉന്നയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹർജി തള്ളിയത്. ഇതോടെ കേസിലെ പ്രതികൾക്കെല്ലാം വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവയ്ച്ചിരിക്കുകയാണ്. ഇനി ഇയാൾക്ക് ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിക്കാൻ അവസരമുണ്ട്.

നിർഭയ കേസ് പ്രതികൾ
അക്ഷയ് കുമാർ സിങ്ങിന്‍റെ വധ ശിക്ഷ കോടതി ശരിവയ്ച്ചിരിക്കുകയാണ്. ഇതോടെ കേസിലെ നാല് പ്രതികൾക്കും വധശിക്ഷയാണ് ലഭിക്കുക. നേരത്തെ തന്നെ മറ്റ് മൂന്ന് പ്രതികളായ വിനയ് കുമാർ, മുകേഷ് സിങ്, പവൻ ഗുപ്ത എന്നിവരുടെ പുനഃപരിശോധന ഹർജികൾ കോടതി തള്ളിയിരുന്നു. കേസിലെ അഞ്ചാം പ്രതിയായ രാം സിങ് വിചാരണയ്ക്കിടെ തിഹാർ ജയിലിൽ തൂങ്ങിമരിക്കുകയും ചെയ്തു. കേസിലെ ആറാംപ്രതി പ്രായപൂർത്തിയാകാത്ത ആളായിരുന്നു. ആറ് വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം അയാൾ പുറത്തിറങ്ങുകയും ചെയ്തു.

പ്രതികളെ ഉടൻ തൂക്കിലേറ്റുമെന്ന് റിപ്പോർട്ടുകൾ

കഴിഞ്ഞ ഒരാഴ്ചയായി നിർഭയ കേസ് പ്രതികളെ ഉടൻ തൂക്കിലേറ്റുമെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഹൈദരാബാദിൽ യുവ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ വാർത്ത പുറത്തുവന്നതിനു പിന്നാലെയായിരുന്നു സംഭവം. ബീഹാറിലെ ബക്സർ ജയിലധികൃതർക്ക് തൂക്കുകയർ നിർമ്മിക്കാനുള്ള നിർദേശം ലഭിച്ചെന്ന വെളിപ്പെടുത്തലുകളും അഭ്യൂഹങ്ങൾക്ക് ബലമേകി.

വധശിക്ഷ നടപ്പിലാക്കുന്നത് സഹതടവുകാർക്ക് കാണാമോ

വധശിക്ഷ നടപ്പാക്കുമ്പോൾ ആർക്കൊക്കെ അത് കാണാൻ കഴിയുമെന്ന ചർച്ചയാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. ജയിൽ മാനുവൽ പ്രകാരം സഹതടവുകാർക്ക് വധശിക്ഷ നടപ്പിലാക്കുന്നത് കാണാൻ കഴിയുകയില്ല. തൂക്കിലേറ്റപ്പെടുന്നയാൾ തൂക്കുമരം കാണരുതെന്നും നിയമം പറയുന്നു. വധ ശിക്ഷ നടപ്പിലാക്കി മൃതദേഹം നീക്കുന്നതുവരെ എല്ലാ തടവുകാരെയും സെല്ലിൽ നിന്ന് പുറത്തുവിടരുതെന്നും നിയമം അനുശാസിക്കുന്നു.

വധശിക്ഷയ്ക്ക് സാക്ഷികളാവുക ആരൊക്കെ

ജയിൽ മാനുവലിൽ നിഷ്കർഷിച്ചിരിക്കുന്നവരുടെ സാന്നിധ്യത്തിൽ മാത്രമേ വധശിക്ഷ നടപ്പിലാക്കാൻ പാടുള്ളൂ. ജയിൽ സൂപ്രണ്ട്, ഡെപ്യുട്ടി സൂപ്രണ്ട്, മെഡിക്കൽ ഓഫീസർ ഇൻ ചാർജ്, റസിഡന്‍റ് മെഡിക്കൽ ഓഫീസർ എന്നിവരാണ് ഈ സമയത്ത് അവിടെയുണ്ടാകേണ്ടത്. ഇവർക്ക് പുറമെ ജില്ലാ മജിസ്ട്രേറ്റും സ്ഥലത്തുണ്ടാകണം. അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തിൽ എഡിഎം എത്തിയിരിക്കണമെന്നും നിയമം അനുശാസിക്കുന്നു. സർക്കാർ ഉത്തരവുണ്ടെങ്കിൽ മാത്രമേ ഇവർക്ക് പുറമേയുള്ള ആളുകൾക്ക് വധശിക്ഷ വീക്ഷിക്കാൻ കഴിയു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം

മുകളിൽ പറഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥർക്ക് പുറമെ 12 സുരക്ഷാ ഉദ്യോഗസ്ഥരാണ് വധ ശിക്ഷ നടപ്പാക്കുന്നിടത്ത് ഉണ്ടാവുക. 10 കോൺസ്റ്റബിൾസും രണ്ട് ഹെഡ് കോൺസ്റ്റബിൾസും ഉൾപ്പെടെ 12 പേരാണ് ഇവിടെയുണ്ടാവുക.

 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും