ദയവായി ശ്രദ്ധിച്ചാലും മുഖ്യധാരാ ചരിത്രരേഖകളിൽ ഉൾപ്പെടുത്താത്ത ഒരു സമരത്തെക്കുറിച്ച്, രേഖപ്പെടുത്താതെ പോയ നിരവധി പേരുകാരികളിൽ ഒരുവളുടെ ഉറച്ച വാക്കുകള്‍..... "അന്ന് വളരെ പ്രസിദ്ധമാണ് മണിമലർക്കാവ് പൂരം. പക്ഷേ പൂരം കാണാൻ പോവാൻ പലവീട്ടിലെയും പെണ്ണുങ്ങൾക്ക് അനുവാദമില്ല. കാരണം, പൂരത്തിന് മാറുമറയ്ക്കാതെ സ്ത്രീകൾ താലമെടുക്കുന്ന ആചാരമുണ്ട്. ഈ സ്ത്രീകളെ കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ ആണുങ്ങൾ വരും. അവിടം പിന്നെ ആണുങ്ങളുടെ പൂരമാണ്. മാറുമറയ്ക്കാതെ നിൽക്കുന്നവർ സ്വന്തം ഇഷ്ടത്തോടെ അങ്ങനെ നിൽക്കുന്നതൊന്നുമല്ല. പേടിച്ചിട്ടാണ്. മണിമലർക്കാവ് ദേവിയെ പേടിച്ചിട്ടല്ല. ദേവിക്ക് പെണ്ണുങ്ങൾ മാറുമറയ്ക്കാതെ നിൽക്കണമെന്ന് ആഗ്രഹമൊന്നുമില്ലല്ലോ. ആ മോഹം ആണുങ്ങൾക്കാണ്. അതേപ്പറ്റി കൂടുതൽ പറയേണ്ടല്ലോ. ആരും ഇത് ചോദ്യം ചെയ്യാനില്ല. ഒടുവിൽ കമ്മ്യുണിസ്റ്റുകാർ മുന്നോട്ടുവന്നു. അന്നെനിക്ക് പതിനേഴു വയസ്സാണ്. ഞാനും കമ്മ്യൂണിസ്റ്റുകാരുടെ കൂടെ വീടുതോറും കയറിയിറങ്ങി. പെണ്ണുങ്ങൾക്ക് ബ്ലൗസ് ധരിച്ച് താലമെടുക്കാൻ പറ്റിയാൽ പിന്നെ ആണുങ്ങളെ പേടിച്ച് പൂരം കാണാൻ വിടാതിരിക്കില്ലല്ലോ. എനിക്കും അമ്മയ്ക്കും പൂരം കാണാമല്ലോ. ഞങ്ങൾ ഓരോ വീട്ടിലും കയറിയിറങ്ങി പറഞ്ഞു, ഇത്തവണ പൂരത്തിന് ബ്ലൗസ് ധരിച്ച് താലമെടുക്കണമെന്ന്. എല്ലാർക്കും പേടി. പോലീസും നമ്പൂതിരിമാരും നായന്മാരുമെല്ലാം തല്ലുമെന്ന പേടി. ഒടുവിൽ ഞാനുൾപ്പെടെ 23 പേർ തയ്യാറായി. തയ്യാറായ എല്ലാർക്കും കമ്മ്യൂണിസ്റ്റുകാർ ബ്ലൗസിന്റെ തുണിയും തുന്നൽക്കൂലിയും വീട്ടിൽ എത്തിച്ചുകൊടുത്തു. പൂരദിവസം അതിൽ നാലുപേർ പിന്നെയും പേടികാരണം പിന്മാറി. ഞങ്ങൾ ധൈര്യമായി നിന്നു. മാറുമറയ്ക്കാതെ താലമെടുത്തു നിൽക്കുന്ന സ്ത്രീകൾക്ക് എതിർവശത്ത് ബ്ലൗസിട്ടുകൊണ്ട് താലം പിടിച്ചു നിന്നു. പോലീസും സവർണ്ണരുമെല്ലാം ചേർന്ന് ഒരുപാട് ഉപദ്രവിച്ചു. ഞങ്ങൾ പിന്മാറിയില്ല. അവസാനം നമ്പൂതിരിമാർ പറഞ്ഞു, പെൺകുട്ട്യോള് അടുത്ത തവണ മുതൽ ബ്ലൗസിട്ട് താലമെടുത്തോട്ടെ എന്ന്. അവർ തോറ്റുപോയി ഞങ്ങൾക്കുമുന്നിൽ. ചമ്മിപ്പോയിട്ടു പറഞ്ഞതാണത്. ഇവിടെ ആർക്കാ താലമെടുക്കാൻ മോഹം. ഞങ്ങളാരും അടുത്തതവണ താലമെടുക്കാൻ പോയില്ല. പക്ഷേ, പൂരം കാണാൻ പോയി. ചെന്നപ്പോഴുണ്ട്, നായർ പെണ്ണുങ്ങൾ ബ്ലൗസിട്ട് താലമെടുത്തു നിൽക്കുന്നു. ഇത്രേയുള്ളൂ ആചാരം." പുരോഗമനകലാസാഹിത്യസംഘം നടത്തിയ നവകേരളസംസ്കാരികയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മണിമലർക്കാവ് മാറുമറയ്ക്കൽ സമരനായിക വെള്ളറോട്ടിൽ മീനാക്ഷി പറഞ്ഞത്.