ചരിത്രപണ്ഡിത, അദ്ധ്യാപിക, സാമൂഹ്യവിമർശക, സ്ത്രീവാദ എഴുത്തുകാരി എന്നീ നിലകളിൽ ശ്രദ്ധേയയായ ഒരു മലയാളി വനിതയാണു് ഡോ. ജെ. ദേവിക(ഡോ. ദേവിക ജയകുമാരി). ഇപ്പോൾ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസറായി പ്രവർത്തിക്കുന്നു.കേരളത്തിലെ സ്ത്രീസമൂഹത്തെക്കുറിച്ചും ലിംഗരാഷ്ട്രീയത്തെകുറിച്ചും സവിശേഷമായി പഠനം നടത്തുന്നവരിൽ പ്രമുഖയാണിവർ. സാമൂഹികവും സ്ത്രീകേന്ദ്രിതവുമായ വിഷയങ്ങളെക്കുറിച്ചു നിരവധി ഉപന്യാസങ്ങളും പഠനങ്ങളും ഇവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. "കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ" എന്ന കൃതിയുടെ സ്വതന്ത്രപകർപ്പവകാശപ്രകാശനത്തിലൂടെ സമകാലീനമലയാളത്തിൽ പകർപ്പവകാശവിമുക്തമായ പ്രസിദ്ധീകരണസംസ്കാരത്തിനു് ഒരു പ്രായോഗികമാതൃക തുടങ്ങിവെച്ചു.സമകാലിക വിഷയങ്ങളെ കുറിച്ച് കാഫില(www.kafila.org) എന്നാ സംഘ ബ്ലോഗിൽ എഴുതാറുണ്ട് . കൊല്ലം സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്നു് തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്നു് ബിരുദവും ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ചരിത്രപഠനകേന്ദ്രത്തിൽ നിന്ന് ആധുനിക ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ദേവിക "കേരളീയ നവോത്ഥാനത്തിൽ വ്യക്തിവത്കരണ പ്രക്രിയകളും ലിംഗഭേദവും തമ്മിലുള്ള പാരസ്പര്യം" എന്ന വിഷയത്തിൽ എം.ജി. സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി.കാലിക്കറ്റ് സർവകലാശാലയിലെ വനിതാപഠനത്തിനായുള്ള ബോർഡ് ഓഫ് സ്റ്റഡീസിൽ അംഗമായിരുന്നിട്ടുണ്ട്. ഹൈദരാബാദിലെ അന്വേഷിയുടെ സ്റ്റോറീസ് പ്രൊജക്ടിന്റെ ഉപദേശകയായും പ്രവർത്തിച്ചു. കൃതികൾ ആണരശുനാട്ടിലെ കാഴ്ചകൾ:കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Womanwriting= Manreading?, Her Self: Early Writings on Gender by Malayalee Women 1898-1938 . മലയാളത്തിൽ നിന്നും പല കൃതികളും ഇംഗ്ലീഷിലേക്കു് വിവർത്തനം ചെയ്തിട്ടുണ്ടു്. ഇതിൽ പ്രധാനം നളിനി ജമീലയുടെ '‘ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ’', സാറാ ജോസഫിന്റെ 'കന്യകയുടെ പുല്ലിംഗം' എന്നിവയാണ്. ഫെമിനിസ്റ്റ് എന്ന നിലയിലും സാമൂഹ്യ വിമർശക എന്ന നിലയിലും ദേവിക സംവാദങ്ങളിൽ പങ്കെടുക്കുകയും ഒരുപാട് വിഷയങ്ങളിൽ അഭിപ്രായം പ്രസിദ്ധീകരിക്കാറുമുണ്ട്. ദൽഹി കൂട്ട ബാലാത്സംഗത്തെ പറ്റി, സ്‌ത്രീ വെറും രണ്ടാംതരമാണെന്ന ചിന്ത സമൂഹത്തിലുണ്ടാവുകയും അവൾക്ക് മാന്യത കല്‌പിക്കേണ്ട ആവശ്യകതയില്ലെന്ന ധാരണ പരക്കെ ഉണ്ടാവുകയും ചെയ്‌തതിന്റെ പരിണതഫലങ്ങളാണിതെന്നു ദേവിക പറയുകയുണ്ടായി. തിരുവനന്തപുരതു നടന്ന പതിനേഴാമത് അന്താരാഷ്ട്ര ചലചിത്രോൽസവത്തിൽ ദളിത് വിഷയം കൈകാര്യം ചെയ്യുന്ന പാപ്പിലിയോ ബുദ്ധയുടെ സമാന്തര പ്രദർശനം നിരോധിച്ചതിനെതിരെ ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ കൈരളി തിയേറ്റർ കോംപ്ലക്‌സിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ചിത്രത്തിലെ നായികാ വേഷം ചെയ്ത സരിത, ചിത്രത്തിന്റെ നിർമാതാവ് പ്രകാശ് ബാരെ, എന്നിവരോടോപ്പം ദേവികയും നേതൃത്വം വഹിച്ചിരുന്നു -