സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

Dr ജെ ദേവിക എഴുതുന്നു... ശോഭാ സുരേന്ദ്രനെപ്പറ്റി ഒരു തുറന്ന കത്ത്

Dr ജെ ദേവിക



അല്ല, തെറ്റിപ്പോയതല്ല, ഈ കത്ത് കേരളത്തിലെ സ്ത്രീജനങ്ങൾക്കാണ്, ശോഭാ സുരേന്ദ്രനല്ല. കഴിഞ്ഞ ദിവസം മീഡിയ വണ്ണിൽ ഒരു ചർചയിൽ ഈ സ്ത്രീയോടൊപ്പെ പങ്കെടുക്കാൻ ഇടവന്നു. അന്നു തോന്നി, ഇതെഴുതണമെന്ന്. 

ആ ചർച കണ്ടവർക്കറിയാം, ഇവർ ജനാധിപത്യത്തെ വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും പാടെ പുച്ഛിക്കുന്നതെങ്ങനെ എന്ന. ഇനി മുതൽ ഏതെങ്കിലും ചർചയിൽ ഇവരോടൊപ്പം ഉണ്ടായാൽ ഞാൻ ആവശ്യപ്പെടും, ഇവരുടെ ബാഗ് പരിശോധിക്കണമെന്ന്. കാരണം അവരോടു വിയോജിക്കുന്ന മറ്റു സ്ത്രീകളുടെ തല അടിച്ചുടയ്ക്കാൻ വല്ല തേങ്ങയും അതിലൊളിപ്പിച്ചിട്ടുണ്ടോ എന്നാർക്കറിയാം?

നാമജപത്തിൽ പങ്കെടുത്തവരടക്കമുള്ള സഹോദരിമാരെ, കേരളത്തിലിന്ന് സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിൽ തുല്യതയുണ്ടെങ്കിൽ, തൊഴിലെടുക്കാൻ കഴിയുന്നെങ്കിൽ, കണ്ട ബ്രാഹ്മണൻറെ വീട്ടിലും വിളയിലും ഒറ്റവസ്ത്രവുമുടുത്ത് അയാളുടെയും വീട്ടുകാരുടെയും എച്ചിലെടുത്തും തിന്നും കുട്ടികളുടെ തീട്ടവും മൂത്രവും കൊരിയും അയാളുടെ കാമവെറി തീർക്കാൻ കിടന്നുകൊടുത്തും നിർബന്ധിതരാവാതെ നിങ്ങൾ ഇരിക്കുന്നുണ്ടെങ്കിൽ, അതിനു കാരണം ഇവിടുത്തെ സ്ത്രീപക്ഷവാദികളുടെ ആദ്യതലമുറയാണ്. 

അവരിൽ മിക്കവരെയും പറ്റി നിങ്ങൾ കേട്ടിട്ടുപോലും കാണില്ല. അന്നാ ചാണ്ടിയെന്നോ കൊച്ചാട്ടിൽ കല്ല്യാണിക്കുട്ടിയമ്മ എന്നോ ദാക്ഷായണീ വേലായുധനെന്നോ ഹലീമാ ബീവി എന്നോ നിങ്ങളിൽ എത്ര പേർ കേട്ടിട്ടുണ്ട് ?കേരളത്തിലെ സ്ത്രീകൾക്ക് അവരുടേതായ ഒരു മഹതീപാംപര്യമുണ്ടെന്ന് നിങ്ങളിലെത്രപേർക്കറിയാം? ഇന്ന് നവോത്ഥാന സദസ്സുകളിൽ ചർച ചെയ്യപ്പെടുന്ന പുരുഷന്മാരായ മഹത്തുക്കൾക്കൊപ്പം നിന്ന് സ്ത്രീവിരുദ്ധ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടാണ് അവരിൽ മിക്കവരും പ്രവർത്തിച്ചത്.
സ്വാതന്ത്ര്യത്തിനു മുൻപ് മലയാളിസമൂഹത്തിൽ അവർ നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് ഇന്ന് സ്ത്രീകളനുഭവിക്കുന്ന മിക്ക  അവകാശങ്ങളും. 

 ഇന്ന് നിങ്ങൾക്ക് വിവാഹം കഴിച്ചാലോ പ്രസവിച്ചാലോ ജോലി രാജിവയ്ക്കേണ്ടി വരുന്നില്ലെങ്കിൽ അതിനു കാരണം ശോഭാ സുരേന്ദ്രൻറെ രാഷ്ട്രീയമുൻഗാമികളായ ആചാരപ്രേമികളായ യാഥാസ്ഥിതികരല്ല എന്ന് ദയവുചെയ്ത് ഓർക്കുക. പത്മാ പിള്ളയെപോലെ ഫെമിനിസ്റ്റുകളെ നിരന്തരം ആക്രമിക്കുന്ന  ആചാരപ്രേമികൾ  ഇത് നല്ലതുപോലെ ഓർക്കുക. ആചാരപ്രേമികളുടെ സങ്കല്പസ്വർഗത്തിൽ പത്മാപ്പിള്ളയുടെ സ്ഥാനം ഇല്ലത്തെ അടുക്കളയുടെ പിന്നാംപുറത്താണ്, കൂടിപ്പോയാൽ ഏതെങ്കിലും തൻവാടിൻറെ ഉള്ളറയിലാണ്. നവോത്ഥാനത്തിൽ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്തവർ പോലും ആണധികാരത്തെപ്പറ്റി ചോദിക്കാൻ ധൈര്യം കാട്ടാത്ത ചോദ്യങ്ങളാണ് സ്ത്രീവാദികളുടെ ആദ്യതലമുറ ചോദിച്ചതെന്ന് മനസ്സിലാക്കുക.

ശോഭാ സുരേന്ദ്രന് ശബ്ദമില്ല എന്ന് ഈ ചർച കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും. അവർക്കുള്ളത് അർത്ഥശൂന്യമായ ഒച്ചയാണ്. ശബ്ദമെന്നാൽ ആശയങ്ങളെ വ്യക്തമായി പ്രതിപാദിക്കാനും കാര്യകാരണബന്ധം വിടാതെ വാദിക്കാനുമുള്ള കഴിവാണ്. ഒച്ചയെന്നാൽ മറ്റുള്ളവരെ ഭയപ്പെടുത്താനോ, ഉള്ളിൽ നിറയുന്ന അക്രമാസക്തിയടക്കമുള്ള അധമവികാരങ്ങളെ പ്രദർശിപ്പിക്കാനോ സഹായിക്കുന്ന 
വെറും അമറലുകളാണ്.

 അവർക്ക് അതില്ല എന്നു കണ്ടപ്പോൾ അതിൽ ഒരു അതിശയവും എനിക്കു തോന്നിയില്ല. കാരണം അവരുടെ രാഷ്ട്രീയപാരംപര്യം അവർക്ക് അതുമാത്രമേ അനുവദിച്ചിട്ടുള്ളൂ. സ്ത്രീകളെ നിശബ്ദരായ ചിഹ്നങ്ങളായി കുറയ്ക്കുന്ന പാരംപര്യമാണത് - കുലീന, വേശ്യ,ഭൃത്യ എന്നീ സംവർഗങ്ങളിൽ സ്ത്രീകളെ ഒതുക്കുന്ന പാരംപര്യം. അതിൽ സംസാരിക്കുന്ന സ്ത്രീകൾക്ക് ഇടമില്ല. 

അതുകൊണ്ടാണ് ശോഭാ സുരേന്ദ്രനും ശശികലയും എല്ലാം പൊതുചർചകളിൽ അലർച മാത്രം സമ്മാനിക്കുന്നവരാകുന്നത്.  അല്ലെങ്കിൽ ആ മണിയമ്മയെപ്പോലെ ചീഞ്ഞുനാറിയ അച്ചിവർത്തമാനം പറയുന്നത്. അതും ശബ്ദമല്ല, ജാതിവെറിയുടെ ഭാഷയുടെ പുനരവതരണം മാത്രമാണ്.

പത്മാപിള്ളപോലുള്ള വരേണ്യ-കുലീന ചമയുന്ന ഹിന്ദുത്വ തീവ്രവാദികൾ മറ്റൊരു തരം ശബ്ദമില്ലായ്മയെയാണ് സ്വീകരിച്ചിരിക്കുന്നത് -- ജാതിശ്രേണിയിൽ ശ്രേഷ്ഠത ആവകാശപ്പെടുന്ന ഒന്ന്. സ്ത്രീവിരുദ്ധ ആചാരങ്ങളെ വാരിപ്പുണരാത്തവരെ ശപിച്ചു കളയും എന്ന ഭീഷണിയാണ് അവരിൽ നിന്നു പുറപ്പെടുന്നത്. എന്താണ് ശാപം?  അനേകം വർഷത്തെ കഠിനതപസ്സിലൂടെ, അല്ലെങ്കിൽ സാധനയിലൂടെ, ആർജിച്ച പുണ്യത്തിൻറെ ശക്തിയെ വാക്കിലൂടെ ആവാഹിച്ചെടുക്കുന്നതാണ് ശാപം. അതായത്, ശബ്ദമല്ല, മറിച്ച് ഉത്തമഹിന്ദുവനിതയായതുകൊണ്ട് സ്വയം നേടി എന്ന് പിള്ളയും കൂട്ടരും കരുതുന്ന നശീകരണശക്തിയത്രെ ഈ  ശാപം!! 

സ്ത്രീകൾക്ക് ശബ്ദം ആവശ്യമില്ല, ഉത്തമഹിന്ദുസ്ത്രീയായി അടങ്ങിയൊതുങ്ങിക്കഴിഞ്ഞാൽ അവർക്ക് ശപിക്കാനുള്ള ശക്തി കൈവരുമെന്നതാണ് ഹിന്ദുതീവ്രവാദികളുടെ പുതിയ സ്ത്രീശാക്തീകരണപ്രമേയം!! കലിയുഗത്തിൽ ശാപം ഫലിക്കില്ല, പ്രാക്ക് മാത്രമേ ഉണ്ടാകൂ എന്നത് വേറെ കാര്യം. മാഡം പിള്ളയും മാഡം സുരേന്ദ്രനുമൊക്കെ പ്രാകിയാൽ ഫലിക്കാൻ ബുദ്ധിമുട്ടാണെന്ന് നല്ല വിശ്വാസമുണ്ട് എനിക്ക്.

പ്രിയ സഹോദരിമാരെ, നിങ്ങൾ തന്നെ തീരുമാനിക്കൂ.  നിങ്ങൾക്ക് ശബ്ദമുള്ളവരായി തുടരണോ അതോ ശബ്ദമില്ലായ്മ മതിയോ നിങ്ങൾക്ക്? 

ചിലരുടെ വീട്ടിൽ നായയെ വളർത്തുന്നതിൻറെ ക്രൂരത കണ്ട് കണ്ണുനിറഞ്ഞു പോയിട്ടുണ്ട്. കുടുംബാംഗമോ അരുമയോ ആയല്ല, വീട്ടുകാവലിനൊരു ക്രൂരമൃഗമായാണ് പല വീട്ടുകാരും നായയെക്കാണുന്നത്. ചങ്ങലയ്ക്കിട്ടും അക്രമാസക്തിയെ വളർത്തുംവിധം മാത്രം  പരിശീലിപ്പിച്ചും അന്യരെക്കാണുംപോൾ ചെറിയൊരു സംശയം തോന്നിയാൽത്തന്നെ അവരെ ഭയപ്പെടുത്തി ഓടിക്കാൻ മാത്രം ഉച്ചത്തിൽ കുരയ്ക്കാനും എത്ര ക്രൂരനാണെങ്കിലും ഉടമസ്ഥനെക്കണ്ടാൽ മോങ്ങിവാലാട്ടാനും പഠിപ്പിച്ചും അതിനെ അവർ അവിടെ ഇട്ടേയ്ക്കും. നാട്ടുകാരുടെ വെറുപ്പും വൈരാഗ്യവും മുഴുവനും ഉടമസ്ഥനെ ബാധിക്കാത്തവിധം  ഈ പാവം നായ ഏൽക്കുകയും ചെയ്യും.

അതേ. പാവം നായ. സ്ത്രീകളുടെ മഹതീപാരംപര്യത്തിൽ തുടങ്ങി നായ വളർത്തുന്നവരുടെ ക്രൂരതയിൽ ഈ പോസ്റ്റ് അവസാനിച്ചിരിക്കുന്നു, മനഃപ്പൂർവമല്ല, ക്ഷമിക്കുമല്ലോ. നമ്മുടെ നാടിനെ നാം തന്നെ രക്ഷിക്കട്ടെ. സ്ത്രീകളുടെ കാര്യം പറഞ്ഞാൽ, നമ്മെ രക്ഷിക്കാൽ മനുഷ്യചരിത്രത്തിൽ നാം മാത്രമേ ഉണ്ടായിട്ടുള്ളൂ. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും