സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

നിയമപോരാട്ടങ്ങളിലൂടെ 377ാം വകുപ്പ്

womenpoint team



2001ലാണ് നാസ് ഫൗണ്ടേഷനാണ് ആദ്യമായി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പിനെതിരെ ഒരു ഹരജി നൽകുന്നത്. ഡൽഹി ഹൈക്കോടതിയിലായിരുന്നു ഇത്. 2003ൽ ഈ ഹരജി കോടതി തള്ളി.

2006ൽ നാസ് ഫൗണ്ടേഷൻ ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി ഹൈക്കോടതിയോട് ഹരജി പുനപ്പരിശോധിക്കാനാവശ്യപ്പെട്ട് തിരിച്ചയയ്ക്കുകയാണ് സുപ്രീംകോടതി ചെയ്തത്. 2009ൽ ജൂലൈ മാസത്തിൽ ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഹരജിക്കാർ അനുകൂല വിധി നേടി. 377ാം വകുപ്പ് അസാധുവാക്കി വിധി വന്നു.

എന്നാൽ 2013ൽ ഈ വിധിക്കെതിരെ വന്ന ഹരജികൾ പരിശോധിച്ച സുപ്രീംകോടതി, ഡൽഹി ഹൈക്കോടതിയുടെ വിധി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പാർലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കി. 150 വർഷത്തിനിടെ 150 പേർ പോലും ശിക്ഷിക്കപ്പെടാത്ത ഒരു വകുപ്പാണിതെന്നും കോടതി നിരീക്ഷിച്ചു.

2015ൽ തിരുവനന്തപുരം എംപി സ്വകാര്യ ബില്ലായി പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കാൻ ധൈര്യം കാണിച്ചു. എന്നാൽ ഈ ബില്ലിനെ ബിജെപി ലോകസഭയിൽ വോട്ടിനിട്ട് തോല്‍പ്പിച്ചു.

2016ൽ അഞ്ചുപേർ 377ാം വകുപ്പിന്റെ ഭരണഘടനാ പ്രശ്നങ്ങളുന്നയിച്ച് വീണ്ടും കോടതിയിലെത്തി. 2017 ഓഗസ്റ്റിൽ കോടതിയുടെ റൂളിങ് വന്നു. വ്യക്തികളുടെ സ്വകാര്യത അവരുടെ സ്വകാര്യതയാണെന്നും ഇതിലേക്ക് കടന്നു കയറാൻ ഭരണകൂടത്തിന് കഴിയില്ലെന്നും വിധി വന്നു. മനുഷ്യരുടെ ലൈംഗിക ജീവിതത്തിലേക്ക് കടന്നുകയറാൻ ഭരണകൂടത്തിന് അനുമതി നൽകുന്ന സെക്ഷൻ 377ന്റെ അടിസ്ഥാന സ്വഭാവത്തെയാണ് ഈ വിധി റദ്ദാക്കിയത്. തികച്ചും പുരോഗമനപരമായ ഈ വിധി എൽജിബിടി വിഭാഗങ്ങളെ ഉത്തേജിതരാക്കി. അവർ സുപ്രീംകോടതിയെ വീണ്ടും സമീപിച്ചു. ഈ ഹരജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

ലൈംഗികത സംബന്ധിച്ച തെരഞ്ഞെടുപ്പ് മാത്രം കാരണമായി 2015ൽ മാത്രം 1491 പേർ ഈ വകുപ്പിനെ മുൻനിർത്തി അറസ്റ്റ് ചെയ്യപ്പെട്ടു. ഇവരിൽ 207 കുട്ടികളും 16 സ്ത്രീകളുമുണ്ടായിരുന്നു. ലൈംഗികത്തൊഴിലാളികളെ ഉപദ്രവിക്കാൻ ഈ വകുപ്പ് ഉപയോഗിക്കാറുള്ളത് സാധാരണമായ കാര്യമാണ്.

എന്താണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ്

ഇന്ത്യൻ ശിക്ഷാനിയമം 377 ഇപ്രകാരം പ്രസ്താവിക്കുന്നു: “പ്രകൃതിവിരുദ്ധമായി സ്വയേച്ഛയോടെ ആണും പെണ്ണുമായ മനുഷ്യരോടും മൃഗത്തോടും ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ ജീവപര്യന്തം തടവോ, പത്തുവർഷം വരെ നീളുന്ന തടവോ, പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.” 1861ലാണ് ഈ നിയമം നിലവിൽ വന്നത്. ബ്രിട്ടീഷ് വിക്ടോറിയൻ മൂല്യങ്ങളെ ആധാരമാക്കി നിർമിക്കപ്പെട്ടതായിരുന്നു ഈ നിയമം.

ഗുദരതിയെ നിരോധിക്കുന്നതിനായി ബ്രിട്ടിഷ് പാർലമെന്റ് 1533ൽ ഒരു നിയമം പാസ്സാക്കിയിരുന്നു. ബഗ്ഗറി ആക്ട് എന്നറിയപ്പെടുന്ന ഈ നിയമം ഹെന്‍റി നാലാമനാണ് കൊണ്ടുവന്നത്. ദൈവത്തിന്റെയും മനുഷ്യന്റെയും താൽപര്യത്തിനെതിരായ പ്രകൃതിവിരുദ്ധ ലൈംഗികതയാണ് ഗുദരതിയെന്ന് ഈ നിയമം അനുശാസിച്ചു. ഈ നിയമത്തെ അടിസ്ഥാനമാക്കി നിറുത്തിയാണ് ഇന്ത്യയിൽ 377ാം വകുപ്പിലെ ചട്ടങ്ങൾ രൂപീകരിച്ചത്. ഇതിൽ സ്വവർഗരതിയെ ക്രിമിനൽ കുറ്റമായാണ് കണ്ടത്.

ഇന്നത്തെ പരിഷ്കൃതിയോടു മാത്രമല്ല ഈ പ്രാകൃതനിയമം വഴിവെട്ട് നടത്തുന്നതെന്ന് 377ാം വകുപ്പിനെതിരെ പോരാടിയ സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ പാരമ്പര്യത്തിൽ സ്വവർഗ ലൈംഗികതയോ ഗുദരതിയോ വദനസുരതമോ പാപമായി കണക്കാക്കപ്പെട്ടിരുന്നില്ലെന്നതിന് തെളിവുകൾ ധാരാളമാണ്. ക്ഷേത്രങ്ങളിൽ ഇന്നും ഇത്തരം രതിമാതൃകകൾ ശിൽപങ്ങളായും ചിത്രങ്ങളായും ഉള്ളത് ചൂണ്ടിക്കാണിക്കപ്പെട്ടു. അടച്ചേൽപ്പിക്കപ്പെട്ട നിരവധിയായ ബ്രിട്ടീഷ് മൂല്യങ്ങളുടെ കൂട്ടത്തിലാണ് 377ാം വകുപ്പിനെയും പെടുത്തേണ്ടതെന്ന് വാദിക്കപ്പെട്ടു.


377ാം വകുപ്പിനെതിരെയുള്ള ഭരണഘടനാപരമായ വാദം

ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഇന്ത്യൻ ദേശത്ത് പിറന്ന ഒരാൾക്കും നിയമത്തിനു മുന്നിൽ തുല്യത നിഷേധിക്കപ്പെട്ടുകൂടായെന്ന് വ്യക്തമായി പറയുന്നുണ്ട്. ആർട്ടിക്കിൾ 15 പറയുന്നത് ലൈംഗികതയുടെ അടിസ്ഥാനത്തിൽ ഒരു പൗരനെയും നിരോധിക്കുകയോ വിവേചനപൂർവ്വം നിറുത്തുകയോ ചെയ്യരുതെന്നാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഒരു വ്യക്തിയുടെയും സ്വകാര്യ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ ഹനിക്കാൻ പാടില്ലെന്നും നിഷ്കർഷിക്കുന്നുണ്ട്. ഈ വകുപ്പുകൾ മുൻനിർത്തിയായിരുന്നു ഹരജിക്കാരുടെ വാദം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും