പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയും. കവി സുഗതകുമാരിയുടേയും അന്തരിച്ച ബി .ഹൃദയകുമാരിയുടേയും സഹോദരിയാണ്.കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ബോധേശ്വരന്‍റെയും വി. കെ. കാര്‍ത്യായനി അമ്മയുടെയും മൂന്നാമത്തെ മകള്‍ .എറണാകുളം മഹാരാജാസ് തിരുവനന്തപുരം വിമെന്‍സ് ഉള്‍പ്പെടെ കോളേജുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി പ്രവര്‍ത്തിച്ചു.ദേവി എന്ന പേരില്‍ കവിതകളും സുജാത എന്ന പേരില്‍ ഗദ്യവും എഴുതി.കാടുകളുടെ താളം തേടി എന്നതിന് കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള അവാര്‍ഡ് ലഭിച്ചു. മ്യൂണ്മയി എന്ന കവിതാ സമാഹാരവും ഹിന്ദു സ്ഥാനി സംഗീതത്തെക്കുറിച്ച് ഒരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഹിമാലയ പരിസ്ഥിതി പഠനത്തിന് സെന്റര്‍ ഫോര്‍ സയസ് ആന്‍റ് ടെക്നോളജിയുടെ ഫെല്ലോഷിപ്പ് നേടി.പരേതനായ അഡ്വ. വി.ഗോപാലകൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്.മക്കള്‍: പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍, പത്മനാഭന്‍. മരുമക്കള്‍: സ്വപ്ന, വിനീത, സോണാള്‍ മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്തരിച്ചത്. മഹാരാജാസിലെ പൂർവ വിദ്യാർഥികൾക്കും കൊച്ചിയിലെ സാമൂഹിക, സാംസ്കാരിക ലോകത്തിനും പ്രഫ. ബി. സുജാതാ ദേവിയുടെ വേർപാട് ഒട്ടേറെ ഓർമകളുണർത്തുന്നു. ഇംഗ്ലിഷ് അധ്യാപിക എന്നതിലുപരി വിദ്യാർഥികൾക്ക് അവരൊരു പാഠപുസ്തകമായിരുന്നു. സ്കൂൾതലംവിട്ട് അന്നത്തെ പ്രീഡിഗ്രിയിലൂടെ കോളജിലെത്തുന്ന ഓരോ പുതുമുഖത്തെയും സാമൂഹിക ലോകത്തിന്റെ വിശാലതയിലേക്കാണ് ടീച്ചർ കൈപിടിച്ചുകൊണ്ടുപോയത്. അതിൽ പരിസ്ഥിതി പ്രവർത്തനമുണ്ടായിരുന്നു, സാമൂഹിക പ്രവർത്തനമുണ്ടായിരുന്നു. എല്ലാറ്റിലുമുപരി നല്ലൊരു മനുഷ്യനായി മാറേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയായിരുന്നു എല്ലാ പ്രവർത്തനങ്ങളും. ബോൾഗാട്ടിയിൽ ഗോൾഫ് ക്ലബ്ബിനായി മരംമുറിക്കു നീക്കമുണ്ടായപ്പോൾ അതിനെതിരെ സംഘടിത ചെറുത്തുനിൽപ് നടത്തിയതാണ് അതിൽ പ്രധാനം. ടീച്ചർ സ്വീകരിച്ച സമര മാർഗങ്ങൾ ഒട്ടേറെയായിരുന്നു. അതിൽ പോസ്റ്റർ പ്രചാരണവും തെരുവു നാടകവും എല്ലാമുണ്ടായിരുന്നു. പക്ഷിനിരീക്ഷണത്തിൽ അതീവ താൽപപര്യം പ്രകടിപ്പിച്ച അവർ മഹാരാജാസ് വളപ്പിൽ പക്ഷികൾക്കു കൂടുമൊരുക്കിയിരുന്നു.