സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ടി.പി.രാധാമണി




അഭിനയപാടവമുള്ള ശബ്ദംകൊണ്ട് മലയാളികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കലാകാരിയാണ് ടി.പി.രാധാമണി. ആകാശവാണിയിലെ ആദ്യകാല അനൗണ്‍സര്‍. സ്ഫുടം ചെയ്‌തെടുത്ത ശബ്ദംകൊണ്ട് മലയാള പ്രക്ഷേപണത്തിന്റെ ചരിത്രത്തിനൊപ്പം രാധാമണി ജീവിച്ചു. 1950- ല്‍ ആകാശവാണിയില്‍ കരാര്‍ ജീവനക്കാരിയായി തുടങ്ങിയ ടി.പി. രാധാമണി 1993-ല്‍ വിരമിക്കുമ്പോഴേക്കും മലയാളികളുടെ മനസ്സില്‍ ഉറ്റവരുടെ ശബ്ദംപോലെ തന്നെ ഇടംനേടിയിരുന്നു. സംഗീതകോളേജില്‍ വിദ്യാര്‍ഥിനിയായിരുന്നപ്പോള്‍ ശെമ്മാങ്കുടിയുടെ കച്ചേരി കേള്‍ക്കാന്‍ വന്ന സര്‍ സി.പി.യെ കെ.സി.എസ്.മണി വെട്ടിയപ്പോള്‍ സദസ്സില്‍ കേള്‍വിക്കാരിയായി രാധാമണിയുണ്ടായിരുന്നു. സി.പി. താമസിച്ചിരുന്ന ഭക്തിവിലാസം ആകാശവാണി നിലയമായി മാറിയപ്പോള്‍ രാധാമണി അവിടത്തെ അന്തേവാസിയായി എത്തിയെന്നത് ജീവിതത്തിലെ യാദൃശ്ചികത. ശബ്ദത്തിനു മുമ്പേ രാധാമണിയുടെ കൈവള കിലുക്കമാണ് ആകാശവാണിയില്‍ ആദ്യം മുഴങ്ങിയത്.റേഡിയോ നാടകത്തിലെ കഥാപാത്രമായ സ്ത്രീയാണെന്ന അനുഭവം ഉണ്ടാക്കാന്‍ പ്രയോഗിച്ച സൂത്രവിദ്യയായിരുന്നു അത്. തുടര്‍ന്ന് ആകാശവാണി റേഡിയോ നാടകവാരം ആരംഭിച്ചപ്പോള്‍ കഥാപാത്രങ്ങള്‍ തേടിവന്നു.സത്യന്റെയും കൊട്ടാരക്കരയുടെയുമൊക്കെകൂടെ അങ്ങനെ വേദികള്‍ പങ്കിട്ടു. അഗ്നിസാക്ഷിയായിരുന്നു വലിയൊരു നാഴികക്കല്ല് . അഗ്നിസാക്ഷിയുടെ കഥ വായിച്ചത് രാധാമണിയായിരുന്നു. നാട്ടിന്‍പുറം, മഹിളാലയം തുടങ്ങി ഒട്ടേറെ പരിപാടികളിലൂടെ അവര്‍ വീടുകളില്‍ വിരുന്നെത്തി..സിനിമാക്കാരെക്കാള്‍ ഡിമാന്റായിരുന്നു അന്ന് റേഡിയോ ആര്‍ട്ടിസ്റ്റുകള്‍ക്ക്. ഇക്കാര്യം തിക്കുറിശ്ശി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് മൃഗങ്ങള്‍ക്കു വേണ്ടിയുള്ള ശബ്ദവും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ നല്‍കിയിരുന്നു. അത്തരമൊരു പരിപാടിയായിരുന്നു പഞ്ചതന്ത്രം.ടെലിവിഷന്റെ വരവ് റേഡിയോയുടെ ജനപ്രിയത കുറച്ചുവെന്ന വിമര്‍ശനത്തോട് രാധാമണി യോജിച്ചില്ല. ടി.വി.യില്‍ മുഖംകൊണ്ടു ചില ഗോഷ്ഠിയൊക്കെ കാണിക്കാം. പക്ഷേ, ശബ്ദംകൊണ്ട് അവരുടെ ഗോഷ്ഠിക്ക് അപ്പുറം ഞങ്ങള്‍ കാണിക്കുമെന്നായിരുന്നു രാധാമണിയുടെ പക്ഷം.സൂക്ഷ്മമായ നിരീക്ഷണങ്ങളായിരുന്നു അവരുടെ പ്രത്യേകത. കരയാനാണോ ചിരിക്കാനാണോ നാടകത്തില്‍ എളുപ്പം എന്ന ചോദ്യത്തിന് അവര്‍ പറഞ്ഞു. കരയാനാണ് എളുപ്പം. കരഞ്ഞാല്‍ ഏങ്ങിയേങ്ങി കരയാം. ചിരിക്കാന്‍ അത്ര എളുപ്പമല്ല. വയലാര്‍, ടി.ആര്‍.സുകുമാരന്‍ നായര്‍, പി.കെ.വിക്രമന്‍നായര്‍, കൈനിക്കര കുമാരപിള്ള, സി.ഐ.പരമേശ്വരന്‍ നായര്‍, പത്മരാജന്‍ തുടങ്ങി പ്രഗത്ഭരുടെ നീണ്ടനിരക്കൊപ്പം അവര്‍ ആകാശവാണിയില്‍ നിറഞ്ഞുനിന്നു. ആരാധന മൂത്ത് ആകാശവാണിയില്‍ രാധാമണിയെ തിരക്കിയെത്തുന്നവര്‍ കുറവായിരുന്നില്ല. ചിലര്‍ വീട്ടിലുമെത്തും. മക്കളെയും മലയാള സിനിമ, ദൃശ്യമാധ്യമരംഗങ്ങളില്‍ ശബ്ദ സൗകുമാര്യത്തോടെ അവരവരുടെ റോള്‍ നിര്‍വഹിക്കാന്‍ നിയോഗിച്ചാണ് രാധാമണി വിടവാങ്ങുന്നതെന്നത് മറ്റൊരു നിയോഗം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും