സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സഖാവ് സി.കെ. ഓമന




ഇ.മാധവന്റെയും കൗസല്യയുടെയും മകളായി 1934 ആഗസ്റ്റ് 9 ന് വൈക്കത്ത് ജനിച്ചു. സാമൂഹ്യ പരിഷ്കരണപ്പോരാളിയും "സ്വതന്ത്ര സമുദായം" എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായിരുന്നു ഇ.മാധവൻ. സ്കൂൾ അധ്യാപികയായിരുന്നു കൗസല്യ. സി.കെ. ഓമന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് സി.കെ. വിശ്വനാഥന്റെ ഭാര്യയാണ്. വിദ്യാർത്ഥി ജീവിതകാലം മുതൽക്കേ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തക യായിരുന്നു. വിദ്യാർത്ഥി ഫെഡറേഷന്റെയും ഫെഡറേഷൻ നിരോധിക്കപ്പെട്ടപ്പോൾ വിദ്യാഭ്യാസ അവകാശ സമ്പാദന സമിതിയുടെയും മുൻനിര നേതാവായി. വൈക്കം ഗവ. ഇംഗ്ലീഷ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാർത്ഥിനി ആയിരുന്നപ്പോൾ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി. ഒളിവിലായിരുന്ന നേതാക്കളുടെ സന്ദേശങ്ങൾ കൈമാറാനുള്ള 'ടെക്ക് ' സംവിധാനത്തിന്റെ ഭാഗമായായിരുന്നു പ്രവർത്തനങ്ങളുടെ തുടക്കം. തുടർന്ന് കയർ, കർഷക, ചെത്തു തൊഴിലാളികളുടെ സമരങ്ങളിൽ സജീവമായി പങ്കെടുത്തു. പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് വെള്ളൂരിലെ വീട്ടിൽ ഒളിവിൽക്കഴിഞ്ഞ കമ്മൂണിസ്റ്റ് നേതാക്കളായ സഖാക്കൾ പി.കൃഷ്ണപിള്ള, എം.എൻ. ഗോവിന്ദൻ നായർ , സി. അച്യുതമേനോൻ , പി.ടി.പുന്നൂസ്,  കെ.വി. പത്രോസ്, സി.ജി. സദാശിവൻ, കോട്ടയം ഭാസി തുടങ്ങിയ നേതാക്കളുടെ രാഷ്ട്രീയ ശിക്ഷണത്തിലൂടെ ഉറച്ച കമ്മൂണിസ്റ്റായി. വിദ്യാർത്ഥി ജീവിതകാലത്തു തന്നെ കമ്മ്യൂണിസ്റ്റ് പ്രവർത്തനത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

1952-ൽ കമ്മ്യൂണിസ്റ്റ് നേതാവും വൈക്കം എം .എൽ .എ യുമായ സി.കെ. വിശ്വനാഥനുമായി വിവാഹിതയാകുമ്പോൾ ഓമന വിദ്യാർത്ഥി ഫെഡറേഷന്റെ സംസ്ഥാന നേതാക്കളിലൊരാളായിരുന്നു. വിദ്യാഭ്യാസാനന്തരം മുഴുവൻ സമയ പാർട്ടി പ്രവർത്തകയായിരുന്നു. അക്കാലത്ത് മഹിളാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും മുന്നിൽ നിന്നു പ്രവർത്തിച്ചു. വൈക്കം താലൂക്ക് ദേശീയ മഹിളാ സംഘം രൂപീകരിച്ച് അതിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. 1957-ൽ ഖാദി ബോർഡ് അംഗമായിരുന്നു.

1962 ൽ പാർട്ടി അനുമതിയോടെ LIC ഡെവലപ്മെൻറ് ഓഫീസറായി ജോലി ആരംഭിച്ചു. ഡെവലപ്മെന്റ് ഓഫീസർമാരുടെ  നാഷണൽ ഫെഡറേഷന്റെ ദേശീയ നേതാക്കളിലൊരാളായിരുന്നു. മരണം വരെയും കമ്മ്യൂണിസ്റ്റായി ജീവിക്കുന്നതിൽ അഭിമാനം കൊണ്ടു. മക്കൾ: ബീന കോമളൻ, ബിനോയ് വിശ്വം, പരേതനായ ബിനോദ് വിശ്വം. മരുമക്കൾ: കെ.ജി.കോമളൻ, ഷൈല സി.ജോർജ്ജ്, നജി കെ. സഹോദരങ്ങൾ: സി.എം. തങ്കപ്പൻ, സി.കെ. തുളസി, സി.കെ. ലില്ലി, സി.കെ. സാലി, സി.എം.ബേബി, സി.എം.ജോയ്. അക്ഷരശ്ലോക സദസ്സുകളിലും കവിതാ രചനയിലും തൽപരയായിരുന്നു. പഴയ പടപ്പാട്ടുകൾ മക്കളും കൊച്ചുമക്കളുമടങ്ങുന്ന ഗൃഹ സദസ്സുകളിൽ ഓർത്തു ചൊല്ലുന്നതായിരുന്നു ഓമനയുടെ ശീലം.

10.03.2018 ന് എറണാകുളം പാലാരിവട്ടത്തെ 'ചേലാട്ട് ' വീട്ടിൽ വെച്ചു രാവിലെ 6.15 നായിരുന്നു സ: സി.കെ. ഓമനയുടെ നിര്യാണം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും