വിതുര പൊന്മുടി റോഡില്‍ കല്ലാര്‍ ചെക് പോസ്റ്റ് കടന്ന് ഇടത്തേക്കുള്ള കാട്ടുപാതയിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൊട്ടമൂട് എന്ന കാടിനോട് ചേര്‍ന്നുള്ള പ്രദേശത്തെത്താം. അവിടെ വനത്തിനുള്ളില്‍ ഒരു കുടിലില്‍ എഴുപത്തിനാലാം വയസ്സിലും 17 കാരിയുടെ ചുറുചുറുക്കോടെ ഒരു അമ്മയുണ്ട്. നഷ്ടമാകുന്ന ഗോത്ര സംസ്കൃതിയുടെ അവസാനത്തെ ശേഷിപ്പുകളില്‍ ഒന്നാണ് ലക്ഷ്മിക്കുട്ടി എന്ന ഈ അമ്മ. മൊട്ടമൂട് ഊരിന്‍റെ മൂപ്പനായിരുന്ന ഭര്‍ത്താവ് മാത്തന്‍ കാണി മരിച്ചതിന് ശേഷം കാട്ടിന് നടുവിലെ ഈ കുടിലില്‍ ഒറ്റയ്ക്കാണ് ലക്ഷ്മിക്കുട്ടി. കുടിലിന് ചുറ്റും അവര്‍ നട്ട് വളര്‍ത്തുന്ന പച്ചമരുന്നുകളാണ് അവര്‍ക്ക് കൂട്ട്. അവര്‍ക്ക് കാടിനെയും കാട്ടുമൃഗങ്ങളെയും പേടിയില്ല. മനുഷ്യനോളം ദുഷ്ടരല്ല കാട്ടു മൃഗങ്ങള്‍ എന്നാണ് അവരുടെ വാദം. കാട് മനുഷ്യര്‍ കയ്യേറുമ്പോള്‍ മൃഗങ്ങള്‍ നാട്ടിലിറങ്ങാതെ എന്തു ചെയ്യും എന്നാണ് അവരുടെ ചോദ്യം. ഒരു കാലത്ത് കാടിന്‍റെ കാവലാളായിരുന്ന ആദിവാസി ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധിയായ ഈ അമ്മ കാടും കാട്ടറിവുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തെ നിസ്സഹായതയോടെയാണ് നോക്കിക്കാണുന്നത്. എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള കാണി വിഭാഗത്തില്‍പ്പെട്ട ലക്ഷ്മിക്കുട്ടിയമ്മ കഴിഞ്ഞ നാല്‍പ്പത്തിമൂന്നു വര്‍ഷമായി പാരമ്പര്യ വിഷ ചികിത്സകയാണ്. പാമ്പ് കടിയേറ്റ് മരണം മുന്നില്‍ കണ്ട നിരവധി പേരെ ലക്ഷ്മിക്കുട്ടി ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്ന് ഒന്നും ചെയ്യാനില്ല എന്നു പറഞ്ഞു തിരിച്ചയച്ച ആളുകളെ പോലും ലക്ഷ്മിക്കുട്ടി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. ഇരുപതു വര്‍ഷത്തോളം ശരീരത്തില്‍ കലര്‍ന്ന വിഷം പോലും ലക്ഷ്മിക്കുട്ടിയുടെ ആവിക്കുളിയില്‍ പുറത്തുപോയിട്ടുണ്ട്. 150 ലധികം ഔഷധ സസ്യങ്ങള്‍ സ്വന്തം തൊടിയില്‍ വളര്‍ത്തുന്ന ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് അറിയാത്ത പച്ച മരുന്നുകള്‍ കുറവാണ്. അഞ്ഞൂറിലധികം പച്ച മരുന്നുകളെ കുറിച്ച് കാടിന്‍റെ ഈ കൂട്ടുകാരിക്ക് അറിയാം. ഡി സി ബുക്സ് ഉള്‍പ്പെടെയുള്ള പുസ്തക പ്രസാധകരുടെ പുസ്തകങ്ങളില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ കാട്ടറിവുകളെ കുറിച്ചുള്ള ലേഖനങ്ങള്‍ വന്നിട്ടുണ്ട്. കാടിന്‍റെ ഓരോ സ്പന്ദനങ്ങളും അറിയാവുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ലക്ഷ്മിക്കുട്ടി. ആദിവാസികളുടെ പാരമ്പര്യ കലകളെ കുറിച്ച് ഫോക്ലോര്‍ അക്കാദമിയില്‍ ക്ലാസ്സെടുക്കാനും ലക്ഷ്മിയമ്മ പോകാറുണ്ട്. ചികിത്സയെ കുറിച്ചും ചെടികളെ കുറിച്ചും പഠിക്കാന്‍ വേണ്ടി സ്വദേശികളും വിദേശികളുമായി നിരവധി പേര്‍ ലക്ഷ്മിക്കുട്ടിയമ്മയെ തേടി എത്തുന്നു. കേരള യൂണിവേഴ്സിറ്റിയടക്കം പല കോളേജുകളിലും ലക്ഷ്മിക്കുട്ടി കാട്ടറിവുകളെ കുറിച്ച് ക്ലാസ്സ് എടുക്കാറുണ്ട്. നാട്ടു വൈദ്യവുമായി ബന്ധപ്പെട്ടും ആദിവാസി പാരമ്പര്യത്തെ കുറിച്ചും സെമിനാറുകള്‍ക്കും ക്ലാസ്സുകള്‍ക്കുമായി കേരളത്തിലെമ്പാടും തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലും ലക്ഷ്മിക്കുട്ടി സഞ്ചരിച്ചിട്ടുണ്ട്. പാരമ്പര്യ വിഷ ചികിത്സയിലെ പ്രാഗത്ഭ്യം പരിഗണിച്ച് 1999 ല്‍ ലക്ഷ്മിക്കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ വൈദ്യരത്ന അവാര്‍ഡ് നല്കി ആദരിച്ചു. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ജൈവ വൈവിധ്യബോര്‍ഡ്, അന്തര്‍ ദേശീയ ജൈവ പഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ ലക്ഷ്മിയെ ഇതിനോടകം ആദരിച്ചു കഴിഞ്ഞു. കവയത്രി കൂടിയായ ലക്ഷ്മിക്കുട്ടി നാട്ടിലെ കവിയരങ്ങുകളിലെ നിത്യ സാന്നിദ്ധ്യമാണ്. സമകാലിക വിഷയങ്ങളെ ഹാസ്യത്തില്‍ പൊതിഞ്ഞു ആക്ഷേപ ഹാസ്യത്തിലാണ് ലക്ഷ്മി പലപ്പോഴും എഴുതുന്നത്. പകിടകളി, നേതാവിന്‍റെ ദുഖം, മന്ത്രിയെ കാത്ത്, തുടങ്ങിയ കവിതകള്‍ സമകാലിക രാഷ്ട്രീയത്തെയും നേതാക്കന്മാരെയും കളിയാക്കുന്നതാണ്. വനത്തിനുള്ളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്മാരും നാട്ടുകാരും നടത്തുന്ന കയ്യേറ്റത്തിനെതിരെയുള്ള വിമര്‍ശനമായും ലക്ഷ്മിക്കുട്ടിയുടെ കവിതകള്‍ മാറുന്നു. വള്ളത്തോള്‍ നാരായണ മേനോന്‍റെ ആരാധികയായ ലക്ഷ്മിക്കുട്ടി തെളിഞ്ഞ മലയാള പദങ്ങള്‍ ഉപയോഗിച്ച് ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്ന കവിതകളാണ് കൂടുതലും എഴുതുന്നത്. ചിലപ്പോള്‍ സ്വാനുഭവങ്ങളുടെ ചൂടും ചൂരും കവിതയ്ക്ക് വിഷയമാകാറുണ്ട്. ചരിത്രവും ഇതിഹാസവും വിമര്‍ശനവിധേയമാകുന്ന നിരവധി കഥാപ്രസംഗങ്ങളും ലക്ഷ്മിക്കുട്ടി എഴുതിയിട്ടുണ്ട്. സ്കൂള്‍ കുട്ടികള്‍ ലക്ഷ്മിക്കുട്ടിയുടെ കഥാപ്രസംഗം അവതരിപ്പിച്ചു സമ്മാനങ്ങള്‍ നേടാറുമുണ്ട്. ആദിവാസി ഗോത്ര കലയായ വില്‍പ്പാട്ടുകള്‍ നന്നായി പാടുന്ന ലക്ഷ്മിക്കുട്ടി അത് നഷ്ടപ്പെടാതെ ശേഖരിച്ചു വെച്ചിട്ടുമുണ്ട്. കവി ഡി വിനയചന്ദ്രനും കവയത്രി സുഗതകുമാരിയും തന്‍റെ കവിതകകള്‍ കേട്ടു നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് ലക്ഷ്മിക്കുട്ടി പറഞ്ഞു. തപസ്യയുടെ വാര്‍ഷിക പരിപാടിക്ക് വി ജെ ടി ഹാളില്‍ പോയപ്പോള്‍ സുഗതകുമാരി ടീച്ചറെ കണ്ടു. പരിചയപ്പെട്ടു. ടീച്ചര്‍ എന്റെ കവിത വാങ്ങി വായിച്ചു; കവിത നന്നായിട്ടുണ്ട്, പോരാട്ടം തുടരണം എന്നു പറഞ്ഞു. ‘കരയുന്ന കപോതം’ എന്ന ആ കവിത നല്ല കവിതയാണെന്ന് പറഞ്ഞു കൊണ്ട് പിറ്റേന്ന് പത്രത്തില്‍ ഇട്ടു. വനത്തെ കുറിച്ചുള്ള കവിതയായിരുന്നു അത്. പാരമ്പര്യ ചികിത്സയെ കുറിച്ചും തന്‍റെ കവിതകളെ കുറിച്ചും ലക്ഷ്മിയമ്മ പറയുന്നു. ‘ഇപ്പോള്‍ 74 വയസ്സായി. ഒന്നും മറന്നിട്ടില്ല. ഓര്‍മ്മയുടെ തട്ടില്‍ എല്ലാം ഉണങ്ങിപ്പോകാതെ കിടപ്പുണ്ട്. മൊട്ടമൂട് വടക്കന്‍ മല 32 കാണിപ്പറ്റിലെ ഓടച്ചന്‍ പാറ കാണിയില്‍ പെട്ടതാണ് ഈ പ്രദേശം. അന്ന് ലവിക്കുട്ടി എന്നായിരുന്നു പേര്. കൊല്ലവര്‍ഷം 1119 മേടമാസം 25 നാണ് (1944 മെയ് 8) ജനനം. മലയരയന്‍മാര്‍ ഇല്ലം തിരിച്ചു നിയമാവലിയുണ്ടാക്കിയ കൂട്ടത്തില്‍ പത്തില്ലത്തിലെയും തലപ്പത്തുള്ള മേനിയില്ലത്തുകാരാണ് ഞങ്ങള്‍. കുഞ്ചു ദേവിയാണ് അമ്മ. അമ്മ അറിയപ്പെടുന്ന വയറ്റാട്ടിയായിരുന്നു. അച്ഛന്‍ പൊന്മുടി കാണിക്ക് അവകാശപ്പെട്ട ചാത്താടി കാണി. ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒക്കെ ഇവിടെ തന്നെ. ജനിച്ച വീട് അക്കരെയാണ്. അവിടുന്നു മാറി ഇവിടെ വന്നു. ഞങ്ങള്‍ ഏഴു മക്കളായിരുന്നു. ഞാന്‍ ഏഴാമത്തെയാളാണ്. എന്‍റെ നേരെ മൂത്ത ചേട്ടത്തി രണ്ടാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ പ്രായപൂര്‍ത്തിയായി. പിന്നെ പഠിക്കാന്‍ പോയില്ല. അദ്ധ്യാത്മ രാമായണം ഒക്കെ അവള്‍ നന്നായി വായിക്കും. അവളിപ്പോള്‍ ഇല്ല. മരിച്ചുപോയി. 1949 ല്‍ കല്ലാറില്‍ ഒരു സ്കൂള്‍ ഉണ്ടാക്കാന്‍ വേണ്ടി ഇവിടത്തെ ആള്‍ക്കാര്‍ ഒക്കെ കൂടി പ്രവര്‍ത്തിച്ചു. കൊട്ടാരം വക സത്രം ഉണ്ടായിരുന്നു കല്ലാറില്‍. തമ്പുരാന്‍റെ കുതിരപ്പുര ഇവിടെയുള്ള ആള്‍ക്കാരൊക്കെ കൂടി അത് നന്നാക്കി. കുടിപ്പള്ളിക്കൂടം തുടങ്ങി. പിരിവെടുത്ത് ഭക്ഷണവും ശമ്പളവും കൊടുത്തു ഇളഞ്ചിയം ഗോപാലന്‍ കാണി എന്നയാളെ വാധ്യാരാക്കി. അവിടെയാണ് ഞാന്‍ പഠനം തുടങ്ങിയത്. ഇയാള്‍ വരാത്ത ദിവസം ആരെങ്കിലും അറിയാവുന്നവര്‍ വന്ന്‍ ഞങ്ങള്‍ക്ക് പാഠം പറഞ്ഞു തരുമായിരുന്നു. രണ്ടാം ക്ലാസ്സ് ആയപ്പോഴേക്കും അത് സര്‍ക്കാര്‍ സ്കൂളായി. സര്‍ക്കാര്‍ വധ്യാന്‍മാരേയും നിയമിച്ചു. അഞ്ചാം ക്ലാസ്സ് വരെ അവിടെയാണ് പഠിച്ചത്. അമ്മാവന്റെ മകനും പിന്നീട് ഭര്‍ത്താവുമായ മാത്തന്‍ കാണിയും സ്കൂള്‍ പഠനകാലത്ത് ഒന്നിച്ചുണ്ടായിരുന്നു. ശൂരനാട് കുഞ്ഞന്‍ പിള്ളയൊക്കെ പുസ്തക കമ്മറ്റിയിലൊക്കെ ഉണ്ടായിരുന്നു. അഞ്ചാം ക്ലാസ് ജയിച്ചപ്പോള്‍ പഠനം വിതുര സ്കൂളില്‍ ആയി. വിതുര പോലീസ് സ്റ്റേഷനടുത്തായിരുന്നു സ്കൂള്‍. അന്ന് കല്ലാര്‍ തൊട്ടുമുക്കിന് മുതിര്‍ന്നവര്‍ക്ക് നാലണയും കുട്ടികള്‍ക്ക് രണ്ടണയുമായിരുന്നു ബസ് ചാര്‍ജ്ജ്. രണ്ടണ ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ ദിവസവും ഒരുപാട് ദൂരം നടന്നാണ് പോയി വന്നത്. തേര്‍ഡ് ഫോമില്‍ അതായത് ഇന്നത്തെ എട്ടാം ക്ലാസ്സില്‍ തോറ്റതോടെ പഠനം നിര്‍ത്തി. പിന്നിട് അമ്മാവന്റെ മകനായ മാത്തന്‍ കാണിയെ വിവാഹം കഴിച്ചു. ആദിവാസി ആചാരങ്ങളെ മറികടന്നായിരുന്നു വിവാഹമെന്ന് ലക്ഷ്മിക്കുട്ടിയമ്മ ഓര്‍ക്കുന്നു. പെണ്ണിന്റെ വിലയായി പുരുഷന്‍ കാരണവന്‍മാര്‍ക്ക് കാഴ്ച ദ്രവ്യം നല്‍കണം എന്ന്‍ ചട്ടമുണ്ടായിരുന്നു. അരി, മുറുക്കാന്‍, പണം എന്നിവ ഒരു തട്ടത്തില്‍ വെച്ചു തുണിയില്‍ ഭാണ്ഡമാക്കി കാരണവന്‍മാരുടെ മുന്നില്‍ വെച്ചു നമസ്ക്കരിക്കണം. ഇതിനെ ‘അധ്യാരപ്പണം കെട്ടിനത്’ എന്നു പറയും. വരന്റെ കൂട്ടത്തില്‍ ശ്ലോകം അറിയാവുന്നവര്‍ ശ്ലോകം ചൊല്ലി അനുമതി തേടണം. ഏഴു പ്രാവശ്യം ഇത് ആവര്‍ത്തിക്കണം. എഴുവട്ടം കഴിയുമ്പോള്‍ കൊണ്ട് കയറാമെന്ന് സഭാവാസികള്‍ അനുമതി നല്കും. വിവാഹത്തിന് അനുമതിയായെന്നാണ് സാരം. ഇത് മാത്രം ചെയ്തിട്ട് സ്വര്‍ണ്ണത്താലി കെട്ടിയായിരുന്നു വിവാഹം. കാട്ടില്‍ പുതിയ കുടില്‍ കെട്ടി താമസം തുടങ്ങി. മൂന്നു മക്കളും പിറന്നത് ഈ കുടിലില്‍ തന്നെയാണ്. മന്ത്രങ്ങളും മരുന്നുമൊക്കെ കാടിന്‍റേത് തന്നെ. അന്ന് ആശുപത്രിയെ ആശ്രയിക്കുന്ന പതിവൊന്നും ഇല്ലായിരുന്നു. ഈ ഏരിയയില്‍ ആദിവാസികള്‍ മാത്രമേയുള്ളൂ. അല്ലാതെ ഇത് കാണിക്കാരന്റെ വീട് അത് നാട്ടു കാരന്‍റെ വീട് അങ്ങനെയില്ല. ആറിനക്കരെ പരുത്തിപ്പള്ളി റേഞ്ച്. ഇപ്പുറം പാലോട് റേഞ്ച്. ഇവിടെ ഇപ്പോ പിരിഞ്ഞു പിരിഞ്ഞു പത്തുനൂറില്‍ പരം കുടുംബങ്ങളുണ്ട്.’ ആദിവാസി ഗോത്ര സംസ്കാരത്തിന്‍റെ പ്രാക്തന അറിവുകള്‍ കൃത്യമായി അറിയാവുന്ന തലമുറയിലെ അവസാനത്തെ കണികളില്‍ ഒരാളാണ് ലക്ഷ്മിക്കുട്ടി. പാരമ്പര്യമായി കിട്ടിയ അറിവുകള്‍ തനിക്ക് കിട്ടിയ വിദ്യാഭ്യാസത്തിലൂടെ കൂടുതല്‍ നവീകരിക്കാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കാനും അവര്‍ക്ക് മടിയില്ല. വിദ്യാഭ്യാസം നേടി ആചാരാനുഷ്ഠാനങ്ങളില്‍ നിന്നു വ്യതിചലിക്കുന്നതില്‍ അവര്‍ക്ക് ഉത്കണ്ഠയുണ്ട്. ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും വിട്ടിട്ടുള്ള ഒന്നും ഞങ്ങള്‍ക്ക് വേണ്ടെന്നാണ് അവരുടെ അഭിപ്രായം. “ഞങ്ങള്‍ക്ക് ഞങ്ങളുടെ ആചാരവും അനുഷ്ഠാനവും വിട്ടിട്ടുള്ള ഒരു കാര്യവും ശരിയാവില്ല. ഇപ്പോ കുറെ വിദ്യാഭ്യാസമൊക്കെ നേടിയ ആള്‍ക്കാര്‍ ഞങ്ങളുടെ ഇടയിലും ഉണ്ട്. ജാതിയും മതവും ആചാരങ്ങളും ഒക്കെ വേണ്ട എന്നു പറയുന്നവര്‍. എനിക്ക് അതൊന്നും ആലോചിക്കാനെ വയ്യ. നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍ എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും നിലനിര്‍ത്തണം.” വനവുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്നവരാണ് ആദിവാസികള്‍. ഒരര്‍ത്ഥത്തില്‍ വനം കാവല്‍ക്കാര്‍ തന്നെയായിരുന്നു അവര്‍. കാട് അവരുടെ സ്വന്തമായിരുന്നു. തങ്ങളുടെ ആവശ്യത്തിനുള്ളത് മാത്രമേ അവര്‍ വനത്തില്‍ നിന്നു എടുത്തിരുന്നുള്ളൂ. ‘ഇപ്പോള്‍ കാടുമില്ല മരവുമില്ല പിന്നെ ഇവിടെ കഴിഞ്ഞിട്ട് എന്തു കാര്യം എന്നാണ് അവര്‍ ചോദിക്കുന്നത്’. രാജഭരണം പോയി ജനാധിപത്യം വന്നതാണ് അവരുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ലക്ഷ്മിക്കുട്ടി വിശ്വസിക്കുന്നു. “അന്ന് ഞങ്ങള്‍ പ്രധാനമായും കൃഷിയായിരുന്നു ചെയ്തിരുന്നത്. ഞങ്ങള് മല വെട്ടി കൃഷി ചെയ്യും. അന്ന് ഞങ്ങള്‍ക്ക് എവിടെയും കേറി കൃഷി ചെയ്യാം. രാജ ഭരണ കാലത്ത് ഞങ്ങള്‍ക്ക് എവിടെയും കൃഷി ചെയ്യാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. രാജ ഭരണം പോലെ ഒന്നും ശരിയാവില്ല. ആയിരമല്ല കോടികളല്ല എന്തര് പറക്കണക്കിന് അളന്ന് തട്ടിയാലും രാജഭരണം പോലെ ആകില്ല. ഇന്നത്തെ ജനാധിപത്യം എന്നു പറഞ്ഞാല്‍ ആര്‍ക്കും എന്തുമാകാം എന്ന അവസ്ഥയാണ്. ഇന്ന ഭക്ഷണം എന്നൊന്നുമില്ല. കായും കനികളും മറ്റുമായി കാട്ടില്‍ കിട്ടുന്ന എന്തും തിന്നുമായിരുന്നു. കാട്ടുതീ കത്തിയാല്‍ നെടുവയല്‍ നൂറ തുടങ്ങിയ കാട്ട് കിഴങ്ങുകളൊക്കെ മുളച്ചു വരും. ഇപ്പോ അതൊന്നും ഇല്ലല്ലോ. ഒരുപാട് അപൂര്‍വ്വ സസ്യങ്ങള്‍ ഇല്ലാതായി കഴിഞ്ഞു. പേപ്പട്ടി വിഷത്തിന് മരുന്നെടുക്കുന്ന പുലിച്ചുവടി എന്നൊരു ചെടിയുണ്ട്. അക്കരെ കാട്ടില്‍ കുറെ ഉണ്ടായിരുന്നു. കാട് കത്തി പുല്ലുകള്‍ വളരുമ്പോള്‍ ഈ ചെടിയും കൂടെ വളരുമായിരുന്നു. എപ്പോ അങ്ങനെ ഒരു ചെടി ഉണ്ടായിരുന്നെന്ന് പോലും ആര്‍ക്കും അറിഞ്ഞു കൂടാ. തിരുവിതാം കൂര്‍ മഹാരാജാവിന്റെ സ്ഥാനത്ത് ഓരോ ആദിവാസി കുടുംബത്തിനും ഓരോ കുറ്റിത്തോക്ക് തരുമായിരുന്നു. കണ്ണില്‍ കണ്ട മൃഗങ്ങളെയൊന്നും ഞങ്ങള്‍ വെടിവെച്ച് കൊല്ലില്ല. അതിനൊക്കെ ഒരു നേരും മുറയും ഉണ്ടായിരുന്നു. കൃഷി സ്ഥലത്തേക്ക് ഇറങ്ങുന്ന മൃഗങ്ങളെ ആദ്യം ഓടിച്ചു വിടാന്‍ ശ്രമിക്കും. എന്നിട്ട് പോയില്ലെങ്കില്‍ മാത്രമേ വെടിവെക്കൂ. വനദേവത മാര്‍ക്കുള്ള ബലി പൂജയാണ് ഞങ്ങള്‍ക്ക് വേട്ടയാടല്‍. വലിയ പന്നിയോ കാട്ടുപോത്തോ മ്ലാവോ അങ്ങനെ എന്തിനെയെങ്കിലും വെടിവെക്കും. അങ്ങനെ എപ്പോഴും വെടിവെക്കുകയൊന്നുമില്ല. ഒരാണ്ടില്‍ ഒന്നോ രണ്ടോ തവണയൊക്കെയെ ചെയ്യൂ. വല്യ മൃഗങ്ങളെ വേട്ടയാടിപിടിച്ചാല്‍ ആദ്യം തോളില്‍ കിടക്കുന്ന ഷാള്‍ എടുത്തു അതിന്റെ ദേഹത്ത് ഇടും. പേയും പിശാശും ഒന്നും ഇതിന് അധികാരം സ്ഥാപിക്കാന്‍ പാടില്ല. അതിനാണ് അങ്ങനെ ചെയ്യുന്നത്. പിന്നെ അതിന്റെ പുറത്തു പണം വെക്കും. വനദേവത മാര്‍ക്കുള്ള പിഴയാണ് ഇത്. ആദിവാസികള്‍ മാത്രമല്ല നാട്ടുകാരും ഇതില്‍ പങ്കെടുക്കും. മുസ്ലിംകള്‍ വരെ വരുമായിരുന്നു. ഇറച്ചി എല്ലാവീട്ടുകാര്‍ക്കും പങ്കിട്ടു കൊടുക്കും. ദൂരെയുള്ള ബന്ധുക്കള്‍ക്ക് ഉണക്കി കൊടുത്തയക്കും. എന്‍റെ അപ്പൂപ്പനായിരുന്നു അന്ന് ഈ മല അടക്കി ഭരിച്ചിരുന്നത്.”കാട്ടറിവുകളുടെ അക്ഷയ ഖനിയാണ് ഓരോ ആദിവാസിയും. നാട്ടുമനുഷ്യന്‍ അവരുടെ ഇടങ്ങളിലേക്ക് കടന്നുകയറിയതും വനം വെട്ടിപ്പിടിച്ചതും അവരുടെ സംസ്കൃതിയെ തന്നെ നശിപ്പിച്ചു കളഞ്ഞു. അരച്ചെടുത്ത് മുറിവില്‍ പുരട്ടാനും പിഴിഞ്ഞെടുത്ത് ഉള്ളില്‍ കുടിക്കാനും വേരിട്ട് തിളപ്പിച്ച് കുളിക്കാനുമൊക്കെയായി നിരവധി പച്ച മരുന്നുകള്‍ നമുക്കുണ്ടായിരുന്നു. അലോപ്പതിയുടെ കടന്നുകയറ്റത്തോടെയാണ് പച്ച മരുന്നുകളോട് നമ്മള്‍ വിമുഖത കാണിച്ചു തുടങ്ങിയത്. സോറിയാസിസിന് ചികിത്സിച്ചിരുന്ന സമുദ്രനിരപ്പില്‍ നിന്ന്‍ 2000 അടി ഉയരത്തില്‍ അഗസ്ത്യാര്‍ കൂടത്തില്‍ വളരുന്ന അമൃതപാല എന്ന ചെടിയും പേപ്പട്ടി വിഷത്തിന് ഉപയോഗിച്ചിരുന്ന പുലിച്ചുവടി എന്ന ചെടിയും എപ്പോള്‍ കാണാനെയില്ല എന്നു ലക്ഷ്മിക്കുട്ടി പറയുന്നു. “പ്രധാനമായും പാമ്പ് കടിക്കുള്ള വിഷ ചികിത്സയാണ് ഇവിടുള്ളത്. കിടത്തി ചികിത്സിക്കും. കാലിലോ കയ്യിലോ ആണ് വിഷം ഏല്‍ക്കുന്നതെങ്കില്‍ നമ്മള്‍ അയക്കുന്നത് ശരിയല്ല. നമ്മളുടെ നോട്ടത്തില്‍ തന്നെ കൃത്യമായി മരുന്നും ആഹാരവും ഒക്കെ കൊടുക്കണം. വിരുദ്ധ ആഹാരം കൊടുത്താല്‍ ഗുരുതരമാവും വൈദ്യര്‍ക്ക് ഒടുവില്‍ പഴിയാവും. കട്ടുറുമ്പ് മുതല്‍ കരിമൂര്‍ഖന്‍ വരെയുള്ള എല്ലാ വിഷത്തിനും ചികിത്സിക്കും. പേപ്പട്ടിക്ക് ഒഴികെ ബാക്കി എല്ലാറ്റിനും ചികിത്സിച്ചിട്ടുണ്ട്. പേപ്പട്ടി വിഷത്തിനുള്ള മരുന്നൊന്നും ഇപ്പോള്‍ കിട്ടാനില്ല. അപൂര്‍വ്വമായൊരു ചെടിയുണ്ട്. മരത്തിന്‍റെ മണ്ടയില്‍ വളരുന്നത്. അതിപ്പോ എവിടെയും ഇല്ല. പിന്നെയുള്ളത് പുലിച്ചുവടി, അതൊക്കെ ഇനി എവിടുന്നു കിട്ടാന്‍. വനം കത്തിച്ചാലെ രക്ഷയുള്ളൂ. വനം കത്തിയാലെ ഭൂരിപക്ഷം സസ്യങ്ങള്‍ വളരുകയുള്ളൂ. സൂര്യപ്രകാശത്തിന്റെ ചൂടല്ല. വനത്തില്‍ തീയും പുകയും ചാമ്പലും ഒക്കെ വീണടിയണം. എങ്കിലേ അത് രക്ഷപ്പെടുള്ളൂ.” ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി സര്‍ക്കാരുകള്‍ കോടികള്‍ ചിലവഴിക്കുമ്പോഴും ആദിവാസികളുടെ ജീവിതത്തിന് പറയത്തക്ക മാറ്റമൊന്നും സംഭവിക്കുന്നില്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഞങ്ങളോടു നീതി കാണിക്കുന്നില്ല എന്നാണ് ലക്ഷ്മിക്കുട്ടി പറയുന്നതു. “ഫോറസ്റ്റുകാര്‍ ഈയിടെ ഇവിടെ ഒരു കെട്ടിടം പണിതിട്ടുണ്ട്. അവിടം വനമായിരുന്നു. അവിടെ കൊണ്ട് ഫോറസ്റ്റുകാര്‍ എത്ര വേഗത്തിലാണ് കെട്ടിടം കെട്ടിയതെന്നോ. അതിനകത്ത് ജയില്‍ വരെ ഉണ്ടെന്നാണ് പറയുന്നത്. ഇനി ഫോറസ്റ്റ് കേസുകള്‍ എല്ലാം അവിടെവെച്ചാണ് കൈകാര്യം ചെയ്യുക. ഇതുവരെ ഉത്ഘാടനം ചെയ്തില്ല. വരുന്ന വഴിക്കുള്ള കോണ്‍ഗ്രീറ്റ് പാലം കണ്ടില്ലേ. ബസ് എത്ര പേടിച്ചാണ് വരുന്നതെന്നറിയാമോ. വീതി കൂട്ടാന്‍ ഫോറസ്റ്റുകാര്‍ സമ്മതിക്കില്ല, റോഡ് വീതി കൂട്ടിയാല്‍ തടി കടത്തും എന്നാണ് പറയുന്നത്. അല്ലെങ്കില്‍ ആരും കൊണ്ട് പോകൂലായിരിക്കും. ആദിവാസികളാണോ തടികടത്തുന്നത്. ഒരിക്കല്‍ ഞങ്ങള്‍ ഫോറെസ്റ്റില്‍ സമരം ചെയ്തു. ഫോറസ്റ്റുകാര്‍ ഇവിടത്തെ ഒരുത്തനെ അടിച്ചു. അന്ന് ഞാന്‍ മഹിളാസമാജം പ്രസിഡന്റ്റാണ്. മുദ്രാവാക്യം ഒക്കെ ഞാനാണ് എഴുതിയത്. ഞങ്ങള്‍ക്ക് കൊമ്പും തടിയും വേണ്ടേ വേണ്ടാ. കാടും നാടും കാട്ടുമുടിക്കാന്‍ ഞങ്ങള്‍ക്കില്ല ചങ്കൂറ്റം എന്നൊക്കെ മുദ്രാവാക്യം വിളിച്ച് ഞാന്‍ തന്നെയാണ് ജാഥ നയിച്ചത്. ഒടുവില്‍ പ്രസംഗിക്കാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു ആദിവാസികള്‍ക്ക് സ്വന്തമായി ലോറിയില്ല. സ്വന്തമായി ആനയുമില്ല, പിന്നെങ്ങനെ തടി മോഷ്ടിക്കും. ഒരു തടി തലച്ചുമട് എടുത്താല്‍ എത്ര ദൂരം എടുക്കും. എന്നിട്ട് വന്‍ കടത്തു കടത്തുന്നു എന്നു പറഞ്ഞാല്‍ എന്തു ചെയ്യും. ഞങ്ങള്‍ക്ക് ഞങ്ങളുടെ തൊടിയിലെ മരം പോലും വീടുവെയ്ക്കാന്‍ വേണ്ടി എടുക്കാന്‍ അവകാശമില്ല. കാട്ടിലെ മരമൊക്കെ ഫോറസ്റ്റിലെ ജീവനക്കാരുടെ ഒത്താശയോടെ കള്ളന്മാര്‍ കൊണ്ടുപോകും. ഇവിടെ ഏതെങ്കിലും നേതാക്കന്മാര്‍ വരുമ്പോള്‍ ഒരു പറ്റം ഇവിടത്തെ നേതാക്കന്മാരും വരും അല്ലാത്തപ്പോള്‍ ആരെയും കാണില്ല, ഹരിജന്റെയും ഗിരിജന്‍റെയും ഒക്കെ ലേബല്‍ വേണം ഇവര്‍ക്കൊക്കെ അധികാരത്തില്‍ കയറി ഇരിക്കാന്‍. ആദിവാസികള്‍ക്ക് മരം കൊടുത്താല്‍ കള്ളത്തടി കടത്തും എന്നാണ് അവര് പറയുന്നത്. വീണ് ചിതലരിക്കുന്ന മരംപോലും തൊടാന്‍ സമ്മതിക്കില്ല. ആദിവാസികള്‍ക്ക് പട്ടയം കൊടുത്താല്‍ വിറ്റു പെറുക്കി പൊയ്ക്കളയും എന്നു പറയും. ഈ പറയുന്നവന്‍മാരൊക്കെ മണല്‍ കടത്തിയും തടികടത്തിയും കയ്യേറിയുമൊക്കെയാണ് വല്യ ആളാകുന്നത്. സര്‍ക്കാര്‍ വീടിന് വേണ്ടി രണ്ടര ലക്ഷം രൂപ തന്നു. ഇവിടെ രണ്ടര ലക്ഷം കൊണ്ട് എന്ത് ചെയ്യാന്‍ പറ്റും. എനിക്കു വീട്ടിലേക്ക് വഴിപോലും ഇല്ല. ഞങ്ങള്‍ ലക്ഷക്കണക്കിന് രൂപ കടം വാങ്ങുന്നവരല്ല. ഞങ്ങള്‍ പൊന്നും പണവും കൂട്ടിയിട്ടിട്ടും ഇല്ല. .ഞാന്‍ നൂറു ഗ്രാം എണ്ണ കൊടുത്താല്‍ അമ്പതു രൂപ കിട്ടും. അതുകൊണ്ടാണ് കഴിയുന്നത്. ഉള്ളതുകൊണ്ടു ജീവിക്കാന്‍ പഠിച്ചവരാണ് ആദിവാസി. അല്ലാതെ ഞങ്ങള്‍ക്ക് അത് കുറഞ്ഞുപോയി ഇത് കുറഞ്ഞുപോയി എന്നൊന്നും പറഞ്ഞു സുഖ സൌകര്യത്തിന് വേണ്ടി ഓടില്ല, എപ്പോ എനിക്കു തന്നെ കടം വീട്ടാന്‍ രണ്ട് ലക്ഷം രൂപ വേണം. വീട് പണിക്ക് തിരിച്ചും മറിച്ചും എന്റെ കയ്യില്‍ നിന്നും രണ്ട് ലക്ഷത്തോളം രൂപയായി. എന്നിട്ടും വീട് പണി പൂര്‍ത്തിയായില്ല. വൈദ്യ ശാലയും കൂടെയാണ്. എണ്ണ കാച്ചിക്കൊടുക്കുന്നതിന് പൈസ വാങ്ങിക്കും. 100 ഗ്രാമിന് 50 രൂപ വാങ്ങിക്കും. അല്ലാതെ ഞങ്ങള്‍ക്ക് കോടികള്‍ വാങ്ങാനൊന്നും അറിഞ്ഞു കൂടാ. 44 വര്‍ഷമായി ഞാന്‍ വിഷ ചികിത്സയാണ് ചെയ്യുന്നത്. 1982 ല്‍ വീട് പണിക്ക് 4500 രൂപയാണ് കിട്ടിയത്. ആദിവാസിക്ക് കൂടുതല്‍ സുഖ സൌകര്യങ്ങളൊന്നും വേണ്ട. ഒരു ലോറി മെറ്റലോ സീമന്‍റോ ഇവിടെ എത്തണമെങ്കില്‍ 1500 രൂപ കൊടുക്കണം. ആദിവാസിക്ക് എല്ലാം ഉണ്ടെന്ന് ചുമ്മാ പറയുന്നു. കോടികള്‍ മുക്കുന്നത് വേറെ ആരെങ്കിലുമാണ്.” ലക്ഷ്മിക്കുട്ടിക്ക് മൂന്നു മക്കളാണ്. ഭര്‍ത്താവ് മാത്തന്‍ കാണി മരിച്ചിട്ടിപ്പോള്‍ രണ്ടു വര്‍ഷമായി. സഹകരണ വകുപ്പില്‍ ഓഡിറ്ററായിരുന്ന മൂത്തമകന്‍ ധരണീന്ദ്രന്‍ കാണിയെ കാട്ടിലെ ക്ഷേത്രത്തില്‍ പോകുന്ന വഴി കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു. ചിത്രകാരനും വനം വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന ഇളയമകന്‍ ശിവപ്രസാദും മരണപ്പെട്ടു. രണ്ടാമത്തെ മകന്‍ ലക്ഷ്മണന്‍ കാണി റെയില്‍വെയില്‍ ഉദ്യോഗസ്ഥനാണ്. മക്കളുടെ അകാലത്തിലുള്ള വേര്‍പാട് തീരാവേദനയായി ഉള്ളിലുണ്ടെങ്കിലും ലക്ഷ്മിക്കുട്ടി വിധിക്ക് മുന്നില്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ല. തനിക്ക് കിട്ടിയ പൈതൃകമായ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനും തന്നെ തേടി മലകയറി വരുന്നവരെ ഹൃദ്യമായി സ്വീകരിക്കാനും പാമ്പ് കടിയേറ്റ് തന്നില്‍ വിശ്വാസമര്‍പ്പിച്ച് കൊണ്ടുവരുന്ന രോഗികളെ ചികിത്സിക്കാനും അവര്‍ ഉത്സാഹിക്കുന്നു. കാടറിവുകളുടെ അക്ഷയഖനിയാണ് പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ. ആദിവാസി വൈദ്യത്തിലും വിഷ ചികിത്സാ രംഗത്തും ഉള്ള പ്രാഗത്ഭ്യമാണ് അവരെ ലോകത്തിന്റെ മുന്‍പില്‍ എത്തിച്ചത്. എട്ടാം തരം വരെ മാത്രം പഠിച്ചിട്ടുള്ള തിരുവനന്തപുരം കല്ലാര്‍ സ്വദേശിയായ ഈ വൃദ്ധ ഒഴിവ് സമയങ്ങളില്‍ നോട്ട് പുസ്തകങ്ങളില്‍ ചെറു കവിതകള്‍ കുത്തിക്കുറിക്കുമായിരുന്നു. ലക്ഷ്മിക്കുട്ടിയുടെ കവിത വായിച്ച് കവികളായ സുഗതകുമാരിയും അന്തരിച്ച ഡി വിനയചന്ദ്രനും അഭിനന്ദിച്ചിട്ടുണ്ട്. കാട് വിട്ടു പുറത്തെങ്ങും അധികം പോകാത്ത ഈ വയോവൃദ്ധയുടെ കവിതകള്‍ നിറയെ ലോകത്തെ കുറിച്ചുള്ള ആകുലതകളാണ്. ലക്ഷ്മിക്കുട്ടി എഴുതിയ ‘വഴിയോരക്കാഴ്ചകള്‍’ എന്ന കവിത ഒരുനാള്‍ കണ്ടൊരാ വഴിയോരക്കാഴ്ചകള്‍ പലനാള്‍ കൊണ്ടെന്‍റെ ഹൃദയം പിളര്‍ക്കുന്നു ഒരു തുണ്ടുകയറില്‍ തൂങ്ങിയാടും മാംസ പിണ്ഡങ്ങള്‍ ചുടുനിണമൊഴുകിപ്പിടഞ്ഞടിയും മര്‍ത്യജന്മങ്ങള്‍ അമ്മ പെങ്ങന്‍മാരെ ചതിയില്‍ കാശാക്കും കാപാലികന്‍മാര്‍ ഇവിടെയുണരുമോ വീണ്ടുമാ – മാനിഷാദാ കാട്ടാളനല്ല കാണ്‍ക, വില്ലേന്തി നില്‍പ്പവന്‍ ധര്‍മ്മ ചക്രാങ്കിതമാം കൊടി പാറുന്നു വെങ്കിലും കര്‍മ്മച്യുതിയാല്‍ യുവത്വം ദയനീയമേന്തി നില്‍പ്പൂ വില്ലല്ല – കാണ്‍ക – നിറതോക്കിന്‍ കുഴലുകള്‍ മാരക വിഷം ചീറ്റും ബോംബുകള്‍, ഗ്രനേഡുകള്‍ മറ്റുമായുധങ്ങളാല്‍ സോദര രക്തം ചീന്തി – യരും കൊലയാടിത്തിമര്‍ക്കും പൈശാച ശക്തികള്‍ അശാന്തിയാം വിഷബീജം പരക്കെ വളര്‍ത്തുമ്പോള്‍ ശാന്തിയാം കുളിര്‍ജലം പകരാനിനിയാരുണ്ടെന്നോര്‍ത്ത് അമ്മമാരുതിര്‍ക്കും ചുടുകണ്ണീര്‍ പ്രവാഹമാ- യൂരുകിയൊഴുകും കരളിന്‍റെ വേദന മാറ്റുവാന്‍ എന്താണ് തര്‍പ്പണം ചെയ്യേണ്ടത് നാം? ഏവരുമെങ്ങെങ്ങ് തീര്‍ത്ഥമാടേണ്ടൂ…