സുനിതാ കൃഷ്ണന്‍ സ്ത്രീകള്‍ക്ക് എന്നും ഒരു പ്രചോദനമാണ്. പതിനാറാം വയസ്സില് ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടി. എങ്കിലും ആ ആഘാതം ഏല്‍പ്പിച്ച മുറിവില്‍ നിന്നും അവര്‍ ഉയര്‍ത്തെഴുന്നേറ്റു. തന്നെ പോലെ ദുരിതമനുഭവിച്ച ആയിരക്കണക്കിനു സ്ത്രീകള്‍ക്ക് അവര്‍ താങ്ങും തണലുമായി. ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകയില്‍ ഒരാളാണ് ഇപ്പോള്‍ സുനിത കൃഷ്ണന്‍. മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണങ്ങള്‍ക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥി കൂടിയാണ് അവര്‍. ലൈംഗികപീഡനത്തിന്റെയും വേശ്യാവൃത്തിയുടെയും ഇരകളെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം തന്നെ മാനസികരോഗികളുടെ പുനരധിവാസം, മനുഷ്യവാണിഭത്തിനിരയായവരുടെ സംരംക്ഷണം, വേശ്യാവൃത്തിയില്‍ ഏര്‍പ്പെടേണ്ടിവന്നവരുടെ കുട്ടികളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തനം നടത്തുന്നു.