അധ്യാപനത്തോടൊപ്പം സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന 73 കാരി അന്നമ്മ ജെറോം എഴുത്തിന്റെ വഴിയിലേക്ക് പൂര്‍ണ്ണമായി തിരിഞ്ഞത് 2006 ലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഭര്‍ത്താവ് ജെറോമിന്റെ വേര്‍പാടിന് ശേഷം. ആദ്യത്തെ ബാലസാഹിത്യം മുത്തശ്ശിയുടെ പാട്ടുകള്‍. ഇത് ബാലകവിതയുടെ സമാഹാരമാണ്. ഹായ് എന്തുരസം, ചിരിയുടെ പൂത്തിരി എന്നിവയും ബാലകവിതകള്‍. ചെറുകഥാ സമാഹാരമാണ് മുറിമൂക്കന്‍ രാജാവ്. കൂടാതെ തത്തമ്മ, ബാലഭൂമി, മുത്തശ്ശി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ടീച്ചറുടെ നിരവധി കൃതികള്‍ അച്ചടിച്ചുവന്നു. 51 അക്ഷരപാട്ടുകള്‍ എന്ന പുസ്തകം കോഴിക്കോട് കെബിറ്റി ക്ക് നല്‍കിയിരിക്കുകയാണ്. മൈലാട്ടം എന്ന ബാലകവിതയുടെ പ്രസിദ്ധീകരണം എന്‍ബിഎസ്സും ഏറ്റെടുത്തു. വീട്, പരിസരം, കാട്,ആകാശം, കടല്‍, കാട്ടുമൃഗങ്ങള്‍, പക്ഷികള്‍, ജലാശയം, ചെടികള്‍, പൂക്കൾ , ആറ്റുവഞ്ചി എന്നിങ്ങനെ ടീച്ചറുടെ മനസ്സിനെ സ്വാധീനിച്ച ഘടകങ്ങളേറെ. ഈ ജീവിതാനുഭവങ്ങളുടേയും നേര്‍ക്കാഴ്ചയുടേയും പകര്‍ച്ചയാണ് അന്നമ്മ ജെറോമിന്റെ കൃതികള്‍. ആ പഴയ കാലാനുഭവങ്ങള്‍ ഇന്നത്തെ തലമുറിയോട് കഥയായും കവിതയായും സംവദിക്കുകയാണ് .സ്‌കൂളിലും യാത്രാവേളകളിലും കുട്ടികള്‍ക്കായി പാട്ട് എഴുതിയിട്ടുണ്ട്. കരുണാകടാക്ഷം എന്ന പേരില്‍ 2011 ല്‍ സിഡിയും പുറത്തിറക്കി.ഇപ്പോള്‍ ടീച്ചര്‍ പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. തൊടുപുഴ മൂലക്കാട്ട് ജോസഫിന്റെയും മേരിയുടെയും മകള്‍ അന്നമ്മ കണ്ണൂര്‍ ജില്ലയിലെ ഊരത്തൂര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപികയായിട്ടാണ് തുടക്കം. പിന്നീടാണ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റം. കണ്ണൂര്‍ജില്ലയിലെ പെരുമ്പള്ളില്‍ ഗവ. സ്‌കൂളില്‍ അധ്യാപകനായിരുന്നു ജെ ജെറോം. അങ്ങനെ തൊടുപുഴക്കാരിയും ശാസ്താംകോട്ടക്കാരനും കണ്ണൂരില്‍ കണ്ടുമുട്ടി. ഈ സൗഹൃദം ഇരുകുടുംബങ്ങളുടേയും അനുവാദത്തോടെ വിവാഹ ജീവിതത്തിലേക്കും വഴിമാറി. മക്കള്‍ : ഡോ. സീമ ജെറോം (കാര്യവട്ടം ക്യാമ്പസ്, മലയാളം അസി.പ്രൊഫ.), സിജു ജെറോം, സ്വീഡന്‍, സീന ജെറോം (അസി.എഞ്ചി.മുഖത്തല ബ്ലോക്ക്). മരുമക്കള്‍ : എസ് അജയ്കുമാര്‍, സോണി ജി, ശാലിനി ജോര്‍ജ് തരകന്‍