ഡി.ജി.പി. റാങ്കിലെത്തുന്ന കേരളത്തിലെ ആദ്യ വനിതയായി ആര്‍.ശ്രീലേഖ. ജയില്‍ വകുപ്പിന്റെ ചുമതല വഹിക്കുകയായിരുന്ന ശ്രീലേഖയെ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഡി.ജി.പി.യായി ഉയര്‍ത്തിയത്. 1987ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയായ ശ്രീലേഖയായിരുന്നു കേരളത്തിലെ ആദ്യ വനിത ഐ.പി.എസ്. ഓഫീസര്‍. 26 വയസ്സുള്ളപ്പോള്‍ 1986ല്‍ ഐ.പി.എസ്. നേടിയ ശ്രീലേഖ ചരിത്രത്തിന്റെ ഭാഗമായി. ആലപ്പുഴ ജില്ലയില്‍ ആദ്യ നിയമനം. ചേര്‍ത്തല, തൃശൂര്‍ എന്നിവിടങ്ങളില്‍ എ.എസ്.പി.യായും ആലപ്പുഴ, തൃശൂര്‍ പത്തനംതിട്ട ജില്ലകളില്‍ എസ്.പി.യായും പോലീസ് ആസ്ഥാനത്ത് എ.ഐ.ജി.യായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി.യായിരുന്ന ശ്രീലേഖ നാല് വര്‍ഷത്തോളം സി.ബി.ഐ. കൊച്ചി യൂണിറ്റിലും ജോലി ചെയ്തിട്ടുണ്ട്. 30 വര്‍ഷം നീണ്ട സേവനത്തിനിടെ റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ജയറക്ടറായും പ്രവര്‍ത്തിച്ചു. പോലീസ് ജീവിതത്തിനിടയില്‍ സാഹിത്യലോകത്തും ശ്രദ്ധനേടാനായി. ആര്‍.ശ്രീലേഖയുടെ മൂന്ന് കുറ്റാന്വേഷണ പുസ്തകങ്ങളുള്‍പ്പെടെ പത്തോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍വീസിലിരിക്കെ തന്നെ അനുഭവ കഥകള്‍ പ്രസിദ്ധീകരിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഫെലോഷിപ്പടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. സ്ത്രീസുരക്ഷ വലിയ ചോദ്യമായി ഉയരുന്ന കാലത്താണ് വനിതാ ഡി.ജി.പി. നിയമനം എന്നത് ശ്രദ്ധേയമാണ്.