കേരളത്തിൽ കൂണുപോലെ മുളച്ചുവരുന്ന ഹോം നേഴ്സിങ് സ്ഥാപനങ്ങൾ നടത്തുന്ന പകൽക്കൊള്ളയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ലേഖനം കേരളത്തിലെ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി കൂണുകൾ പോലെ മുളച്ചു വരികയാണ് ഹോം നേഴ്സിങ് സ്ഥാപനങ്ങൾ. സ്‌കൂളുകളും കോളേജുകളും കഴിഞ്ഞാൽ ഇന്നേറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങൾ ഇവയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ സന്നദ്ധസംഘടന എന്ന പേരിൽ പകൽകൊള്ള നടത്തുന്ന ഏജൻസികളുടെ ഇരകൾ ഏറെയും ഉദ്യോഗസ്ഥകളും പ്രവാസികളുമാണ്. വീട്ടിൽ തനിച്ചാകുന്ന മാതാപിതാക്കൾക്ക്, ആശുപത്രിയിൽ കൂട്ടിരിപ്പിനു, ഗർഭിണികൾക്ക് ഒക്കെ ഇത്തരം ഏജൻസികളുടെ സഹായം തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഇവരുടെ സഹായം തേടാറുണ്ട്. രോഗം ബാധിച്ചു ആശുപത്രിയിൽ കിടക്കേണ്ടി വരുമ്പോൾ, സ്വന്തം കുഞ്ഞുങ്ങളെ വിശ്വാസത്തോടെ ഏൽപ്പിച്ചു ജോലിക്കു പോകാൻ സാധിക്കാതെ വരുമ്പോൾ ഒക്കെ സ്ത്രീകൾ മനസുകൊണ്ട് കൂട്ടുകുടുംബ വ്യവസ്ഥിതിയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകാറുണ്ട്. ഈ രണ്ടു അവസ്ഥകളെയും ചൂഷണംചെയ്യാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇത്തരം സ്ഥാപനങ്ങൾ. വീട്ടുജോലി മാത്രം ചെയ്തു ശീലിച്ച സ്ത്രീകളെ രോഗിപരിചരണത്തിനും ഗർഭ-പ്രസവശുശ്രൂഷക്കും ഏർപ്പാടാക്കുന്ന സ്ഥാപനങ്ങളാണ് മിക്കതും എന്ന് അനുഭവം കൊണ്ട് പറയേണ്ടി വരുന്നു. കാൻസർ രോഗബാധിതയായ അമ്മയെ പരിപാലിക്കാൻ ഒരു സഹായിയെ ആവശ്യമുണ്ടെന്നു വന്നപ്പോഴാണ് തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ അംഗീകൃത സ്ഥാപനത്തെ സമീപിച്ചത്. ഒരു മാസത്തെ ശമ്പളം മുൻകൂറായി കൊടുത്തു ആശുപത്രിയിൽ സഹായിയായി ഒപ്പം കൂട്ടിയശേഷമാണ് അറിയുന്നത് രോഗി പരിചരണത്തിൽ അവർക്കു യാതൊരു വൈദഗ്ധ്യവുമില്ലെന്ന്, എന്നാലോ നിബന്ധനകൾക്ക് യാതൊരു കുറവുമില്ല: ആശുപത്രിയിൽ ഡോക്ടർമാർ പോലും കഴിക്കുന്ന ഭക്ഷണം അവർക്കു "പോരാ, മീൻചാറില്ലാതെ എങ്ങനെയാ കഴിക്കുന്നത്? കിടക്കാൻ കട്ടിൽ വേണം ; കുളിച്ചാൽ കുളിരും പനിയും വരും" തുടങ്ങിയ അടിസ്ഥാനമില്ലാത്ത കാരണങ്ങൾ പറഞ്ഞ സ്ത്രീയെ പറഞ്ഞുവിടാൻ മരണകിടക്കയിൽ കിടന്നിരുന്ന അമ്മ പറഞ്ഞത് കൊണ്ടുമാത്രം വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. വീട്ടുകാര്യങ്ങൾക്കെങ്കിലും സഹായമാകുമല്ലോ എന്ന് കരുതി. രോഗിയുടെ മൂത്രമെടുക്കാൻ അവർക്ക് അറിയുമോ എന്ന് പരിശോധിക്കണമെന്നു ഡോക്ടർ നിർബന്ധംപിടിച്ചതുകൊണ്ടുമാത്രം അക്കാര്യം പോലും അവർക്കറിയില്ലെന്നു മുൻകൂട്ടി മനസിലാക്കാൻ സാധിച്ചു. ലീവ് കഴിഞ്ഞു ജോലി സ്ഥലത്തേക്ക് മടങ്ങാതെ അമ്മക്കൊപ്പം നിന്നു. പക്ഷേ എത്രപേർക്ക് അങ്ങനെ സാധിക്കും? ഇത് ഒരു വൈയക്തികമായ അനുഭവമല്ലെന്നു സമാനാനുഭവം ഉള്ളവരിൽ നിന്ന് മനസിലാക്കി. പത്തുകൊല്ലത്തെ ദാമ്പത്യജീവിതത്തുന്നു ശേഷം പലവിധ ചികിത്സകൾക്കുമൊടുവിൽ ഇരട്ട കുട്ടികളെ ലഭിച്ച ഒരു ദമ്പതിമാർക്കുണ്ടായ അനുഭവം മറിച്ചല്ല. രണ്ടുകുട്ടികൾ ആയതു കൊണ്ട് മിനിമം ഇരുപതിനായിരം രൂപയാണ് ശമ്പളം. എല്ലാം സമ്മതിച്ചു ഒരു മാസത്തെ ശമ്പളവും കൊടുത്തു വീട്ടിൽ കൊണ്ടുവന്നു കഴിഞ്ഞപ്പോഴാണ് കുട്ടികളെ നോക്കാനായി ആദ്യമായിട്ടാണ് അവർ എത്തിയതെന്ന് മനസിലാക്കിയത്. ഏജൻസിയെ അറിയിച്ചപ്പോൾ പകരം ആളെ തരാം എന്നായി. കുട്ടികളെ നോക്കുന്നതിനേക്കാൾ തലവേദന പിടിച്ച പണിയാണ് സഹായത്തിനായി എത്തുന്നവരെ ജോലി പഠിപ്പിക്കേണ്ട അവസ്ഥ എന്നാണ് അവരുടെ അഭിപ്രായം. ഏജൻസികൾ എന്ത് അടിസ്ഥാനത്തിലാണ് ജീവനക്കാരെ എടുക്കുന്നത്; അവർക്കു ജോലി സംബന്ധമായ പരിശീലനങ്ങൾ നൽകുന്നുണ്ടോ; ഉപഭോക്താവിന് സംരക്ഷണം നൽകുന്ന വിധം നിയമാവലികൾ ഏജൻസികൾ നൽകുന്നുണ്ടോ; സ്ഥാപനങ്ങളുടെ നടത്തിപ്പ് സാമൂഹികക്ഷേമവകുപ്പ് വിലയിരുത്തുന്നുണ്ടോ; എന്താണ് ഒരു ഏജൻസി നടത്താനുള്ള യോഗ്യത എന്ന് സർക്കാരുകൾ കാലാകാലം നയങ്ങൾ കൈകൊള്ളുന്നുണ്ടോ തുടങ്ങി നിരവധി വിഷയങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്. മുഖ്യധാരാമാധ്യമങ്ങൾ രാഷ്ട്രീയ ജ്വരം ബാധിച്ചു കിടക്കുമ്പോൾ ഇത്തരം സാമൂഹികവിഷയങ്ങൾ കേരളത്തിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്നത് സ്വാഭാവികം. കൂട്ടുകുടുംബവ്യവസ്ഥിയിൽ നിന്ന് അണുകുടുംബത്തിലേക്ക് മാറിയ സാമൂഹികപശ്ചാത്തലത്തിൽ ഈ ഏജൻസികളെ നിത്യജീവിതത്തിൽ നിന്ന് മാറ്റിനിർത്താനുമാകില്ല. അണുകുടുംബത്തിൻ്റെ ശൂന്യത അനുഭവിച്ചറിഞ്ഞ ചിന്താശേഷിയുള്ള പുത്തൻതലമുറയിൽപ്പെട്ട പെൺകുട്ടികൾ ഇന്ന് മാറി ചിന്തിക്കാൻ തുടങ്ങുന്നുണ്ട്." എനിക്കിഷ്ട്ടം ഒരുപാട് ആളുകളുള്ള വീട്ടിൽ കല്യാണംകഴിച്ചു പോകണമെന്നാണ്." ഉന്നതവിദ്യാഭ്യാസം ആ പെൺകുട്ടിയുടെ അഭിപ്രായം അവരുടെ അച്ഛൻഅമ്മമാരുടെ തലമുറയ്ക്ക് അബദ്ധംപറ്റിയെന്നാണ്. പക്ഷേ അവർക്കായി ഇന്നെത്രകൂട്ടുകുടുംബങ്ങൾ അവശേഷിക്കുന്നുണ്ട്? വരും തലമുറക്കും ഇന്നത്തെ ഏജൻസികളുടെ നല്ല നടത്തിപ്പിനുമായി ആരോഗ്യവകുപ്പും സാമൂഹികക്ഷേമവകുപ്പും ഈ വിഷയത്തിൽ ഗൗരവമായി ഇടപെടേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.