സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

നീതി ആരെ കാത്തുനില്‍ക്കുന്നു?

ശില്പ മുരളിനിര്‍ഭയ കേസിന്‍റെയും,  ബില്‍ക്കിസ് ബാനു കേസിന്റെയും വിധി വന്ന ദിവസം ഇന്ത്യന്‍ ജനതയ്ക്കും മാധ്യമങ്ങള്‍ക്കും ആഹ്ലാദത്തിന്റെ  ദിവസമായിരുന്നു. ‘തൂക്കുകയര്‍ അനിവാര്യമോ?’ എന്നും , ‘ബില്‍ക്കിസ് ബാനുവിനെ ഉപദ്രവിച്ചവര്‍ക്ക് എന്തുകൊണ്ട് തൂക്കുകയര്‍ നല്‍കിയില്ല’ എന്നും ചര്‍ച്ച ചെയ്യുന്നതിനിടയില്‍  എന്‍റെ മനസ്സിനെ കലുഷിതമാക്കിയത് ആ ഇടക്ക് അറിഞ്ഞ ബസ്താര്‍ എന്ന സ്ഥലമാണ്. 

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ബസ്താര്‍ എവിടെയാണെന്നോ, അവിടത്തെ നാട്ടുകാര്‍ ആരാണെന്നോ എനിക്കറിയില്ലായിരുന്നു. ആ അജ്ഞത നല്ലതായി എനിക്ക് തോന്നിയില്ല. എന്തുകൊണ്ടാകാം ബസ്താറിലെ മനുഷ്യര്‍ വികസനം ആഗ്രഹിക്കാത്തത്. ചുറ്റിനും നിന്ന് പെട്ടെന്ന് ലഭിക്കുന്ന മറുപടികള്‍ക്കെല്ലാം ഒരേ അര്‍ത്ഥങ്ങളായിരുന്നു. ‘അവര്‍ ആദിവാസികള്‍ ആണ്, അവര്‍ക്ക് വികസനത്തിനോട് താല്പര്യമില്ല. കാടാണ് അവര്‍ക്ക് താല്പര്യം’, ‘അവര്‍ മാവോയിസ്റ്റുകള്‍ ആകാം, വികസനം വന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടും’. ആ ഇടക്ക് അരുന്ധതി റോയിയുടെ ‘Walking with the Comrades’ എന്ന പുസ്തകം വായിച്ചതു കാരണം ഇതൊന്നും വിശ്വസിക്കാന്‍ തോന്നിയില്ല. 

ഛത്തിസ്‌ഗഡ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ബസ്താര്‍. ബസ്താര്‍ പ്രാധാന്യം അര്‍ഹിക്കുന്നത് അവിടത്തെ ധാതു വിഭവങ്ങളുടെ സമ്പത്ത് കാരണമാണ്. വികസിത രാജ്യമെന്ന ഇന്ത്യന്‍ സ്വപ്നത്തിനു ഈ ധാതുക്കളുടെ ഖനനവും, അത് വന്‍കിട കുത്തക മുതലാളിമാര്‍ക്ക് കൈമാറെണ്ടതും  അത്യാവശ്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ട്ടിക്കുകയും, അതിന്‍റെ വിപത്തുകളെ ചെറുത്തുനില്ക്കാന്‍ ശ്രമിക്കുകയും ചെയ്യുക വഴിയാണ് ബസ്താര്‍ പ്രാധാന്യമര്‍ഹിക്കുന്നത്‌. 

ബസ്താറിലെ നിവാസികള്‍ പല പല ഗ്രാമങ്ങളായി തിരിഞ്ഞു ജീവിക്കുന്നു. കാട്ടില്‍ വസിക്കുന്നവരും,  കാടിനെ സംരക്ഷിക്കുന്നവരുമാണ് ഇവര്‍. ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ പെടുന്നത് കാരണം അവരുടെ ഭൂമിയില്‍ മൊത്തമായ അവകാശം അവര്‍ക്കില്ല. സര്‍ക്കാര്‍ പറഞ്ഞാല്‍ ഒഴിഞ്ഞു കൊടുക്കേണ്ടിവരും. എന്നാല്‍ ഇവയില്‍ മിക്ക ഗ്രാമങ്ങളും മാവോയിസ്റ്റ് സങ്കേതങ്ങള്‍ ആണെന്ന് കരുന്നതിനാല്‍ സര്‍ക്കാരും ഇവരെ ഒഴിപ്പിക്കാന്‍ ഭയപെടുന്നു. എന്നാലും അവിടേക്ക് റോഡ്‌ പണി നടത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുകയും അതിന്‍റെ ഭാഗമായി കാവലിനു പോലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും ഈ പ്രദേശത്ത് വിന്യസിപ്പിച്ചു.

2015 നവംബറിലാണ് ബസ്താറിലെ ബിജാപൂര്‍ പോലീസ് സ്റ്റേഷനില്‍ കൌമാരക്കാരിയായ ഒരു പെണ്‍ക്കുട്ടി ഉള്‍പ്പെടെ 15 സ്ത്രീകള്‍ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന പരാതിയുമായി എത്തിയത്. മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ഗ്രാമങ്ങളിലേക്ക് അതിക്രമിച്ചു കയറുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്തു. ഒക്ടോബര്‍ 19- 24 2015-ന് ആണ് ഈ മനുഷ്യാവകാശ ലംഘനം നടന്നത്. നവംബറില്‍ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്നുള്ള മൂന്ന് മാസങ്ങളില്‍ ഇതുപോലെയുള്ള  പരാതികള്‍ പല ഗ്രാമങ്ങളില്‍ നിന്നും പോലീസിന് ലഭിക്കാന്‍ തുടങ്ങി. മനുഷ്യാവകാശ കമ്മിഷന്‍റെ കണക്കു പ്രകാരം 34 പേര്‍ അന്ന് ബലാല്‍സംഗത്തിന് ഇരയായി. 

ബസ്താര്‍ മേഖലയിലെ സ്ത്രീകള്‍ക്ക് കോടതിയിലേക്ക് എത്തിപ്പെടുക എന്നത് തന്നെ വലിയൊരു കടമ്പയാണ്. പലപ്പോഴും കേസിന്‍റെ ഗതിയെന്തായി, എന്ന് കോടതിയില്‍ ഹജരാകണം, എങ്ങനെ കേസ് മുന്നോട്ട് കൊണ്ട് പോകണം എന്നുപോലും അവര്‍ക്ക് അറിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സോണി സോറിയെപ്പോല്ലുള്ളവരുടെയും , ചുരുക്കം മാധ്യമ പ്രവര്‍ത്തകരുടെയും, മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് ഈ സ്ത്രീകള്‍ കോടതിയിലേക്ക് എത്തിയതും, തങ്ങളുടെ പ്രസ്താവനകള്‍ കോടതിക്ക് നല്കിയതും. ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹിക, മാധ്യമ പ്രാര്‍ത്തകര്‍ നിരന്തരം വേട്ടയാടപ്പെടുന്നു. ഇതു ഭൂമിക്കുവേണ്ടിയുള്ള യുദ്ധമാണ്. എന്നാല്‍ എല്ലാ യുദ്ധങ്ങളിലും എന്നപോലെ സ്ത്രീയുടെ മാനം വലിചിഴയ്ക്കപ്പെടുന്നു.

മാവോയിസം അവസാനിപ്പിക്കല്‍ എന്ന  വ്യാജേന മുതലാളിത്തത്തിന് വനം വില്‍ക്കാന്‍, അവിടത്തെ ആദിവാസികളെ പല മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തുരത്തുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. അതില്‍ പീഡനവും, മാവോയിസ്റ്റ് എന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യലും, കൊലപതകവും ഉള്‍പ്പെടുന്നു. തന്നെ ഉപദ്രവിക്കാന്‍ വന്ന സുരക്ഷാ സേനയ്ക്കുമുന്നില്‍ താന്‍ മുലയൂട്ടുന്നൊരു അമ്മയാണെന്ന് അപേക്ഷിച്ചപ്പോള്‍, പാല്‍ ചുരത്തി കാണിക്കേണ്ടിവന്ന സ്ത്രീയുണ്ട്. അസിസ്റ്റന്റ്‌ ജയില്‍ സുപ്രേണ്ടായ വര്‍ഷ ദോഗ്രെ സുക്മ അക്രമത്തിന്നുശേഷം ഇട്ട ഫെയ്സ്ബുക് പോസ്റ്റില്‍, അവര്‍ നേരിട്ട് കണ്ട ക്രൂരതകളെക്കുറിച്ചു പറയുന്നു. പതിനാലും, പതിനാറും വയസ്സുള്ള പെണ്‍കുട്ടികളെ വിവസ്ത്രരാക്കി കൈയിലും മാറിടത്തിലും ഇലക്ട്രിക് ഷോക്ക് നല്‍കുന്ന കാഴ്ച അവരെ ഭയപ്പെടുത്തി. സുരക്ഷാ ജീവനക്കാര്‍ നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളെ അവര്‍ ശക്തമായ ഭാഷയില്‍ എതിര്‍ക്കുന്നു. നിരന്തരമായി പോലീസ് സ്റ്റേഷനില്‍ വച്ചു പീഡനം ഏറ്റുവാങ്ങി ഗര്‍ഭപാത്രം പുറത്തേക്കു വന്നൊരു പെണ്‍കുട്ടി ഇന്നും ജീവനോടെ ഉണ്ട്. പുരുഷന്മാര്‍ മറ്റു നാടുകളില്‍ പണിക്കുപോയ സമയം പതിനാലു വയസായൊരു പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപെട്ടു. അവളുടെ അച്ഛനുള്‍പ്പെടെയുള്ള പുരുഷന്മാര്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് എന്നാരോപിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ  വീടിലേക്ക്‌ കയറിയത്. ഈ ക്രൂരതകളെല്ലാം കാരണം പല ഗ്രാമവാസികളും കൂട്ടത്തോടെ ഗ്രാമം വിട്ടുപോകുന്നു. 

ജനങ്ങളെ സംരക്ഷിക്കേണ്ട നിയമ വ്യവസ്ഥ ഇവിടെ ഇവിടെ മൗനം പാലിക്കുന്നു. സംരക്ഷിക്കേണ്ടവരാല്‍ ഉപദ്രവിക്കപെട്ട ഇവര്‍ എത്ര നാടുകള്‍ പലായനം ചെയ്യും? സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം മാവോയിസ്റ്റുകളുടെ പ്രചാരണമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നവര്‍ വാദിക്കുന്നു. എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും, പട്ടിക ജാതി പട്ടിക വര്‍ഗ കമ്മിഷന്റെയും പ്രത്യേക ടീമുകള്‍ക്ക് കിട്ടിയ വിവരവും, മാധ്യമ സാമൂഹിക പ്രവര്‍ത്തകരുടെ വിവരണവും, ഇവരുടെ തന്നെ സഹപ്രവര്‍ത്തക ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റും ഇതില്‍നിന്നും തികച്ചും വിപരീതമായ ഒരു അവസ്ഥയാണ് നമുക്ക് കാട്ടിത്തരുന്നത്. 

ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും നീതി വൈകുന്നതെന്തു കൊണ്ടാണ്? ബസ്താറിലെ മനുഷ്യരെ മാവോയിസ്റ്റുകളെന്നു മുദ്രകുത്തി വേട്ടയാടുന്നത് സമൂഹത്തിനു എത്ര നാള്‍ അവഗണിക്കനാകും? ആദിവാസികളുടെ പ്രശ്നങ്ങള്‍ എന്തുകൊണ്ടാണ് നമുക്കെന്നും പ്രാധാന്യം കുറഞ്ഞതായി തോന്നുന്നത്? സ്വന്തം അവകാശങ്ങളെപറ്റി മൊത്തമായ ധാരണയില്ലാത്ത ഇവര്‍ക്ക് നീതിയുടെ ആവശ്യമില്ലെന്നാണോ? ആദിവാസി സ്ത്രീകളുടെ മാനം മേലാളത്തത്തിന്റെ കീഴില്‍ നരകിക്കേണ്ടതാണോ? അതോ ഇവയെല്ലാം ‘അപൂര്‍വങ്ങളില്‍ അപൂര്‍വമാവുകയും’ ദേശീയതയുടെ മുഖമുദ്രയായ ‘സുരക്ഷാ’ സേനയ്ക്ക് പകരം മറ്റൊരു കറുത്തവനാകുമ്പോള്‍  മാത്രമേ നീതി നടപ്പാവുകയുള്ളോ? 

എന്താണ് ബസ്താറിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിര്ഭയയില്‍
നിന്നും, ബില്‍ക്കിസ് ബാനുവില്‍ നിന്നും വേര്‍തിരിക്കുന്നത്?     
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും