സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കലാമണ്ഡലം കല്യാണിക്കുട്ടി അമ്മ (1925- 1999)




നര്‍ത്തകി,  കവിയത്രി,  നടി,  
മോഹിനിയാട്ടത്തിന്റെ   അമ്മ  എന്നറിയപ്പെടുന്നു. 
മലപ്പുറം  ജില്ലയിലെ  തിരുനാവായയില്‍  പനങ്ങാട് ഗോവിന്ദ  മേനോന്‍റെയും കരിങ്ങമന  ശ്രീദേവി  അമ്മയുടെയും  മകളായി  ജനനം.  ചെറുപ്പം  മുതല്‍  തന്നെ  കായികാഭ്യാസവും  യോഗയും  കളരിപയറ്റും  അഭ്യസിച്ചു.  1937-ല് കലാമണ്ഡലത്തില്‍   എത്തിച്ചേര്‍ന്നതോടെയാണ്  മോഹിനിയാട്ടത്തിലേക്കും  കഥകളിയിലേക്കും   ശ്രദ്ധ   തിരിച്ചത് . 1939-ല്‍  അരങ്ങേറ്റം  നടത്തിയ  കല്യാണികുട്ടി  അമ്മ,  കഥകളിയിലെ  ഇതിഹാസമെന്ന്   അറിയപ്പെടുന്ന  കലാമണ്ഡലം  കൃഷ്ണന്‍  നായരെ  പരിചയപ്പെടുകയും  തുടര്‍ന്ന്  ഇരുവരും   വിവാഹം  കഴിക്കുകയും  ചെയ്തു.  
1941 മുതല്‍ കല്യാണിക്കുട്ടി അമ്മ മോഹിനിയാട്ടം പഠിപ്പിക്കാന്‍   തുടങ്ങി.  1952-ല്‍ കല്യാണിക്കുട്ടി  അമ്മയും,  കൃഷ്ണന്‍  നായരും  ചേര്‍ന്ന്  ‘കേരള  കലാലയം’  എന്ന  നൃത്ത  വിദ്യാലയം  ആരംഭിച്ചു.  1954-ല്‍  അഹമ്മദാബാദില്‍  ദര്‍പ്പണ അക്കാദമിയില്‍  നൃത്തം  അഭ്യസിപ്പിച്ചു.  സമൂഹത്തില്‍  മോഹിനിയാട്ടത്തിന്  വലിയ  മതിപ്പ്  ഇല്ലാതിരുന്ന  കാലത്തില്‍  തന്‍റെ  ഗവേഷണങ്ങളുടെ  ഫലമായി   മോഹിനിയാട്ടത്തെ  സമൂഹ  ശ്രദ്ധയില്‍   എത്തിക്കാന്‍   കല്യാണിക്കുട്ടി  അമ്മക്ക്   സാധിച്ചു.  
മോഹിനിയാട്ട  പാരായണ  രീതി  മാറ്റുകയും,  നവരസങ്ങളും,  പുതിയ  അടവുകള്‍  കൂട്ടിച്ചേര്‍ക്കുകയും  ചെയ്തു.  മോഹിനിയാട്ടത്തിലേക്ക്  ഭക്തിയും  ലാസ്യവും  കൂട്ടിച്ചേര്‍ക്കാന്‍  മലയാളത്തിനു  ഇണങ്ങുന്ന  രാഗങ്ങളില്‍  ചൊല്‍കെട്ട്,  ജതിസ്വരം,  വര്‍ണ്ണം,  പദം,  ശ്ലോകം,  സപ്തം,  തില്ലാന, എന്നിവ രചിച്ചു.   മോഹിനിയാട്ടത്തെ  കുറിച്ച്  സെമിനാറുകള്‍  നടത്തുകയും, മോഹിനിയാട്ടത്തിന്റെ  പ്രചരണാര്‍ത്ഥം  ഇന്ത്യ  ഒട്ടാകെ  സഞ്ചരിച്ച്  നൃത്തം  ചെയുകയും  ചെയ്തു. 
മോഹിനിയാട്ടത്തെ  പറ്റി  കല്യാണിക്കുട്ടി  അമ്മ  എഴുതിയ രണ്ട്  പുസ്തകങ്ങളില്‍   "Mohiniyattam - History and Dance Structure"  എന്ന പുസ്തകം  മോഹിനിയാട്ടത്തെ  പറ്റിയുള്ള ഏറ്റവും വിപുലവും   ആധികാരികവുമായ  പുസ്തകമായി  കണക്കാക്കപ്പെടുന്നു.  പുസ്തകരചന  കൂടാതെ  നാടകത്തിലും, സിനിമയിലും  കല്യാണിക്കുട്ടി  അമ്മ  തന്‍റെ   കഴിവ്  തെളിയിച്ചു.  ‘രാരിച്ചന്‍  എന്ന  പൌരന്‍’,  ‘അസുരവിത്ത്‌’,  ‘ഗന്ധര്‍വ  ക്ഷേത്രം’,  രണ്ട്  മുഖങ്ങള്‍’  എന്നിവയാണ്  കല്യാണിക്കുട്ടി  അമ്മ  അഭിനയിച്ച  ചിത്രങ്ങള്‍.  
മക്കളായ ശ്രീദേവി രാജന്‍,  കല  വിജയന്‍;  മൃണാളിനി  സാരാഭായി, ദീപ്തി  ഓംചേരി  ഭല്ല  എന്നിവരാണ്  പ്രമുഖ  ശിഷ്യര്‍.  
കേരള  സംഗീത നാടക  അക്കാദമി അവാര്‍ഡും,  കേന്ദ്ര  സംഗീത  നാടക   അക്കാദമി  അവാര്‍ഡും  നേടി. 1999 മെയ് 12-ന് മരിക്കുമ്പോള്‍ അവര്‍ക്ക് 84 വയസ്സായിരുന്നു.
മക്കള്‍  ശ്രീദേവി  രാജനും,  കല  വിജയനും നൃത്ത  അധ്യാപികമാരാണ്, മകന്‍  കലാശാല  ബാബു  സിനിമ,  ടെലിവിഷന്‍  നടനാണ്‌.  ചെറുമകള്‍  സ്മിത  രാജന്‍  പ്രശസ്ത  മോഹിനിയാട്ടം  നര്‍ത്തകിയാണ്. 
നാശത്തിലേക്ക്  സഞ്ചരിച്ചുകൊണ്ടിരുന്ന  മോഹിനിയാട്ടം  എന്ന  നൃത്തരൂപത്തെ  ഇന്നത്തെ  നിലയിലേക്ക്  എത്തിക്കാന്‍  കല്യാണിക്കുട്ടി  അമ്മ  വഹിച്ച  പങ്കിനാണ്  അവരെ  മോഹിനിയാട്ടത്തിന്റെ  അമ്മ എന്ന് വിശേഷിപ്പിക്കുന്നത്.  

ജീവിതരേഖ  തയ്യാറാക്കിയത്  -  ശില്പ  മുരളി  

 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും