സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

മൃണാളിനി സാരാഭായ് ( 1918 – 2016)
പ്രശസ്ത നർത്തകി, സാഹിത്യകാരി, സാമൂഹ്യപ്രവർത്തക.
സാമൂഹ്യപ്രവർത്തകയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന അമ്മുസ്വാമിനാഥന്റെയും, മദ്രാസ് ഹൈക്കോടതിയില്‍ ബാരിസ്റ്റര്‍ ആയിരുന്ന ഡോക്ടർ സുബ്ബരാമ സ്വാമിനാഥന്റെയും മകള്‍. 1918 മെയ് 11 ന് കേരളത്തിൽ ജനനം. 
രണ്ടു മുതിര്ന്ന സഹോദരങ്ങള്‍: മുന്‍ മദ്രാസ് സംസ്ഥാനത്ത് അറ്റോര്ണി ജനറല്‍ ആയിരുന്ന ഗോവിന്ദ് സ്വാമിനാഥന്‍, സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ ആർമിയുടെ കമാൻഡർ-ഇൻ-ചീഫ് ആയിരുന്ന ലക്ഷ്മി സെഹ്ഗാള്‍.
കുട്ടിക്കാലം സ്വിറ്റ്സർലന്റിൽ, തിരിച്ച് ഇന്ത്യയിൽ എത്തിയ ശേഷം രബീന്ദ്രനാഥ ടാഗോറിന് കീഴില്‍ ശാന്തിനികേതനിൽ വിദ്യാഭ്യാസം. അവിടെ വച്ചു തന്റെ നിയോഗം മനസ്സിലാക്കി അമേരിക്കയിൽ പോയി പാശ്ചാത്യ നൃത്തരൂപങ്ങളെ പറ്റി പഠനം. തിരിച്ച് ഇന്ത്യയിൽ വന്ന ശേഷം മീനാക്ഷി സുന്ദരം പിള്ളയുടെ കീഴിൽ ഭരതനാട്യവും കഥകളി ആചാര്യൻ തകഴി കുഞ്ചുക്കുറുപ്പിനു കീഴിൽ കഥകളിയും അഭ്യസനം. 
ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയെ 1942ൽ മൃണാളിനി വിവാഹം കഴിച്ചു. മക്കള്‍: പരിസ്ഥിതിവിദ്യാഭ്യാസവിചക്ഷണന്‍ കാർത്തികേയ സാരാഭായിയും, നര്ത്തകിയും സാമൂഹിക-സന്നദ്ധപ്രവര്ത്തകയുമായ  മല്ലിക സാരാഭായിയും. 

കല, സാഹിത്യ, സാംസ്കാരിക മേഖലകളെ പരിപോഷിപ്പിക്കുവാന്‍ അഹമ്മദാബാദിൽ ഇവര്‍ ദർപ്പണ അക്കാദമി തുടങ്ങി. 1998 ഡിസംബർ 28 ന് ദർപ്പണയുടെ സുവർണ ജൂബിലിയുടെ ഭാഗമായി മൃണാളിനി സാരാഭായ് അവാർഡ് ഏർപ്പെടുത്തി. 
ആയിരത്തിതൊള്ളായിരത്തി അറുപതുകളില്‍ തന്നെ പൊതുജീവിതത്തെ ബാധിക്കുന്ന സ്ത്രീധനമരണം, ദളിത്പീഡനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അവര്‍ നൃത്താവിഷ്കാരങ്ങള്‍ അവതരിപ്പിച്ചിരുന്നു. കേരളത്തില്‍ സൈലന്റ്റ് വാലി പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട അവസരത്തില്‍ ‘Aspirations’ എന്ന പേരില്‍ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ഒരു നൃത്തപരിപാടി അവര്‍ കേരളത്തില്‍ വന്നു അവതരിപ്പിച്ചിരുന്നു. മുന്നൂറോളം  നൃത്താവിഷ്കാരങ്ങൾക്കു പുറമേ കവിതകൾ, നാടകങ്ങൾ, ബാല സാഹിത്യ കൃതികൾ എന്നിവയും  രചിച്ചിട്ടുണ്ട്. മഹാഭാരതം എന്ന കൃതിയിൽ യുദ്ധക്കെടുതിയെ ദയനീയമാക്കിയും തന്റെ ചോദ്യങ്ങൾക്ക് മൂർച്ച കൂട്ടിയും മൃണാളിനി വായനക്കാരെ അത്ഭുതപ്പെടുത്തി. കൃഷ്ണ കഥകൾ ബാല സാഹിത്യ രൂപത്തിൽ രചിച്ചപ്പോൾ, ഈ രണ്ട് ആശയങ്ങളേയും അവർ അരങ്ങിൽ കൊണ്ടു വന്നു. പലപ്പോഴും സഹനർത്തകി മകൾ മല്ലിക സാരാഭായി ആയിരുന്നു. ബ്ലോഗ് എഴുത്തിലൂടെ തന്റെ വിവിധങ്ങളായ ആശയങ്ങള്‍ അവർ വായനക്കാരുമായി പങ്കു വയ്ച്ചു. മൃണാളിനി സാരാഭായ്: ദ വോയ്സ് ഓഫ് ദ ഹാർട്ട് ആണ് അവരുടെ ആത്മകഥ.
മെക്സിക്കോ, ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങളുടെ സര്ക്കാരുകളില്‍ നിന്നും മൃണാളിനി നൃത്തസംബന്ധമായ ആദരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഭാരത സർക്കാർ അവരെ പത്മശ്രീ (1965), പത്മ ഭൂഷൺ (1992) എന്നിവ നൽകി ആദരിച്ചു. 1994 ൽ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. കേരള സര്ക്കാരിന്റെ നിശാഗന്ധി പുരസ്കാരം 2013ല്‍ ആദ്യമായി പ്രഖ്യാപിച്ചപ്പോള്‍ അക്കൊല്ലം അത് ലഭിച്ചത് മൃണാളിനി സാരാഭായിക്കാണ്. 
2016 ജനുവരി 20ന് അന്തരിക്കുമ്പോൾ മൃണാളിനി സാരാഭായിക്ക് 97 വയസ്സ്. അമ്മയുടെ മൃതശരീരത്തിനു മുന്നിൽ മകൾ മല്ലിക നൃത്തം ചെയ്താണ് അന്ത്യാഞ്ജലിയര്പ്പിച്ചത്.  

തയാറാക്കിയത് – അനില രതീഷ്‌ 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും