സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

മരണം എന്ന സത്യം കണ്ടറിഞ്ഞ ഡോ.ആക്സെല്‍ മുന്‍‌തേ

ഗീതാഞ്ജലി കൃഷ്ണൻ



ലോകത്തിലെ ഏറ്റവും പ്രഗൽഭനായ വൈദ്യൻ ആരാണ്? സംശയമില്ല. പ്രകൃതിയെന്നും ഈശ്വരനെന്നും വിളിക്കുന്ന ആ മഹാശക്തി തന്നെ. അതു മനസ്സിലാക്കുന്ന മനുഷ്യനായ വൈദ്യനും  പ്രപഞ്ചസാന്നിദ്ധ്യമറിഞ്ഞ ആൾ തന്നെ. "ജീവിതത്തിൽ വിശ്വാസം വളർത്തുന്ന ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളുടെ പട്ടിക വളരെ ചെറുതായിരിക്കും. അതിൽ പെടുന്നു  ആക്സെൽ മുൻതേ എഴുതിയ സാൻ മിഷേലിന്റെ കഥ " , എന്ന് വിവർത്തനത്തിന്റെ  (മാതൃഭൂമി ബുക്സ്, 2005 ) ആമുഖത്തിൽ ശ്രീ എം.ടി വാസുദേവൻ നായർ. മനുഷ്യനും മണ്ണും ഉരുകിച്ചേരുന്നതാണ് മരണം എന്ന സത്യം കണ്ടറിഞ്ഞ ഡോ.ആക്സെല്‍ മുന്‍‌തേ,  മനുഷ്യസ്നേഹിയും പ്രകൃതിസ്നേഹിയും ജീവകാരുണ്യപ്രവര്‍ത്തകനും ആയിരുന്ന എഴുത്തുകാരനാണ്, വൈദ്യനുമാണ്. എന്റെ ഇഷ്ടപുസ്തകം  "സാന്‍‌മിഷേലിന്റെ കഥ" എന്ന  ഡോക്ടര്‍ ആക്സെല്‍ മുന്‍‌തേയുടെ ഓര്‍മ്മക്കുറിപ്പുകളാണ്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ  എറ്റവും വിലപ്പെട്ട ഉപദേശമാണ് ”  ധൈര്യസമേതം ജീവിക്കുക. ജീവിതത്തിൽ വിശ്വസിക്കുക! “ 

ജീവിച്ചിരുന്ന കാലത്ത് ഈ ഡോക്ടര്‍ ഒരിതിഹാസമായിരുന്നു. എഴുത്തിലും അദ്ദേഹം അങ്ങനെ തന്നെ ആയി. 72 വയസ്സുള്ളപ്പോള്‍ ആണ് ഈ പുസ്തകരചന നിര്‍വഹിക്കുന്നത്. അതുവരെ, കര്‍മ്മനിരതമായ, വിസ്മയിപ്പിക്കുന്ന ജീവിതം.  ഇറ്റലിയിലെ അനാകാപ്രിയിലുള്ള ‘സാന്‍ ‌മിഷേല്‍ ‘ എന്ന അദ്ദേഹത്തിന്റെ സ്വപ്നസൌധം നിര്‍മ്മിച്ചെടുക്കുവാനായി ചെലവഴിച്ച വര്‍ഷങ്ങളുടെ കണക്കെടുപ്പാണ് ഈ പുസ്തകം എന്നു പറയാം. “കാടുകയറിയ പുസ്തകമായി “ ഇതിനെ സാധാ‍രണ വായനക്കാര്‍ക്കു തോന്നും. മൃഗങ്ങളുമായി അത്രക്ക് അടുപ്പമാണു ഡോക്ടര്‍ക്ക്. ജീവിതവും മരണവും പ്രകൃതിയിലെ യാഥാര്‍ഥ്യങ്ങളാണെന്നു കരുതുന്നതാണ് ഈ പുസ്തകത്തിന്റെ സൌന്ദര്യം. യാഥാര്‍ഥ്യവും, സങ്കല്‍പ്പവും നിര്‍വചിക്കുവാനാവാത്ത അതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്നു. മാജിക്കല്‍ റിയലിസമെന്ന് പില്‍ക്കാലത്ത് പുകഴ്ത്തപ്പെട്ട രചനാരീതിയുടെ മുന്‍‌ഗാമി എന്ന് ഇതിനെ വിളിക്കാമോ എന്ന് തീര്‍ച്ചയില്ല. ഫൊര്‍സ് സ്തുഗാനിലെ ലാര്‍സ് അമ്മാവന്റെ വീട്ടില്‍ വച്ച് ആക്സെലിനെ സന്ദര്‍ശിക്കുന്ന കുട്ടിച്ചാത്തനും (ഇംഗ്ലീഷില്‍ ഗോബ്ലിന്‍) സ്വര്‍ഗവാതിലില്‍ അദ്ദേഹത്തെ വിചാരണചെയ്യുന്ന സെന്റ് പീറ്ററും ഇത് ഉറപ്പാക്കുന്നു. ചിന്തകള്‍ അസ്ഥിരമായതുകൊണ്ടുതന്നെ, അനുഭവങ്ങള്‍ കൊണ്ട് അത്യുന്നതി പ്രാപിച്ചു, കൃതഹസ്തനായ ഈ ഡോക്ടര്‍. മരണത്തെ പ്രമേയമാക്കുന്ന “ആരോഗ്യനികേതനം“(താരാശങ്കര്‍ ബാനര്‍ജി) പോലെയോ, അതിലും ഒരു പടി ഉയരെയോ ആണ് ഇതിനു  കൊടുക്കേണ്ട സ്ഥാനം. കാരണം, അതൊന്നും ജീവിതത്തിന്റെ വിശ്വാസം ഇത്രക്ക് വിളിച്ചോതുന്നില്ല. “അനുകമ്പയില്ലാതെ ഒരാള്‍ക്കും നല്ല ഡോക്ടറാവാന്‍ കഴിയില്ല, തീര്‍ച്ച.“   

അത്ഭുതാദരങ്ങളോടെ മാത്രം വായിച്ച് മടക്കിവയ്ക്കാവുന്ന സാൻ മിഷേലിന്റെ കഥ സ്വീഡൺകാരനായ ഡോക്ടറുടെ ആത്മകഥയെന്ന് വിശേഷിപ്പിക്കാനാവില്ല. ലൂയി പാസ്റ്റർ, മോപ്പസാങ്ങ്, ജീൻ മാർടിൻ ഷാർക്കോ, ഹെന്റ്രി  ജയിംസ് എന്നിവരുടെ സമകാലികനും പരിചയക്കാരനുമായിരുന്ന ആക്സെൽ മുൻതേ, (പുസ്തകത്തില്‍  ഈ നാലുപേരുമായുള്ള വിനിമയങ്ങള്‍ അനുസ്മരിക്കുന്നുണ്ട്) 1857 ല്‍ സ്വീഡനിൽ ജനിച്ചു. വിമേർബിയിലും സ്റ്റോക്ക് ഹോമിലുമായാണ് വളർന്നത്. 19 - ആം വയസ്സിൽ ഫ്രാൻസിൽ നിന്നാണു മെഡിക്കൽ ബിരുദമെടുത്തത്. ആ വയസ്സിൽ മെഡിസിൻ പാസ്സാവുന്ന ആദ്യത്തെ ആളായിരുന്നു, "കരടിത്തലയനെന്നും അതിബുദ്ധിമാനെന്നും" അധ്യാപകർ വിശേഷിപ്പിച്ച ഈ ഡോക്ടർ. ഏറ്റവും ഭീകരമായ പേപ്പട്ടിവിഷം എന്ന രോഗത്തിനുള്ള പ്രതിരോധകുത്തിവയ്പ്പ് കണ്ടുപിടിച്ച ലൂയി പാസ്റ്ററുമൊത്ത് ചിലവഴിച്ചത്  ആക്സെൽ മുൻതേയുടെ വിദ്യാര്‍ഥിജീവിതത്തിലെ അഭിമാനദിവസങ്ങളാണ്. " ഡോക്ടര്‍ പാസ്റ്റര്‍ തന്നെ തികച്ചും ഭയരഹിതനായിരുന്നു. തുകലുറകള്‍ കയ്യിലണിഞ്ഞ രണ്ടു സഹായികള്‍ ബലമായി പിടിച്ചുവച്ച പേയിളകിയ ഒരു നായയുടെ വായില്‍ നിന്നും ഒലിക്കുന്ന ഉമിനീര്‍ ചുണ്ടുകള്‍ക്കിടയിലുള്ള ഗ്ലാസ് കുഴല്‍കൊണ്ട് പാസ്റ്റര്‍ വലിച്ചെടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. “ ബുദ്ധിയുടെ തിളക്കവും ആത്മാർഥതയുടെ ലാളിത്യവുമാണ്  സാഹിത്യത്തിന്റെ സൗന്ദര്യമെങ്കിൽ ഇത് അതിസുന്ദരമായ കലാസൃഷ്ടി തന്നെ. ബിരുദശേഷം ആദ്യം, ഗൈനക്കോളജിയിൽ ഉപരിപഠനം നടത്തുകയും, പിന്നെ മന:ശാസ്ത്രം ഐശ്ചികമായി പഠിച്ച് മനോരോഗവിദഗ്‌ധൻ എന്ന് പേരെടുക്കയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തിലും, നേപ്പിൾസിൽ കോളറ പടർന്നു പിടിച്ചപ്പോഴും, മെസ്സീനായിലെ ഭൂകമ്പത്തിലും തന്റെ ജീവനെക്കുറിച്ച് വേവലാതിപ്പെടാതെ ഇദ്ദേഹം പാവപ്പെട്ട രോഗികളെ ശുശ്രൂഷിച്ചു. സഹപ്രവർത്തകർ കൈയൊഴിഞ്ഞവരെ വരെ, വാക്കുകളാലും സാന്ത്വനങ്ങളാലും സമാശ്വസിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നിട്ടും, പ്രഭുക്കളും രാജകുടുംബാംഗങ്ങളും സമ്പന്നരും അദ്ദേഹത്തിന്റെ സന്ദർശക മുറിയിൽ കാത്തുകെട്ടി ഇരുന്നു. ഫ്രാൻസിലും പിന്നീട് ഇറ്റലിയിലുമായാണ് ഈ ഡോക്ടർ ജോലിനോക്കിയിരുന്നത്. ഓര്‍മ്മക്കുറിപ്പുകള്‍ വൈദ്യജീവിതത്തെക്കുറിച്ചും സാന്‍ മിഷേലിന്റെ നിര്‍മാണത്തെക്കുറിച്ചുമാണ്.

"ഞാനൊരു ഗ്രന്ഥകാരനല്ല, ആകാൻ ആഗ്രഹിക്കുന്നും ഇല്ല." അസാമാന്യപ്രതിഭയായ ഈ ഡോക്ടർ ആമുഖത്തില്‍ എഴുതുന്നു. "പുതുതായി കരസ്ഥമാക്കിയ കൊറോണയിൽ ടൈപ്റൈറ്റിംഗിന്റെ പാഠങ്ങൾ വശപെടുത്താൻ തപ്പിത്തടയുന്നതിനിടയിൽ ഉണ്ടായ അപ്രതീക്ഷിതമായ അപകടമാണ് ‘സാൻ മിഷേലിന്റെ കഥ‘ എന്ന ഈ പുസ്തകം." സ്വീഡൺകാരനായ അദ്ദേഹം പുസ്തകം രചിക്കുന്നത് ഇംഗ്ലീഷിലാണ്. ഇംഗ്ലീഷ് അദ്ദേഹത്തിന്റെ മാതൃഭാഷയല്ല. അദ്ദേഹം ജീവിച്ച ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ ഭാഷയുമല്ല. അദ്ദേഹത്തിന്റെ ഭാര്യ ഒരു ഇംഗ്ലീഷുകാരിയായിരുന്നെന്ന് ജീവചരിത്രം പറയുന്നു. ഒരുപക്ഷേ വീട്ടിൽ സംസാരം ഇംഗ്ലീഷിലായിരുന്നിരിക്കാം. അദ്ദേഹം ഇംഗ്ലീഷ് പൗരത്വം സ്വീകരിച്ചിരുന്നുവെങ്കിലും, ആ വിവരവും ഈ പുസ്തകത്തിൽ ഇല്ല. രണ്ടുതവണ വിവാഹിതനായെങ്കിലും, ഭാര്യയും മക്കളും ഓര്‍മ്മക്കുറിപ്പുകളുടെ ഈ പുസ്തകത്തിൽ വരുന്നേയില്ല. പുസ്തകം രചിക്കുമ്പോൾ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട് വിശ്രമത്തിലായിരുന്നു മുന്‍‌തേ. വെളിച്ചത്തിന്റെ ധാരാളിത്തം കാപ്രിയിലുള്ളത് ബുദ്ധിമുട്ടിച്ചതിനാല്‍ സ്വീഡണില്‍ വിശ്രമിച്ചുകൊണ്ടാണ്  എഴുതിയിരുന്നത്. "ഏകാന്തമായ ഒരിടത്ത് ഒരു കസേരയിൽ അനങ്ങാതിരിക്കുക. അന്ധമായ ദൃഷ്ടികൾ  കഴിഞ്ഞകാല ജീവിതത്തിലേക്ക് പായിക്കുക. ഒന്നും ചിന്തിക്കാതിരിക്കുക. കേള്‍ക്കുക മാത്രം ചെയ്യുക. പെട്ടെന്ന് പ്രപഞ്ചത്തിന്റെ മുരൾച്ച അകലങ്ങളിൽ മരിച്ചുവീഴുന്നത്  കേൾക്കാം."  ഗ്രന്ഥരചനയിൽ അദ്ദേഹത്തെ എറ്റവുമധികം കഷ്ടപ്പെടുത്തിയത് സ്വന്തം അസ്ഥിരത തന്നെയാണത്രേ. പല അധ്യായങ്ങളും എഴുതുന്നതിനിടയിൽ ഒരു ഭൂതത്തെ കാണാനോ, കരടിയുമായി വർത്തമാനം പറയാനോ ലാപ്പ്ലാണ്ടിലെക്ക് കുതിക്കേണ്ടിവരുന്നു. അല്ലെങ്കിൽ കാപ്രിയിലെ നീലത്തടാകത്തിൽ കുളിക്കാൻ പോകുന്നു. ഓർമ്മകൾ അന്ധമായ കണ്ണുകൾ കൊണ്ട് നോക്കുമ്പോള്‍ ഇങ്ങനെയാണു വരുന്നത്. കാലാനുസൃതമായി കഥ പറയുന്നില്ലെങ്കിലും, അദ്ദേഹത്തെ പിടിച്ചുലച്ചതെല്ല്ലാം കുറിപ്പുകളില്‍ ഉണ്ട്. 

ഒരു ഡോക്ടർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളാണ് നമ്മെ ഈ പുസ്തകത്തിലേക്ക് ആകർഷിക്കുന്നത്. “അവന്റെ - മരണത്തിന്റെ - ദൌത്യം തുടങ്ങുമ്പോള്‍ എന്റേതു തീരുന്നു  എന്നത് ശരിയാണോ? എന്റെ കയ്യില്‍ ശക്തമായ ഒരായുധമുണ്ട്. അവന്റെ കയ്യില്‍ ശാശ്വതമായ നിദ്രയുടെ ഔഷധമുണ്ടായിരിക്കാം. എന്നാല്‍ ദയാലുവായ പ്രകൃതീമാതാവ് വിശ്വാസത്തോടെ അര്‍പ്പിച്ച മരുന്ന് എന്റെ പക്കലുമുണ്ട്.“   “പ്രത്യാശപോലെ ശക്തിയുള്ള വേറൊരു മരുന്നില്ല എന്ന തത്വം. ഡോക്ടരുടെ വാക്കിലോ നോക്കിലോ ഉള്ള നിരാശയുടെ നേരിയ അടയാളത്തിന്  വിലയായി രോഗിയുടെ ജീവിതം തന്നെ കൊടുക്കേണ്ടി വരും. “  “  നമ്മുടെ തൊഴില്‍ ഒരു കലയാണ്, കച്ചവടമല്ല. യാതനയില്‍നിന്ന് ലാഭക്കച്ചവടം നടത്തുന്നത് മാനം കെട്ട പണിയാണ്. “ “ഞാനൊരു ഡോക്ടറാണ്, കഴുതപ്പുലി അല്ല.” എല്ലാ ഡോക്ടര്‍മാരും ഒരിക്കലെങ്കിലും ഈ പുസ്തകം വായിക്കട്ടെ. കഴുകന്മാരും കഴുതപ്പുലികളും അല്ലാതായി തീരട്ടെ.“നിങ്ങള്‍ രക്ഷപെടുത്തുന്ന കുഞ്ഞിന്റെ വില കുറേ കാശില്‍ ഒതുക്കാന്‍ അമ്മയുടെ ഹൃദയത്തിനു സാധിക്കുമോ? പേടിയില്‍ മുങ്ങിയ കണ്ണുകളില്‍ നിന്ന് സാന്ത്വനവാക്കുകള്‍ കൊണ്ടോ, വെറുമൊരു തലോടല്‍ കൊണ്ടോ മരണഭയം അകറ്റുന്നതിന് എന്തു കൂലിയാണ് വാങ്ങേണ്ടത്?” 


പതിനെട്ടുകാരനായ വൈദ്യവിദ്യാര്‍ഥി,   ശ്വാസകോശരോഗം വിഷമിപ്പിച്ചതുകൊണ്ട്‌ വിശ്രമിക്കാനായാണ് ഇറ്റലിയിലെ കാപ്രി ദ്വീപിൽ എത്തുന്നത്‌. “പ്രപഞ്ചം മനോഹരവും ഞാനൊരു പതിനെട്ടുകാരനുമായിരുന്നു. “ എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തിംബെരിയോസ്‌ ചക്രവർത്തിയുടേ തകർന്ന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്ന അനാകാപ്രി എന്ന ഗ്രാമത്തിലേക്ക്‌ തിംബെരയോ തന്നെ  വെട്ടിയുണ്ടാക്കിയ 777 ഫിനീഷ്യൻ പടവുകൾ കയറി ആക്സെൽ  എത്തുന്നു.  അകലെ  വെള്ളിരേഖ പോലെ തിളങ്ങുന്ന നേപ്പിൾസ്‌, പനിനീർ പൂക്കളുടെ നിറമുള്ള പുക വിടുന്ന വെസൂവിയസ്‌, തലക്കു മുകളിൽ  ചെങ്കുത്തായ പാറയിൽ ആണിയടിച്ചുറപ്പിച്ച പരുന്തിങ്കൂടുപോലെ തകർന്ന കൊച്ചുദേവാലയം! ”സാൻ മിഷേൽ ..സാൻ മിഷേൽ “..  ഈ പേർ ആക്സെലിന്റെ ഹൃദയത്തിൽ പ്രതിധ്വനിച്ചു. അടുത്തുള്ള ചെറിയ പള്ളിയുടെ പേരാണ് ”സാൻ മിഷേൽ“ .   അവിടെ താഴെ തന്റെ വീട്ടിലെ തോട്ടത്തിൽ  മുന്തിരിവള്ളി  നടുന്ന  ” മാസ്ത്രോ വിൻസെന്റോ “ എന്ന വൃദ്ധനെ കണ്ടുമുട്ടി. നിലം മുഴുവനും മൂടിക്കിടപ്പാണ്, ടിംബേറിയോയുടെ കല്ലുകൾ! സ്തൂപങ്ങൾ കൊണ്ട്‌  മാസ്ത്രോ വിൻസെന്റോ തോട്ടത്തിലേക്കുള്ള ചവിട്ടുപടികൾ ഉണ്ടാക്കി. വീടുപണിതപ്പോൾ മാർബിളുകൾ ഉപയോഗിക്കാനായി. എന്നാല്‍  വയസ്സന്‍  മാസ്ത്രോ വിൻസെന്റോക്ക്‌ തോട്ടം   നോക്കിനടത്താൻ അധികകാലം കഴിയില്ല. കരയിൽ മകന്റെയടുത്ത്‌ താമസത്തിനു പോകാൻ ആഗ്രഹിക്കുന്നു. വീടു വില്ക്കുകയാണെന്നും, തകർന്ന പള്ളിക്ക്‌ അവകാശികൾ ആരുമില്ലെന്നും വൃദ്ധൻ പറഞ്ഞപ്പോൾ ആക്സെൽ ചിന്തിച്ചു, എന്തുകൊണ്ട്‌ എനിക്കായിക്കൂടാ? എതുകൊണ്ട് ഇതു വാങ്ങിക്കൂടാ? “ നിന്റെ കൈകൾ കാലിയാണെങ്കിലും കരുത്തുള്ളതാണ്. നിന്റെ മസ്തിഷ്ക്കം ഇരുണ്ടതാണെങ്കിലും തെളിച്ചമുള്ളതാണ്. ഇശ്ചാശക്തി  ആഴമുള്ളതാണ്. വിജയം സുനിശ്ചിതം” ഈ വാക്കുകൾ ആരെയാണ് ഊർജ്ജിതമാക്കാത്തത്‌? അന്നു സ്വപ്നത്തില്‍  കേട്ട ടിംബേറിയോയുടെ ഗുരുവിന്റേതായ ആ വാക്കുകൾ ആക്സെലിനെ നയിച്ചു. പഠനത്തിനും പാരീസിലെ നീണ്ട കാലത്തെ സേവനത്തിനും ശേഷം ആക്സെൽ അനാകാപ്രിയിലെത്തി, സാന്‍ മിഷേല്‍ നിര്‍മിക്കാന്‍. അപ്പോഴേക്കും ഉറക്കമില്ലായ്മ എന്ന മനോരോഗം ഡോക്ടറെ ബുദ്ധിമുട്ടിച്ചിരുന്നു. 

ആ മുന്തിരിത്തോട്ടത്തിൽ സ്വന്തം കൈകൾകൊണ്ട്‌ സാൻ മിഷേൽ പണിതുയർത്തുവാനായി  മാസ്ത്രോ വിൻസെന്റോയും അയാളുടെ മൂന്ന്‌ ആണ്മക്കളൂമേ  ആക്സെലിനെ സഹായിക്കാനുണ്ടായിരുന്നുള്ളൂ. അവരെല്ലാം നിരക്ഷരർ.  ആഴിയുടെ അഗാധതയിൽ വിശ്രമം കൊള്ളുന്ന ടിംബേറിയോയുടെ കൊട്ടാരത്തിന്റെ  അവശിഷ്ടങ്ങൾ ആക്സെൽ വീണ്ടെടുത്തു, ഭീമാകാരനായ ഈജിപ്ഷ്യൻ സ്ഫിങ്ങ്സിനെ  വരെ. പണിതീർക്കാൻ പണത്തിനു വേണ്ടി തണുപ്പുകാലത്ത് റോമിൽ പ്രാക്റ്റീസ് ചെയ്യുകയും വേനല്ക്കാലത്ത് വീടുപണി തുടരുകയും ചെയ്തു.“ ആദ്യത്തെ നഗരം രൂപകല്പ്പന ചെയ്തത് പിശാചാണ്. അതുകൊണ്ടാണ് ദൈവം ബാബേലിന്റെ ഗോപുരം  നശിപ്പിച്ചത്. ”  പുലരിതൊട്ട്  അന്തിവരെയുള്ള നീണ്ട അഞ്ചുവേനലുകളിലെ നിർത്താത്ത പണികൊണ്ട് സാന്‍‌ മിഷേൽ എകദേശം പൂർത്തിയായി. കണ്ണിനു പിടിക്കുന്നതുവരെ പണിയുന്നത് വീണ്ടും പൊളിച്ചുമാറ്റി പണിയുക എന്ന രീതിയാണ് ഡോക്ടർ സ്വീകരിച്ചത്. വാസ്തുവിദ്യയറിയാത്ത ഡോക്ടർ പണിതുയർത്തിയ സാൻ മിഷേൽ ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്. ആക്സെലിന്റെ പേരില്‍  വാസ്തുവിദ്യയിലെ അന്താരാഷ്ട്രസെമിനാര്‍  എല്ലാ വര്‍ഷവും സ്വീഡണില്‍ നടക്കുന്നു.

ഒറ്റപ്പുസ്തകം കൊണ്ട് അനശ്വരനായി തീര്‍ന്ന ആക്സെല്‍ മുന്‍‌തേ കുറച്ചുലേഖനങ്ങളും കുറിപ്പുകളും അക്കാലത്തെ ആനുകാലികങ്ങളില്‍ എഴുതിയിട്ടുണ്ട്. ഇംഗ്ലീഷില്‍ മാത്രം എണ്‍പതിലേറെ പതിപ്പുകള്‍ പുറത്തിറങ്ങുകയും , നാല്‍പ്പത്തഞ്ചിലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ‘ബെസ്റ്റ്സെല്ലര്‍“ ആയിരിക്കയും ചെയ്ത ഈ ക്ലാസ്സിക്കും, സാൻ മിഷേലിനെപ്പോലെ , ഉറക്കമില്ലായ്മയില്‍ നിന്നും രക്ഷപെടാന്‍ ചെയ്തതാണത്രേ! അത്ഭുതകരമാം വണ്ണം മരണത്തെ മുന്നില്‍ക്കണ്ട നിമിഷങ്ങള്‍ ആക്സെല്‍ വിവരിക്കുന്നുണ്ട്. ഒരിക്കല്‍ പാസ്റ്റര്‍ ഇന്‍സ്റ്റിട്യൂറ്റില്‍ പേവിഷബാധയേറ്റ ഒരു റഷ്യന്‍ തൊഴിലാളിയുടെ മാരകമായ കടിയേറ്റപ്പോള്‍, മറ്റൊരിക്കല്‍ ഭ്രാന്താശുപത്രിയിലെ ഒരു ഭ്രാന്തനായ കൊല്ലന്‍ ചുറ്റികകൊണ്ട് തലക്കടിച്ചപ്പോള്‍, സാഹസിക യാത്രക്കിടയില്‍ മൌണ്ട് ബ്ലാങ്കില്‍ ഹിമവാഹിനിയില്‍പ്പെട്ട് കാലും തലയും തകര്‍ന്നപ്പോള്‍, കാപ്രികടലില്‍ നിന്ന്  ഈജിപ്ഷ്യൻ സ്ഫിങ്ങ്സിനെ തോണിയിലേറ്റി വരുമ്പോള്‍  കാറ്റിലും കോളിലും പെട്ടപ്പോള്‍.. കാപ്രി കാക്കുന്ന പുണ്യവാളന്‍ സെന്റ് അന്റോണിയോ ആണ് അന്ന് തോണിക്ക് ചുക്കാന്‍ പിടിച്ചതെന്ന് ആക്സെല്‍  എഴുതുന്നു. ഒടുവില്‍ തൊണ്ണൂറ്റി ഒന്നാം വയസ്സിലാണ് ഡോക്ടര്‍ മരിക്കുന്നത്.

ഈ മനോഹര പുസ്തകത്തിലെ പല അധ്യായങ്ങളും മനോഹരമായ  ചെറുകഥകൾ തന്നെ ‍. എഴുത്തുകാര്‍ക്കുള്ള ധാരാളം  അസംസ്കൃതപദാര്‍ഥം, “ സാൻ മിഷേലിന്റെ കഥയിൽ ഉണ്ടെന്ന് ” നിരൂപകർ കണ്ടെത്തിയിരുന്നു.  ജീവിതകാലം മുഴുവനും മരുന്നുകുറിപ്പുകൾ എഴുതിയിട്ടുള്ള തനിക്ക് കഥകള്‍ എഴുതാനുള്ള സമയമില്ലെന്ന് ഡോക്ടർ. വൈകാരിക കഥകൾ എഴുതുന്ന ഏറ്റവും മഹാനായ എഴുത്തുകാരൻ ജീവിതം തന്നെയാണ്. ലൂയീപാസ്റ്റർ ഇൻസ്റ്റിട്യൂട്ടിലെ പരീക്ഷണ ശാലകളിൽ, ദെ അജിറ്റസ് ആശുപത്രിയിൽ ഭ്രാന്തന്മാർക്കിടയിൽ, നേപ്പിൾസിൽ പടർന്നുപിടിച്ച പ്ലേഗിനും, കോളറക്കും നടുവിൽ, മെസ്സീനയ്‌ലെ ഭൂകമ്പത്തിൽ, പാരീസിലെ ചേരികളില്‍   ഡിഫ്തീരിയാ പടർന്നു പിടിച്ചപ്പോൾ,  ഇങ്ങനെ ഒരു  ആതുരസേവകനെ വേണ്ടിടത്തെല്ലാം ഓടിനടന്ന അനുഭവങ്ങൾ ഇതിലുണ്ട് . ലാപ് ലാണ്ടിലും ആല്പ്പസിലും അദ്ദേഹം നടത്തിയ സാഹസികയാത്രകൾ ഇതിലുണ്ട്. ഏറ്റവും നല്ല അനുഭവ കഥകള്‍ ഒരു സ്വീഡീഷ് ബാലന്റെ മൃതദേഹം റഷ്യന്‍ ജനറലിന്റേതുമായി വച്ചുമാറുന്നതും, ഇംഗ്ലീഷുകാരിയായ ഒരു പ്രഭ്വിക്ക് അവിഹിതമായുണ്ടായ സന്തതിയെ ആക്സെല്‍ എടുത്ത് വളര്‍ത്തുന്നതും ആണ്.

മനുഷ്യസ്നേഹി എന്നതിലുപരി പ്രകൃതിസ്നേഹി കൂടിയായിരുന്നു ആക്സെൽ. എല്ലാ വർഷവും കാപ്രീയിൽ വിരുന്നിനെത്തുന്ന ആയിരക്കണക്കിനു ദേശാടനപ്പക്ഷികൾ കാപ്രിയിലെ മലയുടെ ചരിവുകളില്‍ മനുഷ്യർ തീർക്കുന്ന കെണികളിൽ പെടും. പാരീസ്സിലെ ആഡംബരപൂർണമായ തീന്മേശകളിൽ മനുഷ്യനു തിന്നാനുള്ളവയാണ് അവ. ആക്സെൽ നിവേദനങ്ങളുമായി പലരേയും  സമീപിച്ചു. മല, കരയിലുള്ള കശാപ്പുകാരനായ ഒരാളുടെ വകയായിരുന്നു. ഒന്നും ചെയ്യാനാവില്ലെന്നാണ് അധികൃതര്‍ എല്ലാവരും പറഞ്ഞത് . പോപ്പു പോലും പക്ഷികളെ പിടിക്കാൻ കെണികൾ വയ്ക്കാറുണ്ടത്രേ! പക്ഷികളെ ഓടിക്കാനായി ആക്സെൽ രാത്രി മുഴുവനും തന്റെ  നായ്ക്കളെ കുരക്കാൻ പരിശീലിപ്പിച്ചു. പക്ഷേ വലിയ നായ പെട്ടെന്നു  പാഷാണം തിന്നു ചത്തു. മല വിലയ്ക്ക് വാങ്ങാനായി ശ്രമിച്ചപ്പോള്‍ താങ്ങാനാവാത്ത വിലയാണ് ഉടമ  ആവശ്യപ്പെട്ടത്. അവസാനം സഹികെട്ട് സാൻ മിഷേലിൽ നിന്ന് ആക്സെൽ ഒളിച്ചോടി. തിരിച്ചെത്തിയപ്പോൾ ആ പക്ഷിപിടുത്തക്കാരൻ ആസന്ന മരണനായി കിടക്കുന്നു എന്ന വാർത്തയാണ് ആക്സെലിനെ എതിരേറ്റത്. മലയുടെ ഉടമയായ ആ കശാപ്പുകാരന്റെ ശ്വാസകോശത്തിൽ നിന്ന് പന്ത്രണ്ടൗൺസോളം ചലം ആക്സെൽ വലിച്ച് പുറത്തെടുത്ത് അയാളുടെ ജീവൻ രക്ഷിച്ചതിനു പകരമായി  പറഞ്ഞ വിലയ്ക്ക് ആക്സെലിന്  മല  കൊടുത്തു. ബാർബറസ്സോയിലെ മല ഇന്നൊരു പക്ഷിസങ്കേതമാണ്. ഭൂമിക്ക്, ദേശാടനപ്പക്ഷികൾക്ക് ആക്സെലിന്റെ ഉപഹാരം.! ഈ പുസ്തകത്തിന്റെ റോയല്‍റ്റി കാപ്രിയിലെ ആ പക്ഷിസങ്കേതത്തിനുള്ള സാമ്പത്തികസഹായമാണ്.  ഇത്തരം ഒരെഴുത്തുകാരൻ ഈ ഭൂമിയിൽ അപൂർവ്വമായിരിക്കും! 

ഒരു ചോദ്യം കൂടി : എറ്റവും മഹനീയനായ എഴുത്തുകാരൻ ആരാണ്? വൈകാരിക കഥകൾ എഴുതുന്ന  മഹാനായ ആ എഴുത്തുകാരൻ ജീവിതം തന്നെ. നല്ല എഴുത്തുകാരന്‍  ഒരുപാട് എഴുതണമെന്നില്ല. മഹത്തായ ഒറ്റപ്പുസ്തകം മതി.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും