ഒരിക്കല്‍ എഴുതപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ പുസ്തകങ്ങള്‍ക്ക് ഒരു രചയിതാവിന്‍റെ ആവശ്യമില്ല. അതെഴുതിയത് ആണാണോ പെണ്ണാണോ എന്നതു പോലും പ്രസക്തമല്ല. ഷേക്സ്പിയര്‍ സത്യത്തില്‍ ആരാണെന്നറിഞ്ഞിട്ടല്ലല്ലോ നമ്മള്‍ ആ കൃതികള്‍ കാലങ്ങളായി വായിച്ചു കൊണ്ടിരിക്കുന്നത്. എന്‍റെ മുന്നിലിരിക്കുന്ന ഈ ചെറിയ പുസ്തകം എഴുതിയത് ആരാണെന്നറിയില്ല. ആണാണോ പെണ്ണാണോ എന്നും അറിയില്ല.രചയിതാവിന്‍റെ പേരിനു പകരം ഒരു നാടന്‍ പെണ്‍കിടാവെന്നാണ് കൊടുത്തിരിക്കുന്നത്. ഭാഷയുടെ നിഷ്കളങ്കത കൊണ്ടും ഒളിഞ്ഞും തെളിഞ്ഞും ചിതറുന്ന നുറുങ്ങു നര്‍മ്മങ്ങള്‍ കൊണ്ടും വളരെ ശ്രദ്ധേയമായ ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം മുതല്‍ തുടങ്ങുകയാണ് കൗതുകം. 'ഒരു നാടന്‍ പെണ്‍കിടാവിന്‍റെ ലണ്ടന്‍യാത്ര'. ആദ്യപ്രസാധനം 1959 ല്‍. എസ് പി സി എസ്സാണ് പ്രസാധകര്‍. വില ഒരു രൂപ. മലബാറിലെ ഒരു സാധാരണ നാട്ടിന്‍പുറത്ത് ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടിക്ക്, പെട്ടെന്ന് ലണ്ടനിലേക്കു പോകുവാന്‍ അവസരം ലഭിക്കുന്നു. വീട്ടില്‍ നിന്നു നാലു നാഴിക അകലെയുള്ള പട്ടണത്തിലെ ഹൈസ്കൂളും സിനിമാ തീയേറ്ററുമാണ് ബാഹ്യലോകത്തെക്കുറിച്ചറിയാനുള്ള അവളുടെ രണ്ടു ദൂരദര്‍ശിനികള്‍. ഭര്‍ത്താവല്ലാത്ത ഒരു പുരുഷന്‍റെ കൂടെ വിദേശയാത്ര പോകുന്ന ഒരു സ്ത്രീ ഇന്നു പോലും ചിലര്‍ക്കെങ്കിലും ഒരു അത്ഭുതമാണ്. ലണ്ടനിലൊക്കെ നല്ല പരിചയമുള്ള ഒരു മലയാളി സുഹൃത്തിന്‍റെ കൂടെയാണ് ഈ നാടന്‍ പെണ്‍കിടാവിന്‍റെ യാത്ര. കേരളത്തിലെ ഒരു നാട്ടിന്‍പുറത്തുകാരി ഒരു പരിചയക്കാരന്‍റെ കൂടെ ലണ്ടന്‍ കാണാന്‍ പോവുകയാണ്. അവിടം മുതല്‍ തുടങ്ങുകയാണ് കൗതുകങ്ങള്‍. യാത്രാക്ലേശമോ ലോകപരിചയമില്ലായ്മ കൊണ്ടുള്ള വിഷമമോ നേരിടേണ്ടി വന്നില്ല. അയ്യായിരത്തിലധികം നാഴിക ദൂരത്തേക്ക് , മതവും സംസ്കാരവും കാലാവസ്ഥയും ഒക്കെ വ്യത്യസ്തമായ ഒരു രാജ്യത്തേക്കാണ് യാത്ര. വീടിരിക്കുന്ന ഗ്രാമത്തിനു പുറത്തേക്ക് പോയിട്ടേയില്ലാത്ത ഒരു സ്ത്രീയുടെ നോട്ടത്തിന്‍റെ സവിശേഷതകള്‍, ആഖ്യാനസവിശേഷതകള്‍ ഒക്കെ ഈ വിദേശപര്യടനപുസ്തകത്തെ രസകരമാക്കുന്നു. ഏഷ്യയുടെ തന്നെ ആദ്യത്തെ ആത്മകഥാംശമുള്ള ആഖ്യാനങ്ങള്‍ എഴുതിയിട്ടുള്ള ജപ്പാനിലെ കൊട്ടാരദാസികളുടെ ഗദ്യത്തില്‍ മുതല്‍ നമുക്കു വായിക്കാനാകുന്നത് കവിതയോടടുക്കുന്നതും ഊര്‍ജ്ജം തുളുമ്പുന്നതുമായ ഭാഷണശൈലിയും കാഴ്ചകളെ ചികഞ്ഞും ചിക്കിയും ചേറിയും കൊഴിച്ചുമെടുക്കുന്ന ആ അനായാസമായ കരവിരുതുമാണ്. സ്വന്തം നാട്ടുഭാഷയില്‍ ഈ നാടന്‍ പെണ്‍ കിടാവ് ലണ്ടന്‍ കാഴ്ചകളെ കുറിച്ചിടുന്നു. ഒലവക്കോട് തീവണ്ടിയാപ്പീസ് നടാടെ കാണുന്ന നാടന്‍പെണ്‍കിടാവ് ആ വിസ്മയംപകര്‍ത്തുന്നതിങ്ങനെ. 'അവിടുത്തെ തിക്കും തിരക്കും എന്‍റെ മുറിയിലേക്കുള്ള നൂറുനൂറ്റന്‍പതാളുകളുടെ തള്ളിക്കയറ്റവും കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു മുറിയിലുള്ള ഞങ്ങളൊക്കെ ഇപ്പോള്‍ ശ്വാസം മുട്ടി മരിക്കുമെന്ന്. ഒരു കാല്‍ നിലത്തും ഒരു കാല്‍ വണ്ടിയിലും വെച്ചുകൊണ്ട് കയറാന്‍ ശ്രമിച്ചിരുന്ന നാലഞ്ചു ചെറുപ്പക്കാര്‍ തള്ളു കൊണ്ടു താഴോട്ടു വീണു. ഇതിന്‍റെ പിന്നില്‍ പാവം ഒരു മൊട്ടച്ചി അമ്മ്യാര്‍ എടുക്കാനാവാത്ത രണ്ടു മാറാപ്പും കൊണ്ടു വരുന്നതു കണ്ടു. എനിക്കു തോന്നി ഈ തിരക്കില്‍ നിന്നകന്നു നില്‍ക്കാന്‍ വിളിച്ചു പറയണമെന്ന്. അല്ലെങ്കില്‍ അവര്‍ തിക്കില്‍ പെട്ട് ഞെരുങ്ങിച്ചാകുമെന്ന്. വിളക്കിന്‍റെ നാളത്തിലേക്ക് ഈയല്‍ പോലെ എന്നെനിക്കു തോന്നി. തിരക്കിന്‍റെ നടുവിലേക്ക് അവര്‍ വന്നു ചാടി, പിന്നെയോ ഉന്തും തള്ളും. എനിക്കങ്ങോട്ടു നോക്കാന്‍ മനസ്സു വന്നില്ല. വണ്ടി നീങ്ങിയപ്പോള്‍ പാട്ടിയമ്മ്യാര്‍ അവിടെയെങ്ങാനും എല്ലൊടിഞ്ഞു കിടക്കുന്നുണ്ടോ എന്നു ഞാന്‍ അങ്ങോട്ടു നോക്കി. ഇല്ല, അവരുണ്ടതാ മുറിയില്‍ മാറാപ്പു രണ്ടും വെച്ച് , സ്ഥലത്തിന്നാരോടോ വഴക്കടിക്കുന്നു.' ഭാഷയിലൊളിപ്പിച്ചു വെച്ച നര്‍മ്മബോധവും കൗതുകവും കാഴ്ചകളിലുള്ള വിസ്മയവും പെട്ടെന്നാണ് ഇതിലേക്ക് എന്നെ ആകര്‍ഷിച്ചത്. ബോംബേയില്‍ ഇവര്‍ കണ്ട അത്ഭുതക്കാഴ്ചകളില്‍ റേഡിയോ ഘടിപ്പിച്ച കാര്‍, വൈദ്യുതത്തേപ്പുപെട്ടി, രണ്ടു നിലയുള്ള ബസ്സ്, അനേകനിലയുള്ള കെട്ടിടങ്ങള്‍, എന്നിവയൊക്കെയുണ്ട്. അതിവേഗത്തില്‍ ഓടിയും ചാടിയും തിരക്കു കൂട്ടുന്ന ജനങ്ങളുടെ നാഗരികത്തിരക്കുകള്‍ ഈ നാടന്‍പെണ്‍കിടാവിനു തീരെ രസിക്കുന്നില്ല. അവരുടെ തിരക്കു കാണുമ്പോള്‍, ഇവര്‍ക്കൊക്കെ കുറേ പതക്കെ നടന്നാലെന്താ, ചിലേടത്തൊക്കെ പട്ടണത്തിന്‍റെ ഭംഗി നോക്കി അല്‍പനേരം നിന്നാലെന്താ,എന്നൊക്കെ അവര്‍ ആലോചിക്കന്നുണ്ട്. ഒരു നിലയില്‍ നിന്ന് മുകളിലേക്കുള്ള മറ്റു നിലകളിലേക്കു കയറുവാന്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലിഫ്റ്റ് എന്ന സംവിധാനം ഉണ്ടെന്ന്'വിവരിക്കുന്ന ഭാഗമാണ് ഏറ്റവും രസകരം. ഒരു പക്ഷേ, ലിഫ്റ്റിനെ കുറിച്ചുള്ള ഈ വിവരണമാണ് എഴുത്തുകാരിയുടെ വിസ്മയംനിറഞ്ഞ മനസ്സിനെ ഏറ്റവും പ്രകടമാക്കുന്നതും. യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ടതും ലോകത്തെ നോക്കി വിസ്മയപ്പെടാനുള്ള ഈ കഴിവാണ്. 'എന്‍റെ കുട്ടിക്കാലത്ത് ഒരു ദിവസം പാള കയറോടു കൂടി അമ്മയുടെ കയ്യില്‍ നിന്നു കിണറ്റിലേക്കു പോയപ്പോള്‍, അതെടുക്കാന്‍ ആഴമുള്ള ആ കിണറ്റിലേക്ക് എന്നെ ഇറക്കി, പാളയോടു കൂടി എന്നെ അതിവേഗത്തില്‍ ഏത്തത്തിേډല്‍ തന്നെ മേല്‍പ്പോട്ടു കയറ്റിയതിന്‍റെ പ്രതീതിയാണ് ലിഫ്റ്റില്‍ ഒരു കെട്ടിടത്തിന്‍റെ ആദ്യത്തെ നിലയില്‍ നിന്ന് ആറാമത്തെ നിലയിലേക്ക് കയറ്റപ്പെട്ടപ്പോള്‍ എനിക്കുണ്ടായത്.' ആദ്യ കപ്പല്‍യാത്രയെ കുറിച്ചുള്ള വിവരണം ഇങ്ങനെയാണ്. ' അകലെ നിന്നു കണ്ടപ്പോള്‍ കപ്പല്‍ ഒരു വലിയ വഞ്ചിയെന്നേ തോന്നിയുള്ളു. എന്നാല്‍ ഉള്ളില്‍ കയറി നോക്കിയപ്പോള്‍, ബോംബേ നഗരത്തില്‍ കണ്ട എട്ടൊന്‍പതു നിലകളുള്ള ഏറ്റവും വലിയ ഒരു ഹോട്ടല്‍ കെട്ടിടം കടലിലെ ഓളങ്ങളില്‍ കിടന്നു കളിക്കന്നതു പോലെയാണ് തോന്നിയത്". പതിനേഴാമത്തെ പുറത്തിലാണ് നാടന്‍ പെണ്‍കിടാവിന്‍റെ പേര് വെളിപ്പെടുന്നത്. വിലാസിനി. അതു തന്നെയാണോ യഥാര്‍ഥ പേര്, അവര്‍ ഇപ്പള്‍ എവിടെയുണ്ടാകും എന്നെല്ലാം എസ് പി സി എസുമായി ബന്ധപ്പെട്ട പലരോടും അന്വേഷിച്ചു. ഒരു വിവരവും അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. ആരായിരിക്കും ഇത്ര നര്‍മ്മബോധമുള്ള വിസ്മയവതിയായ ആ നാടന്‍ പെണ്‍കിടാവ്? 19 56 ല്‍ നടത്തിയ യാത്രയെ കുറിച്ചുള്ള ഈ പുസ്തകം 59ലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രചയിതാവിന്‍റെ പേര് പറയുന്നില്ലെങ്കിലും നാടന്‍ പെണ്‍കിടാവിന്‍റെ ഫോട്ടോ പുസ്തകത്തിലെ പ്രധാന ആകര്‍ഷമണമാണ്. കാരണം എത്ര തന്‍റേടത്തോടും ആത്മവിശ്വാസത്തോടെയുമാണ് പോര്‍ട്ട് സൈഡ് തുറമുഖത്ത് ചൂസാന്‍ കപ്പലിന്‍റെ ഡെക്കില്‍ ഈ നാടന്‍ പെണ്‍കിടാവ് മറ്റൊരു മലയാളിയോടൊത്ത് നില്‍ക്കുന്നത്! സാരിയുടുത്ത് തലപ്പെടുത്ത് വയറില്‍ ചുറ്റി, സ്റ്റൈലില്‍ കൈകള്‍ കെട്ടിയാണ് നില്‍ക്കുന്നത്. ആദ്യമായി സാരിയുടുക്കന്നതിന്‍റെ പരിഭ്രമമൊക്കെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ടെങ്കിലും ആ പരിഭ്രമമൊന്നും ഫോട്ടോയില്‍ ഇല്ല. നല്ല തുറന്ന ചിരി. നല്ല ചുണ. സഹയാത്രികനും ഒത്തെടുത്ത ഈ ചിത്രത്തില്‍ ബോധപൂര്‍വ്വമെന്നതു പോലെ പാലിക്കുന്ന ഒരകലമുണ്ട്. കയ്യെത്താത്ത ഒരകലം. ഇന്നാണെങ്കില്‍ സെല്‍ഫിയൊന്നും എടുക്കാനാവില്ലല്ലോ ഇത്രയകലത്തില്‍ നിന്നാല്‍. തോളില്‍ കയ്യിട്ടും ആകാവുന്നത്ര ചേര്‍ന്നു നിന്നും എടുക്കുന്ന സെല്‍ഫിക്കാലത്തെ പെണ്‍കുട്ടിയുടെ സന്തോഷവും അഭിമാനവും തന്നെയാണ് ഇവളുടെ മുഖത്തും. എന്തിനാണ് നമ്മള്‍ വിദേശത്തു ചെന്നാല്‍ അവര്‍ കഴിക്കുന്ന രീതിയില്‍ ഭക്ഷണം കഴിക്കുന്നത് എന്ന ന്യായമായ ഒരു ചോദ്യം ഇവര്‍ പുസ്തകത്തില്‍ ഒരിടത്ത് ചോദിക്കുന്നുണ്ട്. ചോറും കറിയും എല്ലാം കൂട്ടിക്കുഴച്ച് വൃത്തിയായിട്ടങ്ങ് കഴിച്ചാല്‍ പോരേ? വിദേശികള്‍ ഇവിടെ വന്നാല്‍ അവരുടെ ശീലങ്ങള്‍ മാറ്റാറില്ലല്ലോ. കത്തിയും മുള്ളും ഉപയോഗിച്ചു ഭക്ഷണം കഴിക്കാന്‍ പെട്ട പാട് ചെറുതല്ല. പൊതുമുറിയിലിരുന്നു ഭക്ഷണം കഴിക്കുമ്പോഴൊക്കെ, കത്തിയും മുള്ളുമുപയോഗിച്ച് താന്‍ ചെയ്യുന്നതെന്താണെന്നാണോ മറ്റുള്ളവര്‍ നോക്കുന്നത് എന്ന സംശയം കൊണ്ട് ചൂളിപ്പോയിരുന്നു. വെണ്ണയെടുക്കാനുള്ള കത്തി കൊണ്ട് മാംസം മുറിക്കുക, മാംസം മുറിക്കാനള്ള കത്തി കൊണ്ട് വെണ്ണയെടുക്കുക, സൂപ്പു കഴിക്കാനുള്ള സ്പൂണ്‍ കൊണ്ട് ഐസ്ക്രീം കഴിക്കുക, എന്നിങ്ങനെ കത്തി, സ്പൂണ്‍ മുള്ള് എന്നിവ സ്ഥാനം മാറ്റിയും കണ്ടാല്‍ സുഖപ്രദമല്ലാതെയും എടുത്തു പെരുമാറിയ മജുംദാര്‍ എന്നയാളെ വിളമ്പുകാരന്‍ ശാസിക്കുമ്പോള്‍ വിളമ്പുകാരന്, താനിപ്പോഴും ഇന്‍ഡ്യ ഭരിക്കുന്നവരുടെ വര്‍ണ്ണക്കാരന്‍ എന്ന അഹമ്മതി ഉണ്ടായിരുന്നു എന്ന് ഇവര്‍ നിരീക്ഷിക്കുന്നു. കപ്പല്‍ വിശാലമായ സമുദ്രത്തില്‍ നിന്ന് സൂയസ് കനാലിലേക്കു കടക്കുന്നതിനിടയില്‍ സൂയസ് കനാലിന്‍റെ ചരിത്രം, ഫ്രഞ്ചുകാരില്‍ നിന്ന് അതെങ്ങനെ ഈജിപ്റ്റുകാര്‍ കൈക്കലാക്കി എന്നതിന്‍റെ ചരിത്ര പശ്ചാത്തലം ഒക്കെ ലളിതമായി പറഞ്ഞു പോകന്നു. കടല്‍ കടന്നു കഴിയുമ്പോഴോ, തന്‍റെ സ്വതസ്സിദ്ധമായ ശൈലിയിലുള്ള അനുഭവചിത്രങ്ങള്‍ . സമുദ്രമദ്ധ്യത്തില്‍ ഒരു വെറും കളിപ്പന്തു പോലെ ഒഴുകിയിരുന്ന കപ്പല്‍ സൂയസ് തോട്ടിലൂടെ പോകുന്നതെങ്ങനെ എന്നു വിവരിക്കുന്നതു രസകരമാണ്. ' ഇത്രയും ദിവസം മഹാസമുദ്രത്തിലെ ഓളങ്ങള്‍ക്ക് ഒരു കളിപ്പന്തായിരുന്ന ഈ കപ്പല്‍ ഈ കൊച്ചു തോട്ടില്‍ കടന്നപ്പോള്‍ കപ്പലിന്‍റെ പ്രകൃതം മാറി. കപ്പലിന്‍റെ മന്ദഗതി കൂടി. തോട്ടില്‍ ഉണ്ടാക്കിയിരുന്ന വമ്പിച്ച അലകള്‍ കരയില്‍ രണ്ടു ഭാഗത്തും ചെന്നടിച്ച്, തോടിന്‍റെ വക്കുകള്‍ ഇടിക്കാന്‍ നോക്കിയിരുന്നു. ഇത് ലോകനീതിയെ പ്രതിബിംബിപ്പിക്കുന്നതാണെന്നോര്‍ത്തു പോയി' ഓര്‍മ്മയുടെ അംശങ്ങള്‍ ചേര്‍ത്തു ചേര്‍ത്തു കൊണ്ടു പോകുന്ന രചനാരീതിയുടെ മറ്റൊരു ഉദാഹരണം. കടലില്‍ നിരന്നു മത്സരിച്ചോടിയിരുന്ന കപ്പലുകള്‍ സൂയസ് തോട്ടില്‍ ഊഴം കാത്ത് വരിവരിയായി കിടന്നതു കണ്ടപ്പോള്‍, തൃശ്ശൂര്‍ പൂരദിവസം സന്ധ്യക്ക് തിരുവമ്പാടിയുടെ പൂരത്തിന്‍റെ ചമയിച്ച ആനകള്‍ ഒന്നൊന്നായി തെക്കേ ഗോപുരം കടന്നു പുറത്തേക്കു വരുന്നതിന്‍റെ പ്രതീതി ആണത്രേ ഉണ്ടായത്. കുട്ടിക്കാലത്തെപ്പോഴോ ഇളയച്ഛന്‍ കൊണ്ടു പോയി കാണിച്ച പൂരസ്മരണകള്‍ ഉണര്‍ന്നു വരുന്നു. പണ്ടു കണ്ട കാഴ്ചകളെ പുതിയ കാഴ്ചകളുമായി ഇണക്കുന്ന ഈ കാഴ്ചക്കാരിക്കൊപ്പം സഞ്ചരിക്കുക ഹൃദ്യമായ ഒരനുഭവമാണ്. ഓരോ വാചകത്തിലും ഭാഷയുടെ ചൈതന്യമാകെ ആവഹിക്കുന്ന ഇവര്‍, താനാരാണെന്ന് ലോകമറിയണ്ട എന്നു തീരുമാനിച്ചതും ഒരു പക്ഷേ, സാഹിത്യത്തിന്‍റെ നേരും വിശ്വസ്തതയും സ്ഥിരതയും ഭാഷയില്‍ മാത്രമധിഷ്ഠിതമാണ് എന്നു വിശ്വസിച്ചതു കൊണ്ടാകാം. സ്വന്തമായി ഒരു നറേറ്റിവ് സംസ്കരിച്ചെടുക്കുന്നുണ്ട് ഇവര്‍. പാശ്ചാത്യ രീതിയിലുള്ള സൗഹൃദപ്രകടനങ്ങളോടുള്ള എതിര്‍പ്പ് ഇവര്‍ പലപ്പോഴും തുറന്നു പറയുന്നുണ്ട്. വര്‍ത്തമാനം പറഞ്ഞു പിരിയുന്ന സമയത്ത് രണ്ടാണ്‍കുട്ടികള്‍ കൈ പിടിച്ചു കുലുക്കിയതിനെ കുറിച്ചു പറയന്നതിങ്ങനെ. ' രണ്ടാണ്‍പിള്ളേരും എന്നെ പാണിഗ്രഹണം ചെയ്തു. ഇതെനിക്കു വല്ലാത്ത ലജ്ജ തോന്നിച്ച അനുഭവമായിരുന്നു. ഇതു വരെ ഇത്ര മുതിര്‍ന്ന ആണ്‍കുട്ടികള്‍ ആരും വന്നു കൈ പിടിക്കുകയോ കുലുക്കുകയോ ഉണ്ടായിട്ടില്ല. എന്തു ചെയ്യാം. സഹിക്കുക തന്നെ. ഇനിയും ഇതു പോലെയുള്ള പല 'മ്ലേച്ഛ സമ്പ്രദായങ്ങളും' അറിയുവാനും അനുഭവിക്കുവാനും ഇരിക്കുന്നതിന്‍റെ നാന്ദിയായിരിക്കാം ഇതെന്നു കൂടി ഓര്‍ത്തപ്പോള്‍ എനിക്കു കൂടുതല്‍ അസുഖം തോന്നി.' സമൂഹവും സംസ്കാരവും വ്യക്തിയുടെ ശരീരത്തില്‍ എഴുതിച്ചേര്‍ത്തിട്ടുള്ള ചില നീചത്വങ്ങളൊന്നും പൊളിച്ചു കളയുവാന്‍ താന്‍ തയ്യാറല്ലെന്ന ഒരു വാശി ലണ്ടന്‍ യാത്രയിലെ ആണ്‍പെണ്‍ ബന്ധങ്ങളെ കുറിച്ചു വിവരിക്കുന്ന ഇടങ്ങളില്‍ എഴുത്തുകാരി മുറുകെ പിടിക്കുന്നുണ്ട്. അതാകാം ഫോട്ടോയില്‍ സഹയാത്രികനുമായി പാലിച്ച അകല്‍ച്ചക്കും കാരണം എന്നൊരു ചിരി എനിക്കുണ്ടായി. ലിഫ്റ്റിനെകുറിച്ചു പറയുന്നതു പോലെ തന്നെ തന്‍റെ നാട്ടുകാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ പല ആധുനിക സൗകര്യങ്ങളേയും കൗതകം നിറഞ്ഞ ശൈലിയില്‍ വര്‍ണ്ണിക്കുന്നുണ്ട്. പല്ലു തേക്കാനും മുഖം കഴുകാനും മറ്റും, വെള്ളം കിട്ടാനും അഴുക്കു ജലം പോകാനും ഉള്ള പൈപ്പുകളോടു കൂടിയ വെണ്ണക്കല്‍ത്തളിക അഥവാ വാഷ് ബേസിന്‍,. കപ്പല്‍ മുങ്ങിപ്പോയാല്‍ യാത്രക്കാര്‍ മുങ്ങിപ്പോകാതിരിക്കാന്‍ എടുത്ത് നെഞ്ഞത്തും പുറത്തും കൂട്ടിക്കെട്ടുവാനുള്ള ലൈഫ്ജാക്കറ്റ്.. ഇങ്ങനെ പലതും. ഇപ്പോള്‍ കപ്പലെങ്ങാനും മുങ്ങിപ്പോയാല്‍ ഇതു കെട്ടാനും നടക്കാനും ബോട്ടിലേക്കിറങ്ങാനും ശക്തിയില്ലാതിരിക്കുന്ന ഞാന്‍ അതും വെച്ചു വെള്ളത്തില്‍ നീന്തിക്കിടക്കേണ്ടി വരുന്ന കഥ ഓര്‍ത്ത് വിചാരധാരയിലാകുന്നുമുണ്ട്. പാത്രം കഴുകുന്ന മെഷീനുകള്‍ അടുക്കി കമ്പിവലകള്‍ക്കിടയില്‍ നിരത്തി വെച്ചിരിക്കുന്ന പാത്രങ്ങളിലേക്കു വെള്ളം ചാമ്പി. വൃത്തിയാക്കുന്നു. ചൂടുകാറ്റടിപ്പിച്ച് പാത്രങ്ങള്‍ ഉണക്കിയെടുക്കുന്നു. ഇങ്ങനെ പലതും. കാണുന്ന കാഴ്ചകളെ ചെറുതായി രൂപപ്പെടുത്തിയെടുക്കുക എളുപ്പമല്ല. അന്നു വരെ താന്‍ കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്ത വിശാലവും ശക്തവും സമ്പന്നവുമായ ഒരു ലോകത്തെ ഇങ്ങനെ ഒതുക്കത്തില്‍ വൃത്തിയായി പറയുവാന്‍ കഴിയുന്നു എന്നത് ഈ കൃതിയുടെ മികവാണ്. എല്ലാ ഇളക്കങ്ങളും തിരയടിക്കുന്ന ഒരു മനസ്സു കൊണ്ടു കണ്ട കാഴ്ചകളെ അവയുടെ ആവേശവും കൗതുകവും ചോര്‍ന്നു പോകാതെ, വെറും 73 പുറങ്ങളിലായി ചുരുക്കി വിവരിച്ചിരിക്കുന്നു. ഏതെങ്കിലുമൊരു പ്രമാണത്തോടുള്ള അന്ധമായ കൂറൊന്നും കൂടാതെ, അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങളെ പറ്റി മാത്രം എഴുതുകയാണ് ഈ പുസ്തകത്തില്‍ സ്യീകരിച്ചിരിക്കുന്ന രചനാരീതി. തീവ്രമായ ഉത്കര്‍ഷേച്ഛ, തികഞ്ഞ ധാര്‍ഷ്ഠ്യം, ആസൂത്രിതമായ അനുസരണക്കേട് ഇവ മൂന്നുമാണ് പെണ്ണിന് എഴുതുമ്പോള്‍ കൂടെ ഉണ്ടാകേണ്ട മൂന്നു ഗുണങ്ങള്‍ . ഇല്ലെങ്കില്‍ പലതും പറയാന്‍ കഴിയില്ല. പറയുന്ന വിഷയം എന്തു തന്നെയും ആയിക്കൊള്ളട്ടെ, വിലക്ഷണമായതോ ഇഴഞ്ഞു നീങ്ങുന്നതോ ആയ ഒരു വരി പോലും ഈ നാടന്‍പെണ്‍കിടാവിന്‍റെ പുസ്തകത്തില്‍ ഇല്ല. നമ്മുടെ സാഹിത്യമണ്ഡലത്തില്‍ ഇത്തരം പുസ്തകങ്ങള്‍ മനസ്സിലാക്കപ്പെടാതെ പോകരുത്. സൂചിയില്‍ നൂലുകോര്‍ത്ത് അനുഭവങ്ങളെ ഓരോന്നോരോന്നായി പെറുക്കിയെടുത്ത് മാല കൊരുക്കുന്നതു പോലെ കൗതുകകരവും സൂക്ഷ്മവുമായ ഒരേര്‍പ്പാട്. ഈ പെണ്‍കുട്ടി ആരായിരുന്നാലും ഇവരുടെ ഭാഷക്കും കാഴ്ചകള്‍ക്കും വല്ലാത്തൊരു ചുറുചുറുക്കുണ്ട്. ഗദ്യത്തിലുള്ള കൈയ്യടക്കം,ശീഘ്രത, നൈപുണ്യം,കൗശലം, ആത്മവിശ്വാസം,ഇതെല്ലാം ഈ പുസ്തകത്തെ വ്യതിരിക്തമാക്കുന്നു. പലകക്ക് അടിക്കുന്നതു പോലെയാണ് ഓരോ വരിയും. നമ്മുടെ ശ്രദ്ധ മറ്റൊങ്ങോട്ടും പോകില്ല ഇതു വായിച്ചു തീരുവോളം. 'നൂറു പുസ്തകങ്ങള്‍ എഴുതുവാനുള്ള അനുഭവങ്ങള്‍ എനിക്കുണ്ട്. എഴുതണമെന്നുമുണ്ട്. പക്ഷേ, വാക്കുകള്‍ കിട്ടുന്നില്ല'. എത്രയോ സ്ത്രീകളുടെ ആത്മഗതമാണിത്. മോണികാ വിറ്റീഗ് എന്ന ഫെമിനിസ്റ്റ് സൈദ്ധാന്തിക അത്തരം സ്ത്രീകളോട് പറയുന്നതിങ്ങനെയാണ്, 'നിങ്ങള്‍ക്ക് അനുഭവങ്ങള്‍ വിവരിക്കാന്‍ വാക്കുകള്‍ ഇല്ല, വാക്കുകള്‍ പോരാ എന്നു നിങ്ങള്‍ പറയുന്നു. അങ്ങനെ പ്രത്യേകം വാക്കുകള്‍ ഒന്നും നിലനില്‍ക്കുന്നില്ല.നിങ്ങള്‍ വെറുതെ പറഞ്ഞു തുടങ്ങുക, നിങ്ങള്‍ എല്ലാം ഓര്‍മ്മിച്ചെടുക്കുക. എല്ലാം ഓര്‍ത്തെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ആവശ്യം. അതിനു പറ്റുന്നില്ലെങ്കില്‍ സ്വയമങ്ങു കല്‍പ്പിക്കുക.സ്വയമങ്ങ് സൃഷ്ടിക്കുക.' കേരളത്തിലെ ഏതോ ഒരു ചെറിയ ഗ്രാമത്തിലിരുന്നു കൊണ്ട്, അടുക്കളയുടേയോ കിടപ്പു മുറിയുടേയോ ഒരറ്റത്തിരുന്ന് തന്‍റെ ലണ്ടന്‍യാത്രയെ കുറിച്ച് അനായാസമായി ഒഴുക്കിലങ്ങനെ പറഞ്ഞു പോകുമ്പോള്‍ ആ നാടന്‍ പെണ്‍കിടാവ് മോണികാ വിറ്റീഗിന്‍റെ ആഹ്വാനത്തെ അറിഞ്ഞുകൊണ്ടല്ലാതെ പിന്‍തുടരുകയാണ്. ബാഹ്യലോകവും ആന്തരികലോകവും തമ്മില്‍ പിരിക്കാനാവാതെ കെട്ടു പിണഞ്ഞു കിടക്കുന്നു ഈ യാത്രാവിവരണത്തില്‍. വീടും ശരീരവും തൊടിയും കിണറും അങ്ങനെ താന്‍ നിരന്തരം കണ്ടു പരിചയപ്പെട്ടിട്ടുള്ള അന്തരീക്ഷവുമായി ബന്ധപ്പെടുത്തിയുള്ള ഒരു ലണ്ടന്‍ യാത്ര എന്നൊരു കൗതുകമാണ് ഈ പുസ്തകം അവശേഷിപ്പിക്കുന്നത്. വായിച്ചു തീര്‍ന്ന് നാളുകള്‍ കഴിഞ്ഞിട്ടും തുണിക്കെട്ടുമായി തീവണ്ടി മുറിയില്‍ ആരോ ചുരുട്ടിക്കൂട്ടി എറിഞ്ഞതു പോലെ വന്നു വീഴുന്ന മൊട്ടച്ചിയമ്മ്യാരും, ഏത്തത്തിലെന്നതു പോലെ മനുഷ്യരെ വലിച്ചു മുകളിലേക്കു കയറ്റുന്ന ലിഫ്റ്റുമൊന്നും മനസ്സില്‍ നിന്നും മായുന്നില്ല. സ്വകാര്യവും പൊതുവായതും തമ്മിലുള്ള ഒരു ഘടിപ്പിക്കല്‍ ഇവിടെയുണ്ട്. അതിലൂടെ തനിക്കു തന്നെ അജ്ഞാതമായ ഒരു സ്വത്വത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമമുണ്ട്. ഒരു സ്വകാര്യ ഡയറി വായിക്കുന്ന കൗതുകത്തോടെ ഇതു വായിക്കാം. ആ അഴകും ലാളിത്യവും ഇതിലുണ്ട്. കണ്ട കാര്യങ്ങള്‍ പട്ടിക രൂപത്തില്‍ പകര്‍ത്തിയിരിക്കുകയല്ല. കേട്ടുകേഴ്വികളും പഴഞ്ചൊല്ലുകളും കൊണ്ടു സമൃദ്ധമായ ഒരു ഗ്രാമീണജീവിതത്തിന്‍റെ മുദ്രകള്‍ ഇതിലുണ്ട്. തനിച്ചുള്ള ഈ യാത്രയില്‍ ഒരിടത്തു പോലും ഒരന്യതാബോധമോ ഒറ്റപ്പെടലോ രേഖപ്പെടുത്തിയിട്ടില്ല. അനുഭവങ്ങളുടെ അകത്തും പുറത്തുമായി, സഞ്ചരിക്കുന്ന തിരക്കിലാണ് അവര്‍ ഇതെഴുതുമ്പോഴും. അതു കൊണ്ടു തന്നെ സ്ത്രീകളോട് ഈ പുസ്തകം പ്രത്യേകമായി ചിലതു പറയുന്നുണ്ട്. ഹ്രസ്വമെങ്കിലും സ്വച്ഛന്ദതയുടെയും വിമോചനത്തിന്‍റെയും നിമിഷങ്ങള്‍ കൊണ്ടു വരുന്ന ഊര്‍ജ്ജം ഇതിലുണ്ട്. പ്രസാദപൂര്‍ണ്ണമായ നിരീക്ഷണങ്ങളിലൂടെ ഒരു യാത്ര. പരിവര്‍ത്തനത്തിന്‍റെ ഈ യുഗത്തില്‍ സൃഷ്ടിക്കാനും പരിപാലിക്കാനും പരിണമിപ്പിക്കാനുമുള്ള നിയന്ത്രണശക്തി ഉള്ളിലുള്ള സ്ത്രീകളുടെ ശബ്ദത്തിനും മനസ്സിനും വേണ്ടി നമുക്കു കാതോര്‍ക്കാം.കൈ കോര്‍ക്കാം.