സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പ്രണയം ചരക്കാക്കല്ലേ മാലാഖമാരേ....

സുജ സൂസൻ ജോർജ്ജ്“പണത്തിനു മേലേ പരുന്തും പറക്കില്ല.”“ഇത് നവമുതലാളിത്തത്തിൻറെ മുദ്രാവാക്യം എന്ന് യുവതലമുറക്കാരാരെങ്കിലും ധരിച്ചുവെങ്കിൽ തെറ്റി.നമ്മുടെ വടക്കൻപാട്ടിൽ ഒരമ്മ മകളെ ഉപദേശിക്കുമ്പോൾ ഉപയോഗിക്കുന്ന പഴഞ്ചൊല്ലാണ്. ഇഷ്ടമില്ലാത്ത തമ്പുരാനുമൊത്ത് ശയിക്കാൻ മടിക്കുന്ന മകളെ അമ്മ മെരുക്കിയെടുക്കുന്നതാണ് രംഗം..ഈ കാലഘട്ടത്തിൽ നിന്ന് വളരെ മുന്നോട്ടു പോയവരാണ് ചന്തുമേനോന്റെ ഇന്ദുലേഖയും ആശാന്റെ നായികമാരും.

‘ഇന്ദുലേഖ‘യിലുമുണ്ട് വടക്കൻ പാട്ടിലേതിനു സമാനമായ പരാമർശം .മാധവനോടാണ് ഇന്ദുലേഖക്ക് പ്രണയം.പക്ഷേ  സമ്പന്നനായ സൂരിനമ്പൂതിരിപ്പാടിനെ സംബന്ധം കഴിച്ച് തറവാട്ടിലേക്ക് സ്വത്തുണ്ടാക്കാനാണ് അമ്മ ലക്ഷ്മിക്കുട്ടിയമ്മ മകളോട് ആവശ്യപ്പെടുന്നത്.താനും തന്റെ അമ്മയും അങ്ങനെ കൊണ്ടു വന്നതാണ് ഈ കാണുന്ന ഐശ്വര്യമെന്ന് ലക്ഷ്മിക്കുട്ടിയമ്മ അവകാശപ്പെടുന്നുമുണ്ട്..ഈ പാരമ്പര്യത്തെ നിഷേധിച്ച് ഇഷ്ടപുരുഷനെ വിവാഹം കഴിക്കുന്ന ഇന്ദുലേഖയിലൂടെയാണ്  കേരളത്തിലെ നവോത്ഥാന സ്ത്രീ ഉണർന്നു വന്നത്. അതുപോലെ പ്രണയ്ത്തിനായി സർവ്വതും ഉപേക്ഷിക്കുന്ന  ആശാന്റെ നായികമാരായിരുന്നു പിൽക്കാല സ്ത്രീത്വസൃഷ്ടിക്ക് ഊർജ്ജം പകർന്നത്.

കുടുംബത്തിന്റെയും അമ്മാവന്മാരുടെയും ജന്മിത്തത്തിന്റെയും വെറും ചട്ടുകങ്ങളായിരുന്ന സ്ത്രീകൾ സ്വന്തം ജീവിതത്തെയും ശരീരത്തെയും മോചിപ്പിചെടുക്കുന്നത് സ്ത്രീ വിമോചനത്തിന്റെ ആദ്യപടിയായിരുന്നു.അതിപ്പോഴും  അത്ര മുന്നേറി എന്നു പറയാനാകാത്ത, തുടർന്നു കൊണ്ടിരിക്കുന്ന സമരം.

ഗാർഹികരംഗത്തെയും പൊതുയിടങ്ങളിലെയും തൊഴിലിടങ്ങളിലെയും മാനസികവും ശാരീരികവുമായ പീഡനങ്ങളുടെ പ്രധാനകാരണം സ്ത്രീയുടെ മൌനമാണ്. അരുതെന്നു പറയാനോ നീതി തേടാനോ പലകാരണങ്ങൾ കൊണ്ടും സ്ത്രീകൾ തയ്യറാകുന്നില്ല.ശബ്ദം ഉയർത്താനും നീതി തേടാനും ഉള്ള ധീരത സ്ത്രീകൾക്ക് ഉണ്ടാകണം. ഈയൊരു ശാക്തീകരണം ആണ് അനിവാര്യമായി ഇനി കേരളത്തിലെ സ്ത്രീകൾ നേടേണ്ടത്.നമ്മുടെ കുട്ടികളെ ശീലിപ്പിക്കേണ്ടത്. 

പീഡനക്കേസുകളിൽ ചിലതെങ്കിലും കേട്ടിച്ചമച്ചതോ ബോധപൂർവ്വം കെണിയിൽ പെടുത്തന്നതോ ആകാറുണ്ട്. പഴയ കാരണവന്മാരെ പോലെ ഇതിന്റെ പിന്നിൽ ഏതെങ്കിലും പുരുഷന്മാർ ഉണ്ടാകുകയും ചെയ്യും. അതായത് ഈ വഞ്ചകിയും മറ്റൊരു തരത്തിൽ ഇര തന്നെയാണ്. എന്നു വെച്ച് എല്ലാ പെണ്ണുങ്ങളും മാലാഖമാരും പുരുഷന്മാർ പിശാചുക്കളുമാണെന്ന് അർത്ഥമില്ല. വെർജീനിയ വൂൾഫ് പറയുമ്പോലെ ആ മാലാഖയുടെ ചിറകരിഞ്ഞു വീഴ്തൂ..അവൾ ഭൂമിയിൽ നടക്കട്ടെ. ഒരു അഭൌമികതയുടെയും ആവശ്യമില്ല. അവളും കൊണ്ടു നടക്കുന്ന ജീർണ്ണതയുടെ മുഖം മൂടി ചീന്തിയെറിയേണ്ടതുണ്ട്.

കേരളത്തിലെ സ്ത്രീകൾ വിദ്യാഭ്യാസമുള്ളവരാണ്.സമൂഹത്തിലെ സ്ത്രീവിരുദ്ധതെക്കെതിരെ ശബ്ദമുയർത്തുന്നവരും അമർഷമുള്ളവരുമാണ് . പക്ഷേ ദൈനംദിനജീവിതത്തിലെ പെരുമാറ്റങ്ങളിൽ, നിലപാടിൽ നാം അറിയാതെ വ്യവസ്ഥാപിതമായ ഇടങ്ങളിൽ ആയിരിക്കും നിലയുറപ്പിക്കുന്നത്.അത് കുടൂംബത്തിലെയൊ തൊഴിലിടത്തിലെയൊ അധികാരിയായ പുരുഷന് അനുക്കൂലമായിരിക്കും... അല്പം പ്രയാസപ്പെട്ടിട്ടാണെങ്കിലും സ്ത്രീപക്ഷ നിലപാടുകൾ,അല്ലെങ്കിൽ വേണ്ട  ജനാധിപത്യ നിലപാടുകളെങ്കിലും സ്വീകരിക്കാൻ സ്ത്രീക്ക് കഴിയണം.. അത് നമ്മുടെ സഹജീവികളൂടെ നിലപാടുകളെ തിരുത്തും.കുടൂംബം കൂടുതൽ സ്ത്രീസൌഹൃദമുള്ളതാക്കി മാറും.

ഒരു മന്ത്രിയുടെ രാജിക്ക് കാരണമായ വസ്തുതകൾ പരിശോധിക്കുക. പറയുന്നതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങിയാൽ തന്നെ മന്ത്രിയുടെ അടുത്ത് തനിച്ച് പരാതിയും കൊണ്ടു പോകാൻ ധൈര്യമുള്ള ഒരു വീട്ടമ്മ ഇത്രയും അശ്ലീലവും ദീർഘവും അപമാനിതയുമാകുന്ന  ഒരു സംഭാഷണം വരെ എത്തുന്നതുവരെ ആ അതിക്രമത്തെ സഹിക്കുന്നു. അത് ഒരു ചാനലിൽ എത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞാനിവിടെ പരിശോധിക്കുന്നില്ല.ആ “വീട്ടമ്മ’ ഇത്തരത്തിൽ നിസ്സഹായയായി സഹിച്ചുകൊണ്ടു നിന്നു എന്നതും എന്നെ അത്ര അദ്ഭുതപ്പെടുത്തുന്നില്ല.ഇതാണ് കേരളത്തിലെ വിദ്യാഭ്യാസമുള്ള ടിപ്പിക്കൽ മലയാളിസ്ത്രീ.ഈ സ്ത്രീയാ‍ാണ് സ്വന്തം പെൺകുഞ്ഞിന് വീട്ടിൽ കൊലനിലം ഒരുക്കുന്ന സ്ത്രീ. ഈ സ്ത്രീ   യഥാർത്ഥ  അഭിമാനം എന്തെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.  അതിനു വേണ്ടി പൊരുതേണ്ടീയിരിക്കുന്നു. ഇന്ന് ഈ ടിപ്പിക്കൽ സ്ത്രീ സൌകര്യപൂർവ്വമെടുക്കുന്ന പുരുഷാനുകൂല നിലപാടുകൾ എത്രയോകാലത്തെ സ്ത്രീപോരാട്ടങ്ങളെയാണ് അർത്ഥശൂന്യമാക്കുന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും