സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പി സി കുറുമ്പ: സമരപഥത്തിലെ പെണ്‍കരുത്ത്




'വഴിയിലൂടെ 'ഇയ്യാ... ഇയ്യോ..' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുവേണം നടക്കാന്‍. സവര്‍ണ്ണരുടെ കുടുംബങ്ങളില്‍ കയറാന്‍ പാടില്ലായിരുന്നു. കുട്ടന്‍കുളം സമരമെന്നത് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രമാണ്. വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം'-ഇന്നലെ ഈ ലോകത്തിന് നഷ്ടമായ നവോത്ഥാന നായികയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ പി സി കുറുമ്പ 'ജനയുഗ'ത്തിനുവേണ്ടി വനിതകലാസാഹിതി തൃശൂര്‍ ജില്ലാ സെക്രട്ടറി ലില്ലി തോമസിനോട് പറഞ്ഞത് ഇക്കഴിഞ്ഞ ഡിസംബറിലാണ്. 

കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് സമരാവേശത്തിന്റെ ഉശിരന്‍ ഓര്‍മകളുമായാണ് അവര്‍ അവസാനനാളുവരെ കഴിഞ്ഞത്. രാജ്യത്ത് വോട്ടവകാശം നിലവില്‍വന്നതോടെയാണ് കമ്യൂണിസ്റ്റുകാരുടെ പോരാട്ടത്തിന്റെ ഫലമെന്തെന്ന് തൊഴിലാളിവര്‍ഗവും അടിസ്ഥാന ജനവിഭാഗങ്ങളും അനുഭവിച്ചതെന്ന് കുറുമ്പ ആവര്‍ത്തിച്ചുപറയുമായിരുന്നു. പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ചിലര്‍ സവര്‍ണ്ണ-വര്‍ഗീയ ശക്തികളുടെ അടിമകളായി രാഷ്ട്രീയത്തിന്റെ പേരില്‍ ഇന്നും നിന്നുകൊടുക്കുന്നുവെന്നത് കുറുമ്പയെ വേദനിപ്പിച്ചിരുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം ഇക്കാര്യം വെട്ടിതുറന്ന് പറയുമായിരുന്ന അവര്‍, അധഃസ്ഥിത വിഭാഗങ്ങളുടെ ഇന്നത്തെ അവസ്ഥയ്ക്ക് പിന്നില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കെന്തെന്നും വിളിച്ചുപറഞ്ഞു.

ഇരിഞ്ഞാലക്കുട, പുല്ലൂര്‍ ഗ്രാമത്തിലെ പുലയസമുദായത്തില്‍പ്പെട്ട കര്‍ഷകത്തൊഴിലാളികളായ പാറപ്പുറത്തുവീട്ടില്‍ ചാത്തന്റെയും കാളിയുടെയും മകളാണ് കുറുമ്പക്കുട്ടി. കൗമാരം മുതല്‍  ദേശീയ പ്രക്ഷോഭത്തില്‍ അണിനിരന്ന ധീരയും മനുഷ്യസ്‌നേഹിയുമായ വനിത. കുറുമ്പയ്ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളില്ലായിരുന്നു. എന്നാലും തന്റെയും മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും നൊമ്പരങ്ങളും യാതനകളും തൊട്ടറിയാനും മനസ്സിലാക്കാനും അത് അവര്‍ക്കൊരു തടസ്സമായില്ല.  ആചാരമനുസരിച്ച് 15 വയസ്സായപ്പോഴേക്കും ചാത്തനുമായുള്ള വിവാഹം നടന്നു. ചാത്തന്റെ ബന്ധുവായ കെ കെ അയ്യപ്പന്റെ സഹായത്തോടെയാണ് അവര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുക്കുന്നത്.

കൗമാരം മുതല്‍ കുറുമ്പക്കുട്ടി കര്‍ഷകസമരങ്ങളില്‍ സജീവ സാന്നിധ്യമായി മാറി. പുല്ലൂരും ചുറ്റുപാടുമുള്ള ഒളിത്താവളങ്ങളില്‍ താമസിച്ച് പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാക്കന്മാര്‍ക്ക് സഹായമെത്തിക്കുക എന്നതായിരുന്നു പാര്‍ട്ടി അവരിലേല്‍പ്പിച്ച ഉത്തരവാദിത്തം. കമ്മ്യൂണിസ്റ്റുകാരെ തന്റെ വീട്ടിനുള്ളില്‍ ഒളിവില്‍ പാര്‍പ്പിച്ചതിന് ധാരാളം മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ജന്മിവിരുദ്ധ, ജാതിവിരുദ്ധ പോരാട്ടങ്ങളില്‍ അധസ്ഥിത ജനവിഭാഗങ്ങളെ ഒന്നിച്ചണിനിരത്തുന്നതിന് കുറുമ്പക്കുട്ടി അടങ്ങുന്ന പുലയമഹാസഭയും എസ് എന്‍ ഡി പി യും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.  

കുറുമ്പയുടെ പോരാട്ടങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് 1946ലെ കുട്ടന്‍കുളം സമരമാണ്. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം. അയിത്താചരണം അവസാനിപ്പിക്കുവാനും ക്ഷേത്രപ്രവേശനത്തിനും ഉത്തരവാദിത്വ ഭരണത്തിനുമായാണ് പ്രക്ഷോഭം തുടങ്ങിയത്. 1946 ജൂലൈ ആറിന് അയ്യങ്കാവ് മൈതാനത്താണ് (ഇന്നത്തെ ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ മൈതാനം) ക്ഷേത്ര പ്രവേശന സമരം തുടങ്ങുന്നത്. പി ഗംഗാധരന്‍, പി കെ കുമാരന്‍, കെ വി ഉണ്ണി, പുതൂര്‍ അച്ചുതമേനോന്‍, പി കെ ചാത്തന്‍ മാസ്റ്റര്‍ എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കിയത്. ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിന് മുന്നിലുള്ള കുട്ടന്‍കുളത്തിന്റെ തൊട്ടടുത്തുള്ള മതില്‍ അയിത്തത്തിന്റെ അതിരായിരുന്നു. അയിത്ത ജാതിക്കാര്‍ക്ക്  അതിനപ്പുറത്തേക്ക് പ്രവേശനമില്ലായിരുന്നു. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എസ് എന്‍ ഡിപിയും പുലയ മഹാസഭയും ഒന്നിച്ചാണ് മൈതാനത്ത് ഒത്തുകൂടിയത്. 

കുട്ടന്‍കുളത്ത് സ്ഥാപിച്ചിരുന്ന നിരോധനാജ്ഞ ബോര്‍ഡ് ആരോ എടുത്ത് മാറ്റുകയും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നവരെല്ലാം കുട്ടന്‍കുളത്തിനപ്പുറത്തേക്ക് മാര്‍ച്ച് ചെയ്യുവാന്‍ പി ഗംഗാധരന്‍ പ്രഖ്യാപിക്കുകയും ചെയ്തു.  എന്നാല്‍, പുതൂര്‍ അച്ചുതമേനോന്‍ നിയമലംഘനത്തെ അനുകൂലിക്കാതെ സമരത്തില്‍നിന്ന് പിന്‍മാറി.  ഇന്‍സ്‌പെക്ടര്‍ ശങ്കുണ്ണിയുടെ നേതൃത്വത്തില്‍ സായുധ പോലീസ് സമരക്കാരെ തടഞ്ഞു. പ്രകോപനമില്ലാതെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.  ഇതോടെ ജനം ഇളകിമറിഞ്ഞു. അനേകം പേര്‍ക്ക് പരുക്കേറ്റു. പൊലീസ് സമരക്കാര്‍ക്കുമുന്നില്‍ ഒരു വര വരച്ചു. അതിനകത്തുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.  കുറുമ്പ തന്റെ ഭര്‍ത്താവ് ചാത്തനോടൊപ്പമാണ് സമരത്തില്‍ പങ്കെടുത്തിരുന്നത്. കുറുമ്പ വരയ്ക്ക് പുറത്തും ചാത്തന്‍ വരയ്ക്കകത്തുമായി. 
കുറുമ്പയടക്കമുള്ള സമരത്തില്‍ പങ്കെടുത്ത എല്ലാവരേയും അതിക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയാക്കി.  സമരക്കാരുടെ കാല്‍വെള്ളയില്‍ അടിക്കാനായിരുന്നു ഉത്തരവുണ്ടായിരുന്നത്.  അടിയുടെ ഫലമായി കുറുമ്പയ്ക്ക് കാലുകള്‍ പഴുത്ത് നടക്കാന്‍ വയ്യാതെ ഏറെക്കാലം ചികിത്സിക്കേണ്ടിവന്നു.  സമരത്തില്‍ പങ്കെടുത്തവരെ സഹായിക്കരുതെന്ന് വിലക്കുണ്ടായതിനാല്‍ സമരക്കാരെല്ലാം ഏകാന്ത തടവിലായിരുന്നു എന്ന് പറയാം. പൊലീസുകാരും പ്രമാണിമാരും കാണാതെയാണ് ഇവര്‍ക്ക് ഭക്ഷണപ്പൊതികള്‍ വീട്ടിലേക്ക് എറിഞ്ഞുകൊടുത്തിരുന്നത്. 'പി കെ ചാത്തന്‍ മാസ്റ്ററെ കാണിച്ചുകൊടുക്കാന്‍ പറഞ്ഞ് പൊലീസ് തന്നെ പോത്തിനെ തല്ലുന്നതുപോലെ തല്ലി പഞ്ചറാക്കി. ലോക്കപ്പില്‍ മലര്‍ത്തിക്കിടത്തി കാല്‍മുട്ടുകള്‍ക്ക് മുകളില്‍ കയറിനിന്നാണ് അടിച്ചിരുന്നത്. ജയിലിലെ ചെറിയ ഹാളില്‍ കമ്പിറാന്തലിന്റെ വെളിച്ചത്തില്‍ കമ്യൂണിസ്റ്റ് നേതാവ് പി കെ  കുമാരനേയും തന്നെയും നഗ്‌നരാക്കി നിര്‍ത്തി.  

1948ലെ പരിയാരം സമരത്തിലും കുറുമ്പ സജീവപ്രവര്‍ത്തകയായിരുന്നു. നടവരമ്പില്‍നിന്ന് നടന്നാണ് പരിയാരത്തേക്ക് പോയിരുന്നത്. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള സമരക്കാരെ ബസില്‍ കയറ്റിയിരുന്നില്ല. ബസുകളും അക്കാലത്ത് ഏറെ കുറവായിരുന്നു. മഴ നനഞ്ഞ് മുദ്രാവാക്യം വിളിച്ച് സമരത്തില്‍ പങ്കെടുക്കാന്‍ തൃശ്ശൂര്‍വരെ നടന്ന് പോയിട്ടുണ്ട്. ഇരിഞ്ഞാലക്കുടയും പുല്ലൂരും നടന്ന എല്ലാ കര്‍ഷക, കര്‍ഷകതൊഴിലാളി സമരങ്ങളിലും പങ്കെടുത്തു. വേദനാജനകമായ സമരയാതനകളും പൊലീസ് മര്‍ദ്ദനങ്ങളും അനുഭവിച്ചത് തന്റെ കൗമാരയൗവ്വന (15-35 വയസ്സ്) കാലഘട്ടത്തിലായിരുന്നു. 

ആ അനുഭവങ്ങള്‍ സന്ദര്‍ശിക്കുന്നവരോടെല്ലാം വീറോടെ പറയുമ്പോള്‍ മുഖത്ത് ആവേശവും വാക്കുകളില്‍ ധീരതയുമായിരുന്നു. പാലിയം സമരവുമായി ബന്ധപ്പെട്ട കേസിന് അഞ്ച് കൊല്ലക്കാലം കൊച്ചിയില്‍ പോകുമായിരുന്നു. അവസാനം ശിക്ഷിക്കാതെ വെറുതെ വിട്ടു. കെ വി കുമാരനേയും ഉണ്ണിയേയും കോടതി ശിക്ഷിച്ചു. ഇതിനിടയില്‍ എറണാകുളത്ത് നടന്ന കുടികിടപ്പവകാശ സമരത്തിലും പങ്കെടുത്തു. സമരങ്ങളില്‍ തന്നോടൊപ്പം കെ വി കാളിയും (ചാത്തന്‍ മാസ്റ്ററുടെ ഭാര്യ) ഉണ്ടായിരുന്നു. ഇരുവരും നിരവധി തവണ ഒരമിച്ച് അറസ്റ്റിലായിട്ടുണ്ട്. ക്ഷേത്ര പ്രവേശനം, അയിത്താചരണം, ന്യായമായ പണിക്കൂലി, സമയക്രമീകരണം എന്നിവയുടെ നീതിയുക്ത നടത്തിപ്പിനായി നടത്തിയ എല്ലാ സമരങ്ങളിലും നേതൃത്വം നല്‍കി. 

കുറുമ്പക്കുട്ടി കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്നു. ജോലി സ്ഥലത്തും യൂണിയന്‍ അംഗവും പ്രവര്‍ത്തകയുമായിരുന്നു. സ്വാതന്ത്ര്യസമരസേനാനി പെന്‍ഷനും കശുവണ്ടി തൊഴിലാളി പെന്‍ഷനും ഉപയോഗിച്ചായിരുന്നു അവര്‍ ആരോഗ്യവും ജീവിത ചിലവുകളും തള്ളിനീക്കിയത്. 

വനിതാ കലാസാഹിതിയുടെ പ്രവര്‍ത്തകരാണെന്ന് ലില്ലി തോമസ് പരിചയപ്പെടുത്തിയപ്പോള്‍ 'സ്ത്രീകള്‍ സംഘടിക്കണമെന്നും സംഘടന സ്ത്രീകള്‍ക്ക് ശക്തി നല്‍കുമെന്ന' ആഹ്വാനമാണ് പി സി കുറുമ്പ സ്ത്രീസമൂഹത്തിനാകെ സമ്മാനമായി തിരിച്ചുനല്‍കിയത്.

*
ജനയുഗം 04 ഏപ്രില്‍ 2013
Posted by വര്‍ക്കേഴ്സ് ഫോറം 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും