സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കേരളത്തിലെ ലിംഗ അസമത്വത്തിന്റെ കാണാപ്പുറങ്ങൾ

ട്രീസ ടീച്ചർ



കേരളത്തിലെ ലിംഗ അസമത്വം എന്ന പ്രയോഗം പോലും പ്രശ്നവൽക്കരിക്കപ്പെടേണ്ടതാണ്. ലിംഗ അസമത്വം   ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമായോ പ്രാദേശികമായോ ദേശീയമായോ പൊതുവായോ ഏകമായോ നിലനിൽക്കുന്നില്ല. ലിംഗാടിസ്ഥാനത്തിലുള്ള അസമത്വങ്ങൾ ലോകവ്യാപകമായി കാലം, ദേശം, പ്രയോഗം എന്നിവയിൽ ഏകത പ്രകടിപ്പിക്കാതെ വ്യത്യസ്തമായി നിലനിന്നു പോരുന്നതായി കാണാം. വ്യത്യസ്തതകൾ നിറഞ്ഞ ലൈംഗീക സ്വത്വങ്ങളെ ചില ഏകക മാനദണ്ഡങ്ങൾ ഉപയോഗിച്ച് ക്രമീകരിക്കാനുള്ള ശ്രമങ്ങൾ ആവാം അസമത്വങ്ങളിൽ ചെന്ന് എത്താനുള്ള കാരണങ്ങൾ. വ്യത്യസ്തതകൾ  മറ്റേതു സാമൂഹ്യവിഭജനതിനും വേർതിരിവുകൾക്കും എന്നത് പോലെ ശ്രേണീ  ഘടനയിലേയ്ക്ക് മാറ്റപ്പെട്ടതാവാം ലൈംഗീക അസമത്വങ്ങളുടെയും രൂപീകരണത്തിന് കാരണം. 

കൊളോണിയൽ കാലഘട്ടത്തിൽ വ്യത്യസ്തകൾ നിറഞ്ഞ ലൈംഗികത സ്വത്വങ്ങളെ ഉഭയ ലൈംഗീക സ്വത്വ (Hetro Sexual Identity) ങ്ങളിലേയ്ക്ക് മാത്രം ഒതുക്കുവാനുള്ള ശ്രമങ്ങൾ നടന്നു എന്ന് വേണം നമ്മൾ മനസിലാക്കാൻ. ഇറാനിൽ ഇത്തരത്തിൽ കൊളോണിയൽ കാലഘട്ടത്തിൽ നടന്ന ഉഭയ ലൈംഗീകതയുടെ സാധാരണവത്കരണത്തെക്കുറിച്ചും ( normalisation)  സ്ത്രീ ശരീരത്തെ കേന്ദ്രീകരിച്ചുള്ള സൗന്ദര്യ സങ്കൽപ്പങ്ങളെക്കുറിച്ചും അഫ്സനിബിന്റെ The Long Nineteenth Century എന്ന പുസ്തകത്തിൽ പഠിക്കപ്പെട്ടിട്ടുണ്ട്.  പത്തൊൻപതാം നൂറ്റാണ്ടിനു മുൻപ് അതായതു കൊളോണിയൽ സംസ്കാര സ്ഥാപനങ്ങൾക്കു മുൻപ് ഇറാനിൽ പുരുഷ ശരീരവും രണ്ടു പുരുഷന്മാർക്കിടയിൽ ഉണ്ടായ പ്രണയവും ആയിരുന്നു സൗന്ദര്യമായി കണക്കാക്കിയിരുന്നത്. ഇന്ത്യയിലും ഇത്തരത്തിൽ കൊളോണിയൽ കാലഘട്ടത്തിൽ പുതുതായി സൃഷ്ടിക്കപ്പെട്ട ഭൗതീക സാഹചര്യങ്ങൾ ആകാം നിരവധിയായ ലൈംഗീക സ്വത്വങ്ങളിൽ നിന്നും  ആൺ പെൺ( hetro-sexual) സ്വത്വങ്ങളിലേയ്ക്ക് മാത്രമായി സമൂഹത്തെ ഒതുക്കിയത്. ഈ കാലഘട്ടത്തിൽ  കുടുംബ പശ്ചാത്തലത്തെ സാമൂഹ്യ നിയമ നിയന്ത്രണങ്ങൾ കൊണ്ട് പരിമിതപ്പെടുത്തുന്നതും കാണാവുന്നതാണ്. രൂത്ത് വനിതയും സലിം കിദ്വാനിയും ചേർന്ന് എഴുതിയ The same Sex Love in India എന്ന പുസ്തകം നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ സ്വവർഗ്ഗാനുരാഗം  ഇന്ത്യൻ സമൂഹത്തിൽ നിലനിന്നിരുന്നതായി രേഖപ്പെടുത്തുന്നു. 
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനിടയിലും സജീവമായി നിന്നിരുന്ന ഒരു ചർച്ച സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ സ്വാതന്ത്ര്യാനന്തര പങ്ക് എന്താകണം എന്നതായിരുന്നു. സാമൂഹൃ പരിഷ്കർത്താക്കളുടെയും, ദേശീയ വാദികളുടെയും, വിദ്യാഭ്യാസ ചിന്തകരുടെയും കൂട്ടായ തീരുമാനം സ്ത്രീകൾക്ക് കുടുംബത്തിനകത്താണ്‌ കൂടുതൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയുക എന്നതാണ്. ബ്രിട്ടീഷ് സ്വതന്ത്ര വനിതകളായ മെംസാഹിബ്’ ഒരു മാതൃക ആകാതിരിക്കാൻ വളരെ സൂക്ഷ്മത ഇന്ത്യൻ ദേശീയവാദികൾ കാണിച്ചു എന്ന് വേണം നമ്മൾ മനസിലാക്കാൻ. യൂറോപ്യൻ നവോത്ഥാന മാതൃകകളെ ഇന്ത്യൻ പാട്രിയാർക്കി വളരെ സൂക്ഷ്മതയോടെ ആണ്  കൈകാര്യം ചെയ്തത്.  ഏതു തരത്തിലുള്ള സമത്വവും സ്വാതന്ത്ര്യവുമാണ് ഇന്ത്യൻ സ്ത്രീത്വത്തിനു നൽകേണ്ടത് എന്ന് തീരുമാനിക്കപ്പെട്ടത് പുരുഷകേന്ദ്രീകൃതമായ ചർച്ചകളിൽ ആയിരുന്നു എന്നതാണ് ഏറ്റവും രസകരമായ സംഗതി. അന്നു മുതൽ തുടങ്ങി വെച്ച ചർച്ച ഇന്നും പ്രസക്തമായി സമൂഹത്തിൽ തുടരുന്നു എന്നുള്ളത് പ്രധാനപ്പെട്ട വസ്തുതയാണ്.  ഇന്നുണ്ടാകുന്ന ചർച്ചകൾ സ്ത്രീ പുരുഷ ദ്വന്ദ പ്രതിനിധാനങ്ങൾ ഇന്നത്തെ സമൂഹത്തിൽ എങ്ങനെ ആകണം, എന്തിനു വേണ്ടി ആകണം എന്ന  തർക്കങ്ങളിൽ ആണ് ഇപ്പോഴും നിലനിൽക്കുന്നത്‌. ഭൂരിപക്ഷവും കുടുംബത്തിനകത്താകണം സ്ത്രീയുടെ ഇടം എന്ന് തന്നെയാണ് ഇപ്പോഴും വാദിച്ചു കാണാറുള്ളത്.  
ഇന്ന് കേരള സമൂഹത്തിൽ നിലനിൽക്കുന്ന ലൈംഗീക അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ മലയാളി ലൈംഗികതയെ വിശകലനം ചെയ്യേണ്ടതുണ്ട്. മലയാളി എന്ന പ്രയോഗം  നടത്തുമ്പോൾ തന്നെ അങ്ങനെ ഒരു പൊതു മലയാളി നിലനിൽക്കുന്നില്ല എന്ന മനസിലാക്കലുകളും ആവശ്യമാണ്. മലയാളി എന്ന പൊതു ബോധത്തിലേയ്ക്ക് മലയാളി കടന്ന് വന്നിട്ട് അധികനാളായിട്ടില്ല. കൊച്ചി, മലബാർ, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ചു കേരള സംസ്ഥാനം രൂപപ്പെടുത്തുമ്പോൾ  ഒരു പൊതു മലയാളി ഇവിടെ രൂപം കൊണ്ടിട്ടില്ലായിരുന്നു. 

അടുത്തിടയ്ക്ക് എൺപതു വയസ്സിന് മേലെ പ്രായമുള്ള നാട്ടിൻപുറത്തുകാരിയായ ഒരു അമ്മൂമ്മ മകളുടെ രാജ്യം ഏതാണ് എന്ന് ചോദിച്ചതിൽ അതുകൊണ്ട് തന്നെ യാതൊരു അതിശയോക്തിയും ഉണ്ടായില്ല. വ്യത്യസ്തതകൾ ഒരുപാട് ഉണ്ടായിരുന്ന ഒരു സമൂഹത്തെ ഭൂരിപക്ഷ ഭാഷയുടെ അടിസ്ഥാനത്തിൽ     ( പൂർണമായും യോജിക്കുന്നില്ല) ഒരു മാതൃ ദേശ സമൂഹമായി മാറ്റി എന്നതായിരുന്നു കേരള സംസ്ഥാന രൂപീകരണത്തിന്റെ പിന്നാമ്പുറം. പക്ഷെ ഇന്ന് പ്രതിനിധാനം ചെയ്യപ്പെടുന്ന മലയാളി ഇതിലും പഴക്കവും തനിമയും അവകാശപ്പെടുന്നുണ്ടോ എന്ന് സംശയം ഉണ്ട്. 
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേഷിച്ചു സാക്ഷരതയ്ക്കും, ശുചിത്വ ബോധത്തിനും, പുരോഗതിക്കും ഒക്കെ പേരുകേട്ടവരാണ് മലയാളി. മേൽവസ്ത്ര സ്വാതന്ത്ര്യം ഇല്ലാതിരുന്ന  ഫ്യൂഡൽ കാലഘട്ടത്തിൽ നിന്നും വ്യക്തി സ്വാതന്ത്ര്യത്തിനു പ്രാധാന്യം ലഭിക്കുന്ന ജനാധിപത്യ വ്യവസ്ഥയിൽ എത്തി നിൽക്കുമ്പോഴും ഏറ്റവും അധികം വേട്ടയാടപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും സമൂഹത്തിലെ മേൽത്തട്ടുകളിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന ലിംഗ സമൂഹങ്ങൾ ആണ്. സാമൂഹ്യ നിർമിതിയെത്തന്നെ പുനർവായിക്കുക എന്നതാണ് ഈ പ്രക്രിയയുടെ മനസിലാക്കലിനാവശ്യം. 

സാധാരണ കുടുംബം ( Normal family )എന്ന മലയാളി പ്രയോഗം തന്നെ അർത്ഥമാക്കുന്നത് പിതൃദായക, ഉഭയ ലൈംഗീക (hetro sexual) ശ്രേണീ നിർമ്മിതമായ കുടുംബം ആണ്. കുടുംബം എന്ന അടിസ്ഥാന സാമൂഹ്യ സ്ഥാപനത്തിനകത്തു നിന്നും ആരംഭിക്കുന്ന ലിംഗ നിർമിതി സമൂഹത്തിന്റെ ഏറ്റവും വലിയ അധികാര കേന്ദ്രങ്ങൾ വരെ തുടരുന്നു എന്നത് ശ്രദ്ധേയമാണ്. നീ ഒരു പെണ്ണാണ് എന്ന് തുടരെ ഓർമ്മിപ്പിക്കും വിധം വ്യവസ്ഥകൾ നിർമ്മിച്ചെടുത്ത അധികാര ഘടനയ്ക്കുള്ളിലാണ് നമ്മൾ ഇന്നും നിലനിൽക്കുന്നത്. പിതൃദായക(patriarchal ) ക്രമത്തിൽ  ഉരിതിരിഞ്ഞതും ശക്തിപ്രാപിച്ചതുമായ ഒരു കുടുംബ വ്യവസ്ഥയാണ് ഇന്ന് നിലനില്ക്കുന്നത്. ആൺകോയ്മയുടെ ഒരു ഇടം കൂടി ആണ് അത്. ലിംഗപദവി നിർമ്മിതിയുടെ ആദ്യ പാഠങ്ങളുടെ പരിശീലന കളരിയും കുടുംബങ്ങളാണ്. ആണിനെ ആണായി മാറ്റുന്നതും പെണ്ണിനെ പെണ്ണായി മാറ്റുന്നതും, കോയ്മകൾ സ്ഥാപിച്ചെടുക്കുന്നതും കുടുംബത്തിൽ നിന്നാണ്.  ഒരു സംവാദത്തിനുള്ള വേദി പോലും അവിടെ ഇല്ല എന്നുള്ളതാണ് ,  തുല്യതാ മാനദണ്ഡങ്ങൾ ഇല്ലാത്ത ഒരു സാമൂഹ്യ സ്ഥാപനമാണ് കുടുംബം എന്ന് പറയാൻ കാരണം. പലപ്പോഴും മർദ്ധനോപാധികളിലൂടെയാണ് സാമൂഹിക മെരുക്കലുകൾക്കു  ഈ സ്ഥാപനം നേതൃത്വം കൊടുക്കുന്നത് . കൃത്യമായ ആൺകോയ്മകളുടെ ഇടവും നിർമ്മിതിയും കൂടിയാണ് കുടുംബങ്ങൾ. ഇതിന്റെ പരമാധികാരം എന്നും ഒരു പുരുഷനോ അല്ലെങ്കിൽ പുരുഷകേന്ദീകൃത സ്ത്രീയോ ആകാനാണ് കൂടുതൽ സാധ്യത. രണ്ടു വ്യക്തികൾ എന്നതിന് അപ്പുറത്തേയ്ക്ക് രണ്ടു ലിംഗക്കാർ എന്ന് കല്പിച്ചു തുടങ്ങുന്നിടത്തു സമൂഹത്തിന്റെ ലിംഗനിർമ്മിതി തുടങ്ങുന്നു. ലൈംഗികതയെ(sex) അടിസ്ഥാനപ്പെടുത്തി സമൂഹം കെട്ടിപ്പെടുത്തിയ സാമൂഹ്യ വേർതിരുവുകളെയും പദവികളെയുമാണ് ലിംഗപദവി(ജൻഡർ) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇത് ഒരോ സമൂഹത്തിലും വ്യത്യാസപ്പെട്ടിരിക്കും. ലിംഗാടിസ്ഥാനത്തിൽ സമൂഹത്തിൽ ഒരു ശ്രേണി ( hierachy)രൂപപ്പെടുകയും അത് ഒരു അദൃശ്യമായ (Invisible) നിയമം ആയി മാറുകയും ചെയ്യുന്നു. 

നിയമം തന്നെ ഭാര്യയെ ഭർത്താവിന്റെ സ്വത്തായിട്ടാണ് (property) കണക്കാക്കുന്നത്. ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന അന്യ പുരുഷനെതിരെ ക്രിമിനൽ നടപടികൾക്ക് നമ്മുടെ നിയമ വ്യവസ്ഥ സാധുത നൽകുന്നു. വിവാഹം എന്ന ഒരു സാമൂഹ്യ ഉടമ്പടി ഒരു പുരുഷനും സ്ത്രീയും മാത്രം തമ്മിൽ മാത്രമേ ഇന്ത്യൻ നിയമം അനുവദിക്കുന്നുള്ളു. വസ്ത്രം,ശരീരം, പ്രവൃത്തി, സ്വഭാവം എന്ന് വേണ്ട ചിന്തകളെപ്പോലും ക്രമപ്പെടുത്താൻ സമൂഹം വിവിധ സ്ഥാപനങ്ങളിലൂടെ നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുന്നു. 
ഇന്നും കുടുംബവുമായി ബന്ധപെട്ടു നിൽക്കുന്ന പല നിയമങ്ങളും അമ്പതു വർഷത്തിന് മേൽ പഴക്കമുള്ളതാണ് എന്നതാണ് വസ്തുത.  പിന്തുടർച്ചവകാശ നിയമം( Hindu Succession Act 1956),വിവിധ വിവാഹ നിയമങ്ങൾ (Marriage Acts), Special Marriage Act(1955), Hindu Marriage Act (1955) Adoption and Maintenance Acts(1956) എന്നിവ പരിശോധിച്ചാൽ ഇവ മനസിലാകും. വ്യത്യസ്തതകൾ നിറഞ്ഞ ഒരു സമൂഹത്തിൽ ഈ വ്യത്യാസങ്ങൾ ( ലിംഗ വ്യത്യാസങ്ങൾ eg- ആൺ/ പെൺ, സ്വവർഗ) അധികാര പ്രയോഗങ്ങൾക്കും അധികാരകോയ്മകൾക്കും കാരണമാകുന്നു. ഈ വ്യവസ്ഥകളെ ഭേദിക്കാനുള്ള ശ്രമങ്ങൾ പുതിയ കാലഘട്ടത്തിൽ രൂപപ്പെട്ടു വരുന്നു എന്നുള്ളതാണ് ഈ കാലത്തിന്റെ പ്രത്യേകത. ഒപ്പം തന്നെ പാട്രിയാർക്കൽ വ്യവസ്ഥകളെ ശക്തിപ്പെടുത്താനും കഠിനപ്പെടുത്താനുമുള്ള ശ്രമങ്ങൾ മറുപക്ഷത്തും തുടരുന്നു. അതിന് ശക്തമായ മത, വിദ്യാഭ്യാസ, കോടതി, പോലീസ് മുതലായ സാമൂഹ്യ സ്ഥാപനങ്ങളുടെ പിൻബലം ലഭിക്കുന്നു എന്നുള്ളത് തള്ളിക്കളയാൻ ആകില്ല. 

അടിസ്ഥാനപരമായി ഒരു സ്ത്രീയെ സ്ത്രീയായി പരുവപ്പെടുത്തി എടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് കുടുംബമാണ്. ഇന്നും ഭൂരിപക്ഷം വരുന്ന മധ്യവർഗ്ഗ കുടുംബങ്ങളിൽ ജനിക്കുന്ന ഒരു പെൺകുട്ടിയുടെ ഇടങ്ങൾ എവിടെ ആണ് എന്നൊരന്വേഷണത്തിൽ നിന്നും നമുക്ക് തുടങ്ങാം. എന്ത് തരത്തിലുള്ള വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, കളിയിടങ്ങൾ, കളികൾ, വിനോദങ്ങൾ,വിദ്യാഭ്യാസം, ഉപദേശം, അനുസരണ, ഭക്ഷണം, വീടിന്റെ അകത്തും പുറത്തും സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇടങ്ങൾ, ആഭരണങ്ങൾ, ചിട്ടകൾ,ശീലങ്ങൾ ഇതൊക്കെ അടിച്ചേല്പിക്കപ്പെടുന്നു എന്ന് ശ്രദ്ധിച്ചാൽ മതിയാകും. തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം പോലും പലപ്പോഴും നിഷേധിക്കപ്പെടാറാണ് പതിവ്. ഓരോ പെൺകുഞ്ഞും ചെറുപ്പത്തിൽ തന്നെ ഭാവിയിലെ ഒരു കുടുംബിനിയായ സ്ത്രീ ആകുവാൻ വേണ്ടി മെരുക്കപ്പെടുന്നുണ്ട്. പെൺകുഞ്ഞിന് വേണ്ടിയുള്ള കിച്ചൻ സെറ്റ് കളിപ്പാട്ടം ഇതിന്റെ നേർ തെളിവാണ്. ആൺ കുട്ടികൾക്ക് വണ്ടിയും,തോക്കും, കമ്പ്യൂട്ടർ ഗെയിം, ക്രിക്കറ്റ് ബോൾ, ബാറ്റ് എന്നിവ കളിപ്പാട്ടങ്ങൾ ആകുമ്പോൾ ഡോൾ, ക്ലേ  സെറ്റ്, കളർ പെൻസിൽ,കുക്കിംഗ് സെറ്റ് എന്നിവ നമ്മൾ പെൺ കുഞ്ഞുങ്ങൾക്കുവേണ്ടി വാങ്ങുന്നു. അങ്ങിനെ അറിഞ്ഞോ അറിയാതെയോ നമ്മളും ലിംഗനിർമ്മിതിയുടെ രാഷ്ട്രീയത്തിൽ പങ്കാളികൾ ആകുന്നു. കുടുംബം എന്ന വ്യവസ്ഥയുടെ പൊളിച്ചെഴുത്ത് ലിംഗനിർമ്മിതിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയം ഇല്ല. 
ലിംഗ നിർമ്മിതിയുടെ രാഷ്ട്രീയ ഇടപെടലുകളിൽ കുടുംബം പുലർത്തുന്ന അടിസ്ഥാന ശ്രമങ്ങൾക്ക് കഴിഞ്ഞ അറുപത് വർഷങ്ങൾക്കുള്ളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് തന്നെ വേണം കണക്കാക്കാൻ. പക്ഷെ അതിനെ ചില പൊതു മാനദണ്ഡങ്ങൾ ഉപയോഗിച്ച് അളക്കുക എന്നുള്ളത് ശ്രമകരമായ ദൗത്യമാണ്. പെൺ മക്കളെ കേന്ദ്രീകരിച്ചുള്ള കുടുംബത്തിന്റെ ചിന്താഗതികളിൽ കുറെയേറെ മാറ്റം വന്നിട്ടുണ്ട്. സ്വതന്ത്ര വസ്ത്രധാരണത്തിനും, പൊതു ഇടങ്ങൾക്ക് വേണ്ടിയും, തൊഴിൽ വിഭജനങ്ങൾക്കെതിരെയും, വ്യക്തി സ്വാതന്ത്രത്തിന് വേണ്ടിയും ഉള്ള മുറവിളികൾ കൂടി വരുന്നത് ശ്രദ്ധിക്കാതെ പോകരുത്‌. പൊതു ഇടങ്ങൾ തങ്ങളുടേത് കൂടി ആണ് എന്ന് ബോധ്യമുള്ള ഒരു പുതിയ തലമുറ ഇവിടെ വളർന്നു വരാൻ തുടങ്ങിയിരിക്കുന്നു. ചിന്തകളിലും കഴിവിലും  വ്യത്യസ്തതകളെ അംഗീകരിക്കാൻ അവർക്ക് എളുപ്പത്തിൽ കഴിയുന്നുണ്ട് എന്നാണ് എന്റെ മനസിലാക്കൽ. 

വർദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങളെ കാണാതിരിക്കാനും നമുക്കാവില്ല. ഈ അതിക്രമങ്ങളുടെ പിന്നാമ്പുറം ശ്രദ്ധിച്ചാൽ  സ്ത്രീ ശരീരം കേന്ദ്രീകരിച്ചുണ്ടാകുന്ന കാമാസക്തികൾ ഇതിന് പിന്നിൽ ഉണ്ട് എന്ന് മനസിലാകും. മാസങ്ങൾ മാത്രം പ്രായം ഉള്ള കുഞ്ഞു മുതൽ തൊണ്ണൂറു വയസ്സുള്ള വൃദ്ധകൾ വരെ ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടു എന്നത് സ്ത്രീയെ വെറും ഒരു ശരീരം മാത്രമായി കണക്കാക്കപ്പെടുന്ന ഒരു ആൺ ബോധ്യം ഇവിടെ ശക്തമായി നിലനിൽക്കുന്നുണ്ട് എന്ന ചിന്തകളെ ബലപ്പെടുത്തുന്നു.  ഈ പശ്ചാത്തലത്തിൽ എടുത്തു പറയേണ്ട മറ്റൊരു വസ്തുത വളരെ ന്യൂനപക്ഷം ആയ  ഒരു സമൂഹത്തിന്റെ മാനസിക/ ശാരീരിക വൈകൃതങ്ങളിൽ നിന്നുണ്ടാകുന്ന ഈ അതിക്രമങ്ങളെ അടിസ്ഥാനപ്പെടുത്തി പൊതു പുരുഷ സമൂഹം സ്ത്രീ പീഡകരാണ് എന്ന തെറ്റായ ഒരു പൊതുധാരണ ഉണ്ടാക്കുന്നതിൽ വലിയ  അപകടങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്. 

Queer സ്വത്വവാദങ്ങളെയും അംഗീകരിക്കേണ്ടതാണ്. LGBTI എന്ന  പ്രയോഗത്തേക്കാൾ കുറച്ചുകൂടി നാനാവിഭാഗങ്ങളെ ഉൾകൊള്ളാൻ കഴിയുന്നതുകൊണ്ടു  ‘ക്വീർ’ പ്രയോഗികതലത്തിൽ കുറച്ചുകൂടി സ്വീകാര്യത നേടുന്നു. വ്യത്യസ്തരായ ലിംഗ സ്വഭാവത്തിലുള്ള ഒരുപാടുപേർ നിലനിൽക്കുന്ന ഈ സമൂഹത്തിൽ സ്വന്തം സ്വത്വത്തെ തിരിച്ചറിയാനും അത് സമൂഹത്തോട് വിളിച്ചു പറയാനും ഉള്ള അവകാശം എല്ലാവർക്കുമുണ്ട്. അത് അംഗീകരിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും ഉണ്ട്.  

വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുലർത്തുന്ന ലൈംഗീക അടിച്ചമർത്തലുകളും, മാനസിക പീഡനങ്ങളും ഇപ്പോഴും തുടരുന്നുണ്ടെങ്കിലും അത് പൊതുവേദികളിൽ  ചർച്ചചെയ്യപ്പെടുന്നു എന്നുള്ളത് പ്രതീക്ഷകൾക്ക് വക നൽകുന്നു. ബദൽ ജീവിത മാർഗങ്ങളെക്കുറിച്ചുള്ള അറിവുകളും പഠനങ്ങളും വർദ്ധിച്ചു വരുന്നതിന്റെ സത്ത സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പ്രതിനിധീകരിക്കുന്നു. 
സാമൂഹ്യ ബോധവൽക്കരണത്തിലൂടെയും കുടുംബ പശ്ചാത്തലങ്ങളിലെ ഇടപെടലുകളിലൂടെയും, വിദ്യാഭ്യാസ സ്ഥാപങ്ങളിലൂടെ നടത്തുന്ന ലൈംഗിക വേർതിരുവുകളെ ഇല്ലാതാക്കിക്കൊണ്ടും ഒരു പരിധിവരെ നമുക്ക് ലൈംഗിക അസമത്വങ്ങളോട് പോരാടാൻ കഴിയും. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും