സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

എംഗൽസിൽ നിന്ന് ഇന്നിന്റെ ഒഴിവിടങ്ങളിലേക്ക്

ശ്രീചിത്രൻ എം ജെ



ഇടതുപക്ഷമെന്നാൽ ‘ഔദ്യോഗിക ഇടതുപക്ഷ’മെന്നും ഫെമിനിസം എന്നാൽ ‘കേവലസ്ത്രീവാദം’ എന്നും ചുരുക്കിവായിക്കുന്ന കാലികകേരളാന്തരീക്ഷത്തിൽ, ഇവ രണ്ടിനേയും ചേർത്തുവെച്ചുള്ള ഏതു പരിശോധനയും അത്യന്തം പ്രശ്നഭരിതമാണ്.നവോദ്ഥാനഘട്ടം മുതൽ സാമുദായികപ്രസ്ഥാനങ്ങളിലൂടെയും പുരോഗമനപ്രസ്ഥാനങ്ങളിലൂടെയും കടന്നുപോന്ന ആധുനികകേരളത്തിന്റെ നൈതികവിക്ഷോഭങ്ങളുടെ വിശാലഭൂമിയിൽ നിന്ന് ഇടതുപക്ഷത്തെയും, ആധികാരികമായ ഏതുതരം വ്യവഹാരത്തിൽ നിന്നും സ്ത്രീകൾ ഒഴിവാക്കപ്പെടുന്നതിന്റെ നിഷേധവും പ്രതിഷേധവുമായി ഫെമിനിസത്തെയും വായിച്ചെടുക്കാൻ ഇന്നു പ്രയാസമായിട്ടുണ്ട്. അത്തരം പ്രയാസങ്ങളെ ശക്തിപ്പെടുത്തുന്ന വർഗീയതയുടേയും വലതുചിന്തയുടേയും പ്രസരണശേഷി മുൻപെന്നത്തേതിലുമധികം പ്രബലമായിത്തീർന്നിട്ടുമുണ്ട്. ഏതു മൗലികചിന്താപദ്ധതിയേയും കേവലവൽക്കരിക്കുന്ന അധികാരയുക്തിക്ക് അതിവേഗം കീഴടങ്ങുന്ന രാഷ്ടീയപശ്ചാത്തലമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തെയും ഫെമിനിസത്തെയും കുറിച്ചുള്ള സംവാദങ്ങൾക്ക് സാദ്ധ്യത തുറക്കുകയും ചെയ്യുന്നു എന്ന തിരിച്ചറിവാണ് ഈ ആലോചനകൾക്ക് ആധാരം.

ഇടതുവലതുഭേദമില്ലാതെ വലതുവൽക്കരിക്കപ്പെട്ട കുടുംബസ്ഥാപനവും ജീവിതത്തിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട ആൺകോയ്മാബോദ്ധ്യവും എന്ന നില, പ്രബുദ്ധകേരളം ഏറെവർഷം കൊണ്ട് വളർത്തിയെടുത്ത ജീവിതശൈലിയാണ്. ആൺകോയ്മ എന്നാൽ അടിസ്ഥാനപരമായി വ്യവസ്ഥയുടെ കോയ്മ തന്നെയാണെന്ന് തിരിച്ചറിയാതെ പോയ ഇടതുഭാവുകത്വത്തിന്റെ പ്രശ്നപരിസരത്തെ സത്യസന്ധമായി അഭിമുഖീകരിക്കാതെ ഇനി ഔദ്യോഗിക ഇടതുപക്ഷത്തിനു തന്നെയും മുന്നോട്ടുപോവാനാവില്ല. ഈ അന്തരീക്ഷത്തിൽ സ്ത്രീവാദത്തിന്റെ ബഹുസ്വരതയെ തിരിച്ചറിഞ്ഞു വികസിപ്പിക്കേണ്ട ഇടതുചിന്തയെക്കുറിച്ച് അനേകം ചർച്ചകൾ പലയിടത്തുനിന്നായി വികസിക്കുന്നുണ്ട്. കേവലവാദമുക്തവുംരാഷ്ടീയപ്രയോഗമെന്ന നിലയിൽ വികസിപ്പിക്കപ്പെടാവുന്നതുമായ അത്തരം സംവാദങ്ങളിൽ നിന്ന് പൊതുവേ മലയാളി മുഖം തിരിക്കുകയാണ് പതിവ്. മേൽപ്പറഞ്ഞ ഹിപ്പോക്രാറ്റിക്ക് മനോനില അത്തരം വിമുഖതകൾക്കു കൂടി സാധൂകരണം നൽകുമെന്ന് പ്രബുദ്ധമലയാളി ആശ്വസിക്കുകയും ചെയ്യുന്നു. ഇത്തരം ഒളിച്ചിരിക്കലുകളിലും ഒളിച്ചോടലുകളിലും നിന്ന്, ഇടതുപക്ഷം നേരിടാതെ പോയ ‘ഒഴിവിട’ങ്ങളെ ആർജ്ജവത്തോടെ അഭിമുഖീകരിക്കാനും പിൻതിരിഞ്ഞുപോന്ന ഒഴിവിടങ്ങളെ സർഗാത്മകമായി തിരിച്ചുപിടിക്കാനുമുള്ള ശ്രമങ്ങൾ നിർവ്വഹിക്കപ്പെടുക എന്നത് ചരിത്രപരമായ ആവശ്യമായിത്തീർന്നിരിക്കുന്നു.

മാർക്സിസവും സ്ത്രീവാദവും തമ്മിലുള്ള ആദാനപ്രദാനങ്ങൾക്കും സംവാദങ്ങൾക്കും ദീർഘകാലത്തെ ചരിത്രമുണ്ട്. മാർക്സ്, എംഗൽസ്, ലെനിൻ, ട്രോട്സ്കി, ബെബെൽ എന്നിങ്ങനെ ഉന്നതരായ ഇടതു ചിന്തകർ അതാതു ചരിത്രഘട്ടത്തെ മുൻ നിർത്തി സ്ത്രീവിമോചനത്തെയും തുല്യനീതിയേയും കുറിച്ചുള്ള സംവാദങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മിഷേൽ ബാരറ്റ് പറയുന്നതുപോലെ, “സ്ത്രീവാദത്തിനു പുറത്ത് സ്ത്രീയുടെ തുല്യാവകാശത്തെക്കുറിച്ചും വിമോചനത്തേക്കുറിച്ചും ഇത്രയേറെ ചിന്തിച്ച മറ്റൊരു ചിന്താപാരമ്പര്യത്തെയും കാണാനാവില്ല”. – സ്ത്രീവാദത്തിനു പുറത്ത് എന്ന പരാമർശം ശ്രദ്ധിക്കുക – എത്രമേൽ വിമർശനാത്മകമായ ചിന്താപദ്ധതിയുംരാഷ്ടീയപ്രയോഗവുമാണ് മാർക്സിസമെങ്കിലും സ്ത്രീവാദം അതിനു പുറത്താണ് എന്ന ബോദ്ധ്യം ഫെമിനിസ്റ്റുകളിലെ ഭൂരിഭാഗവും പങ്കുവെക്കുന്ന നിലപാടാണ്. മാർക്സിസത്തിൽ നിന്ന് സ്ത്രീപക്ഷചിന്തക്ക് ഉപയുക്തമായ കരുക്കൾ തിരഞ്ഞുപോവുകയല്ല, സ്വകീയമായ പരികൽപ്പനകളെയുംആശയപ്രരൂപങ്ങളേയും വികസിപ്പിച്ചെടുക്കാനാണ് സ്ത്രീവാദം ശ്രദ്ധിക്കേണ്ടത് എന്ന് അവർ വാദിക്കുന്നു. സോഷ്യലിസ്റ്റ് ഫെമിനിസ്റ്റുകളുടെ വലിയ നിര രംഗത്തുവരികയും മാർക്സിസ്റ്റ് പരികൽപ്പനകൾ മുതൽ സംഘടനാരീതികൾ വരെ ഫെമിനിസ്റ്റ് ആശയാവലികളും പ്രയോഗവുമായി കൂട്ടിയിണക്കുവാൻ ശ്രമിക്കുകയും ചെയ്തു കഴിഞ്ഞിട്ടും മാർക്സിസവും ഫെമിനിസവും തമ്മിലുള്ള ബന്ധം സന്ദിഗ്ധമായും സംവാദം അനന്തമായും തുടരുകയാണ്.

ഫെമിനിസം – രാഷ്ടീയവും ബഹുസ്വരതയും
വ്യവച്ഛേദിതപഠനത്തിനായി ഒന്നാം തരംഗം, രണ്ടാം തരംഗം, മൂന്നാം തരംഗം എന്നിങ്ങനെ ഘട്ടവിഭജനത്തോടെ പലരാലും പരാമർശിക്കപ്പെടുന്ന ദശാഭേദങ്ങളോരോന്നിലും ബഹുസ്വരതയാർന്ന ആശയാവലികളിലൂടെയും പ്രയോഗധാരണകളിലൂടെയും സ്ത്രീവാദം കടന്നുപോന്നിട്ടുണ്ട്. സാമൂഹികാന്തരീക്ഷം പുരുഷനെ കേന്ദ്രീകരിച്ചു നിൽക്കുന്നുവെന്നും സ്ത്രീപുരുഷബന്ധം തന്നെ അധികാര – പ്രതിരോധ സ്വഭാവമുള്ളതാണെന്നും ആദ്യഘട്ടത്തിൽ തന്നെ ഫെമിനിസം നിരീക്ഷിച്ചു. സ്ത്രീകൾ മർദ്ദിതവിഭാഗമെന്ന നിലയിൽ സംഘം ചേരണമെന്നും രാഷ്ടീയബൗദ്ധികപ്രവർത്തനങ്ങൾ നടത്തണമെന്നും സമരങ്ങളിലൂടെ ലിംഗബന്ധങ്ങളിൽ പരിവർത്തനം കൊണ്ടുവരണമെന്നും നിർദ്ദേശിക്കപ്പെട്ടു. ലിംഗഭേദം നിർണായകമായി കാണുന്ന ദർശനത്തിലൂടെ, മനുഷ്യനിർമ്മിതമായ സകലതിനേയും പുനർവിചിന്തനത്തിനു വിധേയമാക്കുന്ന ചിന്താരീതിയുടെ സൃഷ്ടി ഈ ഉദ്യമത്തിൽ അനിവാര്യം തന്നെയാവുന്നു. ചിന്തയും രാഷ്ടീയവും തമ്മിൽ അഭേദ്യബന്ധം കൽപ്പിക്കപ്പെട്ട , തികഞ്ഞ രാഷ്ടീയചിന്താസരണിയാണ് ഫെമിനിസം. അതിനാൽത്തന്നെ അതിരുകളിലേക്ക് ഒതുക്കപ്പെട്ടിരുന്ന സ്ത്രീവർഗ്ഗം രാഷ്ടീയമുഖ്യധാരയിലേക്ക് പ്രവേശിക്കുന്നതോടെ അവഗണിക്കപ്പെട്ടിരുന്ന സ്ത്രീപക്ഷനിരീക്ഷണങ്ങൾ സ്ഥാപിതവിജ്ഞാനത്തിന് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു.
സ്ത്രീപക്ഷരാഷ്ടീയപ്രവർത്തനം ജീവകാരുണ്യപ്രവർത്തനങ്ങളിൽ നിന്നും സാമൂഹ്യപരിഷ്കരണത്തിന്റെ വാർപ്പുമാതൃകകളിൽ നിന്നും അടിപടലേ വ്യത്യസ്തമാകുന്നത് ഈ പ്രാരംഭനിരീക്ഷണത്തിൽ നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്. സമൂഹത്തിന്റെ കീഴ്ത്തട്ടുകളിലുള്ളവരെ ബോധവൽക്കരണം പോലുള്ള പ്രവർത്തനങ്ങളിലൂടെ മേൽത്തട്ടുകാർക്കൊപ്പമെത്തിക്കുക, മേലേക്കിടയിലുള്ളവർ നടത്തുന്ന ദാനധർമ്മാദികളിലൂടെ കീഴേത്തട്ടിലുള്ളവരെ സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായുംഉയർത്തുക എന്നിങ്ങനെയുള്ളജീവകാരുണ്യപ്രവർത്തകരുടെ വിശ്വാസങ്ങളോടും പ്രവർത്തനങ്ങളോടും ഫെമിനിസം കൂട്ടുചേരുന്നില്ല. അതുപോലെ വിദ്യാഭ്യാസം,സ്വതന്ത്രജീവിതമാർഗം, നിയമാവകാശങ്ങൾ എന്നിവ നൽകുന്നതോടെയും സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആക്രമിക്കപ്പെടുന്നതിലൂടെയും സ്ത്രീകളെ പൂർണപൗരത്വത്തിലെത്തുക എന്ന സാമൂഹ്യപരിഷ്കർത്താക്കളുടെ മാർഗത്തിലും ഫെമിനിസം അണിചേരുന്നില്ല. ജീവകാരുണ്യപ്രവർത്തനത്തിലുള്ള ‘നൽകുന്നവരും നൽകപ്പെടുന്നവരും’ തമ്മിലുള്ള അകലം ആ അളവിൽ സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളിലുണ്ടായേക്കില്ല. എന്നാൽ ‘പരിഷ്കരണവിധേയരാകുന്നവരും പരിഷ്കർത്താക്കളും’ തമ്മിൽ ഒഴിവാക്കാനാവാത്ത അധികാരവ്യത്യാസംനിലവിലുണ്ടാകുമെന്ന് ചരിത്രം തെളിയിക്കുന്നു. വിമോചനത്തിൽ ഇടനിലക്കാർക്ക് സ്ഥാനമില്ല എന്ന പ്രഖ്യാപനത്തോടെ ഫെമിനിസം ഈ പ്രവർത്തനങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നു. ദാതാവും ദാനാർത്ഥിയും തമ്മിലുള്ള ദൂരം, ദാനാർത്ഥിയുടെ കർതൃത്വനിരാസം എന്നിങ്ങനെ അധികാരദൂരത്തിൽ കണ്ണടയ്ക്കപ്പെടുന്ന വസ്തുതകളെ ഫെമിനിസം തിരിച്ചറിയുകയുംതിരസ്കരിക്കുകയും ചെയ്യുന്നു. 
പുരുഷാധികാരത്തെ കേവലം സാമൂഹ്യപ്രതിഭാസമായി ദർശിക്കുക മാത്രമല്ല, അതിനെ പേരിട്ടുവിളിക്കുന്നതിലൂടെ ദൃഷ്ടിഗോചരമാക്കാനും ഫെമിനിസത്തിനു കഴിഞ്ഞു. ‘പിതൃമേധാവിത്വ’മെന്ന കേവലവാച്യാർത്ഥത്തിൽ നിന്ന് ‘പാട്രിയാർക്കി’ എന്ന വാക്ക് സ്ത്രീകൾക്കു മേൽ പുരുഷന്മാർ ചെലുത്തുന്ന എല്ലാവിധ അധികാരരൂപഭേദങ്ങളേയും സൂചിപ്പിക്കുന്നപദമായി പരിണമിക്കപ്പെട്ടത് നോക്കുക. സംസ്കാരത്തിന്റെ അതിർവരമ്പുകൾക്ക് അപ്പുറത്ത് കാലാതിതവും ദേശാതീതവുമായി നിലനിൽക്കന്ന പുരുഷാധികാരം വെളിപ്പെടുന്നത്സ്ത്രീവാദത്തിന്റെ ഈ പരിണാമത്തിലാണ്.പാശ്ചാത്യസംസ്കാരത്തിന്റെ ഹൃദയമായി സങ്കൽപ്പിക്കപ്പെടുകയും പൗരസ്ത്യദർശനങ്ങളിൽ പലപാടുപയോഗിക്കപ്പെട്ടു ക്ലീഷേയാവുകയും ചെയ്ത ‘വിശ്വമാനവദർശന’ത്തിന്റെ സാർവ്വജനീനത കപടമാണ് തെളിയിക്കപ്പെട്ടു. “പർദ്ദക്കുള്ളിൽ ഒതുങ്ങിയ സ്ത്രീയാണെങ്കിലും ട്രക്ക് ഓടിക്കുന്നവളാണെങ്കിലും വരേണ്യഅക്കാദമിക്ക് ബുദ്ധിജീവികൾക്കിടക്ക് പ്രതിഷേധപ്രകടനത്തിൽ പങ്കെടുക്കുന്നവളാണെങ്കിലും ഭർത്താവിന് കാപ്പി തയ്യാറാക്കുന്നവളാണെങ്കിലും – ഇങ്ങനെ ഏതു സാമൂഹികനിലയിലുംലൈംഗികാഭിരുചിയിലും സാമ്പത്തികവർഗ്ഗത്തിലും ഉൾപ്പെട്ടാലും ഞാൻ പുരുഷാധികാരത്തിനു കീഴിലാണ് ജീവിക്കുന്നത്” എന്ന ആൻഡ്രിയൻ റീച്ചിന്റെ നിരീക്ഷണം രാഷ്ടീയകർതൃത്വത്തിന്റെ അന്വേഷണങ്ങളിലേക്ക് സ്ത്രീകളെ തുറന്നുവിടുന്നതായിരുന്നു. ശാസ്ത്രം മുതൽ കല വരെ, ചരിത്രം മുതൽ വിദ്യാഭ്യാസം വരെ – സകലവൈജ്ഞാനികസ്ഥലികളിലും ഈ കർതൃത്വാന്വേഷണം ശക്തമായതാണ് ചരിത്രപരമായി ഫെമിനിസം നടത്തിയ ഏറ്റവും നിശിതവും ശക്തവുമായ കാൽവെയ്പ്പ്. Andro-centric (ആൺകേന്ദ്രിതം) എന്ന സംജ്ഞയുടെ രാഷ്ടീയവിശദീകരണത്തിൽ ഒരേ സമയം പുരുഷന്റെയും സ്ത്രീയുടേയും രാഷ്ടീയനവീകരണം പ്രതിപാദിക്കപ്പെടുന്നുണ്ട് :

“ ഫെമിനിസം നേരിടുന്ന പ്രധാനവെല്ലുവിളി പുരുഷന്മാരായി സ്വയം തിരിച്ചറിയാൻ പുരുഷന്മാരെ നിർബന്ധിക്കുക എന്നതാണ്. പുരുഷന്മാർ ‘പൊതുജന’മാക്കപ്പെടുന്ന നിലവിലുള്ള വ്യവഹാരം അവർക്കു ലഭിക്കുന്നു. ഭരിക്കപ്പെടുന്നവരെന്ന നിലയിൽ സ്ത്രീകൾ ഈ പൊതുജനത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. തീർച്ചയായും സ്ത്രീകളുൾപ്പെടാത്ത പൊതുജനം പൊതുജനമല്ല. എന്നാൽ സ്ത്രീകളെപ്പറ്റിയുള്ള പുതിയ അർത്ഥങ്ങളെ സാധൂകരിക്കുക മാത്രമല്ല നമ്മുടെ ലക്ഷ്യം, പുരുഷന്മാരെ അവരുടെ പൗരുഷത്തിനു നേർക്കുനേർ നിർത്തുക കൂടിയാണ്. അതായത്, പുരുഷന്മാരെ അവരുടെ യഥാർത്ഥപൗരുഷത്തിന്റെു ഉത്തരവാദിത്വം ഏറ്റെടുപ്പിക്കുക കൂടി നമ്മുടെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നു.”
ഈ അടിസ്ഥാനത്തിൽ നിന്നാണ് മാർക്സിസവും ഫെമിനിസവും തമ്മിലുള്ള സംവാദങ്ങളുടേയും സംഘർഷങ്ങളുടേയുംജ്ഞാനപരിസരം വ്യക്തമാക്കപ്പെടേണ്ടത്. ആൺകോയ്മയെ കേവലമായ ആൺപ്രശ്നമായോ, സ്ത്രീവിമോചനത്തെ സ്ത്രീകളുടെ കേവലമായ ‘കുതറലു’കളായോ കാണാതെ, സമഗ്രസാമൂഹികനിലയേയും രാഷ്ടീയത്തെയും സംബന്ധിച്ചുള്ള നിലപാടിൽ നിന്ന് പ്രശ്നത്തെ നോക്കിക്കണേണ്ട ആവശ്യത്തെ തിരിച്ചറിഞ്ഞതും പ്രസ്തുതാശയത്തെവികസിപ്പിച്ചതും മാർക്സിസ്റ്റ് ചിന്താസരണിയാണ്. 
കാൾ മാർക്സ് – ഫെമിനിസത്തിന്റെരാഗദ്വേഷം
മാർക്സ് എന്ന വ്യക്തിയേയും മാർക്സ് എന്ന സൈദ്ധാന്തികന്റെആശയപ്രപഞ്ചത്തേയും ഇഴചേർത്തും ഇഴപേർത്തും നിരവധി പരിശോധനകളും വിശകലനങ്ങളുമുണ്ടായിട്ടുണ്ട്. വ്യക്തിയും ആശയലോകവും വേർതിരിച്ചുകാണുന്നത് ചരിത്രപരമായ അബദ്ധവും അശ്ലീലവുമാണ്. മാർക്സിൽ സമഗ്രമായി വർത്തിച്ച ആൺകോയ്മയെ ബൗദ്ധികസത്യസന്ധതയോടെ നേരിട്ടേ പറ്റൂ. ഫെമിനിസം എന്നാൽ എല്ലായ്പ്പോഴും മാർസിസ്റ്റ് സമീപനത്തെ ആശ്രയിച്ചിട്ടില്ല. ഒരേസമയം രാഗവും ദ്വേഷവും കലർന്നൊരു ബന്ധമാണ് ഫെമിനിസം ഇക്കാര്യത്തിൽ വികസിപ്പിച്ചെടുത്തത്. അതുകൊണ്ടുതന്നെ മാർക്സിനെ സ്ത്രീവാദികൾ സംശയദൃഷ്ടിയോടെയും പുറത്തുനിർത്തേണ്ടവനെന്ന മുൻവിധിയോടെയും കാണുക സ്ത്രീചിന്തകളിൽ മിക്കതിന്റെയും സ്വഭാവമായിത്തീർന്നു.

പുരുഷാധിപത്യം അതിശക്തമായി നിലനിന്ന ജൂതകുടുംബത്തിൽ ജനിച്ചു വളർന്ന മാർക്സിനെ പാരമ്പര്യം മനസ്സിൽ വെച്ചുകൊണ്ട് ഭാര്യ കളിയാക്കി വിളിച്ചിരുന്നു, “തൊഴിലാളികളുടെ റബ്ബി” എന്ന്. ഇംഗ്ലണ്ടിലെ തൊഴിലാളികൾ പ്രായഭേദമെന്യേ യുവാവായ മാർക്സിനെ ‘ഫാദർ മാർക്സ്’ എന്നു അഭിസംബോധന ചെയ്തിരുന്നു. മാർക്സിനെ സദാ നിരീക്ഷിച്ചിരുന്ന ഒരു വ്യക്തി മാർക്സിന്റെ പിതാവായിരുന്നു. വ്യക്തിത്വവികസനത്തിൽ പ്രധാനപങ്ക് വഹിച്ചത് പിതാവാണെന്ന തികഞ്ഞ ബോധം മാർക്സിനും ഉണ്ടായിരുന്നു. അച്ഛന്റെ ഒരു ഫോട്ടോഗ്രാഫ് അദ്ദേഹം എന്നും കുപ്പായക്കീശയിൽസൂക്ഷിച്ചു, മാർക്സിനെ സംസ്കരിച്ചപ്പോൾഎംഗൽസ് ആ ഫോട്ടോഗ്രാഫ് ശവപ്പെട്ടിയിലിട്ടു. ഈ വ്യക്തിവിശേഷത്തെ മുൻനിർത്തിവേണം മാർക്സിന്റെ സ്ത്രീവീക്ഷണത്തെ കാണാൻ. അച്ഛന് കത്തെഴുതിയിരുന്ന മാർക്സ് അച്ഛൻ തന്നെ നിർബന്ധിച്ചിട്ടും അമ്മയ്ക്കോ സഹോദരിയ്ക്കോ കത്തുകളെഴുതിയിരുന്നില്ല. ഇങ്ങനെ ഒറ്റയടിക്ക് മാർക്സിനെ പുരുഷാധിപത്യവാദിയെന്നു സ്റ്റാമ്പ് ചെയ്തു മാറ്റിവെക്കണമെങ്കിൽ കാരണങ്ങൾ കണ്ടെത്താം, നിരവധിയുണ്ട്. മുതലാളിത്തത്തിന്റെ ഉൽപ്പാദനോപകരണങ്ങളുടെ പ്രവർത്തനങ്ങളേയും വികാസപരിണാമങ്ങളെയും സൂക്ഷ്മവും നിശിതവുമായി അപഗ്രഥിച്ച മാർക്സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിൽ സ്ത്രീയുടെ കർതൃത്വത്തെയും തൊഴിലാളിവർഗ്ഗചരിത്രത്തിലെ അവ;ളുടെ പങ്കിനേയും ഒഴിവാക്കിക്കളഞ്ഞു എന്ന കടുത്തവിമർശനം മാർക്സിനു നേരെ എന്നുമുണ്ട് താനും. എന്നാൽ ചിന്തിക്കേണ്ട മറ്റുചിലതുണ്ട്.
മാർക്സ് പിതൃദായക്രമത്തിലധിഷ്ഠിതമായ സ്വകാര്യസ്വത്തുടമവ്യവസ്ഥയെപ്പറ്റിയും അതിന്റെ ചരിത്രത്തെയും സ്വഭാവത്തെയും കുറിച്ചുമാണ് മാനിഫെസ്റ്റോയിൽപ്രതിപാദിക്കുന്നത്. മുതലാളിത്തം കുടുംബവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ് എന്നു മാനിഫെസ്റ്റോയിൽ വ്യക്തമാക്കുന്നു. “ ആധുനികവ്യവസായത്തിന്റെ പ്രവർത്തനം മൂലം തൊഴിലാളികൾക്കിടയിലുള്ള എല്ലാ കുടുംബബന്ധങ്ങളും പിച്ചിച്ചീന്തപ്പെടുന്നതും അവരുടെ മക്കൾ വെറും വ്യാപാരസാമഗ്രികളും അദ്ധ്വാനോപകരണങ്ങളുമായി മാറ്റപ്പെടുന്നതും എത്രമേൽ അധികരിക്കുന്നുവോ, അത്രമേൽ കുടുംബത്തേയും വിദ്യാഭ്യാസത്തേയും മാതാപിതാക്കളും മക്കളും തമ്മിലുള്ള പാവനബന്ധത്തേയും കുറിച്ചുള്ള ബൂർഷ്വാ ഗീർവാണം മനം മടുപ്പിക്കുന്നതുമായിത്തീരുന്നു.” ( കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ) എന്ന 1848ലെ വരികൾ ഇന്ന് എഴുതിയതോ എന്ന അത്ഭുതത്തോടെയേ വായിക്കാനാവൂ. 
എന്നാൽ കാതലായ വിമർശനം ബാക്കിനിൽക്കുന്നു. ഉൽപ്പാദനസമ്പ്രദായം മാറുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന മാർക്സിന്റെ നിരീക്ഷണത്തെ ഫെമിനിസ്റ്റുകൾ നിരസിച്ചു. സ്ത്രീയുടെ ഇരട്ട അടിമത്തം മാർക്സ് കാണുന്നില്ല- സ്ത്രീ തൊഴിലാളിയെന്ന നിലയിൽ അദ്ധ്വാനം വിൽക്കേണ്ടിവരുന്നു, അതോടൊപ്പം സ്ത്രീയെന്ന ലിംഗഭേദത്താൽ പീഢനവും കർതൃത്വനിഷേധമാർന്ന ശരീരനിലയും അനുഭവിക്കേണ്ടിവരുന്നു. വീട്ടിൽ കൂലിയില്ലാത്ത വീട്ടുജോലിചെയ്യുക വഴി അവളൊരു വീട്ടുതൊഴിലാളിയാണ്. പുരുഷനാവട്ടെ ഗൃഹമുതലാളിയും. ഇങ്ങനെ വീടിനുള്ളിൽ ഒരു ലൈംഗികവർഗ്ഗം ( Sex class ) നിലനിൽക്കുന്നു. തൊഴിലിനേയും കൂലിവേലയേയും കുറിച്ച് ദീർഘവും സൂക്ഷ്മവുമായ അപഗ്രഥനം നടത്തിയ മാർക്സ് ഇക്കാര്യത്തിൽ മൗനമാണ്. ഇതാണ് കാതലായ വിമർശനം. 
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിൽ വ്യക്തമായി വിശദീകരിക്കാതെ വിട്ടുകളഞ്ഞിരിക്കുന്ന ഭാഗത്തിൽ അനുക്തസിദ്ധമായി ചില വസ്തുതതകളുണ്ട്. സ്വകാര്യസ്വത്ത്വിമോചിക്കപ്പെടുന്നതോടെ പുരുഷൻ സ്വകാര്യസ്വത്താക്കി വെച്ചിരിക്കുന്നസ്ത്രീയും വിമോചിക്കപ്പെടുന്നു എന്ന കാഴ്ച്ചപ്പാടാണ് മാർക്സിനുണ്ടായിരുന്നത്. എന്നാൽ സമൂഹത്തിലെ ഉൽപ്പന്നങ്ങളുടെസ്വകാര്യതെ പൂർണമായും കമ്യൂണിസം നിരാകരിക്കുന്നില്ല. സമൂഹത്തിൽ ഉൽപ്പന്നങ്ങളെ സ്വന്തമാക്കാനുള്ള അധികാരത്തെ കമ്യൂണിസം ആർക്കും നിഷേധിക്കുന്നില്ല. അത്തരം സ്വന്തമാക്കൽ കൊണ്ട് മറ്റുള്ളവരുടെ അദ്ധ്വാനത്തെ അടിമപ്പെടുത്താനുള്ള അധികാരമാണ് എടുത്തുകളയപ്പെടുന്നത്. സ്ത്രീ സമൂഹത്തിന്റെ ഉൽപ്പന്നമല്ലാത്തതിൽ തന്നെ അവൾ ആരുറ്റെയും സ്വകാര്യസ്വത്തുമാകുന്നില്ല. അവലുടെ അദ്ധ്വാനത്തെ അടിമപ്പെടുത്തുന്ന ആൺകോയ്മയും എടുത്തുകളയപ്പെടും. സ്ത്രീയുടെ മേലുള്ള പ്രത്യയശാസ്ത്രപരമായ അധിനിവേശങ്ങൾ ഭരണാധികാരവർഗ്ഗത്തിന്റെയാണ്. ഭരണാധികാരം പുരുഷമേധാവിത്വപൂർണമായതിനാൽ സ്വാഭാവികമായും പുരുഷന്റെ താല്പര്യങ്ങളും ആശയങ്ങളുമാണ് ആധിപത്യം കൈയ്യാളുന്നത്. “ഓരോ കാലഘട്ടത്തിനേയും ഭരിക്കുന്ന ആശയങ്ങൾ എല്ലായ്പ്പോഴും ഭരിക്കുന്നവരുടെ ആശയങ്ങളായിരുന്നു. പ്രസ്തുത ആശയങ്ങൾ ഇല്ലായ്മ ചെയ്യപ്പെടണമെങ്കിൽ പ്രസ്തുത വർഗ്ഗബന്ധങ്ങൾ തുടച്ചുനീക്കപ്പെടണം” (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ) എന്ന നിരീക്ഷണത്തിൽ ഇക്കാര്യം ഉള്ളടങ്ങുന്നു. കേവലമായ ആശയപ്രചരണം കൊണ്ട് പുരുഷാധിപത്യവ്യവസ്ഥയേയോ മൂലധനത്തെയോ ലിംഗാധിപത്യത്തിനേയോ തകർക്കാനാവില്ല. ആശയങ്ങൾ കൊഴിഞ്ഞുപോകണമെങ്കിൽ അതിനെ നിലനിർത്തുന്ന വർഗ്ഗങ്ങളും വർഗ്ഗാധിപത്യങ്ങ്അളും കൊഴിഞ്ഞുപോകണം. വർഗ്ഗാധിപത്യം കൊഴിഞ്ഞുപോകുന്ന ഘട്ടത്തിലെ കുടുംബക്രമം എന്തായിരിക്കണം?മാർക്സിന് അക്കാര്യത്തിൽ മൗനമാണ്. എന്നേക്കുമല്ല – 1880 വരെ.

ലൂയീസ് എച്ച് മോർഗന്റെ ‘പ്രാചീനസമുദായം’ എന്ന കൃതിയുടെ വായനക്കുശേഷമുള്ള മാർക്സിനെ സവിശേഷമായി കണക്കാക്കേണ്ടതാണ് എന്നു മാർക്സിനെ പഠിച്ച അനേകം ചിന്തകർ നിരീക്ഷിച്ചിട്ടുണ്ട്. മാർക്സിനും എംഗൽസിനും അന്നു കഴിയാതെ പോയ പ്രാക്ചരിത്രപഠനം അടുക്കും ചിട്ടയോടെയും നടത്തിയത് മോർഗനാണ്.(പിന്നീടവയെല്ലാം ചോദ്യം ചെയ്യപ്പെട്ടെങ്കിലും) ഗണവ്യവസ്ഥ-പ്രാക് ഉൽപ്പാദനവ്യവസ്ഥ-അടിമത്തം-ഫ്യൂഡലിസം-മുതലാളിത്തം-സോഷ്യലിസം-കമ്യൂണിസം എന്നിങ്ങനെ ചരിത്രഘട്ടങ്ങളിൽ താരതമ്യേന ആധുനികമായ ഘട്ടങ്ങളെപ്പറ്റിയുള്ള പഠനങ്ങളിൽ നിന്നു വിഭിന്നമായി ഗണവ്യവസ്ഥയെപ്പറ്റി മോർഗൻ പഠിച്ചു. പിതൃദായവ്യവസ്ഥ ആദിമമാണെന്ന ധാരണ തിരുത്താൻ മോർഗന്റെ മാതൃദായപഠനം സഹായിച്ചു. ഹെഗലിൽ നിന്ന് മാറ്റം കുറിച്ച മാർക്സ് പ്രാചീനസമൂദായത്തിന്റെ വായനയോടെ മറ്റൊരു മാറ്റത്തിനു വിധേയമാവുകയായിരുന്നു. 1865ൽ സ്ത്രിയുടെ സദ്ഗുണമായി ദുർബലതയെ കണക്കാക്കുന്ന മാർക്സ് അല്ല 1880ൽ മോർഗനെ വായിച്ചശേഷമുള്ള മാർക്സ്. ഉൽപ്പാദനമേഖലയിലും ചരിത്രത്തിലും സ്ത്രീക്കുള്ള പ്രാധാന്യം മാർക്സിന്റെയും എംഗൽസിന്റെയും 1880 വരെയുള്ള നിലപാടുകളിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തി. മോർഗന്റെ നിലപാടുകൾ പിന്നീട് ചോദ്യം ചെയ്യപ്പെടുകയും കയ്യൊഴിയപ്പെടുകയും ചെയ്തു, എന്നാൽ സവിശേഷചരിത്രഘട്ടത്തിന്റെ നിശിതവിമർശനത്തിന് അടിസ്ഥാനമായി പ്രസ്തുത കൃതി വർത്തിച്ചു. 
‘പ്രാചീനസമുദായ’ത്തെക്കുറിച്ച് എംഗൽസുമായി മാർക്സ് ചർച്ച നടത്തിയിരിക്കാമെങ്കിലും 1880 – 1881ൽ മാർക്സ് എഴുതിയ കുറിപ്പുകൾ എംഗൽസിന്റെ കയ്യിലെത്തുന്നത് മാർക്സിന്റെ മരണശേഷമാണ് – 1883ൽ. ചരിത്രത്തെക്കുറിച്ചുള്ള മാർക്സിന്റെയും തന്റെയും ഭൗതികവാദപരമായ ധാരണകളെ ശരിവെക്കുന്നതാണ് മോർഗന്റെ കൃതി എന്നു മനസ്സിലാക്കിയ എംഗൽസ് രചിക്കുന്ന കൃതിയാണ് മാർക്സിസിസ്റ്റ്സ്ത്രീപക്ഷചിന്തകളുടെ ആധാരശിലയെന്നു വിശേഷിപ്പിക്കാവുന്ന ‘കുടുംബം,സ്വകാര്യസ്വത്ത്,ഭരണകൂടത്തിന്റെ ഉൽഭവം’ എന്ന കൃതി. മാർക്സ് കൂടെയുണ്ടായിരുന്നെങ്കിൽ ആ കൃതിക്കുണ്ടാകുമായിരുന്ന കൂടുതൽ മേന്മയെക്കുറിച്ച് എംഗൽസ് എടുത്തു പറഞ്ഞിട്ടുണ്ട്. മാർക്സ് കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ ഫെമിനിസ്റ്റുകളുടെ മാർക്സിനോടുള്ള കാഴ്ച്ചപ്പാട് ഇപ്പൊഴുള്ളതാകുമെന്നു കരുതാൻ ന്യായമൊന്നുമില്ല.

നമുക്ക് ആദ്യത്തെ നിർവ്വചനത്തിലേക്കു മടങ്ങാം. പുരുഷന്മാരെ അവരുടെ യഥാർത്ഥപൗരുഷത്തിനു നേർക്കുനേർ നിർത്തുന്ന ചരിത്രസന്ദർഭങ്ങളിൽ സത്യസന്ധമായി പ്രതികരിക്കുന്നതിലാണ് നാം രാഷ്ടീയത്തെ ദർശിക്കേണ്ടത്. മാർക്സിനെയെന്നല്ല ആരെ വിലയിരുത്തുമ്പോഴും ഈ ചരിത്രബോധം അനിവാര്യമാണ്. നൂറ്റാണ്ടിനിപ്പുറം നിന്ന്, സവിശേഷചരിത്ര സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി പുരുഷാധിപത്യമൂല്യങ്ങൾ അളന്നുതൂക്കുകയല്ല വിമർശനാത്മകവും ശാസ്ത്രീയവുമായ വിശകലനമാർഗ്ഗം. മാർക്സിനെ ഒറ്റയടിക്കു സ്ത്രീവിരുദ്ധകുരിശിൽ തറക്കും മുൻപ് ഫെമിനിസ്റ്റുകളുടെ കേവലവാദപക്ഷം വിസ്മരിച്ച യാഥാർത്ഥ്യം ഇതാണ്.
എംഗൽസ് – കുടുംബവും പ്രത്യുൽപ്പാദനവും
പുരുഷാധിപത്യം അതിശക്തമായി നിലനിന്ന, മതഭക്തിയും കച്ചവടമനസ്സും ദൈവമ്യവും ഒരുമിച്ചു പുലർന്ന കാൾവിനിസ്റ്റുകുടുംബമായ എംഗൽസ് കുടുംബത്തിൽ നിന്നു വന്ന ഫ്രെഡറിക് എംഗൽസ്, ഇക്കാര്യങ്ങളിലൊന്നും സ്വന്തം കുടുംബനിലയിലെ പ്രതിനിധീകരിച്ചവ്യക്തിയേ ആയിരുന്നില്ല. മാർക്സിന്റെ വ്യക്തിത്വവികസനത്തിലെ സ്വാധീനശക്തി അച്ഛനാണെങ്കിൽ എംഗൽസിന്റേത് അതേയളവിലോ അതിൽകൂടുതലോ അമ്മയാണ് എന്നത് യാദൃശ്ചികമല്ല. പിതാവിന്റെ നീതിബോധത്തൊടും നിയമവ്യവസ്ഥയോടും സദാ കലഹിക്കുന്ന മനസ്സായിരുന്നു എംഗൽസിന്റേത്. താൻ യഥാർത്ഥത്തിൽ സ്നേഹിക്കുന്നത്അമ്മയെയാണ് എന്നു എംഗൽസ് പിന്നിട് രേഖപ്പെടുത്തിയിട്ടുണ്ട്. കാൾ മാർക്സിന്റെ ഇളയമകൾ എലിയനോർ പിന്നീട് അനുസ്കരിക്കുമ്പോൾ എംഗൽസിനേപ്പറ്റിഎഴുതിയത് ‘അദ്ദേഹത്തിന്റെപ്രസാദാത്മകത്വം അമ്മയിൽ നിന്നു ലഭിച്ചതാണ്’ എന്നായിരുന്നു. നിങ്ങൾ സ്ത്രീയിൽ കാണുന്ന ഉത്തമഗുണമെന്ത് എന്ന ജെന്നിയുടെ ചോദ്യത്തിനുത്തരമായി ‘സ്വന്തം കർമ്മത്തിലെ ജാഗ്രത’ എന്ന ഉത്തരമാണ് മാർക്സിൽ നിന്നു തീർത്തും വിഭിന്നമായി എംഗൽസ് എഴുതിയത് ഈ വേറിട്ട അസ്തിത്വത്തിൽ നിന്നുവേണം എംഗൽസിന്റെ ദർശനത്തെ വിലയിരുത്താൻ.
മേരി വോൾസ്റ്റെൻ ക്രാഫ്റ്റിന്റെയും ജോൺ സ്റ്റുവർട്ട് മില്ലിന്റേയും പ്രമാണരേഖകൾ പുറത്തുവന്നുകഴിഞ്ഞ്, സ്ത്രീകളുടെ വോട്ടവകാശപ്രസ്ഥാനം എന്ന നിലയിൽ യൂറോപ്പിലെ സ്ത്രീപ്രസ്ഥാനം ക്രമെണ വേരുറപ്പിക്കുന്ന ചരിത്രഘട്ടത്തിലാണ് എംഗൽസിന്റെ ‘കുടുംബം, സ്വകാര്യസ്വത്ത്ഭരണകൂടം എന്നിവയുടെ ഉത്ഭവം’ പുറത്തിറങ്ങുന്നത്. ജെയ്ൻ ഓസ്റ്റിൻ, ചാർലന്റ് ബ്രോൻടി, എലിസബത്ത് ബാരറ്റ് ബ്രൗണിങ്ങ്,ഫ്രാൻസിസ് ബർനെ, മരിയാ എഡ്ജ് വെർത്ത്, സൂസൻ ഫെറിയർ, ഡൊറോത്തി ഫെലിസ്യാ ഹേമൻസ്, ഹന്നാമോർ, അവേലീയാ ഒപ്പീ, മേരിവോൾ സ്റ്റോൺ ക്രാഫ്റ്റ്, മേരി ഷെല്ലി എന്നിങ്ങനെ 339ലേറെ എഴുത്തുകാരികളെ അനക് മെല്ലോർ റൊമാന്റിസിസം ആൻഡ് ജന്റർ എന്ന കൃതിയിൽ 1760നും 1880നും ഇടയിൽ ഇംഗ്ലണ്ടിൽ ജീവിച്ചവരായി പട്ടികപ്പെടുത്തുന്നുണ്ട്. ജ്ഞാനോദയമൂല്യങ്ങളുടെയും വിക്ടോറിയൻ സദാചാരസങ്കൽപ്പനങ്ങളുടേയും ദർശനപരിധികൾക്കുള്ളിലാണ് അന്നത്തെ സ്ത്രീവാദനിലപാടുകൾ അവതരിപ്പിക്കപ്പെട്ടത്. കുടുംബം, സദാചാരം, ലൈംഗികത എന്നിവയെ വിമർശനവിധേയമാക്കുകയും ബൂർഷ്വാമാനവവാദത്തിന്റെ അതിരുകളെ കടന്നുപോരികയും ചെയ്യാനുള്ള ശ്രമങ്ങൾ ഏറെയൊന്നും കാണാനാവില്ല. എംഗൽസിന്റെ ഗ്രന്ഥം എന്നാൽ അടിസ്ഥാനപരമായിത്തന്നെ ഈ ഇത്തിരിവട്ടങ്ങളിൽ നിന്ന് പുറത്തുകടന്നു. ആധുനികകുടുംബവ്യവസ്ഥയുടെ ചരിത്രപരമായ ഉള്ളടക്കം വിശദീകരിച്ചുകൊണ്ട്, അതിലുൾച്ചേർന്ന സ്ത്രീവിരുദ്ധതലത്തെ അനിനിശിതമായി വിമർശനവിധേയമാക്കുകയാണ് എംഗൽസ് ചെയ്തത്.

ലോകത്തിലെ ആദ്യത്തെ വർഗപരമായ ശത്രുത ഏകഭാര്യാഭർതൃകുടുംബത്തിലെ സ്ത്രീയും പുരുഷനും തമ്മിലുള്ള ശത്രുതയാണെന്നും ആദ്യത്തെ വർഗപരമായ അടിച്ചമർത്തൽ സ്ത്രീകളെ പുരുഷന്മാർ അടിച്ചമർത്തലാണെന്നും എംഗൽസ് വ്യക്തമാക്കി. ലോകത്തിലെ ആദ്യത്തെ തൊഴിൽവിഭജനം സ്ത്രീയും പുരുഷനും തമ്മിലാണെന്നും കുടുംബത്തിനുള്ളിൽ ഭർത്താവ് ചൂഷകനായ ബൂർഷ്വായുടേയും സ്ത്രീ ചൂഷിതരായ തൊഴിലാളികളുടെയും സ്ഥാനങ്ങളിലാണ് നിൽക്കുന്നതെന്നും എംഗൽസ് സുവ്യക്തമായി വിശദീകരിച്ചു. ( “within the family the husband is the bourgeois and the wife represents the proletariat” ) ഏകഭാര്യാത്വത്തിലും ഭർതൃത്വത്തിലും അധിഷ്ഠിതമായ വിവാഹത്തിന്റെ ഒരേയൊരു ലക്ഷ്യം കുടുംബത്തിൽ പുരുഷനെ പരമാധികാരസ്ഥാനത്ത് പ്രതിഷ്ഠിക്കലാണെന്നും പുരുഷന്റെ സ്വത്തിന്റെ അവകാശി അയാളുടെ തന്നെ മകനോ മകളോ ആൺഎന്നു ഉറപ്പുവരുത്തലാണെന്നും എംഗൽസ് നിരീക്ഷിച്ചു.

സ്ത്രീയുടെ ഗാർഹികവും തൊഴില്പരവും ലിംഗപരവുമായ അടിച്ചമർത്തലുകളെ എംഗൽസ് പരിഗണിച്ചില്ല എന്ന വിമർശനത്തിന് ഈ ഗ്രന്ഥത്തിനും മുൻപ്. 1845ൽ പ്രസിദ്ധീകരിച്ച ‘ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ അവസ്ഥ’ എന്ന കൃതി തന്നെ മതിയായ ഉത്തരമാണ്. ഹൃദയസ്പർശിയായ രീതിയിൽ എംഗൽസ് സ്ത്രീതൊഴിലാളികളുടെ അവസ്ഥ വിവരിക്കുന്നു. മാഞ്ചസ്റ്ററിലുംലങ്കാഷെയറിലും ജോലിചെയ്യുന്ന തുണിമിൽ തൊഴിലാളികളിൽ സ്ത്രീകൾ 52% വരുമെന്ന് എംഗൽസ് തന്നെ നിരീക്ഷിക്കുന്നുണ്ട്. തൊഴിൽ രംഗത്തെ സ്ത്രീ പ്രാതിനിധ്യത്തെമുൻപേ പരിഗണിച്ചിരുന്നെങ്കിലും ചരിത്രപരമായ പങ്ക് വ്യക്തമാക്കപ്പെടുന്നത് ‘കുടുംബം, സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉത്ഭവം’ എന്ന കൃതിയോടെയാണ്. കുടുംബത്തെ കുറിക്കുന്ന ‘Family’എന്ന പദം ലാറ്റിൻ പദമായ ‘Familia’ യിൽ നിന്നു രൂപപ്പെട്ടതാണ്. ഒരാളുടെ കീഴിലുള്ള അടിമകളെ അടങ്കലായി വിശേഷിപ്പിക്കുന്ന വാക്കാണിത്. ‘വികാരവിക്ഷോഭങ്ങളുടേയും വിട്ടുവഴക്കുകളുടേയും വിചത്രസംയോഗമായ കുടുംബം’ സ്ത്രീകളെ സംബന്ധിച്ച് അടിമത്തത്തിന്റെചരിത്രരൂപമായിത്തീർന്നതിന്റെ വിശദീകരണമാണ് എംഗൽസിന്റെ ഗ്രന്ഥം. 
സാമ്പത്തികനിർണയനവാദത്തെ മുൻനിർത്തി എംഗൽസ് രൂപപ്പെടുത്തിയ മിക്ക ആശ്യങ്ങളും തുടർന്ന് വിമർശവിധേയമാവുകയോ തഌഇകളയപ്പെടുകയോ ചെയ്തിട്ടുണ്ട്.അപ്പോഴും ബൂർഷ്വാ ആധുനികതയുറ്റെ കേവലപൗരസമത്വത്തിന്റെ വാചാടോപത്തിനപ്പുറത്തേക്ക് ലിംഗപദവിയെ കൊണ്ടുപോകാൻ എംഗൽസിനു കഴിഞ്ഞു എന്ന സത്യം നിലനിൽക്കുന്നു. 
പരസ്പരവിനിമയങ്ങളുടെ വ്യത്യസ്തസ്ഥലികൾ
സോഷ്യലിസ്റ്റ് തൊഴിലാളിപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പത്തൊമ്പതാം നൂറ്റാണ്ട് അവസാനിക്കുന്നതിനു മുൻപുതന്നെ മാർക്സിസവും ഫെമിനിസവുമായുള്ള വിനിമയങ്ങൾ വളർന്നുവന്നിരുന്നു. റഷ്യയിലും ജർമ്മനിയിലും അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം ചലനങ്ങളുണ്ടാക്കിയ ഫെമിനിസ്റ്റ് മൂവ്മെന്റ്, തൊഴിലാളിപ്രസ്ഥാനങ്ങളിൽ തരംഗങ്ങളുണ്ടാക്കാതെ ഒരിടത്തും കടന്നുപോയിട്ടില്ല. മാർക്സിസ്റ്റ് ചിന്താപദ്ധതിയെ പലനിലയിൽ കൂട്ടിയിണക്കിയും സംവാദത്തിലേർപ്പെട്ടുമാണ് സ്ത്രീപക്ഷചിന്തകരിലെ ഭൂരിഭാഗവും പരിശ്രമങ്ങൾ തുടർന്നതും.

വോട്ടവകാശപ്രസ്ഥാനങ്ങളുടേയും പാർലമെന്ററി രാഷ്ടീയത്തിന്റെയും ദീർഘപാരമ്പര്യമുള്ള ഇംഗ്ലണ്ടിലും അമേരിക്കയിലും നടന്ന സ്ത്രീപക്ഷചിന്ത-പ്രയോഗങ്ങൾ വേറിട്ടുനിൽക്കുന്നു. സാമൂഹികഘടനയും ഉൽപ്പാദവവ്യവസ്ഥയും ഒന്നാകെ വിപ്ലവകരമായി പരിണമിക്കപ്പെടുക എന്നല്ല, പരിഷ്കരണത്തിലൂന്നിയ, വ്യവസ്ഥയക്കുള്ളിൽ തന്നെയുള്ള പ്രവർത്തനങ്ങളിലാണ് സ്ത്രീപ്രശ്നം അവിടെ പരിഗണിക്കപ്പെട്ടത്. ഷാലറ്റ് ഗിൽമാൻ, എമ്മാ ഗോൾഡ്മാൻ, മേരി എൻമാൻ എന്നിങ്ങനെ മാർക്സിസ്റ്റ് ആശയധാരയെ മുൻനിർത്തി സ്ത്രീപക്ഷചിന്തയെ നവീകരിക്കുന്ന പലരും അക്കാലത്തുണ്ട്. പിൽക്കാലത്തെ അതിശക്തസാനിദ്ധ്യമായ റാഡിക്കൽ ഫെമിനിസ്റ്റുകളുടെ നിലപാടുകളുടെ പൂർവ്വരൂപങ്ങൾ എമ്മാ ഗോൾഡ്മാനെപ്പോലുള്ളവരിൽ ഉണ്ടായിരുന്നുതാനും. ലൈംഗികരാഷ്ടീയം ഗോൾഡ്മാന്റെ കാലത്ത് വികസിച്ചുവന്നില്ലെങ്കിലും പിൽക്കാല സ്ത്രീപക്ഷചിന്തയുടെ പ്രധാനപ്രമേയങ്ങളിലൊന്നായി മാറി. സിൽവിയാ പാങ്ക്ഹഴ്സ്റ്റിനെ നിരീക്ഷിക്കുമ്പോൾ, പരിഷ്കരണവാദത്തിൽ നിന്ന് മാർക്സിസിസ്റ്റ് സമീപനങ്ങളിലേക്കുള്ള ഒരു ബൗദ്ധികയാത്ര കാണാം. ആദ്യഘട്ടറ്റ്ഹ്തിൽ തൊഴിലാളിപ്രസ്ഥാനത്തെയും സ്ത്രീവിമോചനത്തെയും പരിഷ്കരണവാദത്തിലൂന്നിയ നിലപാടുകളുമായി സമീപിച്ച പാങ്ക്ഹഴ്സ്റ്റ്ഒന്നാംലോകമഹായുദ്ധാനന്തരം പാർലമെന്ററി ജനാധിപത്യത്തിലെപ്രതിസന്ധികൾ തന്നെ വിമർശനവിധേയമാക്കുന്ന മാർക്സിയൻ രീതിശാസ്ത്രത്തിലേക്ക് എത്തിച്ചേർന്നു.‘ബെഡ്റൂമിലെ ഫാഷിസം’ എന്നു വിശേഷിപ്പിച്ച, ഗാർഹികനിലയേയും സ്ത്രീപക്ഷചിന്തയേയും സമന്വയിപ്പിക്കുന്ന ആലോചനകൾ മേരി ഇൻമാൻ നടത്തുന്നുണ്ട്.

മാർക്സിസ്റ്റ് ആശയധാരയുമായുള്ളആദാനപ്രദാനങ്ങൾ ഇവിടങ്ങളിലെല്ലാം ദർശിക്കാമെങ്കിലും സമഗ്രമായ സാമൂഹികഘടനകളുടെപരിവർത്തനത്തിലൂന്നുന്ന മാർക്സിയൻ സമീപനത്തിലേക്കുള്ള വികസനം നമുക്ക് കാണാനാവുക ജർമ്മനിയിലേയും റഷ്യയിലേയും സ്ത്രീപ്രസ്ഥാനങ്ങളിലാണ്. മുൻ ചൊന്ന സ്ത്രീകളുടെ ഇരട്ട അടിമത്തത്തിന്റെ നില വ്യക്തമായി വിശദീകരിക്കുന്ന ഗ്രന്ഥം എഴുതിയത് ജർമ്മൻ സോഷ്യൽ ഡമോക്രാറ്റിക്ക്പാർട്ടിയുടെ തലവൻ കൂടിയായ ഓഗസ്റ്റ് ബെബൽ ആണ് – Women under Socialism. അതിപ്രചാരം നേടിയ പ്രസ്തുതകൃതി തുടർന്നുള്ള സമത്വചിന്തകളുടെ കൃത്യം അടിസ്ഥാനമായിരുന്നു. പാർട്രിയാക്കിയെഅതിന്റെ സങ്കീർണതകളോടു കൂടി നേരിടാൻ ബെബലിന്റെ നിരീക്ഷണങ്ങൾ തുടർന്നു പ്രേരിപ്പിച്ചു.

ക്ലാരാ സെറ്റ്കിൻ, കൊല്ലൻതാ – മാർക്സിസ്റ്റ് ഫെമിനിസത്തിന്റെ മുഖങ്ങൾ
മാർക്സിസ്റ്റ് സ്ത്രീപക്ഷചിന്തകളുടേയും പ്രയോഗങ്ങളുടേയും ചരിത്രത്തിൽ സവിശേഷമായ ശ്രദ്ധർഹിക്കുന്ന രണ്ടുപേരാണ് ക്ലാരാ സെറ്റ്കിനും അലക്സാന്ദ്രാ കൊലൻതായും. ഇരുവരുടേയും പ്രത്യയശാസ്ത്രസമീപനവും അവയ്ക്ക് പാർട്ടിയിൽ നിന്നു ലഭിച്ച യോജിപ്പും വിയോജിപ്പും സംഘർഷവും മാർക്സിസ്റ്റ് സ്ത്രീസമീപനത്തെസംബന്ധിച്ച് അതിപ്രധാനമായ ചരിത്രവസ്തുതകളാണ്. റോസ ലക്സംബർഗ്ഗിനെപ്പോലുള്ള നെപ്പോലുള്ളവരെ വിസ്മരിച്ചുകൊണ്ടല്ല കാലികപരിസരങ്ങളുടെ വിശകലനങ്ങൾക്ക് സനിഷ്കർഷമായ പരിശോധനയർഹിക്കുന്ന വിഷയമാണത്. ചില സൂചനകളിലേക്കേ ഇവിടെ കടക്കുന്നുള്ളൂ.

പാർട്ടിഘടനയിലെ പുരുഷാധിപത്യപരമായ ഉള്ളടക്കത്തെപ്പറ്റി എല്ലാക്കാലവും ഫെമിനിസ്റ്റുകളിൽ നിന്നു തീവ്രവിമർശനമുയർന്നിട്ടുണ്ട്. വ്യവസ്ഥാപിതമാർക്സിസമെന്നപോലെ ‘നവ’മാർക്സിസവും സ്ത്രീപക്ഷചിന്തക്ക് വേണ്ട ഇടം നൽകിയില്ല എന്ന് ആദ്യകാലത്തുതന്നെ പരാതികളുയർന്നിരുന്നു. മുതലാളിത്ത യാഥാർത്ഥ്യത്തിന്റെ വിശദീകരണം തന്നെ പുരുഷന്മാർക്കു കോയ്മയുള്ള, പുരുഷന്മാർ പെരുമാറുന്ന ലോകവീക്ഷണത്താൽ സീമിതമാണെന്നും അദ്ധ്വാനസങ്കൽപ്പം തന്നെ പുരുഷന്മാരുടെ സാമ്പത്തികമൂല്യത്തിലേ ഊന്നുന്നുള്ളൂ എന്നും ശബ്ദമുയർന്നിരുന്നു. പാർട്ടിക്കകത്തെആൺകോയ്മാനിലക്കെതിരെയുള്ള വിമതസ്വരമായാണ് ജർമ്മൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ക്ലാര സെറ്റ്കിൻ നിലകൊണ്ടത്. സ്ത്രീവാദത്തിന്റെ വർഗ്ഗനിലപാടിനായി ഒരുവശത്തും, പാർട്ടിയിലെ പുരുധാധിപത്യനിലപാടിനെതിരായി മറുവശത്തും ഒരുപോലെ ചെറുത്തുനിൽക്കേണ്ടിവന്ന നേതാവാണ് ക്ലാര സെറ്റ്കിൻ. പരിഷ്കരണവാദത്തിൽ നിന്ന് മോചിതമാവുന്ന സ്ത്രീപ്രസ്ഥാനങ്ങളെ വീണ്ടും അതേ തൊഴുത്തിലേക്കു കെട്ടുന്ന ലില്ലി ബ്രൗണിനേപ്പൊലുള്ള സ്ത്രീവാദികളോട് ക്ലാരക്ക് നിരന്തരം ഏറ്റുമുട്ടേണ്ടിവന്നു. ലൈംഗികതയെ സ്ത്രീവിമോചനത്തിന്റെ ഉള്ളടക്കത്തിലേക്കു ചേർക്കുന്നതിന് എതിർനിലപാട് സ്വീകരിച്ച ലെനിനേയും അതേ സമയം ക്ലാരയ്ക്ക് എതിർക്കേണ്ടിവന്നു. ഇരട്ട അടിമത്തത്തിനെതിരെ ഇടതുബോധത്തോടെ സമരപ്രവർത്തനത്തിലേർപ്പെടുന്ന വനിതാനേതാവ് ഇരട്ടപ്രതിരോധവും സംഘർഷവും അനുഭവിക്കേണ്ടിവരും എന്ന യാഥാർത്ഥ്യം കൃത്യമായി തിരിച്ചറിയാനാവുക ക്ലാര സെറ്റ്കിന്നിന്റെ ചരിത്രത്തിലാണ്.സാമ്പത്തികനിർണ്ണയനവാദത്തിൽന്നിന്ന് വികസിതമായ, കുടുംബവും സദാചാരവും ലൈംഗികതയും പ്രശ്നവൽക്കരിക്കുന്ന സ്ത്രീചിന്തയുടെ വികാസം ക്ലാര സെറ്റ്കിൻ സാദ്ധ്യമാക്കുന്നുണ്ട്. ജൂലിയറ്റ് മിച്ചൽ 1971ൽ ഇടതുപക്ഷത്തെ വിമർശിക്കുമ്പോഴും ആവർത്തിച്ച, “ സിദ്ധാന്തത്തിൽ മതിയായ സ്ഥാനം സ്ത്രീകൾക്കില്ലാത്ത അവസ്ഥ” ക്ക് എതിരെ എത്രയോ വർഷങ്ങൾക്കു മുൻപ് ക്ലാര നിശിതവും സുവ്യക്തവുമായ നിലപാട് കൈക്കൊണ്ടതായി കാണാം.

1970കളിൽ മാർഗരറ്റ് ബെൻസ്റ്റൺ സ്ത്രീകളുടെ അദ്ധ്വാനത്തെ മാർക്സിസ്റ്റ് രീതിശാസ്ത്രത്തിൽ സിദ്ധാന്തവൽക്കരിക്കാൻ നടത്തിയ ശ്രമത്തെത്തുടർന്ന് നടന്ന ‘ഗാർഹികാദ്ധ്വാനസംവാദം ‘ ( Domestic Labour Debate) എന്ന വിപുലചർച്ചയിൽ ഉന്നയിക്കപ്പെട്ട ആശയങ്ങൾ മിക്കതും – മിച്ചമൂല്യത്തെ മുൻനിഒർത്തുഅന്ന സാങ്കേതികാർത്ഥത്തിൽ വീട്ടുവേല ഉൽപ്പാദനപരമാണോ അല്ലയോ, വീട്ടുവേല മുതലാളിത്ത ഉൽപ്പാദനവ്യവസ്ഥയുടെ അവിഭാജ്യഘടകമോ അതോ പരോക്ഷമായ മുതലാളിത്തബന്ധം മാത്രമുള്ളതോ, ഭർത്താക്കന്മാരുടെ അദ്ധ്വാനത്തിന്റെ മൂല്യത്തെ വേതനരഹിതവീട്ടുവേല ഉയർത്തുന്നുവോ താഴ്ത്തുന്നുവോ,വീട്ടമ്മമാർ തൊഴിലാളിവർഗ്ഗത്തിന്റെ ഭാഗമാണോ അല്ലയോ, മുതലാളിത്തവ്യവസ്ഥയിൽ വീട്ടുവേലലായിച്ചെയ്യുന്ന ജോലി എന്നെങ്കിലും സാമൂഹ്യവൽക്കരിക്കപ്പെടുന്നുണ്ടോ എന്നിങ്ങനെ ആ സംവാദത്തിൽ സെൽമാജോൺസും പെഗ്ഗി മോർട്ടണുമടക്കമുള്ളവർ ഉന്നയിച്ച പ്രശ്നങ്ങൾ മിക്കതും – മറ്റൊരു സവിശേഷരാഷ്ടിയ-സാമൂഹിക നിലനിന്നാണെങ്കിലും മുൻപേ ക്ലാര സെറ്റ്കിൻ ഉന്നയിച്ചിട്ടുണ്ട്. 1917ൽ സോഷ്യലിസ്റ്റ് ഡമോക്രാറ്റിക്ക് പാർട്ടി വിട്ട ക്ലാര സെറ്റ്കിൻ പിന്നീട് മോസ്കോയിൽ ചെന്നു കമ്യൂണിസ്റ്റ് ഇന്റർനാഷല്ലിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയായിരുന്നു. പിന്നീട് താൻ അന്നുവരെ പുലർത്തിയ കർക്കശനിലപാടുകൾതുടരാൻ ക്ലാരക്കു കഴിഞ്ഞില്ല എന്നു പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ക്ലാര സെറ്റ്കിൻ ഉയർത്തിയ അടിസ്ഥാനപരമായ വിമർശനങ്ങളുടെ പ്രസക്തി ഇന്നും നിലനിൽക്കുന്നു.

ശരീരം,ലൈംഗികത,ദാമ്പത്യം എന്നിങ്ങനെയുഌഅ പ്രമേയങ്ങളിലേക്ക് വിധ്വംസകമാം വിധം കടന്നുകയറുകയും ലിംഗപദവിയുടെ പ്രമേയം മാർക്സിസ്റ്റ് ചിന്തയിൽ അന്നുവരെ പരിഗണിക്കപ്പെട്ടിരുന്നതിൽ നിന്നു വളരെ വ്യത്യസ്തമായ തലത്തിൽ അഭിസംബോധന ചെയ്യുകയും ചെയ്ത വിപ്ലവധിഷണയായിരുന്നു അലക്സാന്ദ്രാ കൊല്ലൻതായുടേത്.സിദ്ധാന്തതലത്തിൽ നിന്ന് തികഞ്ഞ പ്രായോഗികതലത്തിലേക്ക് സ്ത്രീനീതിയുടെ പ്രശ്നപരിസരങ്ങളെ ഉയർത്തിക്കൊണ്ടുവരികയും പ്രായോഗികപ്രവർത്തനങ്ങളുടെ പദ്ധതികൾ സുവ്യക്തമായി ആസൂത്രണം ചെയ്യപ്പെടുകയും അവയുടെ സൈദ്ധാന്തികസമീപനം കൃത്യതയാർന്നു നിർവ്വചിക്കുകയും ചെയ്ത, അത്യപൂർവ്വ ചരിത്രസന്ദർഭം കൊല്ലൻതായുടെ ഇടപെടലുകളാണ്. സ്ത്രീകളും അവരുടെ യാതനകളുമാണ് തന്റെ ജീവിതത്തെ നിർൺനയിച്ചതെന്നുയ്മ് സോഷ്യലിസ്റ്റ് ആശയങ്ങളുടെ തന്നെ അടിസ്ഥാനം അതാണെന്നും അവയിൽ ഒത്തുതീർപ്പുകളില്ലെന്നും പ്രഖ്യാപിച്ച കൊല്ലൻതാ 1919ൽ സോവിയറ്റ് സ്ത്രീകാര്യവിഭാഗം സ്ഥാപിക്കുന്നതിന്റെ നേതൃത്വവും വിപ്ലവാനന്തരറഷ്യൻ ഭരണകൂടത്തിലെ സാമൂഹികക്ഷേമമന്ത്രി സ്ഥാനവും വഹിച്ചു. എന്നാൽ കൊല്ലൻതായുടെ ചരിത്രത്തെ ഇന്ന് നാം ജാഗ്രതയോടെ നിരീക്ഷിക്കേണ്ടത്, അതിന്റെ തുടർപരിണിതിയെ മുൻനിർത്തിയാണ്.1930കളെ സ്റ്റാലിനിസ്റ്റ് സർവ്വാധിപത്യത്തോടെ കൊല്ലൻതാ ഉയർത്തിയ പ്രശ്നങ്ങളും പ്രവർത്തനങ്ങളും കൂടിയാണ് പരാജയപ്പെട്ടത്. പ്രസ്തുത പരാജയചിത്രം, തുടർന്നുള്ള മാർക്സിസ്റ്റ് സ്ത്രീചിന്തകളുടെ പ്രശ്നസന്ധികളെയും ഒഴിവിടങ്ങളേയും വ്യക്തമാക്കുന്നുണ്ട്.
സ്റ്റാലിനിസ്റ്റ് സമീപനങ്ങൾ ദൃഢീകരിക്കപ്പെട്ടതോടെ സ്ത്രീപ്രശ്നം സോവിയറ്റ് യൂണിയനിൽ പൂർണമായി പരിഹരിക്കപ്പെട്ടു എന്ന പ്രഖ്യാപനത്തോടെ1929ൽ സ്ത്രീകാര്യവിഭാഗം പിരിച്ചുവിടുകയും നയതന്ത്രദൗത്യങ്ങളുടെ ചുമതല നൽകി കൊല്ലൻതായെ നോർവ്വേയിലേക്ക് മാറ്റി. കുടുംബം,സാദാചാരം,ദാമ്പത്യം,ലൈംഗികത, ലിംഗപദവി, ശിശുപരിപാലനം തുടങ്ങിയവയിൽ കൊല്ലൻതാ ഉയർത്തിയ അഭിപ്രായങ്ങൾ ബൂർഷ്വാവ്യതിയാനമായി ഇകഴ്ത്തുകയും, സോവിയറ്റ് യൂണിയനിൽ അവയ്ക്ക് ഇനിയൊരു പ്രസക്തിയുമില്ലഎന്നു പ്രഖ്യാപിക്കുകയും ചെയ്യപ്പെട്ടു.

സോവിയറ്റ് യൂണിയന്റെ തകർച്ചയും ലോകത്തെമ്പാടും ഇടതുകക്ഷികൾക്കേറ്റ തിരിച്ചടികൾക്കും തിരിച്ചുവരവുകൾക്കും തുടർന്ന് ലോകചരിത്രം സാക്ഷ്യം വഹിച്ചത് നമുക്കറിയാം. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ അന്നു കൊല്ലൻതാ ഉന്നയിച്ച പ്രശ്നങ്ങളും പാതിവഴിയിൽ നിലച്ച ഇടപെടലുകളും ആണ് മാർക്സിസ്റ്റ് സ്ത്രീവാദത്തിന്റെ ഏറ്റവും സത്യസന്ധവും ആർജ്ജവമാർന്നതുമായ ചരിത്രമുഖാമുഖം എന്നു വ്യക്തമാണ്. എംഗൽസിൽ തുടങ്ങുന്ന ഏകഭർതൃത്വത്തിലൂന്നിയ ബൂർഷ്വാകുടുംബസംവിധാനത്തിന്റെ വിമർശനധാരയുടെ സമഗ്രനിലയിലുള്ളവികാസമായിരുന്നു കൊല്ലൻതായിൽ ഉണ്ടായത്. ക്ലാരാ സെറ്റ്കിൻ വരെയുള്ളവർ എത്തിച്ചേർന്ന പ്രണയ-കുടുംബസങ്കൽപ്പത്തിൽ നിന്നും മുന്നോട്ടുപോയി,നിലവിലുള്ള കുടുംബസംവിധാനത്തിന്റെ തന്നെ വിമർശനത്തിലേക്ക് കൊല്ലൻതായ് എത്തിച്ചേർന്നു. ബൂർഷ്വാ ആധുനികത വളർത്തിയെടുത്ത സദാചാരമൂല്യബോധവുമായി അവർ തുറന്നയുദ്ധത്തിലേർപ്പെട്ടു. ലെനിന്റെ മരണത്തിനു ശേഷം സ്റ്റാലിന്റെ വരവോടെ സ്ത്രീപ്രശ്നം സോവിയറ്റ് യൂണിയനിൽ നിന്ന് എടുത്തുപോകുന്ന അവസ്ഥ വന്നില്ലായിരുന്നെങ്കിൽ കൊല്ലൻതായുടെ പ്രവർത്തനങ്ങൾ കൂടുതൽ ദിശാബോധത്തോടെ വികസിതമാകുമായിരുന്നു. സോവിയറ്റ് പാർട്ടിഘടനയുടെ പുരുഷാധിപത്യസ്വരൂപത്തോട് നിരന്തരം ഏറ്റുമുട്ടി, പാർട്ടിയിലെ പ്രതിപക്ഷനിലപാടുകളുടെ വക്തവായി മാറുക വഴി, ‘അരാജകസ്വഭാവം’ എന്ന ഭർസനം ഏറ്റുവാങ്ങേണ്ടി വന്ന കൊല്ലൻതായുടെ സ്വരം ഏതാണ്ട് നിശ്ശബ്ദമാക്കപ്പെടുന്നത് സോവിയറ്റ് പാർട്ടിയുടെ പത്താം കോൺഗ്രസ് (1921) പാർട്ടിയിലെ വ്യത്യസ്തവീക്ഷണത്തിലുള്ള വിഭാഗങ്ങളുടെ പരസ്യപ്രവർത്തനംപൂർണമായി നിരോധിക്കുന്നതോടെയാണ്.

ഫെമിനിസത്തിന്റെ വികസിതധാരയും ഇടതുചിന്തയുടെ ഒഴിവിടങ്ങളും

1970കളോടെ വികസിച്ച പുതിയ ഫെമിനിസ്റ്റ് ആശയപ്രപഞ്ചം മാർക്സിസത്തിൽ നിന്ന് പലധാരകളിലായി വികസിതവും വിദൂരവുമായിട്ടുണ്ട്. 1973ൽ ‘ന്യൂലെഫ്റ്റ് റിവ്യൂ’വിൽ വാലി സീക്കൊമ്പിന്റെ ‘മുതലാളിത്തത്തിന്റെ കീഴിൽ വീട്ടമ്മയും അവരുടെ അദ്ധ്വാനവും’ എന്ന ലേഖനം പ്രസിദ്ധീകൃതമായി. ഫെമിനിസ്റ്റുകൾ മാർക്സിസത്തിൽ ഇടപെട്ടത്തിന്റെപ്രതികരണമെന്ന നിലയിൽ പ്രസ്തുതലേഖനം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ‘മൂലധനം’ എന്ന കൃതിയിൽ മാർക്സ് തീർത്തുവെച്ച ഘടനക്കുഌഇൽ തന്ന്എ ഗാർഹികാദ്ധ്വാനവും സമർത്ഥമായി ഉള്ളടങ്ങുന്നു എന്ന് സീക്കൊമ്പ് വാദിച്ചു. സീക്കൊമ്പിന്റെ ലേഖനശേഷം നിരവധി വർഷങ്ങൾ ‘ന്യൂ ലെഫ്റ്റ് റിവ്യൂ’ പ്രസ്തുതവിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. പലതരം ‘മാർക്സിസ്റ്റ് സ്ത്രീവാദങ്ങൾ’ ഉയർന്നുവരാനും ഈ ചർച്ച കാരണമായി. ക്രിസ്റ്റൈൻ ഡെൽഫിയും ലിസെ വോഗലും പോലെ അനേകർ സ്വകീയമായ നിലയിൽ മാർക്സിസ്റ്റ്-ഫെമിനിസ്റ്റ് ചിന്താസരണികളെ കൂട്ടിയിണക്കുന്ന ആലോചനകൾ നടത്തി. മാർക്സിസ്റ്റ് സമീപനങ്ങളെ അവയുടെ സഗജപരിസരത്തിൽ നിന്ന് അടർത്തിയെടുത്ത് പലമട്ടിൽ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്രാപിക്കുകയും ചെയ്തു. അതിശക്തമായ വിമർശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. മുതലാളിത്തത്തെ തന്നെ പുരുഷാധിപത്യത്തിന്റെ വകഭേദങ്ങളിൽ ഒന്നായി കാണുകയും ആൺകോയ്മയുടെ ആവശ്യങ്ങൾക്കനുസരിച്ച് രൂപം പ്രാപിക്കുന്ന ഘടനകളിലൊന്നായി മുതലാളിത്തത്തെ സങ്കൽപ്പിക്കുകയും ചെയ്യുന്ന ആലോചനകൾ അടക്കം രംഗത്തുവന്നു. മാർക്സിസവും ഫെമിനിസവും തമ്മിലുള്ള ബന്ധത്തെ ഹെയ്ഡി ഹാർട്ട്മാൻ ‘സന്തോഷരഹിതമായ വിവാഹം’ എന്നാണ് വിശേഷിപ്പിച്ചത്. രണ്ടുപേർ തമ്മിലാണ് വിവാഹമെങ്കിലും നിയമദൃഷ്ടിയിൽ പ്രാധാന്യം മുഴുവൻ ഒരാൾക്കാണ്, ‘പുരുഷസ്വരൂപം’ ആയ മാർക്സിസത്തിന്. അതിനാൽ മാർക്സിസത്തെ ചേർക്കുന്നതോടെ പുരുഷാധിപത്യപരമായ ഉള്ളടക്കം നൈസർഗികമായി കടന്നുവന്നുകഴിഞ്ഞു എന്നിങ്ങനെ അനേകം എതിർവാദങ്ങൾ കടന്നുവന്നു. എന്നാൽ മാർക്സിസവുമായുള്ള വിനിമയങ്ങളെ തിരസ്കരിക്കാൻ ആർക്കും കഴിഞ്ഞിട്ടുമില്ല. 
എന്നാൽ സംവാദങ്ങളിലെ ആശയസാമഗ്രി എന്ന നിലയിലല്ലാതെ, 1930 വരെയുള്ള കാലയളവിൽ സോഷ്യലിസ്റ്റ് മാർക്സിസ്റ്റ് സ്ത്രീവാദം നടത്തിയ കുതിപ്പുകൾ ആ അളവിൽ നിലനിർത്താൻ തന്നെ മാർക്സിസ്റ്റ് പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞെന്നു പറയാനാവില്ല. സ്ത്രീവിമോചനം പിന്നീടെന്നും ഒരു അനുബന്ധപ്രശ്നമായി ചുരുക്കപ്പെട്ടു. എംഗൽസ് ഉദ്ഘാടനം ചെയ്ത കുടുംബവിമർശനമടക്കമുള്ള കാര്യങ്ങൾ പിൻനിരയിലേക്ക് പോയി. യാഥാസ്ത്തികമായ കുടുംബസങ്കൽപ്പംസർവ്വപ്രധാനമായിത്തീരുകയും സ്ത്രീയുടെ ആദർശാത്മക – മിത്തിക്കൽ പദവി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. ഇതാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും അടിസ്ഥാനദർശനത്തിൽ പ്രവർത്തിച്ച പ്രതിലോമഘടകം. ജാതിയെ അഭിസംബോധന ചെയ്യാതിരുന്നതിനു സമാനവും ഗുരുതരവുമായ വീഴ്ച്ച സ്ത്രീപ്രശ്നത്തിലും സംഭവിക്കപ്പെട്ടു. സവിശേഷമായ ജാതി-ലിംഗ-വർഗ്ഗഘടനയെ അതിന്റെ വ്യതിരിക്തപ്രമേയങ്ങളുടെ വിശകലനത്തിലൂടെ നേരിടുക എന്ന മാർഗ്ഗം കൈമോശം വരികയും, ആദർശാധിഷ്ഠിത ‘മഹിളാപ്രസ്ഥാനങ്ങൾ’ ഉടലെടുക്കുകയും ചെയ്തു. ഒരുവശത്ത് ഗാർഹികാദ്ധ്വാനംമൂലധനപ്രക്രിയയിൽ വഹിക്കുന്ന പങ്കടക്കമുള്ള വിഷയങ്ങൾ ചർച്ചയാക്കിക്കൊണ്ട് അക്കാദമികതലത്തിൽ നടന്ന വികാസം പ്രായോഗികഫലങ്ങൾഇല്ലാതെ പരിമിതപ്പെട്ടു. ഇതോടെ നമ്മുടെ കുടുംബത്തിൽ ഇടതും വലതുമില്ലാതാവുകയും സർവ്വതും വലതാക്കപ്പെടുകയും ചെയ്തു. 
എന്നാൽ, അതിവിപുലമായ ‘ഒഴിവിട’മാണ് നിർണായകവുമായ ടിയന്തിരവുമായ ഇടപെടലുകൾ ആവശ്യമാം വിധം ഇടതുസ്ത്രീചിന്തയിലും പ്രവർത്തനങ്ങളിലും നിലനിൽക്കുന്നത് എന്ന കാലികയാഥാർത്ഥ്യം നമുക്കു മുന്നിലുണ്ട്. ഉപരി-മദ്ധ്യവർഗ്ഗ ഫെമിനിസ്റ്റുകൾ ആധുനികോത്തര ചിന്താപദ്ധതികൽ രൂപപ്പെടുത്തിയ സ്വത്വവാദരാഷ്ടീയത്തിലും മറ്റും ആറ്റ്മസംതൃപ്തിയടയുമ്പോൾ ക്രിമിനൽ മൂലധനത്തിന്റെ ഹിംസാത്മകമായ സാംസ്കാരികലോകം സ്ത്രീജീവിതങ്ങളെ കൂടുതൽ ശക്തമായി തുറുങ്കിലിടുകയാണ്. ജീവിച്ചിരിക്കുക തന്നെ കുറ്റകൃത്യമായിത്തീരുന്ന അവസ്ഥ. നിങ്ങൾ ഒരാണും പെണ്ണുമായി നടന്നാൽ ‘സദാചാരവിരുദ്ധനും’ ആണും ആണുമായി നടന്നാൽ ‘പ്രകൃതിവിരുദ്ധനും’ ഒറ്റക്കു നടന്നാൽ മാവോയിസ്റ്റുമാണെന്നു വിധിയെഴുതി വേട്ടയാടുന്ന ഭരണകൂടം. ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്നവണ്ണം അതിക്രമങ്ങളെ ആസ്വാദ്യകരവും ആകാംക്ഷാഭരിതവുമായി അവതരിപ്പിക്കുന്ന അശ്ലീലമാദ്ധ്യമസംസ്കാരം. ഇങ്ങനെ ജീവിതത്തെ ജീവിതവ്യമാക്കിത്തീർക്കുന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെ വിറകൊള്ളുന്ന ഒരു അന്തരീക്ഷത്തിലാണ് നാം ഇന്നു ജീവിതം ജീവിച്ചുതീർക്കുന്നത്. ജാതിയും മതവുമടങ്ങുന്ന സകല വ്യവസ്ഥാപിത സ്ഥാപനങ്ങളും അങ്ങേയറ്റം സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പരസ്യപ്രഖ്യാപനം നടത്തുന്ന നാട്ടിൽ നിസ്വവർഗ്ഗമായ സ്ത്രിവർഗ്ഗത്തിന്റെ സമരങ്ങൾക്ക് അതിശക്തമായ ധ്വനനശേഷിയുണ്ട്. അടുത്തിടെ നടന്ന മൂന്നാറിലെ പെമ്പിളൈ ഒരുമൈ അടക്കം നൽകുന്ന സൂചനകളെ ഇടതുപക്ഷം കണക്കാതെ മുന്നോട്ടുപോകാനാവില്ല. അതേസമയം ഇടതുസ്ത്രീപക്ഷത്തിന്റെ യഥാർത്ഥപ്രധാന്യത്തെ വിളിച്ചോതുന്ന ഒറ്റപ്പെട്ട സംഭവങ്ങളേയും – ശ്രീദേവി എസ് കർത്തായുടെ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ടുണ്ടായ സമരം പോലുള്ളവയെയും കാണാതിരുന്നുകൂടാ. വ്യവസ്ഥാപിതഫെമിനിസത്തിന്റെ കേവലപരിസരത്തിൽ നിന്ന് സാറാജോസഫിന് അഭിമുഖീകരിക്കാൻകഴിയാതെ പോകുന്ന ഒഴിവിടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇടതുപക്ഷം ഏറ്റെടുക്കുന്ന സാംസ്കാരികസമരം ഒരു സൂചകമാണ്. അത്തരം സൂചകങ്ങളെ സർഗ്ഗാത്മകമായി വികസിപ്പിക്കാനും എംഗൽസിൽ നിന്നു തുടങ്ങുന്ന വിമർശനാത്മകധാരയെ മുന്നോട്ടുകൊണ്ടുപോകാനും ഇടതുപക്ഷത്തിനു കഴിയുമോ എന്നതാണ് മൗലികമായ ചോദ്യം. കേവലം ഔദ്യോഗിക ഇടതുപക്ഷമെന്ന സങ്കുചിതാർത്ഥത്തിലല്ല, നൈതികവിക്ഷോഭങ്ങളുടെ വിശാലഭൂമികയിൽ ഇടതുരാഷ്ടീയമായിനിലയുറപ്പിക്കപ്പെടുന്ന പുരോഗനമശക്തിയെയാണ് നാം സമഗ്രമായി അഭിസംബോധന ചെയ്യേണ്ടത് എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും