സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സ്ത്രീകളുടെ ത്വക്കിന് വിലപറഞ്ഞ് സമൂഹം

അമൃത വിനോദ് ശിവറാം



നിങ്ങളുടെ ശരീരത്തിന് എന്ത് വിലയുണ്ട്? ചോദ്യം കേട്ട് രക്തം തിളക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ പറയട്ടെ വേശ്യാവൃത്തിയെ ഉദ്ദേശിച്ചുകൊണ്ടല്ല ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. ചോദ്യത്തില്‍ അടങ്ങിയിരിക്കുന്ന, നമ്മള്‍ ഉള്‍ക്കൊണ്ടിട്ടുള്ള എല്ലാ മിഥ്യാ ധാരണകള്‍ക്കും അറിവുകള്‍ക്കും അപ്പുറത്തേക്കാണ് ലോകം സഞ്ചരിക്കുന്നത്.

സ്ത്രീകളുടെ 20 ഇഞ്ച് സ്‌ക്വയര്‍ വെളുത്ത ശരീര ചര്‍മ്മ കോശങ്ങള്‍ക്ക് 10000 രൂപയിലേറെ ഇന്ന് വിലയുണ്ട്. ശരീരത്തിന്റെ നൂറ് ഇഞ്ച് സ്വകയര്‍ തൊലി, മാര്‍ക്കറ്റില്‍ വിറ്റുപോകുന്നത് 50000 ത്തിനും ലക്ഷത്തിനുമിടയ്ക്കാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കുവാന്‍ സാധിക്കുമോ. ഇത്തരം ചര്‍മ്മ കോശങ്ങള്‍ സ്ത്രീകളെ പ്രലോഭിപ്പിച്ചും അവരുടെ അറിവോ സമ്മതമോ കൂടാതെ തട്ടി എടുക്കുന്നതുമായ വലിയൊരു ശൃംഖല തന്നെ രാജ്യത്ത് വ്യാപകമാകുകയാണ്. 

നമ്മുടെ നഗരങ്ങളില്‍ രാത്രികാലങ്ങളില്‍ ആവശ്യപ്പെടുന്ന എന്തും വില്‍പ്പനയ്ക്ക് സജ്ജമാണ്. മദ്യവും മദിരാശിയും നിറഞ്ഞാടുന്ന നഗര ഹൃദയങ്ങളില്‍ ഇന്ന് ശരീര കോശങ്ങള്‍ വില്‍പ്പന നടത്തുന്ന ബ്രോക്ക?മാരെയും നമുക്ക് കാണാം. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും വേശ്യവൃത്തിയിലെത്തപ്പെടുന്ന നേപ്പാളി സ്ത്രീകളാണ് ഇതിന്റെ ഇരകളായി മാറുന്നത്. പലപ്പോഴും ഇവര്‍ പോലും അറിയാതെയാണ് ശരീര കോശങ്ങള്‍ ചീന്തി എടുക്കുന്നതെന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടാകും. ശരീരകലകള്‍ എടുക്കുന്നതിന് മുന്‍പ് സ്ത്രീകള്‍ക്ക് സെഡേഷന്‍ നല്‍കും. സെഡേഷനില്‍ നിന്നും ഉണരുമ്പോഴേക്കും ശരീരം ചീന്തിയത് മനസ്സിലാക്കുന്ന സ്ത്രീകള്‍, തങ്ങളുടെ ക്ലൈന്റിന്റ വൈകൃതങ്ങളില്‍ ഒന്നായി അതിനെ തെറ്റിദ്ധരിക്കുന്നു. ചിലര്‍ അതില്‍ മനം നൊന്ത് ഗ്രാമങ്ങളിലേക്ക് തിരികെപ്പോകുമ്പോള്‍ മറ്റ് ചിലര്‍ സാഹചര്യങ്ങള്‍ കൊണ്ട് അവിടെത്തന്നെ തുടരാന്‍ നിര്‍ബന്ധിതരാകുന്നു. 

വേശ്യാവൃത്തി നടത്തുന്ന സ്ത്രീകളെത്തന്നെ ചൂഷണം ചെയ്യുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്.

ഒന്നാമതായി ഇവര്‍ അറിയാതെ ശരീരം ചീന്തി എടുത്താല്‍ കിട്ടുന്ന പണത്തില്‍ നിന്ന് ഒരു രൂപ പോലും ഈ സ്ത്രീകള്‍ക്ക് നല്‍കേണ്ട. രണ്ടാമതായി ഇവര്‍ക്ക് പരാതിപ്പെടാനുള്ള സാഹചര്യമില്ല. മൂന്നാമതായി ശരീരത്തില്‍ ഇത്രയും വലിയ അഭംഗി നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വേശ്യാവൃത്തിയുടെ പ്രതിഫലം കുറച്ച് നല്‍കിയാല്‍ മതി. അതുമല്ല മറ്റൊരിടത്തുപോയി വേശ്യാവൃത്തി നടത്തി ജീവിക്കാമെന്ന് വിചാരിച്ചാലും ശരീരത്തിലെ അഭംഗി അതിന് തടസമാകുന്നതിനാല്‍ സ്ത്രീകള്‍ എല്ലാം സഹിച്ച് വേശ്യാലയത്തില്‍ത്തന്നെ തുടരും. ചുരുക്കം പറഞ്ഞാല്‍ ഇന്ത്യയിലെ വേശ്യാലയങ്ങളാണ് ഇന്ന് ഈ വ്യാപാരത്തിന്റെ കേന്ദ്രമായി ???വര്‍ത്തിക്കുന്നത്. 

മറ്റൊരു ചോദ്യം എന്ത് കൊണ്ട് സ്ത്രീകള്‍, അതും നേപ്പാളി സ്ത്രീകള്‍ ഇരയാകുന്നു?
നിറം അതൊരു ആസക്തിയാണ്. വെളുത്തനിറത്തോടുള്ള ലോകത്തിന്റെ ആസക്തി ഇന്നും ഒരുമാറ്റവുമില്ലാതെ തുടരുന്നു. അവിടെയാണ് ചൂഷണത്തിന്റെ പിടി നേപ്പാളി സ്ത്രീകള്‍ക്ക് നേരെ നീളുന്നത്. അവരുടെ വെളുത്ത നിറവും സാമ്പത്തികമായ പിന്നോക്കാവസ്ഥയും ഇന്ത്യയിലെ ഈ മാര്‍ക്കറ്റിനെ സഹായിക്കുന്നു. മാത്രമല്ല പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ പുകവലിയും മദ്യപാനവും കുറവായതുകൊണ്ട് ശരീരകലകള്‍ വളര മൃദുവും സുന്ദരവുമായിരിക്കും എന്നതാണ് മറ്റൊരു കാരണം.

എന്തിനായി ഇത്തരം ശരീരകലകള്‍ ഉപയോഗിക്കുന്നു എന്ന ചോദ്യവും പ്രസക്തമാണ്

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ കോസ്മറ്റിക് സര്‍ജറിയും മറ്റും സര്‍വ്വ സാധാരണമാണ്. 2005-07 കാലഘട്ടത്തിനിടയ്ക്ക് ഈ മേഖലയിലുണ്ടായ വളര്‍ച്ച നിലവിലുണ്ടായിരുന്നതിലും 34% അധികം ആണെന്ന് പറയപ്പെടുന്നു. നമ്മുടെ രാജ്യത്ത് രണ്ടോ മൂന്നോ ടിഷ്യൂ ബാങ്കുകള്‍ മാത്രമെ ഇന്ന് നിലവിലുള്ളു. അവയില്‍ നിന്ന് ലഭ്യമാകുന്ന ടിഷ്യു മാരകമായ പൊള്ളലേറ്റവര്‍ക്കോ, മറ്റ് മാരക രോഗകാരണം ടിഷ്യു വച്ച് പിടിപ്പിക്കേണ്ട അവസ്ഥ വരുന്നവര്‍ക്കോ മാത്രമേ നല്‍കാറുള്ളൂ. 

പിന്നെ എവിടെനിന്നാണ് കോസ്‌മെറ്റിക് സര്‍ജറികള്‍ക്ക് ആവശ്യമായ ശരീര കലകള്‍ ലഭ്യമാകുന്നത്

ബ്രോക്കര്‍മാര്‍ വഴി എത്തപ്പെടുന്ന ശരീരകലകള്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നു. പിന്നീട് ഈ ശരീരകലകള്‍ അമേരിക്കയിലെ വിവിധ ലാബുകളില്‍ നിന്നും ആവശ്യാനുസരണം ഇന്ത്യയിലേക്കും എത്തപ്പെടുന്നു. ദരിദ്രത്തില്‍ കഴിയുന്ന ഒരു ജനതയുടെ ശരീര കോശങ്ങളിലൂടെ സമ്പത്തും സൗന്ദര്യവും നേടിക്കൊഴുക്കുന്ന ഉന്നത കുല സദാചാരത്തിലേക്ക് രാജ്യവും ലോകവും നീങ്ങുന്ന കാഴ്ച ഭയപ്പാടോടല്ലാതെ കാണാന്‍ കഴിയുകയില്ല.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും