സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

നാള്‍വഴികളിലൂടെ സൗമ്യ വധക്കേസ്...

വിമെന്‍ പോയിന്റ് ടീംസൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി; പ്രതിക്ക്​ ജീവപര്യന്തം.കേരളം നടുങ്ങി. കൊലക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍െറ പരാജയപ്പെട്ടു. വള്ളത്തോള്‍ നഗറില്‍ വെച്ച് 2011 ഫെബ്രുവരി ഒന്നിന് രാത്രി ഒമ്പതരയോടെ എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്രക്കാരിയായിരുന്ന സൗമ്യ (23) ട്രെയിനില്‍നിന്ന് തള്ളിയിടപ്പെട്ടശേഷം ബലാത്സംഗത്തിനിരയായി. ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു.

കേസ് അന്വേഷണം ആരംഭിച്ച പൊലീസ് ഫെബ്രുവരി മൂന്നിന് തമിഴ്നാട് കടലൂര്‍ വിരുതാചലം സ്വദേശി ഗോവിന്ദച്ചാമിയെ(30) കസ്റ്റഡിയിലെടുത്തു. ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ കയറിയ പ്രതി സൗമ്യയുടെ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ ചെറുത്തുനില്‍പിനിടെ തല ട്രെയിനിന്‍െറ എതോ ഭാഗത്ത് ഇടിച്ച് പരിക്കേറ്റ് അവള്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് അയാള്‍ യുവതിയെ  ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടു. പിന്നാലെ ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടി 200 മീറ്ററോളം പിന്നോട്ടുനടന്ന് രക്തത്തില്‍ കുളിച്ചുകിടക്കുന്ന സൗമ്യയെ ബലാത്സംഗം ചെയ്തു എന്ന് പൊലീസ് കണ്ടത്തെി.

തമിഴ്നാട്ടിലെ തിരുട്ടുഗ്രാമമെന്ന് അറിയപ്പെടുന്ന വിരുതാചലത്തില്‍നിന്നുള്ള ഗോവിന്ദച്ചാമിയെ വിവിധ കോടതികള്‍ മോഷണക്കേസില്‍ പലതവണ ശിക്ഷിച്ചിട്ടുണ്ട്. 2004ല്‍ ഭവനഭേദനത്തിന് തിരുവനന്തപുരം കോടതി മൂന്നുമാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. 2005ല്‍ മോഷണക്കേസില്‍ കടലൂര്‍ കോടതി 45 ദിവസത്തിനും പഴനി കോടതി എട്ടുമാസത്തിനും ശിക്ഷിച്ചു. 2006ല്‍ ഈറോഡ് കോടതി ഏഴ് മാസത്തിനും 2007ല്‍ തമ്പരം, തിരുവള്ളൂര്‍ കോടതികള്‍ അഞ്ചും മൂന്നും മാസം വീതം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2008ല്‍ സേലം കോടതി ആറുമാസത്തിനും ശിക്ഷിച്ചിട്ടുണ്ട്.

പ്രതിയുടെ വൈദ്യപരിശോധനക്കിടെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍ രേഖപ്പെടുത്തിയ പ്രതിയുടെ കുറ്റസമ്മതമൊഴി എക്സ്ട്രാ ജുഡീഷ്യല്‍ കണ്‍ഫഷനായി കണക്കിലെടുത്താണ് ദൃക്സാക്ഷികളില്ലാത്ത കൃത്യത്തിന് അതിവേഗ കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. എന്താണ് സംഭവിച്ചതെന്ന് വൈദ്യപരിശോധനക്കിടെ ഡോ. ഹിതേഷ് ഗോവിന്ദച്ചാമിയോട് ചോദിച്ചപ്പോള്‍, പെണ്‍കുട്ടിയുടെ ബാഗില്‍ കയറി പിടിച്ചപ്പോള്‍ ഉണ്ടായ പിടിവലിക്കിടെ ദേഹത്ത് സ്പര്‍ശിക്കാനിടയായതോടെ നിയന്ത്രണം വിട്ടെന്നും ട്രെയിനില്‍നിന്ന് തള്ളി താഴെയിട്ട് ബലാത്സംഗം ചെയ്തു എന്നും അയാള്‍ പറഞ്ഞത് ഡോ. ഹിതേഷ് രേഖപ്പെടുത്തി. ഇത് വിചാരണ വേളയില്‍ ഡോക്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഈ മൊഴി കോടതി എക്സ്ട്രാ ജുഡീഷ്യല്‍ കണ്‍ഫഷനായി അംഗീകരിച്ചു.

കൃത്യം നടന്ന കമ്പാര്‍ട്ട്മെന്‍റില്‍നിന്ന് ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടിന്‍െറ ബട്ടണ്‍ ലഭിച്ചു. അയാളുടെ ബീജത്തിന്‍െറ സാന്നിദ്ധ്യം ഇരയുടെ ശരീരത്തിലും വസ്ത്രത്തിലും കണ്ടത്തെി. ഗോവിന്ദച്ചാമിയുടെ നെഞ്ചിലും പുറത്തും കണ്ട മാന്തിപ്പറിച്ച പാടുകള്‍, സൗമ്യയുടെ നഖത്തിനിടയില്‍നിന്ന് കിട്ടിയ പ്രതിയുടെ തൊലിയുടെ ഡി.എന്‍.എ പരിശോധനഫലം, പാസഞ്ചര്‍ ട്രെയിനിലേക്ക് ഇയാള്‍ കയറുന്നത് കണ്ടവരുടെ മൊഴി, റെയില്‍വേ ഗാര്‍ഡ്, സഹയാത്രികര്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ മൊഴികള്‍, പ്രതിയുടെ കായികക്ഷമതാ പരിശോധന, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറിന് മുമ്പാകെ പ്രതി നടത്തിയ കുറ്റസമ്മതമൊഴി തുടങ്ങിയവയാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍.

പ്രോസിക്യൂഷന്‍ സാക്ഷിയായി ആദ്യം വിസ്തരിച്ച ഫോറന്‍സിക് സര്‍ജന്‍ ഡോ. ഉന്മേഷ് പിന്നീട് പ്രതിക്ക് അനുകൂലമായി മൊഴി നല്‍കി. സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോ. ഷേര്‍ളി വാസു പോസ്റ്റ്മോര്‍ട്ടം ചെയ്തെന്നാണ് രേഖപ്പെടുത്തിയിരുന്നത്. താനാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് ഡോ. ഉന്മേഷ് അവകാശപ്പെട്ടു. ഉന്മേഷിനെ സസ്പെന്‍ഡ് ചെയ്ത് വിചാരണക്കോടതി ഉത്തരവ് പ്രകാരം കേസെടുത്തു. സസ്പെന്‍ഷന്‍ പിന്നീട് കോടതി റദ്ദാക്കി. വകുപ്പുതല അന്വേഷണത്തില്‍ ആശുപത്രി ജീവനക്കാരില്‍ ഭൂരിഭാഗവും ഉന്മേഷിനൊപ്പമായിരുന്നു.

കേസില്‍ പ്രതിക്ക് നിയമസഹായവുമായി മുംബൈ ഹൈകോടതി ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ. ആളൂര്‍ രംഗത്തത്തെിയത് ഏവരെയും ഞെട്ടിച്ചു. ഇയാള്‍ തന്നെയാണ് ഹൈകോടതിയിലും സുപ്രീംകോടതിയിലും ഹാജരായത്. പ്രശസ്തിക്കുവേണ്ടിയാണ് കേസ് ഏറ്റെടുത്തതെന്നായിരുന്നു ആളൂരിന്‍െറ വിശദീകരണം. സംഭവവുമായി ബന്ധമില്ലാത്ത തന്നെ കുടുക്കുകയായിരുന്നുവെന്നായിരുന്നു ഗോവിന്ദച്ചാമിയുടെ വാദം. ഇയാളെ പ്രതിയാക്കിയത് മാധ്യമ വിചാരണയുടെ ഫലമാണെന്നും അപകടമരണത്തെ ബലാത്സംഗമായി ചിത്രീകരിച്ച് ഗോവിന്ദച്ചാമിയെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും ആളൂര്‍ കോടതിയില്‍ വാദിച്ചു.

കേസില്‍ ഒമ്പത് മാസത്തിനകം വിചാരണ പൂര്‍ത്തിയായി വിധി വന്നു. 2011 നവംബര്‍ 11നായിരുന്നു തൃശൂര്‍ അതിവേഗ കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു വിചാരണ. വധശിക്ഷക്ക് പുറമെ ജീവപര്യന്തവും ഒരു ലക്ഷം രൂപയും കോടതി വിധിച്ചു. വിചാരണക്കിടെ കോടതി പ്രതിയോട് 427 ചോദ്യങ്ങള്‍ ചോദിച്ചു. 154 സാക്ഷികളില്‍ 82 പേരെ വിസ്തരിച്ചു. ഈ വിധി ഹൈകോടതി ശരിവെച്ചു. ഇതത്തേുടര്‍ന്നാണ് ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, സുപ്രീംകോടതിയില്‍ കൊലക്കുറ്റം തെളിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ല.


ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാണ് കൊലക്കയറില്‍നിന്ന് പ്രതിയെ രക്ഷിച്ചത്. കീഴ്ക്കോടതിയില്‍ കേസ് വാദിച്ചിരുന്ന പബ്ളിക് പ്രോസിക്യൂട്ടര്‍ എ. സുരേശനെ മാറ്റി ഹൈകോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി. ജോസഫ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണ് സര്‍ക്കാറിനായി കോടതിയില്‍ ഹാജരായത്. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിടുകയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്താന്‍ ഇവര്‍ക്കായില്ല. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ആവശ്യപ്പെട്ട ബെഞ്ച്, ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്ന് അഭിഭാഷകര്‍ക്ക് താക്കീതുനല്‍കുകയും ചെയ്തിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും