ആറങ്ങോട്ടുകര കല്‌പകശേരി ഇല്ലത്തെ അഷ്‌ടമൂര്‍ത്തി നമ്പൂതിരിയുടെ മകളായി പിറന്നു. സ്വന്തം സമുദായത്തിലെ ജീര്‍ണ്ണിച്ച വ്യവസ്ഥകള്‍ക്കെതിരെ സ്വജീവിതം കൊണ്ട് ഒറ്റയാള്‍ പോരാട്ടം നടത്തി. തലപ്പള്ളി താലൂക്കിലെ കുറിയേത്തില്ലത്തെ രാമന്‍ നമ്പൂതിരിയുടെ ഭാര്യയായ ഇല്ലത്തെത്തിയ താത്രിയെ ഭര്‍തൃ ജ്യേഷ്‌ഠന്‍ ബലാത്സംഗം ചെയ്‌തു. അതോടെ താത്രി പ്രതികാരബുദ്ധിയോടെ പുരുഷമേധാവിത്വത്തിനെതിരെ പോരാടി. അറുപത്തഞ്ചോളം പുരുഷന്‍മാരുമായി ബന്ധം പുലര്‍ത്തി. സദാചാരത്തിന്റെ പേരില്‍ സ്‌മാര്‍ത്ത വിചാരം നേരിടേണ്ടിവന്ന താത്രി താനുമായി ബന്ധം പുലര്‍ത്തിയ പല പ്രമുഖരുടേയും പേര് വെളിപ്പെടുത്തി. പ്രതിപട്ടികയിലുള്ള എല്ലാവരും ഭ്രഷ്‌ടരായി. പിന്നീട് വിവാഹിതയായി മദ്രാസിലേക്ക് പോയി എന്ന് പറയപ്പെടുന്നു. ലളിതാംബിക അന്തര്‍ജനത്തിന്റെ `അഗ്നിസാക്ഷി', എം. ഗോവിന്ദന്റെ `ഒരു കൂടിയാട്ടത്തിന്റെ കഥ', മാടമ്പ് കുഞ്ഞിക്കുട്ടന്റെ `ഭ്രഷ്‌ട്' തുടങ്ങിയ കൃതികള്‍ താത്രിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയതാണ്.