ജീവിതയാഥാര്‍ത്ഥ്യങ്ങളോട് പടവെട്ടി ഫ്രാന്‍സിന്റെ വിദ്യഭ്യാസമന്ത്രിയുടെ തലപ്പത്തേയ്ക്കുയര്‍ന്ന മുസ്ലിം യുവതി-നജത് ബില്‍ കാസിം.ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രിയും വനിതയുമായ നജത് ബില്‍കാസിമിന്റെ ജീവിതം കെട്ടുകഥയല്ല; പകല്‍പോലെ തെളിഞ്ഞുകാണാവുന്ന യാഥാര്‍ഥ്യം.പടിപടിയായി ഉയരങ്ങളുടെ പടവുകള്‍ കയറിയ,വ്യവസ്ഥാപിത മതനിയമങ്ങളെ അതിജീവിച്ച ആധുനിക യുവതിയുടെ ജീവിതകഥ. 36ാം വയസ്സില്‍ മന്ത്രിപദത്തിലെത്തിയ നജത് ജനിച്ചത് മൊറോക്കോയിലെ ഒരു പ്രാന്തപ്രദേശത്ത്. മോറോക്കന്‍ അതിര്‍ത്തിയില്‍ റിഫ് പ്രവിശ്യയില്‍ നഡോര്‍ എന്ന ചെറിയ ഗ്രാമത്തില്‍. ഏഴുമക്കളുള്ള വീട്ടിലെ രണ്ടാമത്തെ കുട്ടി. കഷ്ടപ്പാടും ദുരിതവും നിറഞ്ഞ കുട്ടിക്കാലത്ത് ആടുകളെ മേയ്ക്കുന്നതായിരുന്നു നജത്തിന്റെ തൊഴില്‍. പാറിപ്പറന്ന മുടിയും അഴുക്കുപിടിച്ച വസ്ത്രങ്ങളും കയ്യിലൊരു വടിയുമായി മോറോക്കോയുടെ പര്‍വത പ്രദേശത്ത് ഒരു കല്ലില്‍ ഇരിക്കുന്ന നജത്തിന്റെ ചിത്രം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ചിത്രങ്ങളിലൊന്ന്. ഫ്രാന്‍സില്‍ നിര്‍മാണതൊഴിലാളിയായിരുന്നു നജത്തിന്റെ പിതാവ്. കുട്ടിക്ക് അഞ്ചുവയസ്സായപ്പോള്‍ പിതാവ് നജത്തിനെയും അമ്മയേയും മൂത്തസഹോദരിയേയും ഫ്രാന്‍സിലേക്കു വിളിപ്പിച്ചു. സ്‌കൂളിന്റെ പടി കയറാതെ മോറോക്കോ അതിര്‍ത്തിയില്‍ ആടുകളെ മേച്ചുനടന്ന കുട്ടി ആദ്യപാഠങ്ങള്‍ പഠിക്കാന്‍ തുടങ്ങി.2002 ല്‍ പാരീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പൊളിറ്റിക്കല്‍ സ്റ്റഡീസില്‍ നിന്നു രാഷ്ട്രതന്ത്രത്തില്‍ ബിരുദം കരസ്ഥമാകുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായി ചേര്‍ന്നുകൊണ്ട് രാഷ്ട്രീയത്തിലേക്കു കാലെടുത്തുവച്ചു.പിന്നീടുള്ള നജത്തിന്റെ ജീവിതം ഫ്രാന്‍സിന്റെ വര്‍ത്തമാനകാല രാഷ്ട്രീയചരിത്രമാണ്. ബിരുദ ക്ലാസില്‍ കൂടെപഠിച്ച യുവാവിനെ നജത് വിവാഹം കഴിച്ചു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചനാള്‍ മുതല്‍ വ്യക്തമായ കാഴ്ചപ്പാടോടുകൂടി നിരന്തരമായി പ്രവര്‍ത്തിച്ചു. ജനാധിപത്യം ശക്തിപ്പെടുത്താനും വിവേചനത്തിനെതിരെ പോരാടാനും മുന്നിട്ടിറങ്ങിയ നജത് പൗരാവകാശസംരംക്ഷണ രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും ഇതിനിടെ നജത് പ്രവേശിച്ചു. പ്രാദേശിക കൗണ്‍സിലിലേക്കു മല്‍സരിച്ചുകൊണ്ടായിരുന്നു തുടക്കം. 2004 ല്‍ കൗണ്‍സിലറായി തുടങ്ങി. തൊട്ടടുത്ത വര്‍ഷം സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യഉപദേശകയായി. സാംസ്‌കാരിക പരിപാടികളെക്കുറിച്ചു വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാസികകളില്‍ അവര്‍ കോളങ്ങളും കൈകാര്യം ചെയ്യുന്നു. 2012 ല്‍ നജത് ആദ്യമായി മന്ത്രിയാകുന്നു.വകുപ്പ് വനിതാക്ഷേമം. പിന്നീടു സ്‌പോര്‍ട്‌സും യുവജനക്ഷേമവും ഉള്‍പ്പെടെയുള്ള കൈകാര്യം ചെയ്തതിനുശേഷം വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തെത്തി. 2014 ഓഗസ്റ്റ് 26 മുതല്‍ അവര്‍ ഇതേ വകുപ്പില്‍ പ്രശംസനിയമായ നിലയില്‍ തുടരുന്നു. പിന്നിട്ട ദുരിതകാലത്തിന്റെയും മതത്തിന്റെയും പരിതാപകരമായ ജീവിതാവസ്ഥകളുടെയും പേരില്‍ യാഥാസ്ഥിതികരുടെ പരിഹാസം ഏറെ നേരിട്ടിട്ടുണ്ട് നജത്. എതിര്‍പ്പിന്റെ വാളുയര്‍ത്തിയവരെയും നേരിട്ടതു പുഞ്ചിരികൊണ്ട്. നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതു സ്വപ്നം മാത്രമായ ഒരു കുട്ടിക്കാലത്തുനിന്ന് അവര്‍ പിന്നീട് ആകര്‍ഷകമായ വസ്ത്രങ്ങള്‍ അണിഞ്ഞു ക്യാമറക്കണ്ണുകളുടെ പ്രിയങ്കരിയായി. യാഥാസ്ഥിതിക നിയമങ്ങള്‍ അനുസരിക്കാത്തതിന്റെ പേരിലും ഏറെ പഴികേട്ടു.മൊറോക്കോയുടെ പര്‍വതപ്രദേശത്തെ മലനിരകള്‍ക്കും കാടുകള്‍ക്കും ഹൃദയമുണ്ടെങ്കില്‍ നജത്തിനെക്കുറിച്ചു സ്‌നേഹവും അഭിമാനവും നിറഞ്ഞിരിക്കും ആ ഹൃദയങ്ങളില്‍ ഇപ്പോള്‍. അവര്‍ക്കു ശബ്ദിക്കാനാവുമായിരുന്നെങ്കില്‍ നജത് എന്ന പേര് അവര്‍ സ്‌നേഹത്തോടെ ഉരുവിട്ടേനേം. ഇന്നത്തെ കാലത്തിനും ഇനിയുള്ള കാലത്തിനും നജത്തിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്; തളരാതെ പോരാടാനും സ്വപ്നം കാണാനും ലക്ഷ്യത്തിലെത്താനുമുള്ള പ്രചോദനത്തിന്റെ പാഠം.